2016-11-10 16:29:00

അപൂര്‍വ്വ രോഗങ്ങളെക്കുറിച്ച് വത്തിക്കാന്‍റെ രാജ്യാന്തര സംഗമം


അത്യപൂര്‍വ്വവും അവഗണിക്കപ്പെട്ടതുമായ രോഗങ്ങളെക്കുറിച്ചു  (Rare and neglected Pathologies) പഠിക്കാനും, സമഗ്രമായ ആരോഗ്യ സംസ്കൃതി പാവങ്ങളില്‍ വളര്‍ത്തുവാനുമാണ് വത്തിക്കാന്‍റെ ഈ പ്രത്യേക സംഗമം. നവംബര്‍ 10, 11, 12 വ്യാഴം വെള്ളി ശനി ദിനങ്ങളിലാണ് ആരോഗ്യ പരിപാലകരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ (Pontifical Council for Health Workders) റോമില്‍ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. സമഗ്രമായ ആരോഗ്യസുസ്ഥിതിയുടെ സംസ്ക്കാരത്തിന്... : (Towards a culture of Health supportive of the pathologies of poor in the world) എന്നാണ് സംഗമം ശീര്‍ഷകം ചെയ്തിരിക്കുന്നത്.

ഈ രാജ്യാന്തര സംഗമത്തിനെത്തുന്നത് സഭയുടെ ആരോഗ്യപരിചരണ മേഖലയിലെ 5000 പ്രവര്‍ത്തകരും പ്രയോക്താക്കളുമാണ്. സമാപനദിനമായ നവംബര്‍ 12-ാം തിയതി ശനിയാഴ്ച വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍  പാപ്പാ ഫ്രാന്‍സിസ് അവരെ കൂടിക്കാഴ്ചയില്‍ സ്വീകരിച്ച് അഭിസംബോധന ചെയ്യുമെന്ന് മോണ്‍സീഞ്ഞോര്‍ മുപ്പന്താവതു പ്രസ്താവനയിലൂടെ അറിയിച്ചു.

രണ്ടായിരാമാണ്ടുകള്‍ പഴക്കമുള്ള സഭയുടെ ശുശ്രൂഷയാണ് രോഗീപരിചരണമെന്നും, അത് എളിയവരും പാവങ്ങളുമായവര്‍ക്ക് എത്തിച്ചു കൊടുക്കുക എന്നത് ക്രിസ്തു പകര്‍ന്നുതന്ന ദൗത്യമാണെന്നും, സംഘാടകരായ പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി, മോണ്‍സീഞ്ഞോര്‍ ഷോണ്‍ മാരി മുപെന്താവതു സംഗമത്തെക്കുറിച്ച് ഇറക്കിയ പ്രസ്താവനയില്‍ പരാമര്‍ശിച്ചു.

ശുദ്ധജലവും, ശുചീകരണ സൗകര്യങ്ങളും ഇല്ലാത്ത ഉഷ്ണമേഖലാ പ്രദേശ രാജ്യങ്ങളില്‍ ശരാശരി  40 കോടിയോളം ജനങ്ങളാണ് അപൂര്‍വ്വവും അവഗണിക്കപ്പെട്ടതുമായ രോഗങ്ങളാല്‍ വലയുന്നത്. അവരില്‍ അധികവും കുട്ടികളാണെന്നും മോണ്‍സീഞ്ഞോര്‍ മുപ്പന്താവതു വ്യക്തമാക്കി.    

ഇനിയും സമ്പൂര്‍ണ്ണചികിത്സ കണ്ടെത്താതെ മനുഷ്യനെയും മനുഷ്യാന്തസ്സിനെയും വലയ്ക്കുന്ന രോഗങ്ങളുണ്ട്. അവയില്‍ ചിലതാണ് മലേറിയ, മന്ത്, ക്ഷയം എന്നിവ. ഇനിയും തിരിച്ചറിയപ്പെടാത്ത ‘എബോള’പോലുള്ള വ്യഥകള്‍ വൈദ്യശാസ്ത്രത്തിനും ചികിത്സാസമ്പദായങ്ങള്‍ക്കും മാത്രമല്ല, ലോകത്തെ സാമൂഹ്യ-രാഷ്ട്രീയ-സാസ്ക്കാരിക സംവിധാനങ്ങള്‍ക്കുതന്നെ വെല്ലുവിളിയായി നിലക്കുന്നു! വത്തിക്കാന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടി.

മനുഷ്യര്‍ ജീവിക്കുന്ന പരിസ്ഥിതിയെയും ജീവിത പരിസരങ്ങളെയും സംരക്ഷിച്ചുകൊണ്ടും, ചികിത്സാപദ്ധതികള്‍ വ്യാപിപ്പിച്ചുകൊണ്ടും ഈ ആരോഗ്യമേഖലയിലെ കാലികമായ  പ്രതിസന്ധിയെ തുണക്കാന്‍ സഭ പരിശ്രമിക്കുന്നതിന്‍റെ ഭാഗമാണ്, രോഗീ പരിചരണ മേഖലയുടെ ഉത്തരവാദിത്വം വഹിക്കുന്ന സഭാസ്ഥാപനങ്ങളിലെ രാജ്യാന്തര പ്രതിനിധികളടെ റോമിലെ സംഗമം. വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി. 

*  കണ്ണൂര്‍ രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് അലക്സ് വടക്കുംതല മാത്രമാണ് സമ്മേളനത്തിലെ കേരളസഭയുടെ ഏകപ്രതിനിധി.








All the contents on this site are copyrighted ©.