2016-11-09 20:24:00

കാരുണ്യത്തിന്‍റെ ജൂബിലികവാടങ്ങള്‍ നവംബര്‍ 13-ന് അടയ്ക്കപ്പെടും


നവംബര്‍ 20-ാം തിയതി ഞായറാഴ്ച ജൂബിലിയുടെ സമാപനദിനത്തില്‍ വത്തിക്കാനിലെ ജൂബിലി കവാടം പാപ്പാ ഫ്രാന്‍സിസ് ഔപചാരികമായി അടയ്ക്കും. വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.  ലോകത്തുള്ള മറ്റു ജൂബിലി കവാടങ്ങള്‍ നവംബര്‍ 13-ാം തിയതി ഞായറാഴ്ച അടക്കപ്പെടും.  ഒരുക്കത്തോടും അനുതാപത്തോടുംകൂടെ ജൂബിലി വാതില്‍ കടക്കുന്നവര്‍ക്ക് പ്രത്യേക ദൈവാനുഗ്രഹം ലഭിക്കുമെന്ന സഭയുടെ പ്രബോധനം ചെവിക്കൊണ്ടാണ് ആയിരങ്ങള്‍ ലോകത്തുള്ള കാരുണ്യകവാടങ്ങള്‍ കടക്കുന്നത്. മൂന്നു കോടിയോളം പേര്‍ വത്തിക്കാനിലെ കാരുണ്യകവാടം കടന്നതായി കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ച കാരുണ്യത്തിന്‍റെ അനിതരസാധാരണമായ ജൂബിലിക്ക് തുടക്കമായത് 2015 ഡിസംബര്‍ 8-ാം തിയതി, അമലോത്ഭവ നാഥയുടെ തിരുനാളിലാണ്. അന്നുതന്നെയാണ് വത്തിക്കാനിലെ കാരുണ്യകവാടം തീര്‍ത്ഥാടകര്‍ക്കായി തുറക്കപ്പെട്ടത്. ആസന്മാകുന്ന നവംബര്‍ 20-ാം തിയതി ക്രിസ്തുരാജന്‍റെ മഹോത്സവത്തില്‍ ജൂബിലകവാടം അടക്കുന്നതോടെ ആഗോളസഭയുടെ കാരുണ്യത്തിന്‍റെ ജൂബിലിവത്സരം സമാപിക്കും.

വത്തിക്കാനില്‍ മാത്രമല്ല,  ലോകത്തെ ദേശീയ പ്രാദേശിക സഭകളിലും സഭാസ്ഥാപനങ്ങളിലും കാരുണ്യകവാടങ്ങള്‍ തുറക്കപ്പെട്ടത് ചരിത്രമാണ്. വത്തിക്കാന്‍ കേന്ദ്രീകരിച്ചല്ലാതെ, വികേന്ദ്രീകൃതമായ ജൂബിലിയാചരണവും, ജൂബിലിയുടെ അരൂപിയിലേയ്ക്ക് ജനപങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതുമായ നീക്കമായിരുന്നിത്. രാജ്യങ്ങളുടെ അതിരുകളിലേയ്ക്കും അതിര്‍ത്തികളിലേയ്ക്കും എത്തിപ്പെടാനുള്ള   പാപ്പാ ഫ്രാന്‍സിസിന്‍റെ വീക്ഷണവും അജപാലന തീക്ഷണതയുമാണ് ഇതിനു പിന്നില്‍! ഇതുവഴി ഒരു വര്‍ഷക്കാലം നീണ്ട ജൂബിലിയാചരണം വഴി കാരുണ്യത്തിന്‍റെയും അനുരജ്ഞനത്തിന്‍റെയും ആത്മീയഫലങ്ങള്‍ കൊയ്തെടുക്കാന്‍ ലോകത്തുള്ള വിശ്വാസികള്‍ക്ക് സാധിച്ചിട്ടുണ്ടെന്നാണ് ജൂബിയുടെ സംവിധായകരായ നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ  നിരീക്ഷണം.

യുദ്ധവും കാലാപങ്ങളും ദാരിദ്ര്യവുംകൊണ്ട് കീറിമുറിപ്പെട്ട മദ്ധ്യാഫ്രിക്കയുടെ തലസ്ഥാനനഗരമായ ബാംഗ്വയില്‍, ലോകത്ത് മറ്റെവിടെയും ജൂബിലികവാടം തുറക്കുന്നതിനു മുന്‍പ് 2015 നവംബര്‍ 29-ാം തിയതി,  ആഫ്രിക്ക അപ്പസ്തോലിക സന്ദര്‍ശനത്തിനിടെ ജൂബിലകവാടം പാപ്പാ ഫ്രാന്‍സിസ് തുറന്നത്,  ക്രിസ്തുവിന്‍റെ കാരുണ്യത്തിന്‍റെ നീണ്ടകരങ്ങള്‍ ലോകത്തുള്ള പീഡിതരിലിയേക്കും, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരിലേയ്ക്കും എത്തപ്പെടുന്നതിനു തുല്യമായിരുന്നു.

റോമിലെ നാലു മേജര്‍ ബസിലിക്കകളിലും, സഭയുടെ ആഗോള ഉപവിപ്രസ്ഥാനമായ ‘കാര്‍ത്താസി’ന്‍റെ റോമിലെ ആസ്ഥാനത്തും ജൂബിലികവാടങ്ങളുണ്ട്.

 








All the contents on this site are copyrighted ©.