2016-11-09 16:48:00

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന് വത്തിക്കാന്‍റെ അഭിനന്ദനങ്ങള്‍!


നീറുന്ന ലോകത്തിന് സാന്ത്വനമേകാന്‍ ഡൊണാള്‍ഡ് ട്രംപിന് സാധിക്കട്ടെ! വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ ഇങ്ങനെയാണ് ‘അമേരിക്കന്‍ പ്രസിഡന്‍റ്’ പദത്തിലേയ്ക്കുള്ള ട്രംപിന്‍റെ വിജയത്തിന് ആശംസയര്‍പ്പിച്ചത്.  നവംബര്‍ 9-ാം തിയതി ബുധനാഴ്ച രാവിലെ പ്രസിഡഷ്യല്‍ തിരഞ്ഞെടുപ്പു വിജയിച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി, ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ചുകൊണ്ട് വത്തിക്കാനില്‍നിന്നും ഇറക്കിയ പ്രസ്താവനയില്‍ കര്‍ദ്ദിനാള്‍ പരോളിന്‍ പ്രാര്‍ത്ഥാനാശംസകള്‍ നേര്‍ന്നു.

രാഷ്ട്രത്തിന്‍റെ സുസ്ഥിതിക്കായി പരിശ്രമിക്കുന്നതിനും, ഒപ്പം ലോകത്ത് സമാധാനം നിലനിര്‍ത്തുന്നതിന് കഴിവതു ചെയ്യുന്നതിനും പരിചയസമ്പന്നനായ വ്യവസായിയും പക്വമാര്‍ന്ന  സാമൂഹ്യ പ്രവര്‍ത്തകനുമായ  ട്രംപിനു സാധിക്കട്ടെയെന്ന്  പാപ്പാ ഫ്രാന്‍സിസിന്‍റെയും, വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെയും പേരില്‍ കര്‍ദ്ദിനാള്‍ പരോളിന്‍ പ്രസ്താവനിയില്‍ ആശംസിച്ചു.

തങ്ങളുടെ സമ്മതിദാനാവകാശം ജനായത്ത രീതിയില്‍ വിനിയോഗിച്ചുകൊണ്ട് 70-വയസ്സുള്ള ട്രംപിനെ അമേരിക്കന്‍ ഐക്യനാടുകളുടെ 45-ാമത്തെ പ്രസിഡന്‍റായി തിരഞ്ഞെടുത്ത അവിടുത്തെ ജനങ്ങളെയും കര്‍ദ്ദിനാള്‍ പരോളില്‍ പ്രസ്താവനയില്‍ അഭിനന്ദിച്ചു. പ്രസിഡന്‍റ് ട്രംപിന്‍റെ നേതൃത്വത്തില്‍ ഫലദായകമാകുന്ന ഭരണകൂടവും രാഷ്ട്രീയസമൂഹവും അമേരിക്കയില്‍ വളരുന്നതിനുള്ള പ്രാര്‍ത്ഥന നേര്‍ന്നുകൊണ്ടാണ് കര്‍ദ്ദിനാള്‍ പരോളിന്‍ അനുമോദനത്തിന്‍റെ പ്രസ്താവന ഉപസംഹരിച്ചത്.  








All the contents on this site are copyrighted ©.