2016-11-05 19:36:00

ജീവിക്കുന്നവരുടെ ദൈവം : നാലുപറയച്ചന്‍റെ വചനവിചിന്തനം


വിശുദ്ധ ലൂക്കാ 20, 27-38  - ആണ്ടുവട്ടം 32-ാം ഞായര്‍

ഇന്നത്തെ സവിശേഷം നമ്മുടെ മുന്നില്‍ വയ്ക്കുന്നത് രണ്ടു കാഴ്ചപ്പാടുകളാണ്. അതും ദൈവവചനത്തെ നമ്മുടെ ജീവിതത്തിലേയ്ക്ക് സ്വീകരിക്കുന്ന രീതിയെക്കുറിച്ചുള്ള രണ്ടു വ്യത്യസ്ഥ കാഴ്ചപ്പാടുകള്‍,

‌ഒന്നാമത്തേത് സദൂക്കായര്‍ എന്നു പറയുന്ന അന്നത്തെ മതഗണത്തിന്‍റെ കാഴ്ചപ്പാടു രീതികള്‍ അവരുടെ കണ്ണുകളിലൂടെയും അവരുടെ വാക്കുകളിലൂടെയുമാണ് അവതരിക്കുന്നത്. സദൂക്കായര്‍, അതും പുനരുത്ഥാനം നിഷേധിക്കുന്ന സദൂക്കായരില്‍ ചിലര്‍ ഈശോയെ സമീപിച്ചു ചോദിച്ചു. ചോദ്യം സദൂക്കായരുടേതാണ്!  അവര്‍ക്ക് അവരുടെ കാഴ്ചപ്പാടും ചിന്താരീതിയും അനുസരിച്ച് പുനരുത്ഥാനം ഇല്ല എന്ന ഒരു ധാരണയാണ്, ബോദ്ധ്യമാണ്. അത് തെളിയിക്കാന്‍ വേണ്ടീട്ട് അവര്‍ എന്താണു ചെയ്യുന്നത്? അവര്‍ ദൈവവചനത്തെ കൂട്ടുപിടിക്കുന്നു.

മരിച്ചുപോയ ഏഴു സഹോദരന്മാരുടെ ഉപമ ഈശോ പറയുമ്പോള്‍ അവര്‍ ഉദ്ധരിക്കുന്നത് ദൈവവചനമാണ്. മോശ കല്പിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. അതായത് ‘തോറാ’യുടെ അല്ലെങ്കില്‍ അന്നത്തെ ദൈവവചനത്തിന്‍റെ പ്രണയിതാവായിട്ടു നില്ക്കുന്ന മോശ കല്പിച്ചിട്ടുണ്ട്, ഒരാളുടെ വിവാഹിതനായ സഹോദരന്‍ സന്താനമില്ലാതെ മരിച്ചാല്‍, അവന്‍ ആ സഹോദരന്‍റെ വിധവയെ സ്വീകരിച്ച് അവനുവേണ്ടി സന്താനത്തെ ഉല്പാദിപ്പിക്കണമെന്ന് മോശ കല്പിച്ചിട്ടുണ്ട്! ദൈവവചനത്തെ അവര്‍ കൂട്ടുപിടിക്കുകയാണ്. എന്തിന്? തങ്ങളുടെ ഒരു ബോധ്യത്തെ, തങ്ങളുടെ ഒരു താല്പര്യത്തെ സംരക്ഷിക്കാന്‍വേണ്ടി ദൈവവചനത്തെ കൂട്ടുപിടിക്കുന്നു. അതിന് ഉപയുക്തമായൊരു വചനം തപ്പിപ്പിടിച്ചു കൊണ്ടുവരുന്നു. എന്നിട്ടു പറയുന്നു. ദേ, ഞങ്ങള്‍ പറയുന്നത് ശരിയാണ്! ഏത്? പുനരുദ്ധാനമില്ല. ഇത്, ഒരു ‘ആറ്റിറ്റ്യൂടാ’ണ്. ഒരു മനോഭാവമാണ്. ഒരു വ്യാഖ്യാനരീതിയാണ്.

എന്‍റെ ജീവിതത്തിന്‍റെ സങ്കല്പങ്ങളും താല്പര്യങ്ങളും സാധൂകരിക്കാന്‍ വേണ്ടീട്ട്, ദൈവവചനം തപ്പിപ്പിടിച്ചിട്ട്, അതിന് ഉപയുക്തമായതു കണ്ടുപിടിച്ച്, അത് ന്യായീകരിച്ച് സന്തോഷത്തോടെ ജീവിക്കാം. ഇതാണ് സദൂക്കായരുടെ രീതി. ഈ രീതിക്ക് വിരുദ്ധമാണ് ഈശോ മുന്നോട്ടുവയ്ക്കുന്ന രീതി! സദൂക്കായരുടെ ഈ ചോദ്യത്തിനും പ്രശ്നത്തിനും ഈശോ ഉത്തരം പറയുമ്പോള്‍, ശ്രദ്ധിക്കേണ്ടത് - അവിടുന്ന് ഉദ്ധരിക്കുന്നതും ദൈവവചനം തന്നെയാണ്. നാം വിചിന്തനത്തിന് വയ്ക്കുന്ന 20-ാം അദ്ധ്യായത്തിലെ 37-ാമത്തെ വചനം – മോശപോലും മുള്‍പ്പടര്‍പ്പിങ്കല്‍വച്ച് അബ്രഹാമിന്‍റെ ദൈവമെന്നും ഇസഹാക്കിന്‍റെ ദൈവമെന്നും, യാക്കോബിന്‍റെ ദൈവമെന്നും വിളിച്ചുകൊണ്ട് മരിച്ചവര്‍ ഉയിര്‍ക്കുമെന്ന് കാണിച്ചു തന്നിട്ടുണ്ട്. ഇതാണ് ഈശോ പറയുന്നത്. അതായത് മോശയുടെ വചനത്തെ ഉദ്ധരിച്ചുകൊണ്ട് തങ്ങളുടെ സങ്കല്പങ്ങളെയും താല്പര്യങ്ങളെയും സാധൂകരിക്കാന്‍ സദൂക്കായര്‍ ശ്രമിക്കുമ്പോള്‍ ഈശോയും മോശയുടെ വചനത്തെത്തന്നെയാണ്, തോറായെ തന്നെയാണ് കൂട്ടുപിടിക്കുന്നത്. എന്നിട്ടോ..?! ആ രീതിയുടെ വ്യത്യാസം ഇതാണ്. അതായത്, ദൈവവചനത്തിന്‍റെ വെളിച്ചത്തില്‍ സ്വന്തം ജീവിതത്തെ വ്യാഖ്യാനിക്കാനും,  സ്വന്തം ജീവിതത്തെ ക്രമീകരിക്കാനുണ്ട്. സ്വന്തം കാഴ്ചപ്പാടുകളെ ക്രമീകരിക്കാനാണ് ഈശോ ആവശ്യപ്പെടുന്നത്. അതിന്‍റെ ക്ലൂ, പൊരുള്‍  മനസ്സിലാക്കണമെങ്കില്‍ ഈശോ പറയുന്ന വചനം പ്രത്യേകം ശ്രദ്ധിക്കണം. മോശ മുള്‍പ്പടര്‍പ്പിങ്കല്‍വച്ച് ദൈവത്തെ വിളിക്കുന്നത്, അബ്രാഹത്തിന്‍റെ ദൈവമെന്നും, ഇസഹാക്കിന്‍റെ ദൈവമെന്നും യാക്കോബിന്‍റെ ദൈവമെന്നുമാണ്. ഏന്നു പറഞ്ഞാല്‍ അതിന് അര്‍ത്ഥം, മോശയ്ക്ക് മുന്‍പ് എത്രയോ എത്രയോ വര്‍ഷങ്ങള്‍ക്കുമുന്‍പ് മരിച്ച് മണ്ണടിഞ്ഞ അബ്രാഹവും ഇസഹാക്കും ഇല്ലാതായി. എന്നിട്ടും അവര്‍ വിളിക്കുന്നത്, അബ്രഹാമിന്‍റെ ദൈവം, ഇസഹാക്കിന്‍ ദൈവം, യാക്കോബിന്‍റെ ദൈവം എന്നു വിളിക്കുമ്പോള്‍... അല്ലാതെ, പരേതനായ അബ്രഹാത്തിന്‍റെ ദൈവം, പരേതനായ ഇസഹാക്കിന്‍റെ ദൈവം, പരേതനായ യാക്കോബിന്‍റെ ദൈവം എന്നല്ല! പരേതനായ അബ്രഹാത്തിന്‍റെ ദൈവം, പരേതനായ ഇസഹാക്കിന്‍റെ ദൈവം എന്നല്ല!  The God of late  അബ്രഹാമിന്‍റെ ദൈവം, the God of late ഇസഹാക്കിന്‍റെ ദൈവം എന്നല്ല. 

മറിച്ച്, അബ്രാഹം ഇപ്പോഴും ജീവിക്കുന്നു, ഇസഹാക്ക് ഇപ്പോഴും ജീവിക്കുന്നു, യാക്കോബ് ഇപ്പോഴും ജീവിക്കുന്നു നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും! അര്‍ത്ഥം മരണത്തിന് അപ്പുറത്തേയ്ക്ക് കടന്നുപോയെങ്കിലും അവരൊന്നും ഇല്ലാതായി തീര്‍ന്നിട്ടില്ല. മറിച്ച് അവര്‍ മറ്റൊരു രീതിയില്‍ ഇന്നും ജീവിക്കുന്നു. മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവം. ഇതിലെ വ്യാഖ്യാന രീതിയാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. അതായത്, മോശയുടെ അരുളപ്പാട് അല്ലെങ്കില്‍ ദൈവവചനം ഉച്ചരിച്ചിട്ട് അതിന്‍റെ വ്യാഖ്യാനത്തില്‍, അതിന്‍റെ രീതിയില്‍, അതിന്‍റെ അടിസ്ഥാനത്തില്‍ സ്വന്തം കാഴ്ചപ്പാടിനെ രൂപീകരിക്കാന്‍ ഈശോ സദൂക്കായരോട് ആവശ്യപ്പെടുകയാണ്. വചനം പറയുന്നത്, ജീവിച്ചിരിക്കുന്ന അബ്രഹാമിന്‍റെയും, ജീവിച്ചിരിക്കുന്ന ഇസഹാക്കിന്‍റെയും, ജീവിച്ചിരിക്കുന്ന യാക്കോബിന്‍റെയും ദൈവമെന്നാണ്. അതുകൊണ്ട് ആ വചനത്തിന്‍റെ വെളിച്ചത്തില്‍ എന്‍റെ കാഴ്ചപ്പാടുകളെ രൂപപ്പെടുത്തുക. ഇതാണ് സദൂക്കായരോട് ഈശോ വ്യംഗ്യമായിട്ട് ആവശ്യപ്പെടുന്നത്. ദൈവവചനത്തിന്‍റെ വെളിച്ചത്തില്‍ നിന്‍റെ ജീവനെ നീ ക്രമീകരിക്കുക, ചിട്ടപ്പെടുത്തുക, അതിന്‍റെ വെളിച്ചത്തില്‍ ജീവിതത്തെ പുനര്‍വ്യാഖ്യാനിക്കുക. അല്ലാതെ നിന്‍റെ താല്പര്യങ്ങള്‍ക്ക് അനുസരിച്ച്, വചനത്തെ വ്യാഖ്യാനിക്കുകയല്ല. നിന്‍റെ സൗകര്യങ്ങള്‍ അനുസരിച്ച് വചനത്തെ തിരഞ്ഞെടുക്കുകയല്ല, നിന്‍റെ ആവശ്യങ്ങള്‍ അനുസരിച്ച് നിനക്കു പറ്റിയ വചനത്തെ സ്വീകരിക്കുകയല്ല വേണ്ടത്, മറിച്ച് ദൈവവചനത്തിന് അനുസൃതമായിട്ട് നിന്‍റെ ജീവിതത്തെ ചിട്ടപ്പെടുത്തുകയും, ക്രമീകരിക്കുകയും, നവീകിരിക്കുകുയം, തിരുത്തുകയുമാണ് ചെയ്യേണ്ടത്. ഇതാണ് സദൂക്കായരുടെ കാഴ്ചപ്പാടില്‍നിന്നും വ്യത്യസ്ഥമായിട്ട്, കടകവിരുദ്ധമായിട്ട് ഈശോ പറഞ്ഞു തരുന്ന വചനത്തെ സമീപിക്കുമ്പോഴുള്ള കാഴ്ചപ്പാടാണിത്.

ഒരിക്കല്‍ എന്‍റെ ഒരു കൂട്ടുകാരന്‍ ജൂഡി, ധനികനാണ് സാമാന്യം നല്ല പണമുണ്ട്. നല്ലൊരു പ്രസ്ഥാനവുമായിട്ട്, വ്യവസായവുമായിട്ട് മുന്നോട്ടുപോകുന്ന ചെറുപ്പക്കാരന്‍. എന്നാല്‍ നവീകരണത്തില്‍ വന്ന് വചനത്തോടും തമ്പുരാനോടും കൂടുതല്‍ അടുത്തു ജീവിക്കുകയായിരുന്നു  ആ ചെറുപ്പക്കാരന്‍. ഒരു ദിവസം വൈകുന്നേരം എന്നെ ഫോണ്‍ വിളിച്ച് പറഞ്ഞു. അച്ചോ, എന്നെ അലട്ടുന്നൊരു കാര്യമുണ്ട്. നമ്മള്‍ കത്തോലിക്കര്‍ പള്ളിക്ക് ദശംസം കൊടുക്കണമെന്ന് നിര്‍ബന്ധമുണ്ടോ? ഞാന്‍ അവനോടു ചോദിച്ചു, എന്താ ഇപ്പോ, ഇങ്ങനെ ഒരു സംശയം തോന്നാന്‍? അതേ, ഈയിടെ ഒരു ധ്യാനഗുരു പ്രസംഗിച്ചപ്പോള്‍ പറഞ്ഞു. ദശാംശം നിര്‍ബന്ധമായിട്ടും എല്ലാ കത്തോലിക്കരും കൊടുക്കണം. എന്നിട്ട് അതിന്‍റെ വചനങ്ങള്‍ ഉദ്ധരിച്ചു. എന്നിട്ടു പറഞ്ഞു, ഈ ദശാംശം കൊടുക്കുന്നത്, അത് നിങ്ങള്‍ ഈ ഉപവിക്കുവേണ്ടി, നിങ്ങള്‍ ആതുരാലയങ്ങള്‍ക്ക് കൊടുക്കുന്നതൊന്നും ആ കണക്കില്‍ പെടുത്താന്‍ പറ്റില്ല. മറിച്ച്, വചനപ്രഘോഷണത്തിനു തരുന്നതു മാത്രമേ, ദശാംശമായിട്ടു കരുതുകയുള്ളൂ.

ഇയാളുടെ സംശയം, അല്പം സാമ്പികമായി ഉയര്‍ച്ചയുള്ള, ആസ്ഥിയുള്ള മനുഷ്യനാണ് ആ വലിയ സ്വത്തിന്‍റെ പത്തിലൊന്ന് കൊടുക്കണമോ വേണ്ടയോ?  ദേ, എവിടെയാണ് ദശാംശം കൊടുക്കണമെന്ന് ദൈവവചനം പറയുന്നത്. പഴയ നിയമത്തില്‍ അതിന് ഒരു പശ്ചാത്തലവുമുണ്ട്. പന്ത്രണ്ടു ഗോത്രങ്ങള്‍ക്കായി വാഗ്ദത്തഭൂമി വീതംവച്ചപ്പോള്‍ അവര്‍ക്കുവേണ്ടീട്ടുള്ള ഓഹരിയാണത്. എന്നാല്‍ കത്തോലിക്കനെ സംബന്ധിച്ചും, ഏതൊരു നല്ല ക്രിസ്ത്യാനിയെ സംബന്ധിച്ചും, ബൈബിള്‍ വ്യാഖ്യാനിക്കേണ്ടതും, ബൈബിളിലെ പുസ്തകങ്ങള്‍ വ്യാഖ്യാനിക്കേണ്ടതും ക്രിസ്തുവിന്‍റെ കണ്ണുകളിലൂടെയാണ്. ഇതാണ് കത്തോലിക്കാ സഭാ പഠിപ്പിക്കുന്നത്, അത് ക്രിസ്തുവിന്‍റെ കണ്ണുകളിലൂടെ, കാഴ്ചപ്പാടിലാവണം. അങ്ങനെയെങ്കില്‍ സുവിശേഷത്തിലെ ക്രിസ്തു എന്തു പറയുന്നു? ഞാന്‍ അയാളോടു ചോദിച്ചു. സുവിശേഷത്തിന്‍റ ഏതെങ്കിലും ഭാഗത്ത് ക്രിസ്തു ദശാംശത്തെക്കുറിച്ചോ ദശാംശംകൊടുക്കണമെന്നോ പറയുന്നുണ്ടോ? അയാള്‍ പറഞ്ഞു. ഞാന്‍ കേട്ടട്ടില്ല. സത്യം അതാണ്, ക്രിസ്തു അങ്ങനെ ഒരു കാര്യമേ പറഞ്ഞട്ടില്ല. കത്തോലിക്കനെ സംബന്ധിച്ചും, യഥാര്‍ത്ഥ ക്രിസ്ത്യാനിയെ സംബന്ധിച്ചും ദശാംശം കൊടുക്കാന്‍ നമുക്ക് ആര്‍ക്കും ബാധ്യതയില്ല. അവനു സന്തോഷമായി, ഏറെ സന്തോഷമായി.

ക്രിസ്തു പറയുന്നൊരു കാര്യമുണ്ട്. അത് മര്‍ക്കോസിന്‍റെ സുവിശേഷത്തിലാണ്, ധനികനായ ഒരു യുവാവ്, ഈശോയുടെ പക്കലേയ്ക്ക് ഓടിവന്നിട്ട്, നിത്യരക്ഷ പ്രാപിക്കാന്‍ ഞാന്‍ എന്തുചെയ്യണമെന്ന് ചോദിക്കുന്നൊരു മുഹൂര്‍ത്തമുണ്ട്. അപ്പോള്‍ അവനെ നോക്കിയിട്ട് ഈശോ പറഞ്ഞു, നീ പ്രമാണങ്ങള്‍ എല്ലാം പാലിക്കുക? അവന്‍ പറഞ്ഞു, ഓ...! എല്ലാ പ്രമാണങ്ങളും ഞാന്‍ ചെറുപ്പം മുതലേ പാലിക്കുന്നുണ്‌ട്. ഉറപ്പാണോ? അവന്‍ പറഞ്ഞു ചെറുപ്പം മുതലേ, ഞാന്‍ പാലിക്കുന്നുണ്ട്. അതിന്‍റെ അര്‍ത്ഥം, നിത്യരക്ഷ ഉറപ്പാണെന്ന് ഈശോ പറയുമെന്നാണ്. ഈശോ, അപ്പോള്‍ അവനെ നോക്കിയിട്ട് സ്നേഹത്തോടെ പറഞ്ഞു. നിനക്ക് ഒരു കുറവുണ്ട്. നിനക്കുള്ളതെല്ലാം വിറ്റ് മുഴുവന്‍ ദരിദ്രര്‍ക്കു കൊടുക്കുക. പിന്നെ വന്ന് എന്നെ അനുഗമിക്കുക! ഈശോ ആവശ്യപ്പെടുന്നത് ദശാംശം കൊടുക്കാനല്ല, നൂറ്, ശതം...നൂറും... മുഴുവനും... ഉള്ളത് മുഴുവന്‍ വിറ്റ് ദരിദ്രര്‍ക്കു കൊടുക്കാനാണ് പറയുന്നത്!  ഇതാണ് ക്രിസ്തു ശിഷ്യനുള്ള ഈശോയുടെ ആഹ്വാനം. പത്തല്ല, നൂറും കൊടുക്കുക. നൂറും കൊടുക്കുമ്പോഴോ? പിന്നെ മിച്ചം കയ്യില്‍ ഒന്നുമില്ല. കയ്യില്‍ ഒന്നുമില്ലാത്തവന്‍ എന്താ ചെയ്യുന്നത്? അവര്‍ തമ്പുരാനിലേയ്ക്ക് കൈ ഉയര്‍ത്തും. തമ്പൂരാനിലേയ്ക്ക് കൈ നീട്ടും. അങ്ങനെ ദൈവത്തിന്‍റെ വലിയ നിക്ഷേപത്തില്‍ ആശ്രയിച്ചു ജീവിക്കുന്നവരാകും അവര്‍. അവരാണ് ക്രിസ്തു ശിഷ്യര്‍! ഇതാണ് ഈശോ ആവശ്യപ്പെടുന്നത്.

ഈ സംഭവത്തില്‍ ധ്യാനഗുരുവിന്‍റെ വ്യാഖ്യാനരീതി എന്തായിരുന്നു. തനിക്ക് ഉപയുക്തമായ വചനം അങ്ങ് എടുത്ത് ഉപയോഗിക്കുക. ഈശോ പറയുന്നത് ഉള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കാനാണ്. ഇത് ധ്യാനഗുരുവിനും ബാധകമാണ്. എന്നിട്ട് ധ്യാനഗുരു എന്താണ് ചെയ്യുന്നത്? ഇങ്ങോട്ടു പോരട്ടെ, ഇങ്ങോട്ടു പോരട്ടെ ദശാംശമെന്നാണ്. ഇത് ക്രിസ്തു ശിഷ്യന് വിരുദ്ധമായ മനോഭാവമാണ്. കൊടുക്കുക, എന്ന് ഈശോ ഉദ്ബോധിപ്പിക്കുമ്പോള്‍... ഇല്ല, പോരട്ടെ, ഇങ്ങോട്ടു പോരട്ടെ എന്നത് ക്രിസ്തു ശിഷ്യന്‍റെ മനോഭാവമല്ല.  ദൈവവചനം മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങള്‍ പലപ്പോഴും. പക്ഷെ, ആ ദൈവചനത്തിന്‍റെ വെളിച്ചത്തില്‍ ജീവിതത്തെ വ്യാഖ്യാനിക്കാം, നവീകരിക്കാനും, വീണ്ടും വിലയിരുത്താനും മനംമാറ്റത്തിനും തയ്യാറാകാനും തയ്യാറാകുമ്പോഴാണ് വചനത്തിന് അനുസൃതമായ ജീവിതം ഉണ്ടാകുന്നത്.  

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയേ, ദൈവവചനത്തെ അനുദിനവും, ആഴ്ചയില്‍ ഒരിക്കലെങ്കിലും സ്വീകരിക്കുന്നവനാണു ഞാന്‍. അങ്ങനെ സ്വീകിരക്കുമ്പോഴും എന്‍റെ താല്പര്യത്തിന് അനുസരിച്ച് വചനം സ്വീകരിക്കാനും, തിരഞ്ഞെടുക്കാനും, വളച്ചൊടിക്കാനും ശ്രമിക്കാതെ.. അങ്ങ് വചനത്തിലൂടെ എന്നോടു പറയുന്നതെല്ലാം... ഈശോയേ, സുവിശേഷത്തിലെ അങ്ങയുടെ അരുളപ്പാടിന് അനുസരിച്ച് എന്‍റെ ജീവിതത്തെ നവീകരിക്കാന്‍, എന്‍റെ ജീവിതത്തെ ക്രമപ്പെടുത്താന്‍ ചിട്ടപ്പെടുത്താനുള്ള വലിയ മനുസ്സും കൃപയും എനിക്ക് അങ്ങ് തരണമേ... അങ്ങനെ അങ്ങയുടെ വചനം എന്‍റെ പാദങ്ങള്‍ക്ക് വിളക്ക്, എന്‍റെ വഴിയില്‍ വഴികാട്ടി! എന്‍റെ ഹൃദയത്തിലും ജീവിതത്തിലും പ്രത്യാശയുടെ ദീപമായി മാറട്ടെ!    ആമ്മേന്‍!








All the contents on this site are copyrighted ©.