2016-11-05 13:18:00

ജറുസലേമിന് നീതിപൂര്‍വ്വകമായ ഒരു പരിഹാരം ആവശ്യം


യഹൂദര്‍ക്കും മുസ്ലീങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള വിശുദ്ധ നഗരമായ ജറുസലേമിന്‍റെ പ്രശ്നങ്ങള്‍ക്ക് സുഗ്രഹവും നീതിപൂര്‍വ്വകവും സ്ഥായിയുമായ ഒരു പരിഹാരം കാണേണ്ടതിന്‍റെ ആവശ്യകത പരിശുദ്ധസിംഹാസനം ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടുന്നു.

സമീപ പൂര്‍വ്വദേശങ്ങളിലുള്ള പലസ്തീനിയക്കാരായ അഭയാര്‍ത്ഥികള്‍ക്കുവേണ്ടി ഐക്യരാഷ്ട്രസഭ രൂപംകൊടുത്തിട്ടുള്ള വിഭാഗത്തിന്‍റെ-UNRWA യുടെ- പ്രവര്‍ത്തനങ്ങളെ അധികരിച്ച്, അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്കില്‍, ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനം ചര്‍ച്ച ചെയ്ത യോഗത്തില്‍ വെള്ളിയാഴ്ച (04/11/16) സംസാരിക്കുകയായിരുന്ന ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ ആണ് ഇക്കാര്യം ഊന്നിപ്പറഞ്ഞത്.

ജറുസലേം നഗരവുമായി ബന്ധപ്പെട്ട പ്രശ്നത്തിനുള്ള പരിഹാരം സ്ഥലനിവാസികളുടെ മതസ്വാതന്ത്ര്യത്തെയും മനസ്സാക്ഷി സ്വാതന്ത്ര്യത്തെയും അംഗീകരിക്കുന്നതും വിശുദ്ധ സ്ഥലങ്ങളില്‍ യാതൊരുവിധ തടസ്സവും കൂടാതെ പ്രവേശിക്കാന്‍ അനുവദിക്കുന്നതുമായിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

അഭയാര്‍ത്ഥികള്‍ക്കെതിറെ അനുദിനം അരങ്ങേറുന്ന ഹീനമായ ആക്രമണങ്ങളെ ആര്‍ച്ചുബിഷപ്പ് ഔത്സ അപലപിക്കുകയും ചെയ്തു. 








All the contents on this site are copyrighted ©.