2016-11-05 12:53:00

കുടുംബം, ദൈവവിളികളുടെ വിത്തുകള്‍ പൊട്ടിമുളയ്ക്കുന്ന പ്രഥമ നിലം


ക്രൈസ്തവകുടുംബമാണ് വൈവാഹിക ജീവിതാന്തസ്സുള്‍പ്പടെയുള്ള വിളികളുടെ വിത്തുകള്‍ പൊട്ടിമുളയ്ക്കുന്നതിനും വളരുന്നതിനുമുള്ള പ്രഥമ നിലമെന്ന് മാര്‍പ്പാപ്പാ.

യുറോപ്പിലെ വിഖ്യാതരാജകുടുംബങ്ങളില്‍ ഒന്നായ ഹാബ്സ്ബര്‍ഗ് കുടുംബത്തിലെ അഥവാ, ഓസ്ത്രിയായിലെ ഭവനത്തിലെ 300 ഓളം അംഗങ്ങളെ ശനിയാഴ്ച (05/11/16) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഈ കുടുംബത്തില്‍ നിന്ന് പൗരോഹിത്യ സമര്‍പ്പിതജീവിത ദൈവവിളികള്‍ ഉണ്ടായിട്ടുള്ളതും പാപ്പാ തദ്ദവസരത്തില്‍ അനുസ്മരിച്ചു.

കുടുംബബന്ധങ്ങളുടെ പുഷ്കലതയോടും  വൈവിധ്യങ്ങളോടുംകൂ‌ടെ നാം നമ്മുടെ ഈ കാലഘട്ടത്തില്‍ വീണ്ടും കണ്ടെത്തേണ്ട ഒരു മൂല്യമാണ് കുടുംബമെന്ന് പാപ്പാ ഈ രാജകീയ കുടുംബത്തിലെ അംഗങ്ങള്‍ കരുണയുടെ ജൂബിലിയോടനുബന്ധിച്ചുള്ള തീര്‍ത്ഥാടനത്തിന് ഒത്തൊരുമിച്ചെത്തിയതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ഓര്‍മ്മിപ്പിച്ചു.

ഓസ്ത്രിയായിലെ വാഴ്ത്തപ്പെട്ട ചാള്‍സിനെക്കുറിച്ചും പരാമര്‍ശിച്ച പാപ്പാ സര്‍വ്വോപരി നല്ലൊരു കുടുംബനാഥനായിരുന്ന അദ്ദേഹം ഒപ്പം ജീവന്‍റെയും സമാധാനത്തിന്‍റെയും ശുശ്രൂഷകനായിരുന്നുവെന്ന് പ്രസ്താവിച്ചു.

ഒന്നാം ലോകമഹായുദ്ധത്തില്‍ ഒരു സാധാരണ പടയാളിയായി യുദ്ധം എന്തെന്ന റിയുകയും 1916 ല്‍ ചക്രവര്‍ത്തിയായി വാഴിക്കപ്പെടുകയും ചെയ്ത അദ്ദേഹം ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പായുടെ വാക്കുകള്‍ ശ്രവിച്ചുകൊണ്ട് സമാധാന സംസ്ഥാപനത്തിനായി സര്‍വ്വാത്മന പരിശ്രമിച്ചുവെന്നും എന്നാല്‍ ഈ യത്നത്തില്‍ അദ്ദേഹം തെറ്റിദ്ധരിക്കപ്പെടുകയും അവഹേളിതനാകുകയും ചെയ്തുവെന്നും പാപ്പാ പറഞ്ഞു.

വാഴ്ത്തപ്പെട്ട ചാള്‍സ് ഒന്നാമന്‍ സമാധാനസംസ്ഥാപന യത്നത്തിലും നമുക്ക് മാതൃകയാണെന്ന് പറഞ്ഞ പാപ്പാ ദൈവം നരകുലത്തിന് സമാധാനം പ്രദാനം ചെയ്യുന്നതിന് അദ്ദേഹത്തിന്‍റെ മാദ്ധ്യസ്ഥ്യം യാചിക്കാന്‍ എല്ലാവരെയും ക്ഷണിച്ചു.

ഹാബ്സ്ബര്‍ഗ് കുടുംബാംഗങ്ങളില്‍ ചിലര്‍ ഐക്യദാര്‍ഢ്യ-മാനവ സാംസ്കാരിക പരിപോഷണ യത്നങ്ങളില്‍ മുഖ്യപങ്കുവഹിക്കുന്നതും ക്രൈസ്തവ മാനവമൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു യൂറോപ്പിന്‍റെ രൂപീകരണത്തിന് പിന്തുണയേകുന്നതും പാപ്പാ പ്രത്യേകം അനുസ്മരിച്ചു. 








All the contents on this site are copyrighted ©.