2016-11-04 10:40:00

വത്തിക്കാനിലെ കാരുണ്യകവാടം തടവുകാര്‍ക്കായി തുറക്കപ്പെടും


വത്തിക്കാനിലെ കാരുണ്യകവാടം തടവുകാര്‍ക്കായി തുറക്കപ്പെടുമെന്ന് അറിയിച്ചത് ജൂബിലി ആഘോഷങ്ങളുടെ ഉത്തരവാദിത്ത്വംവഹിക്കുന്ന നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസികേലയാണ്.

നവംബര്‍ 5, 6 ശനി, ഞായര്‍ തിയതികളിലാണ് കാരുണ്യത്തിന്‍റെ ജൂബിലി തടവുകാര്‍ക്കായി വത്തിക്കാനില്‍ ആചരിക്കപ്പെടുന്നത്. ഇറ്റലിയില്‍നിന്നു മാത്രമല്ല, യൂറോപ്പിന്‍റെയും ലോകത്തെ  ഇതര ജയിലുകളില്‍നിന്നും എത്തുന്ന 4000-ല്‍ അധികം തടവുകാരും, അവരുടെ ശുശ്രൂഷകരും മേല്‍നോട്ടക്കാരായ പൊലീസ് ഉദ്യോഗസ്ഥരും, ജയില്‍ അധികൃതരും, സഭയുടെ തടവറപ്രേഷിത ജോലിയില്‍ വ്യപൃതരായിക്കുന്നവരും പങ്കെടുക്കും. ലോകത്ത് ഇദംപ്രഥമമായിട്ടാണ് ഇങ്ങിനെയൊരു സംഗമമെന്നും, ഇത് കാരുണ്യത്തിന്‍റെ ജൂബിലിയുടെ മാത്രം പ്രത്യേകതയായി മാറുമെന്നും ആര്‍ച്ചുബിഷപ്പ് ഫിസികേല നവംബര്‍ 3-ാം തിയതി വ്യാഴാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഇറ്റലിയിലെ ജയിലുകളിലുള്ളവരെക്കൂടാതെ, പ്രതീകാത്മകമായിട്ടും പ്രായോഗികത പരിഗണിച്ചും, മറ്റ് 12 രാജ്യങ്ങളില്‍നിന്നുള്ള തടവുകാരും വത്തിക്കാനിലെ കാരുണ്യോത്സവത്തില്‍ പങ്കെടുക്കും.  ഇംഗ്ലണ്ട്, ലിത്വിയ, മടഗാസ്ക്കര്‍, മലേഷ്യ, മെക്സിക്കോ, നെതര്‍ലന്‍റ്സ്, സ്പെയിന്‍, അമേരിക്ക, തെക്കെ ആഫ്രിക്ക, സ്വീഡന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍നിന്നും തടവുകാര്‍ വത്തിക്കാനിലെ ജൂബിലി ആഘോഷത്തില്‍ പങ്കുചേരും.

പ്രാര്‍ത്ഥനയോടും ജീവിതസാക്ഷ്യങ്ങളോടുംകൂടി ശനിയാഴ്ച നടക്കുന്ന പരിപാടികള്‍,  പാപ്പാ ഫ്രാന്‍സിസുമായുമുള്ള കൂടിക്കാഴ്ചയോലെ സമാപിക്കും. രണ്ടാം ദിവസം ഞായറാഴ്ച രാവിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ തറവറക്കാര്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസ് ദിവ്യബലിയര്‍പ്പിച്ച് വചനചിന്തകള്‍ പങ്കുവയ്ക്കുമെന്നും ത്രികാലപ്രാര്‍ത്ഥന ചൊല്ലുമെന്നും ആര്‍ച്ചുബിഷപ്പ് ഫിസികേല അറിയിച്ചു.

"ബന്ധനസ്ഥരെ മോചിക്കുക," എന്ന ക്രിസ്തുവിന്‍റെ ആഹ്വാനത്തോടുള്ള ക്രിയാത്മകമായ പ്രതികരണവും, ജയിലഴികള്‍ക്കു പിന്നില്‍ കഴിയുന്നവരോട് സഭാമാതാവിനുള്ള കനിവിന്‍റെ പ്രതിബദ്ധതയും, തന്‍റെ അജപാലന ശുശ്രൂഷയില്‍ ജയില്‍വാസികളോടു പാപ്പാ ഫ്രാന്‍സിസ് സദാ പ്രകടമാക്കുന്ന കരുണയുള്ള സ്നേഹവും ജൂബിലി ആഘോഷത്തില്‍ പ്രതിഫലിക്കുകയാണെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല വ്യക്തമാക്കി. ദൈവത്തിന്‍റെ കരുണയ്ക്ക് വ്യക്തിഹൃദയങ്ങളെ സ്പര്‍ശിച്ച്, തടവറയുടെ ബന്ധനങ്ങളെ സ്വാതന്ത്ര്യത്തിന്‍റെ അനുഭവമാക്കി രൂപാന്തരപ്പെടുത്താന്‍ കരുത്തുണ്ടെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളെ ആര്‍ച്ചുബിഷപ്പ് ഫിസികേല പ്രസ്താവനയില്‍ ഉദ്ധരിച്ചു.

നവംബര്‍ 20-ാം തിയതി ഞായറാഴ്ച ക്രിസ്തുരാജന്‍റെ മഹോത്സവത്തിലാണ് ചരിത്രസംഭവമായ കാരുണ്യത്തിന്‍റെ ജൂബിലിയാചരണത്തിന് പരിസമാപ്തിയാകുന്നത്. അന്ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലക്കയില്‍ രാവിലെ പാപ്പാ ഫ്രാന്‍സിസ് ദിവ്യബലിയര്‍പ്പിക്കും. തുടര്‍ന്ന് ജൂബിലികവാടം ഔദ്യോഗികമായി അടക്കുന്നതോടെ ഒരു വര്‍ഷംനീണ്ട കാരുണ്യത്തിന്‍റെ അനിതരസാധാരണമായ ജൂബിലിക്ക് പരിസമാപ്തിയാകും.








All the contents on this site are copyrighted ©.