2016-11-03 19:30:00

മതങ്ങള്‍ കാരുണ്യത്തില്‍ കൈകോര്‍ക്കണം : മതങ്ങളുടെ ജൂബിലയാചരണം


നവംബര്‍ 3-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ ക്ലെമന്‍റൈന്‍ ഹാളില്‍ നടന്ന വിവിധ മതപ്രതിനിധികളുടെ രാജ്യാന്തര കൂട്ടായ്മയെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.  കാരുണ്യത്തിന്‍റെ ജൂബിലി പ്രമാണിച്ച് പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടിയ മതനേതാക്കളുടെ സംഗമത്തില്‍ ക്രൈസ്തവര്‍, യഹൂദര്‍, മുസ്ലീങ്ങള്‍, ബുദ്ധമതക്കാര്‍, ഹിന്ദുക്കള്‍ എന്നിങ്ങനെ വിവിധ മതസ്ഥരായി 200-പേര്‍ സന്നിഹിതരായിരുന്നു.

ആഗോളസഭയുടെ കാരുണ്യത്തിന്‍റെ ജൂബിലി ആചരണം നവംബര്‍ 20-ന് സമാപിക്കുകയാണ്. ഈശ്വരനാമം ലോകത്ത് വെളിപ്പെട്ടു കിട്ടുന്നത് കാരുണ്യത്തിന്‍റെ പ്രകടമായ രൂപഭാവങ്ങളിലാണ്. അതിനാല്‍ വാക്കുകളിലല്ല, കാരുണ്യപ്രവൃത്തികളിലൂടെ മതങ്ങള്‍ ദൈവത്തെ പ്രഘോഷിക്കണം.  അവിടുത്തെ നന്മയുക്കും കാരുണ്യത്തിനും മതങ്ങള്‍ സാക്ഷ്യംവഹിക്കണം. മാനവികതയുടെയും മനുഷ്യവ്യക്തിയുടെയും അസ്ഥിത്വത്തിന്‍റെ രഹസ്യം വെളിപ്പെടുത്തുന്ന സൂത്രവാക്യം കാരുണ്യമാണ്. ഇന്ന് അനുരഞ്ജനത്തിനും സമാധാനത്തിനുമായി കേഴുന്ന മനുഷ്യന്‍റെയും  മനുഷ്യസമൂഹങ്ങളുടെയും ഹൃദയാന്തരാളത്തില്‍ സ്പന്ദിക്കുന്ന വാക്കും കാരുണ്യം തന്നെയാണ്.  നിസ്വാര്‍ത്ഥമായ സ്നേഹവും, സേവനത്തിലുള്ള സാഹോദര്യവും, ആത്മാര്‍ത്ഥമായ പങ്കുവയ്ക്കലും കാരുണ്യത്തിന്‍റെ അടയാളങ്ങളാണ്, ദൈവിക കാരുണ്യത്തിന്‍റെ പ്രതിഫലനങ്ങളാണ്. മതങ്ങള്‍ ഇന്നു ലോകത്തിന് സമാധാനത്തിന്‍റെയും കൂട്ടായ്മയുടെയും പ്രയോക്താക്കളും സന്ദേശവാഹകരും ആകണമെങ്കില്‍ നാം കാരുണ്യത്തിന്‍റെ പാത സ്വീകരിക്കണം. പാപ്പാ ഉദ്ബോധിപ്പിച്ചു.

സംഘട്ടനവും, അതിക്രമങ്ങളും, ഭിന്നതയും ലോകത്ത് ഇല്ലാതാക്കാന്‍ ഉപരിപ്ലവമായ മതൈക്യവും (syncretism) പ്രകടനപരതയുമുള്ള മതാത്മകജീവിതവും പോരാ! ആ ശൈലി വെടിഞ്ഞ്, സംവാദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും വഴികള്‍ തേടണം. അങ്ങനെ പരസ്പരം മനസ്സിലാക്കാനും അടുക്കാനും പരിശ്രമിക്കാം. അനാദരവിന്‍റെ അടഞ്ഞ മനസ്ഥിതിയും വിവേചനവും സ്പര്‍ദ്ധയും വെടിഞ്ഞ്, മതങ്ങള്‍ ദൈവിക കാരുണ്യത്തിന്‍റെ പ്രയോക്താക്കളാകണം. മാനവികതയുടെ ഇന്നിന്‍റെ ആവശ്യങ്ങള്‍ കണ്ടെത്താനും അവരെ സഹായിക്കാനും സാധിക്കണമെങ്കില്‍ സ്നേഹത്തിന്‍റെ പ്രായോജകരാകണം മതങ്ങള്‍. മതങ്ങളുടെ യഥാര്‍ത്ഥമായ അരൂപിയും അന്തരാത്മാവും സ്നേഹമായിരിക്കട്ടെ!

മതങ്ങളെ തമ്മില്‍ അകറ്റുന്ന ഭീതിയും അഹങ്കാരവും വെടിഞ്ഞ് ദൈവികസ്നേഹത്തില്‍ ഐക്യപ്പെടുവാനും, മുറിവുകള്‍ ഉണക്കി മാനവികതയ്ക്ക് പ്രത്യാശയുടെ വഴിതുറക്കാനും പരിശ്രമിക്കാം. ലോകത്ത് സമാധാനവും സ്നേഹവും വളരണമെങ്കില്‍ മതങ്ങള്‍ കാരുണ്യത്തിന്‍റെ ഉപകരണങ്ങളാക്കണം, എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.