2016-11-03 10:46:00

അഭയാര്‍ത്ഥികള്‍ക്കായി രാഷ്ട്രങ്ങള്‍ വാതില്‍ കൊട്ടിയടയ്ക്കുന്നത് മനുഷ്യത്വമല്ല


നവംബര്‍ 1-ാം തിയതി ചൊവ്വാഴ്ച സ്വീന‍ഡനില്‍നിന്നും മടങ്ങവെ വിമാനത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും വിവേചിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ പ്രസ്താവിച്ചത്. വിവിധ രാജ്യങ്ങളില്‍നിന്നുമുള്ള 63 മാധ്യമപ്രവര്‍ത്തകര്‍ പാപ്പായ്ക്കൊപ്പം വിമാനത്തിലുണ്ടായിരുന്നു.

കുടിയേറ്റക്കാരെ നിയന്ത്രിക്കുന്ന നയം സ്വീഡന്‍ കൈക്കൊള്ളുന്നതു സംബന്ധിച്ച് ഉയര്‍ന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. സ്വീഡിഷ് ടെലിവിഷന്‍ പ്രവര്‍ത്തകയാണ് പാപ്പായോട് ഇതു സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്.

രാഷ്ട്രങ്ങളുടെ നിയമങ്ങള്‍ക്കും നയങ്ങള്‍ക്കും അനുസൃതമായിട്ടാണ് കുടിയേറ്റക്കാര്‍ രാജ്യാതിര്‍ത്തികള്‍ കടക്കേണ്ടതും, അവര്‍ പ്രവേശിക്കപ്പെടേണ്ടതും. എന്നാല്‍ അഭയാര്‍ത്ഥികള്‍ കുടിയേറ്റക്കാരില്‍നിന്നും വിവേചിക്കപ്പെടേണ്ടതാണ്. യുദ്ധം, അഭ്യന്തരകലാപം, പ്രകൃതിവിനാശം, കാലാവസ്ഥാക്കെടുതി, ദാരിദ്ര്യം എന്നീ കാരണങ്ങളാല്‍ അഭയാര്‍ത്ഥികള്‍ ആക്കപ്പെടുന്നവരോട്  കരുണകാട്ടണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു.

യൂറോപ്പ് കുടിയേറ്റക്കാരെക്കൊണ്ടും അഭയാര്‍ത്ഥികളെക്കൊണ്ടും രൂപപ്പെട്ട ഭൂഖണ്ഡമാണെന്ന് പാപ്പാ അനുസ്മരിച്ചു. അഭയാര്‍ത്ഥികളെക്കൊണ്ട് കരുനീക്കങ്ങള്‍ നടത്തുന്ന രാഷ്ട്രീയക്കാരുണ്ട്, എന്നാല്‍ രാജ്യാതിര്‍ത്തികള്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ കൊട്ടിയടയക്കുന്നത് വിവേകമല്ലെന്നും, അങ്ങനെയുള്ള പ്രതിരോധ നയങ്ങള്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തദ്ദേശസമൂഹങ്ങളില്‍ ഉണ്ടാക്കുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

അഭയാര്‍ത്ഥികളെ ഉള്‍ക്കൊള്ളുന്നത് മനുഷ്യത്വത്തിന്‍റെ വലിയ ഉത്തരവാദിത്വമാണെന്നു പാപ്പാ വിശേഷിപ്പിച്ചു. സ്വീഡന്‍ ഈ മേഖലയില്‍ കാണിച്ചിട്ടുള്ള തുറവും സന്നദ്ധതയും പ്രശംസനീയമാണ്. അഭയാര്‍ത്ഥകളെയും കുടിയേറ്റക്കാരെയും സ്വീകരിക്കുന്നതിലും അവരെ തങ്ങളുടെ സംസ്ക്കരത്തിലും സമൂഹത്തിലും ഉള്‍ച്ചേര്‍ക്കുന്നതിനും എടുക്കുന്ന പ്രത്യേകമായ പരിശ്രമങ്ങളെയും ക്രമീകരണങ്ങളെയും പാപ്പാ അഭിനന്ദിച്ചു.  

സ്തീകളുടെ പൗരോഹിത്യം, സഭൈക്യം, ഇവാഞ്ചെലിക്കല്‍ സഭകള്‍, കരിസ്മാറ്റിക് പ്രസ്ഥാനം, ഭൗതികവാദം, മനുഷ്യക്കടത്ത് എന്നീ വിഷയങ്ങളെക്കുറിച്ചു മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് പാപ്പാ ഒന്നൊന്നായി ഉത്തരംപറഞ്ഞു.

രാജ്യാന്തര മാദ്ധ്യമസംഘം സഭയുടെ പ്രവര്‍ത്തനങ്ങളില്‍ കാണിക്കുന്ന താല്പര്യത്തിനും പിന്‍തുണയ്ക്കും പ്രത്യേകം നന്ദിപറഞ്ഞുകൊണ്ടാണ് വിമാനത്തിലെ വാര്‍ത്താസമ്മേളനം പാപ്പാ ഉപസംഹരിച്ചത്. പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗെഗ് ബേര്‍ക്കാണ് ഒരു മണിക്കൂര്‍നീണ്ട വാര്‍ത്താ സമ്മേളനം ക്രമീകരിച്ചത്.








All the contents on this site are copyrighted ©.