2016-11-02 10:47:00

‘റോമിന്‍റെ രക്ഷിക’യുടെ തിരുസന്നിധിയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ പുഷ്പാര്‍ച്ചന


രണ്ടുദിവസം നീണ്ട സ്വീഡന്‍ അപ്പസ്തോലിക യാത്രയുടെ അന്ത്യത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ബസിലിക്കയിലെ ദൈവമാതാവിന്‍റെ ചെറിയ അള്‍ത്താരയില്‍ പുഷ്പാര്‍ച്ചന നടത്തിയത്. നവംബര്‍ 1-ാം തിയതി ചൊവ്വാഴ്ച പ്രാദേശിക സമയം വൈകുന്നേരം 3.30-ന് റോമിലെ ചമ്പീനോ വിമാനത്താവളത്തില്‍ ഇറങ്ങിയ പാപ്പാ, റോമിലെ മേരി മേജര്‍ ബസിലിക്കയിലേയ്ക്കാണ് നേരെ കാറില്‍ പുറപ്പെട്ടത്.

സ്വീഡനില്‍ നടന്ന ലൂതറന്‍-കത്തോലിക്ക സഭൈക്യസംഗമത്തിനും, കൂട്ടായ്മയുടെ സംയുക്ത പ്രഖ്യാപനത്തിനും, ചെറുഗണമായ കത്തോലിക്കര്‍ക്കൊപ്പമുള്ള സമൂഹബലിയര്‍പ്പണത്തിനും, ശുഭയാത്രയ്ക്കും നന്ദിസൂചകമായിട്ടായിരിക്കണം പാപ്പാ മാതൃസന്നിധിയില്‍ പുഷ്പാര്‍ച്ചന നടത്തിയത്. സ്വീഡനില്‍നിന്നും കൊണ്ടുവന്ന വെള്ളയും മഞ്ഞയും റോസപ്പൂക്കള്‍ കൈയ്യിലേന്തിക്കൊണ്ട് ‘റോമിന്‍റെ രക്ഷിക’  (Salus Populi Romani) എന്ന അപദാനത്തില്‍ വിഖ്യാതയായ ദൈവമാതാവിന്‍റെ ചിത്രത്തിരുനടയില്‍ 15 മിനിറ്റോളം മൗനമായിരുന്ന് പാപ്പാ പ്രാര്‍ത്ഥിച്ചു.

ബസിലക്കയില്‍ പാപ്പായെ അപ്രതീക്ഷിതമായി കണ്ട് ആശ്ചര്യഭരിതരായ സന്ദര്‍ശകരെയും തീര്‍ത്ഥാടകരെയും കരങ്ങള്‍ ഉയര്‍ത്തി അഭിവാദ്യംചെയ്തുകൊണ്ടാണ് മന്ദഹാസത്തോടെ പാപ്പാ കാറില്‍ കയറി വത്തിക്കാനിലേയ്ക്ക് യാത്രയായത്.

പരിശുദ്ധ സിംഹാസനത്തിന്‍റെ  പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്കാണ് ഇക്കാര്യം വത്തിക്കാന്‍ റേഡിയോയെ അറിയിച്ചത്.








All the contents on this site are copyrighted ©.