2016-11-01 18:44:00

ലൂതറന്‍-കത്തോലിക്ക സംയുക്തപ്രസ്താവന കൂട്ടായ്മയുടെ ചരിത്രസാക്ഷ്യം


ഒക്ടോബര്‍ 31, നവംബര്‍ 1 - തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിരുന്നു അപ്പസ്തോലിക സന്ദര്‍ശനം. ആദ്യദിവസം, ഒക്ടോബര്‍ 31-ാം തിയതി തിങ്കളാഴ്ചത്തെ പരിപാടി ചരിത്രസംഭവമാണ്. ലന്‍ഡ് നഗരത്തിലെ വിശുദ്ധ എറിക്കിന്‍റെ നാമത്തിലുള്ള ലൂതറന്‍ ഭദ്രാസന ദേവാലയത്തില്‍ പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 2.30-നായിരുന്ന സഭൈക്യ പ്രാര്‍ത്ഥനാ സംഗമം.

ലൂതറന്‍ പ്രസ്ഥാനത്തിന്‍റെ 500-ാം വാര്‍ഷികം അനുസ്മരിക്കുന്നതിനായിരുന്നു ഈ കൂട്ടായ്മ. 1517-ല്‍ മാര്‍ട്ടിന്‍ ലൂതര്‍ എന്ന ജര്‍മ്മന്‍കാരനായ അഗസ്തീനിയന്‍ സന്ന്യാസി തുടക്കമിട്ട പ്രോട്ടസ്റ്റ് പ്രസ്ഥാനത്തിന്‍ ഒരുവര്‍ഷം നീളുന്ന ചരിത്ര സ്മരണയുടെ ആരംഭത്തിലാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ തുറവുള്ള ശ്രേഷ്ഠസാന്നിദ്ധ്യം ശ്രദ്ധേയമാകുന്നത്.  സ്വീഡനിലെ രാജകുടുംബവുമായുള്ള ഹൃദ്യമായ കൂടിക്കാഴ്ചയ്ക്കുശേഷം 10 കി.മി. കാറില്‍ സഞ്ചരിച്ച് ലന്‍ഡ് ഭദ്രാസനദേവലത്തില്‍ പാപ്പാ എത്തിച്ചേര്‍ന്നു. ആഗോള ലൂതറന്‍ ഫെഡറേഷന്‍റെ പ്രസിഡന്‍റ്, ബിഷപ്പ് ഡോക്ടര്‍ മുനീബ് യൗനാന്‍, ജനറല്‍ സെക്രട്ടറി റവറെന്‍റ് മാര്‍ട്ടിന്‍ ജംഗേ, സ്വീഡനിലെ ലൂതറന്‍ സഭാദ്ധ്യക്ഷയും, ഉപ്സാലാ രൂപതയുടെ മെത്രാനുമായ റവറെന്‍റ് ആഞ്ചയെ ജാക്വിലിനും, മറ്റ് സഭാപ്രതിനിധകളും ചേര്‍ന്ന് പാപ്പായെ വരവേറ്റു.

ദദ്രാസന ദേവാലയത്തിലെ നിറഞ്ഞ സദസ്സില്‍  പ്രാര്‍ത്ഥനാശുശ്രൂഷയ്ക്ക് ഗാനാലാപനത്തോടെ തുടക്കമായി. ത്രിത്വസ്തുതിയോടെ പാപ്പാ ഫ്രാന്‍സിസ് തുടക്കമിട്ട സഭൈക്യ പ്രാര്‍ത്ഥനയുടെ ആമുഖത്തില്‍ ലൂതറന്‍ ഫെഡറേഷന്‍റെ ജനറല്‍ സെക്രട്ടറി, മാര്‍ട്ടിന്‍ യുംഗെ, സ്വീഡനിലെ ലൂതറന്‍സഭാദ്ധ്യക്ഷ ആഞ്ചയെ ജാക്വിലിന്‍, വത്തിക്കാന്‍റെ പ്രതിനിധി, കര്‍ദ്ദിനാള്‍ കേര്‍ട് കോഹ് എന്നിവര്‍ പങ്കെടുത്തു.

+ തുടര്‍ന്ന് വചനപാരായണമായിരുന്നു.  വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 15-ാം അദ്ധ്യായത്തിലെ ക്രിസ്തുവിലുള്ള ഐക്യം പ്രതിഫലിപ്പിക്കുന്ന മുന്തിവള്ളിയും ശാഖകളും എന്ന വചനഭാഗം പാരായണംചെയ്യപ്പെട്ടു  (വിശുദ്ധ യോഹന്നാന്‍ 15, 1-10).

ആഗോള ലൂതറന്‍ ഫെഡറേഷന്‍റെ പ്രസിഡന്‍റ്, ബിഷപ്പ് മൂനീബ് യൗനാന്‍ ആദ്യം പ്രഭാഷണം നടത്തി. സ്വാഗതം പറഞ്ഞുകൊണ്ട് തുടങ്ങി. ലൂതറന്‍ കത്തോലിക്കാ ഭിന്നിപ്പിന്‍റെ നീണ്ട 500 വര്‍ഷങ്ങള്‍! എന്നാല്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം ഇരുസഭകളും തമ്മില്‍ നടന്ന 50 വര്‍ഷത്തെ സംവാദശ്രമങ്ങള്‍ അദ്ദേഹം പ്രത്യാശയോടെ അനുസ്മരിച്ചു. ഭിന്നിപ്പിക്കുന്ന ഘടകങ്ങളെക്കാള്‍ ഒന്നിപ്പിക്കുന്ന ഘടകങ്ങളാണ് അധികമെന്ന വസ്തുതയും, വിഘടിപ്പില്‍നിന്നും കൂട്ടായ്മയിലേയ്ക്കും സാഹോദര്യത്തിലേയ്ക്കുമുള്ള നീക്കമാണ് ലന്‍ഡിലെ സഭൈക്യ സംഗമമെന്നും അദ്ദേഹം തുറന്നു പ്രസ്താവിച്ചു. കഴിഞ്ഞുപോയ വീഴ്ചകളില്‍ ഖേദമുണ്ടെന്നും അദ്ദേഹം ഏറ്റുപറഞ്ഞു.  എന്നാല്‍ ക്രിസ്തുവിലുള്ള പൊതുവായ വിശ്വാസവും, അവിടുത്തെ വചനത്തിലുള്ള ബോധ്യവും സന്തോഷം പകരുന്നതാണെന്ന് പ്രസ്താവിച്ചുകൊണ്ടാണ് റവറെന്‍റ് യൗനാന്‍ ഉപസംഹരിച്ചത്.

തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ ഊഴമായിരുന്നു. ക്രിസ്തുവിലുള്ള ഐക്യത്തെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചു. പിതാവും പുത്രനുമായുള്ള ഐക്യംപോലെ, തന്‍റെ ശിഷ്യന്മാര്‍ ഐക്യപ്പെട്ടിരിക്കണം എന്നു പ്രാര്‍ത്ഥിച്ച ക്രിസ്തുവിന്‍റെ ഹൃദയം ഇന്നും നമുക്കായി തുടിക്കുന്നുണ്ട്. ജീവിതങ്ങള്‍ ഫലമണിയുന്നത് കൂട്ടായ്മയിലാണ്. വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രത്യാശയുടെയും സാക്ഷ്യമേകാന്‍ ക്രിസ്തുവിലുള്ള അനുരഞ്ജനവും ഐക്യപ്പെടലും അനിവാര്യമാണെന്ന് പാപ്പാ സുവിശേഷത്തെ ആധാരമാക്കി ഉദ്ബോധിപ്പിച്ചു.

പിന്നെയും തുടര്‍ന്ന കൂട്ടായ്മയ്ക്കുള്ള പ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ സംയുക്ത പ്രസ്താവന (Joint Statement) വെളിപ്പെടുത്തപ്പെട്ടു. തുറവുള്ള നാലു ഹ്രസ്വമായ പ്രസ്താവങ്ങളായിട്ടാണ് സംയുക്ത സഭൈക്യ പ്രസ്താവന അവതരിപ്പിക്കപ്പെട്ടത്.

1. ലൂതറന്‍കാരും കത്തോലിക്കരും ഭിന്നിപ്പില്‍നിന്നും ഐക്യത്തിലേയ്ക്കു നീങ്ങും.

2. പൊതുവായ ക്രൈസ്തവ സാക്ഷ്യത്തിനായി കൈകോര്‍ത്തു പരിശ്രമിക്കും.

3. കൂട്ടായ്മയുടെ ബാഹ്യമായ അടയാളങ്ങളായി സ്ഥായീഭാവവും യാഥാര്‍ത്ഥ്യ ബോധവുമുള്ള പ്രവര്‍ത്തനങ്ങളിലൂടെ ദൈവികകാരുണ്യം പങ്കുവയ്ക്കും.

4. കാലികമായ സുവിശേഷ സന്തോഷവും ആത്മീയശക്തിയും സഭൈക്യനീക്കളില്‍ പ്രകടമാക്കും.

കത്തോലിക്ക-ലൂതറന്‍ (Joint Statement) സംയുക്ത പ്രസ്താവയില്‍ പാപ്പാ ഫ്രാന്‍സിസും ലൂതറന്‍ സഭാ പ്രസിഡന്‍റ്, മുനീബ് യൗനാനും ഒപ്പുവച്ചത്, സഭൈക്യശ്രമത്തിന്‍റെ നവമായ കാല്‍വയ്പ്പായി. പ്രാര്‍ത്ഥനായോഗത്തിന്‍റെ അവസാനഭാഗത്ത് വിശിഷ്ടാതിഥികള്‍ പ്രദക്ഷിണമായി വേദി വിട്ടിറങ്ങി. പരിപാടിയുടെ തുടര്‍ച്ചയെന്നോണം, 28-കി.മി. അകലെയുള്ള മാല്‍മോ സ്റ്റേഡിയത്തിലേയ്ക്കാണ് പാപ്പായും മറ്റു സഭാ പ്രതിനിധികളും നീങ്ങിയത്.

കത്തീഡ്രലിലെ ചരിത്ര മൂര്‍ത്തത്തെ സന്നിദ്ധ്യംകൊണ്ട് ധന്യമാക്കിയ സ്വീഡനിലെ രാജാവും രാജ്‍ഞിയും ഭദ്രാസനദേവാലയത്തിന്‍റെ പ്രധാനകവാടംവരെ പാപ്പാ ഫ്രാന്‍സിസിനെ അനുഗമിച്ചു. പിന്നെ യാത്രപറഞ്ഞു നീങ്ങി.








All the contents on this site are copyrighted ©.