2016-10-31 12:25:00

ബിഷപ്പ് കളത്തിപ്പറമ്പിലിന്‍റെ സ്ഥാനാരോഹണം ഡിസംബറില്‍


വത്തിക്കാനിലെ ഔദ്യോഗിക ജോലിയില്‍നിന്നും വിരമിച്ച് നവംബര്‍ ഇരുപതിന് നാട്ടിലേയ്ക്കു മടങ്ങുന്ന ബിഷപ്പ് കളത്തിപ്പറമ്പില്‍, ഡിസംബര്‍ 18-ാം തിയതി ഞായറാഴ്ച സ്ഥാനാരോപിതനാകും. നിയുക്ത മെത്രാപ്പോലീത്തയ്ക്ക് പ്രാര്‍ത്ഥനനിറഞ്ഞ ആശംസകള്‍!   

ബിഷപ്പ് കളത്തിപ്പറമ്പിലിനെ വരാപ്പുഴയുടെ മെത്രാപ്പോലീത്തയായി നിയോഗിക്കന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ നിയമനം ഒക്ടോബര്‍ 31-ാം തിയതി തിങ്കളാഴ്ചയാണ് വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്. പ്രവാസി കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ (Pontifical Council for Migrants & Itinerants) സെക്രട്ടറിയായും, സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിലെ ​അംഗമായും (Congregation for the Evangelization of Peoples) വത്തിക്കാനില്‍ പ്രവര്‍ത്തിക്കവെയാണ് ബിഷപ്പ് കളത്തിപ്പറമ്പിലിനെ കേരളത്തിലെ വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്.

വത്തിക്കാനിലെ പേപ്പല്‍ വസതി ‘സാന്താ മാര്‍ത്ത’യിലാണ് ബിഷപ്പ് കളത്തിപ്പറമ്പില്‍ വസിക്കുന്നത്. ഒക്ടോബര്‍ 31-ാം തിയതി തിങ്കളാഴ്ച രാവിലെ സ്വീഡനിലേയ്ക്കുള്ള അപ്പസ്തോലിക യാത്രയ്ക്കു പുറപ്പെടുന്നതിനു തൊട്ടുമുന്‍പ് പാപ്പാ ഫ്രാന്‍സിസ് പുതിയ നിയമനത്തില്‍ ബിഷപ്പ് കളത്തിപ്പറമ്പിലിനെ അഭിനന്ദിക്കുകയും പ്രാര്‍ത്ഥനാശംസകള്‍ നേരുകയും ചെയ്തതായി വത്തിക്കാന്‍ റേ‍ഡിയോയെ അറിയിച്ചു. വരാപ്പുഴയുടെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പ്രായപരിധി 75 വയസ്സ് എത്തി, വത്തിക്കാനില്‍ സ്ഥാനത്യാഗം സമര്‍പ്പിച്ചത് അംഗീകരിച്ചശേഷമാണ് പാപ്പാ പുതിയ നിയമനം നടത്തിയത്.

ഇപ്പോള്‍ പ്രവാസികള്‍ക്കുള്ള വത്തിക്കാനിന്‍റെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ബിഷപ്പ് കളത്തിപ്പറമ്പില്‍ എറണാകുളത്ത് വടുതല, സെന്‍റ് ആന്‍റെണീസ് ഇടവാകാംഗവുമാണ്. കളത്തിപ്പറമ്പല്‍ അവിര-ട്രീസ ദമ്പതികളുടെ മകനാണ്. സെമിനാരി പഠനകാലത്തുതന്നെ പിതാവ് അന്തരിച്ചു. മേരി, ട്രീസ, ജോര്‍ജ്ജ്, ആന്‍സണ്‍ എന്നിവര്‍ അദ്ദേഹത്തിന്‍റെ സഹോദരങ്ങളാണ്.       

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അതിരൂപതയുടെ മൈനര്‍ സെമിനാരിയില്‍ വൈദികപഠനം ആരംഭിച്ചു. ആലുവയിലെ കാര്‍മ്മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്ത്വശാസ്ത്രവും, തിരുച്ചിറപ്പള്ളി സെന്‍റ് ജോസഫ് സെമിനാരിയില്‍ ദൈവശാസ്ത്രപഠനവും പൂര്‍ത്തിയാക്കി.   1978-ല്‍ പൗരോഹിത്യപട്ടം സ്വീകരിച്ചു. വരാപ്പുഴയുടെ ഭദ്രാസനദേവാലയത്തില്‍ അജപാലന ശുശ്രൂഷ ആരംഭിച്ചു. കളമശ്ശേരിയിലെ സെന്‍റ് പോള്‍സ് കോളെജിന്‍റെ മാനേജറായും സേവനംചെയ്തിട്ടുണ്ട്.

റോമിലെ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ അദ്ദേഹം ഉന്നതപഠനം നടത്തി, സഭാനിയമങ്ങളില്‍ (Canon Law) ഡോക്ടര്‍ ബിരുദം കരസ്ഥമാക്കി. റോമിലെ‍ സാന്‍ പാവുളോ രാജ്യാന്തര സെമിനാരിയുടെ വൈസ് റെക്ടറായി 1984-മുതല്‍ 1989-വരെ സേവനംചെയ്തിട്ടുണ്ട്. 1989-മുതല്‍ വരാപ്പുഴ അതിരൂപതയുടെ ചാന്‍സലര്‍, പിന്നെ വികാരി ജനറല്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കവെയാണ് 2002-ല്‍ കോഴിക്കോട് രൂപതയുടെ മെത്രാപ്പോലീത്തയായി അദ്ദേഹത്തെ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ നിയമിച്ചത്.

പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറിയായി 2011-ല്‍ മുന്‍പാപ്പാ ബനഡിക്ടാണ് അദ്ദേഹത്തെ നിയമിച്ചത്. അദ്ദേഹം സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അംഗമായും 2012-ല്‍ തിരഞ്ഞെടുക്കപ്പെട്ടു. കുടിയേറ്റക്കാര്‍, വിപ്രവാസികള്‍, നാടോടികള്‍, സര്‍ക്കസുകാര്‍, കര-കടല്‍-ആകാശ യാത്രികര്‍, ജിപ്സികള്‍ എന്നിങ്ങനെ പാപ്പാ ഫ്രാന്‍സിസിന്‍റെ മേല്‍നോട്ടത്തിലുള്ള മാനവസുസ്ഥിതിക്കായുള്ള വത്തിക്കാന്‍ സംഘത്തില്‍ (The News Dycastery for Integral Human Development) പ്രവര്‍ത്തിക്കവെയാണ് ബിഷപ്പ് കളത്തിപ്പറമ്പില്‍ വരാപ്പുഴയുടെ മെത്രാപ്പോലീത്തയായി നിയമിതനാത്.‍‍








All the contents on this site are copyrighted ©.