2016-10-31 14:01:00

പാപ്പാ സ്വീഡനില്‍- പതിനേഴാം വിദേശ അപ്പസ്തോലിക പര്യടനം


സഭൈക്യം മുഖമുദ്രയായുള്ള പതിനേഴാം വിദേശ അപ്പസ്തോലിക പര്യടനം ഫ്രാന്‍സീസ് പാപ്പാ തിങ്കളാഴ്ച (31/101/16) ആരംഭിച്ചു. രണ്ടു ദിവസങ്ങളിലായിട്ടാണ്, അതായത്, തിങ്കള്‍ ചൊവ്വ ദിനങ്ങളിലാണ് ഈ അപ്പസ്തോലികയാത്രയെങ്കിലും ഇതിന്‍റെ  ദൈര്‍ഘ്യം 31 മണിക്കൂറാണ്. പാപ്പായുടെ ഈ സന്ദര്‍ശനത്തില്‍ തിങ്കളാഴ്ച സഭൈക്യ പ്രാര്‍ത്ഥനയും, സഭൈക്യസമ്മേളനവും ചൊവ്വാഴ്ച ദിവ്യപൂജാര്‍പ്പണവും ത്രികാലപ്രാര്‍ത്ഥനയും ആണ് മുഖ്യ പരിപാടികള്‍. ഈ അവസരങ്ങളിലായി പാപ്പാ മൊത്തം 4 സന്ദേശങ്ങള്‍ നല്കും.

ലൂതറന്‍ നവീകരണത്തിന്‍റെ അഞ്ഞൂറാം വാര്‍ഷികാനുസ്മരണത്തില്‍ പങ്കുചേരുകയാണ് പാപ്പായുടെ ഈ യാത്രയുടെ മുഖ്യലക്ഷ്യം. അങ്ങനെ ലൂതറന്‍ കത്തോലിക്കാസഭകളുടെ അനുരഞ്ജന യാത്രയില്‍ ഒരു നാഴികക്കല്ലും ഒരു ചരിത്രസംഭവുമായി പരിണമിക്കും പാപ്പായുട‌െ ഈ സന്ദര്‍ശനം. സ്വീഡനിലെ മല്‍മാ ല്ണ്ട് എന്നീ പട്ടണങ്ങളാണ് സന്ദര്‍ശനവേദികള്‍.

തിങ്കളാഴ്ച (31/10/16) റോമിലെ സമയം രാവിലെ 7.45 ന് ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഫ്യുമിച്ചീനൊയില്‍ സ്ഥിതിചെയ്യുന്ന, ലെയൊണാര്‍ദൊ ദ വിഞ്ചി അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക്, കാറില്‍ യാത്രയായി. യൂറോപ്പും ഇന്ത്യയും തമ്മിലുള്ള സമയവിത്യാസം, ഇക്കഴിഞ്ഞ ഞായറാഴ്ച (30/10/16) മുതല്‍ 4 മണിക്കൂറും 30 മിനിറ്റും ആണ്, അതായത്, ഇന്ത്യ സമയത്തില്‍ 4 മണിക്കൂറും 30 മിനിറ്റും മുന്നിലാണ്.

വിമാനത്താവളത്തില്‍ കാറില്‍ നിന്നിറങ്ങിയ പാപ്പായെ ഇറ്റലിയുടെ അല്‍ ഇത്താലിയ വിമാനക്കമ്പനിയുടെയും റോം വിമാനത്താവളത്തിന്‍റെയും ഉന്നത പ്രതിനിധികളും പൗരസൈനികാധികാരികളും ഈ വിമാനത്താവളം ഭരണസീമയില്‍ വരുന്ന പോര്‍ത്തൊ സാന്ത റുഫീന രൂപതയുടെ മെത്രാന്‍ ജീനൊ റെയാലിയും ചേര്‍ന്നു സ്വീകരിച്ചു യാത്രയാക്കി. പതിവു പോലെ കൈയ്യില്‍ കറുത്ത യാത്രാസഞ്ചിയുമായി വ്യോമയാനപ്പടവുകളേറിയ പാപ്പാ അല്‍ ഇത്താലിയയുടെ എയര്‍ബസ് 321 ല്‍ സ്വീഡനിലേക്ക് യാത്രയായി.

ഫ്രാന്‍സീസ് പാപ്പായെയും അനുചരരെയും വഹിച്ചുകൊണ്ട് ഈ ആകാശനൗക റോമിലെ സമയം രാവിലെ 8.25 ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.55 ന് സ്വീഡനിലെ മല്‍മായിലുള്ള അന്താരാഷ്ട്രവിമാനത്താവളം ലക്ഷ്യമാക്കി പറന്നുയര്‍ന്നു. ഇറ്റലി,ഔസ്ത്രിയ ജര്‍മ്മനി സ്വീഢന്‍ എന്നീ രാജ്യങ്ങള്‍ക്കുമീതെ പറന്ന വിമാനം 1540 കിലോമീറ്റര്‍ ദൂരം തരണം ചെയ്യാന്‍ 2 മണിക്കൂറും 40 മിനിറ്റും എടുത്തു. ഈ രാജ്യങ്ങളുടെ വ്യോമപാത ഉപയോഗിച്ചതിനാല്‍ പാപ്പാ പതിവുപോലെ അന്നാടുകളുടെ തലവന്മാര്‍ക്ക് ആശംസാസന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തു.

വിവിധ രാജ്യക്കാരായ മൂന്നുലക്ഷത്തിലേറെ നിവാസികളുള്ള ഒരു പട്ടണമാണ് മല്‍മ. സ്വീഡന്‍റെ സാമ്പത്തിക തലസ്ഥാന നഗരിയായ മല്‍മാ അന്നാട്ടിലെ മൂന്നാമത്തെ പ്രധാന പട്ടണമാണ്. വ്യാവസായിക പ്രാധാന്യമുള്ള ഈ നഗരം ലോകത്തിലെ മികച്ച നാവിക സര്‍വ്വകലാശാലയുള്‍പ്പടെയുള്ള വിവിധ ഉന്നതവിദ്യഭ്യാസ കേന്ദ്രങ്ങളുടെ ആസ്ഥാനവുമാണ്. 26000 സര്‍വ്വകലാശാലാവിദ്യര്‍ത്ഥികള്‍ ഈ പട്ടണത്തിലുണ്ട്.

സ്വീഡനിലെ ഏക കത്തോലിക്ക രൂപത സ്വീഡന്‍റെ തലസ്ഥാനപട്ടണമായ സ്റ്റോക്ഹോം ആണ്. 4 ലക്ഷത്തി അമ്പതിനായിരം ചതുരശ്രകിലോമീറ്റര്‍ വസ്‍തൃതിയുള്ള ഈ രൂപതയുടെ അതിര്‍ത്തിക്കുള്ളില്‍ വസിക്കുന്ന 97 ലക്ഷത്തി അമ്പതിനായിരത്തോളം പേരില്‍ കത്തോലിക്കര്‍ 1 ലക്ഷത്തി പതിനായിരത്തോളം മാത്രമാണ്. ഈ രുപതയുടെ കീഴില്‍ 44 ഇടവകകളും 13 പ്രേഷിതകേന്ദ്രങ്ങളുമുണ്ട്. 40 ലേറെ രൂപതാവൈദികരും 85 സന്ന്യസ്തവൈദികരും നൂറിലേറെ സന്യസ്തസഹോദരരും 170 ഓളം സന്ന്യാസിനികളും സ്റ്റോക്ഹോം രൂപതയുടെ മെത്രാനായ ആന്‍റേഴ്സ് അര്‍ബോറേലിയുസിനെ അജപാലനശുശ്രൂഷയില്‍ സഹായിക്കുന്നു. ഈ രൂപതയുടെ കീഴില്‍ 13 വിദ്യഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനനിരതമാണ്. 2 ഉപവിപ്രവര്‍ത്തന കേന്ദ്രങ്ങളും സ്റ്റോക്ഹോം രൂപതയ്ക്കുണ്ട്. സ്വീഡനില്‍ ഒരു മെത്രാന്‍ മാത്രമുള്ളതിനാല്‍ മെത്രാന്‍ സംഘമില്ല.

സ്കാന്‍റിനേവിയന്‍ നാടുകളായ ഡെന്‍മാര്‍ക്ക്, നോര്‍വെ, സ്വീഡന്‍, ഫിന്‍ലാന്‍റ്, ഐസ്ലാന്‍റ് എന്നീ നാടുകള്‍ക്കെല്ലാംകൂടിയുള്ള ഏക മെത്രാന്‍ സംഘത്തില്‍ അംഗമാണ് സ്റ്റോക്ഹോം രൂപതയുടെ ഭരണസാരഥി ബിഷപ്പ് ആന്‍റേഴ്സ് അര്‍ബോറേലിയുസ്.

മല്‍മയിലെ വിമാനത്താവളത്തില്‍ പ്രാദേശികസമയം ഉച്ചയ്ക്ക് 11 മണിയോടെ ഇറങ്ങിയ വിമാനത്തിനകത്തത്തുചെന്ന് സ്വീഡനിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ   ആര്‍ച്ചുബിഷപ്പ് ഹെ൯റിക് യോസെഫ് നൊവാച്കിയും സ്വീഡനിലെ പാപ്പായുടെ യാത്രാപരിപാടിസംവിധാനസംഘത്തിന്‍റെ തലവനും ചേര്‍ന്ന് സ്വീകരിച്ചു പാപ്പായെ പുറത്തേക്കാനയിച്ചു. തനിച്ചു വിമാനപ്പടവുകളിറങ്ങിയ പാപ്പായെ സ്വീഡന്‍റെ പ്രധാനന്ത്രി സ്തേഫന്‍ ലവിയെന്‍, സാംസ്കാരികജനാധിപത്യവകുപ്പ് മന്ത്രി ശ്രീമതി ആലിസ് ബാ കുന്‍ഖാ തുടങ്ങിയ രാഷ്ട്രാധികാരികളും കത്തോലിക്കാ ലൂതറന്‍ സഭാപ്രതിനിധികളും ചേര്‍ന്നു സ്വാഗതം ചെയ്തു. ലളിതമായ സ്വാഗതസ്വീകരണച്ചടങ്ങുകള്‍ സ്വാഗത-മറുപടി പ്രഭാഷണരഹിതമായിരുന്നു. പാപ്പാ ദേശീയ ദേശിയപതാകയ്ക്ക് ആദരവര്‍പ്പിച്ചു. അപ്പോള്‍  വത്തിക്കാന്‍റെയും തുടര്‍ന്ന്  സ്വീഡന്‍റെയും ദേശീയഗാനങ്ങള്‍ സൈനികബാന്‍റ് വായിച്ചു.

സൈനികോപചാരം സ്വീകരിച്ച പാപ്പാ സന്നിഹിതരായിരുന്ന ഔദ്യോഗികപ്രതിനിനിധികളെ പരിചയപ്പെട്ടു.  തുടര്‍ന്ന് സ്വീഡന്‍റെ പ്രധാനന്ത്രി സ്തേഫന്‍ ലവിയെന്‍ പാപ്പായെ വിമാനത്താവളത്തില്‍ വിശിഷ്ടവ്യക്തികള്‍ക്കായുള്ള ശാലയിലേക്കാനയിക്കുകയും ഇരുവരും അല്പസമയം സ്വകാര്യസംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

വിമാനത്താവളത്തില്‍ നിന്ന് പാപ്പാ പോയത് 42 കിലോമീറ്റര്‍ അകലെ ഇഗെലോസയില്‍ ​തനിക്കായി ഒരുക്കിയിരുന്ന വാസയിടത്തിലേക്കാണ്. പാപ്പായുടെ ഉച്ചഭക്ഷണം അവിടെ ആയിരുന്നു.എന്നാല്‍ പാപ്പായുടെ അനുചരര്‍ക്ക് സ്വീഡന്‍റെ പ്രധാനന്ത്രി സ്തേഫന്‍ ലവിയെന്‍ ല്ണ്ടിലെ ഗ്രാന്‍റ് ഹോട്ടലില്‍ പ്രത്യേക ഉച്ചവിരുന്നു ഒരുക്കിയിരുന്നു. വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍, ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കല്‍സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ കുര്‍ത്ത് കോഹ് തുടങ്ങിയവരു‍ള്‍പ്പെട്ട അനുചരസംഘം ഈ വിരുന്നില്‍ പങ്കുകൊണ്ടു. അതുകൂടാതെ ഒരു സഭൈക്യ അഥവാ, എക്യുമെനിക്കല്‍ ഉച്ചവിരുന്നും ഒരുക്കപ്പെട്ടിരുന്നു. ല്ണ്ടിലെ സര്‍വ്വകലാശാലയായിരുന്നു ഈ വിരുന്നിന്‍റെ വേദി. സ്വീഡനിലെ ലൂതറന്‍ കത്തോലിക്കാസഭകളും  ല്ണ്ട് സര്‍വ്വകലാശാലയും ല്ണ്ട് നഗരവും സംയുക്തമായി ഒരുക്കിയ ഈ വിരുന്നില്‍ സ്കാന്‍റിനേവിയയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ബിഷപ്പ് ചെസ്ലാവ് കൊസ്സോണ്‍, ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ കാര്യദര്‍ശി ബിഷപ്പ് ബ്രയന്‍ ഫാരെല്‍, സ്വീഡനിലെ സ്റ്റോക്ഹോം രൂപതയുടെ മെത്രാന്‍ ആന്‍റേഴ്സ് അര്‍ബോറേലിയുസ് തുടങ്ങിയവര്‍ പങ്കുകൊണ്ടു.

ഇഗെലോസയില്‍ ഉച്ചഭക്ഷണം കഴിച്ച പാപ്പായുടെ അടുത്ത പരിപാടി ല്ണ്ടില്‍ രാജകുടുംബവുമായുള്ള സൗഹൃദകൂടിക്കാഴ്ചയായിരുന്നു.

സ്വീഡനിലെ ഏറ്റം പുരാതനമായ രണ്ടാമത്തെ നഗരമാണ് ല്ണ്ട്. ഒരു ലക്ഷത്തിലേറെ നിവാസികളുള്ള ല്ണ്ട് വിദ്യാഭ്യാസ രംഗത്ത് മുന്നില്‍ നില്ക്കുന്നു.  അവിടത്തെ സര്‍വ്വകലാശല ലോകത്തിലെ ഏറ്റം മികച്ച 100 സര്‍വ്വകലാശാലകളില്‍ ഒന്നാണ്. സ്റ്റോക്ഹോമില്‍ നിന്ന് 600 ലേറെ കിലോമീറ്റര്‍ തെക്കുമാറിയാണ് ല്ണ്ട് സ്ഥിതിചെയ്യുന്നത്. സ്കാന്‍റിനേവിയയുടെ തനിമയാര്‍ന്ന തടിയില്‍ തീര്‍ത്ത  ദേവാലയങ്ങളിലൊന്ന്‍ ല്ണ്ടില്‍ കണ്ടെത്തിയതായി പുരാവസ്തുഗവേഷകര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ദേവാലയം 990 ല്‍ പണികഴിപ്പിക്കപ്പെട്ടതാണെന്ന് അവര്‍ പറയുന്നു. ല്ണ്ടിലെ കത്തീദ്രല്‍ 1145 ല്‍ ആശീര്‍വ്വദിക്കപ്പെട്ടതായാണ് ചരിത്രരേഖകള്‍ സാക്ഷിക്കുന്നത്. ആ കാലഘട്ടം മുതല്‍ പ്രസ്തുത നഗരം സ്കാന്‍റിനേവിയയിലെ മത രാഷ്ട്രീയ സംസ്കാരിക വ്യാവസായിക കേന്ദ്രമായി വളരാന്‍ തുടങ്ങി. മദ്ധ്യയുഗത്തില്‍ മതസാംസ്കാരിക വളര്‍ച്ചയുടെ കേന്ദ്രമായിരുന്നു ല്ണ്ട് എന്നതിന് തെളിവായി ആ നഗരത്തിലെ നിരവധി ദേവാലയങ്ങളും ആശ്രമങ്ങളും നിലകൊള്ളുന്നു. എന്നാല്‍ ലൂതറന്‍ നവീകരണ പ്രക്രിയ അവിടെ സഭയുടെ സ്വാധീനം സാരമായി കുറച്ചു. 1527 ല്‍ ഫ്രാന്‍സിസ്ക്കന്‍ ആശ്രമം അടയ്ക്കപ്പെട്ടു.1947 ല്‍ അവിടെ ആഗോള ലൂതറന്‍ സംയുക്ത സമിതി സ്ഥാപിതമായി. ലോകത്തിന്‍റെ വിവിധഭാഗങ്ങളിലുള്ള ലൂതറന്‍ സഭാസമൂഹങ്ങളെ ഏകോപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് സ്ഥാപിതമായത്. ‌

ഇഗെലോസയില്‍ നിന്ന 10 കിലോമീറ്റര്‍ അകലെയുള്ള ല്ണ്ടിലെ രാജമന്ദിരത്തില്‍ കാറിലെത്തിയ പാപ്പായെ കാള്‍ പതിനാറാമന്‍ ഗുസ്താഫ് രാജാവും സില്‍വിയരാജ്ഞിയും ചേര്‍ന്ന് സ്വീകരിച്ചു. അവിടെ സന്നിഹിതരായിരുന്ന ഔദ്യോഗിക പ്രതിനിധികളെ പാപ്പായ്ക്ക് പരിചയപ്പെടുത്തിയതിനെ തുടര്‍ന്ന് രാജാവും പാപ്പായും തമ്മിലുള്ള സൗഹൃദ സ്വകാര്യ കൂടിക്കാഴ്ചയായിരുന്നു.

കരുണയുടെ വിശുദ്ധവത്സരത്തോടനുബന്ധിച്ച് റോമിലെ 7 ദേവാലായങ്ങള്‍ പശ്ചത്തലമാക്കി കാരുണ്യപ്രവര്‍ത്തനങ്ങള്‍ പ്രതീകാത്മകമായി ചിത്രണം ചെയ്തിരിക്കുന്ന ഒരു കലാസൃഷ്‌ടിയാണ് പാപ്പാ രാജകുടുംബത്തിന് ഈ കൂടിക്കാഴ്ചാ വേളയില്‍ സമ്മാനിച്ചത്.

 








All the contents on this site are copyrighted ©.