2016-10-30 19:32:00

സഭൈക്യശ്രമങ്ങളുടെ വസന്തകാലം : സ്വീഡന്‍ അപ്പസ്തോലികയാത്ര


1. പാപ്പാ ഫ്രാന്‍സിസിന്‍റെ 17-ാമത് രാജ്യാന്തര പര്യടനമാണ് സ്വീഡനിലേയ്ക്ക്. ഒക്ടോബര്‍ 31, നവംബര്‍ 1 - തിങ്കള്‍, ചൊവ്വ രണ്ടുദിവസങ്ങള്‍ നീളുന്നതാണ് ഈ അപ്പോസ്തലിക യാത്ര. ഈ യാത്രയുടെ പ്രത്യേകത അതിന്‍റെ സഭൈക്യമാനം തന്നെയാണ്. സ്വീഡനിലെ ലന്‍ഡ് നഗരങ്ങളിലേയ്ക്കാണ് പാപ്പായുടെ യാത്ര. ആഗോള ലൂതറന്‍ സഖ്യത്തിന്‍റെ (Luthera World Federation)  ആസ്ഥാനമാണ് ലന്‍ഡ് നഗരം. ലൂതറന്‍ നവോത്ഥാന പ്രസ്ഥാനത്തിന്‍റെ 500-ാം വാര്‍ഷിക ആചരണവുമായി ബന്ധപ്പെട്ടാണ് പാപ്പായുടെ സന്ദര്‍ശനം.

പ്രഥമദിനത്തില്‍ രാഷ്ട്രത്തലവന്മാരും, പിന്നെ അവിടത്തെ രാജകുടുംബവുമായും  പാപ്പാ നേര്‍ക്കാഴ്ച നടത്തും. തുടര്‍ന്ന് ലൂതറര്‍ ഭദ്രാസന ദേവാലയത്തിലെ സഭൈക്യപ്രാര്‍ത്ഥനയിലും, മാല്‍മോ സ്റ്റേഡിയത്തില്‍ ലൂതറന്‍-കത്തോലിക്കാ സംയുക്തസാക്ഷ്യം എന്ന സംവാദ പരിപാടിയില്‍ പങ്കെടുക്കും. രണ്ടാം ദിവസം അവിടത്തെ ചെറുഗണമായ കത്തോലിക്കരുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പാ, അവര്‍ക്കൊപ്പം സമൂഹബലിയര്‍പ്പിച്ചുകൊണ്ടാണ് രണ്ടു ദിവസം നീളുന്ന സന്ദര്‍ശനം സമാപിപ്പിക്കുന്നത്.

പശ്ചിമ യൂറോപ്യന്‍ രാജ്യമാണ് സ്വീഡന്‍. സ്കാന്‍ഡിനേവിയന്‍ ഉപദ്വീപകളുടെ സങ്കരമാകയാല്‍, സ്ക്കാന്‍ഡിനേവിയന്‍ രാജ്യമെന്നും ഇതിനെ വിളിക്കാറുണ്ട്. വിസ്തൃതി നാലര ലക്ഷത്തോളം ചതുരശ്ര കിലോമീറ്ററാണ്. ജനസംഖ്യ 93 ലക്ഷത്തില്‍ താഴെയും. എന്നാല്‍ ലോകത്തെ ഏറെ വിദ്യാസമുള്ളരും സംസ്ക്കാരസമ്പന്നരും, പിന്നെ സ്വാശ്രയബോധമുള്ളവരുമാണ് സ്വീഡന്‍കാര്‍ എന്ന് കണക്കാക്കപ്പെടുന്നു.  രണ്ടു ലോക മഹായുദ്ധങ്ങളില്‍ നിഷ്പക്ഷതപാലിച്ച സ്വീഡന്‍ രാജഭരണത്തിന്‍റെ പുരാതനമായ രീതികള്‍ ഇന്നും തുടരുന്നുണ്ട്. രാജകുടുംബം ഇന്നും അവിടെ ആദരിക്കപ്പെടുന്നു. എന്നാല്‍ പ്രധാനമന്ത്രി രാജ്യം ഭരിക്കുന്ന ജനായത്ത രീതിയാണ് അവിടെ – സ്റ്റേഫന്‍ ലെവേനും 25 ​അംഗ ക്യാബിനറ്റുമാണ് ഇപ്പോഴത്തെ ഭരണകര്‍ത്താക്കള്‍!  ലോകത്തെ മതനിരപേക്ഷമായ രാജ്യങ്ങളില്‍ ഒന്നാണിത്. എങ്കിലും, ആധുനിക കാലത്തെ കുടിയേറ്റം വഴി മുസ്ലീങ്ങളും, ക്രിസ്ത്യനികളും, ഇതര മതസ്ഥരും ഇന്ന് സ്വീഡിഷ് പൗരന്മാരായിട്ടുണ്ട്. ബഹൂഭൂരിപക്ഷം പേരും ലൂതറന്‍ ക്രൈസ്തവരാണ് എന്നോര്‍ക്കണം. എന്നാല്‍ സ്വീഡന്‍റെ കത്തോലിക്കാ പാരമ്പര്യം വിസ്മൃതിയില്‍ ആഴ്ത്താവുന്നതുമല്ല.

2. സ്റ്റോക്ഹോം രൂപതയാണ് സ്വീഡനിലെ ഏകകത്തോലിക്ക സഭാ പ്രവിശ്യ. ഈ രൂപത മറ്റ് നോര്‍ഡിക് രാജ്യങ്ങളുടെ സംയുക്ത മെത്രാന്‍ സമതിയില്‍ അംഗമാണ്. തലസ്ഥാന നഗരമായ സ്റ്റോക്ഹോമിലെ വിശുദ്ധ എറിക്കിന്‍റെ ഭദ്രാസന ദേവാലയമാണ് സ്വീഡനിലെ കത്തോലിക്കരുടെ ആസ്ഥാനം. ബിഷപ്പ് ആന്‍റേഴ്സ് അര്‍ബൊറേലിയൂസാണ് (Anders Arborelius) സ്റ്റോക്ഹോമിന്‍റെ ഇപ്പോഴത്തെ മെത്രാന്‍. സ്വീഡനില്‍ ആകെയുള്ള 

   

42 ചെറിയ ഇടവകകള്‍ സ്റ്റോക്ഹോം രൂപതയുടെ ഭാഗമാണ്. 1521-ല്‍ ലൂതറന്‍സഭ ദേശീയസഭയായി പിറവിയെടുത്തതോടെ സ്വീഡനിലെ കത്തോലിക്കാ സഭ അസ്തമിച്ചെന്നു പറയാം. പിന്നെ ചിതറക്കിടക്കുകയും, തനിമയും വ്യക്തിത്വവും വെളിപ്പെടുത്താന്‍ ക്ലേശിച്ച അവിടത്തെ കത്തോലിക്കര്‍ ആദ്യം  ജര്‍മ്മനിയിലെ കൊളോണ്‍ അതിരൂപതയുടെ കീഴിലും, പിന്നീട് വത്തിക്കാന്‍റെ കീഴിലുമായിരുന്നു. 1783-ല്‍ സ്വീഡനില്‍ അപ്പസ്തോലിക് വികാരിയാത്ത് Apostolic Vicariate of Sweden സ്ഥാപിതമായി. 1953-ല്‍ വികാരിയാത്ത് സ്റ്റോക്ഹോം രൂപതയായും ഉയര്‍ത്തപ്പെട്ടു.

സ്വീഡനില്‍ ആകെയുള്ള കത്തോലിക്കരുടെ എണ്ണം ഇപ്പോള്‍,  2 ലക്ഷത്തില്‍ താഴെയാണ് (1,06,873). ജനസംഖ്യയുടെ (92,34,000) 1.1 ശതമാനം മാത്രമാണ് കത്തോലിക്കര്‍. വത്തിക്കാനുമായി നയതന്ത്ര ബന്ധമുള്ള രാജ്യമാണ് സ്വീഡന്‍. അതിനാല്‍ തലസ്ഥാന നഗരത്തില്‍ വത്തിക്കാന്‍റെ സ്ഥാപതി മന്ദിരമുണ്ട് (Apostolic Nunciature). ആര്‍ച്ചുബിഷപ്പ് ഹെന്റി ജോസഫ് നൊവായ്ക്കിയാണ് (Henryk Józef Nowacki) സ്വീഡനിലെ ഇപ്പോഴത്തെ വത്തിക്കാന്‍റെ സ്ഥാനപതി.   16-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ഒരു സ്വതന്ത്ര രാജ്യമായി സ്വീഡന്‍ രൂപപ്പെട്ട രാഷ്ട്രീയ പശ്ചത്താലത്തിലാണ് അവിടത്തെ കത്തോലിക്കാ സഭ അട്ടിമറിക്കപ്പെട്ടത്. വസ്തു-വകകള്‍ക്കൊപ്പം, വൈദ്യം, ചികിത്സ, വിദ്യാഭ്യാസം എന്നിങ്ങനെ അറിവിന്‍റെയും സമ്പത്തിന്‍റെയും മേഖലയില്‍ സമ്പന്നമായിരുന്നു മദ്ധ്യകാലഘട്ടത്തില്‍ സ്വീഡനിലെ സഭയും സഭാസ്ഥാപനങ്ങളും, പ്രത്യേകിച്ച് സന്ന്യസ സമൂഹങ്ങള്‍. കൂടാതെ സമ്പത്തിന്‍റെ പ്രൗഢിയും അവ പ്രകടമാക്കിയിരുന്നു. സന്ന്യാസസമൂഹങ്ങള്‍ സ്വന്തമാക്കിയിരുന്ന ഏക്കറു കണക്കിന് കൃഷിയിടങ്ങളും, കാലിവളര്‍ത്തല്‍ കേന്ദ്രങ്ങളും, പഴത്തോട്ടങ്ങളുമെല്ലാം സ്വീഡിഷ് ഭരണകര്‍ത്താക്കളില്‍ അസൂയ വളര്‍ത്തി. സഭയുടെ അംഗബലവും കരുത്തും കണ്ട് അസൂയാലുവായ അന്നത്തെ രാജാവ്, ഗുസ്താവ് വാസ അട്ടിമറിക്ക് ഉപയോഗിച്ച കുതന്ത്രമായിരുന്നു, കത്തോലിക്ക സഭയെ എതിര്‍ത്തിര്‍ത്തിരുന്ന ലൂതറന്‍സഭയെ 1523-ല്‍ സ്വീഡന്‍റെ ദേശീയ മതമാക്കി ഉയര്‍ത്തിയത്.

കത്തോലിക്കാ സ്ഥാപനങ്ങളും സ്വത്തുക്കളും സര്‍ക്കാര്‍ കണ്ടുകെട്ടുകയും, എതിര്‍ത്തവരെ കൊന്നൊടുക്കുകയും ചെയ്തു. സന്ന്യാസ സഭാസ്ഥാപനങ്ങളാലും, അതുപോലെ മനോഹരമായ ദേവാലയങ്ങളാലും ഇന്നും സമ്പന്നമാണ് ഈ സ്കാന്‍ഡിനേവിയന്‍ നാട്. ഉറങ്ങിക്കിടക്കുന്ന ഈ കത്തോലിക്കാ ദേവാലയങ്ങളും സ്ഥാപനങ്ങളും രാഷ്ട്രീയ അട്ടിമറിയുടെ മൂകസാക്ഷികള്‍ മാത്രമാണിന്ന്.

3. സ്വീഡനിലെ ഉപ്സാലയില്‍‍ 1593-ല്‍ കാള്‍ 9-ാമന്‍ രാജാവ്  വിളിച്ചുകൂട്ടിയ സിനഡ് സ്വീഡനിലെ ലൂതറന്‍ പ്രസ്ഥാനത്തിന് രാജ്യത്ത് സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തു.  അതോടെ രാഷ്ട്രീയവത്ക്കരിക്കപ്പെട്ട ക്രിസ്ത്യന്‍-ലൂതറന്‍ രാഷ്ട്രമായി മാറി സ്വീഡന്‍! രാജ്യത്തെ അവസാനത്തെ കത്തോലിക്കാ സ്ഥാപനം, വാഡ്സ്റ്റേനയില്‍ (Vadstena) ഉണ്ടായിരുന്ന വിശുദ്ധ ബ്രിജിറ്റിന്‍റെ വലിയ ആശ്രമം അടച്ചുപൂട്ടപ്പെട്ടു. കത്തോലിക്കാ നാമം ഉച്ചരിച്ചാല്‍ മരണശിക്ഷ ഉറപ്പായിരുന്നു. അങ്ങനെ 17-ാം നൂറ്റാണ്ടിന്‍റെ പിറവിയോടെ സ്വീഡന്‍, ക്രിസ്ത്യന്‍ രാഷ്ട്രമായി അറിയപ്പെടാന്‍ തുടങ്ങിയെങ്കിലും, സര്‍ക്കാര്‍ നിയന്ത്രിതമായ ലൂതറന്‍ സഭയ്ക്ക് സ്വാതന്ത്ര്യമില്ലായിരുന്നു. ഭരണകൂടമാണ് മെത്രാന്മാരെ നിയോഗിച്ചത്. വൈദികര്‍ ദേവാലയശുശ്രൂഷയ്ക്കു പുറമേ, സര്‍ക്കാര്‍ ജോലികളും ചെയ്യേണ്ടിയിരുന്നു. സ്വീഡനിലെ സര്‍ക്കാര്‍ നിയന്ത്രിത-സഭ 1991-വരെ തുടര്‍ന്നു. എന്നാല്‍ ക്രിസ്തീയതയുടെ ഒളിമങ്ങാത്ത അടിസ്ഥാന നീതി മനുഷ്യാന്തസ്സ് എന്നീ മാനുഷിക ഗുണങ്ങളും മൂല്യങ്ങളും സ്വീഡിഷ് സംസ്ക്കാരത്തില്‍ ഇന്നും തെളിഞ്ഞുനില്ക്കുന്നു. സ്വീഡനില്‍ ജനിച്ച സകലരും സ്വമേധയാ സ്വീഡിഷ് ലൂതറന്‍ ദേശീയ സഭയിലെ അംഗമാക്കപ്പെട്ടിരുന്നു. ആവര്‍ത്തിച്ചുള്ള ജനഹിതപ്രകാരം, രണ്ടായിരാമാണ്ടില്‍ നടത്തിയ പ്രഖ്യാപനത്തിലൂടെയാണ് സ്വീഡനിലെ ലൂതറന്‍ സഭ സര്‍ക്കാര്‍ അധീനത്തില്‍നിന്നും മോചിതമായത്. ജനസംഖ്യയുടെ 83% ലൂതറന്‍ ക്രിസ്ത്യാനികളും, 2% കത്തോലിക്കരും, 6 ശതമാനം മൂസ്ലീങ്ങളുമാണ്. നിരീശ്വരവാദികളും ധാരാളമുണ്ടവിടെ...

ലൂതറന്‍ സഭയുടെ തുടക്കം ജര്‍മ്മനിയിലാണ്. മാര്‍ട്ടിന്‍ ലൂതറാണ് (1483-1528) പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്. ജര്‍മ്മന്‍കാരനായ കത്തോലിക്കാ സന്ന്യാസ വൈദികനും ദൈവശാസ്ത്ര പണ്ഡിതനുമായിരുന്നു ലൂതര്‍. മദ്ധ്യകാലഘട്ടത്തിലെ കത്തോലിക്കാ സഭയുടെ പോരായ്മകള്‍ പൊക്കിപ്പിടിച്ച് ലൂതര്‍ പാണ്ഡിത്യത്തിന്‍റെ പടവാള്‍ ഉയര്‍ത്തകുയും, പ്രബന്ധങ്ങളിലൂടെ സഭയെ ആക്രമിക്കുകയും, പ്രോട്ടസ്റ്റന്‍റ് പ്രസ്ഥാനത്തിന് തുടക്കമിടുകയും ചെയ്തു.   റോമിലെ സഭയ്ക്ക് എതിരായി നിരവധി പ്രബന്ധങ്ങള്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. പ്രബന്ധങ്ങള്‍ പിന്‍വലിക്കണമെന്ന അന്നത്തെ ലിയോ 10-ാമന്‍ പാപ്പായുടെയും, റോമന്‍ സാമ്രാജ്യത്തലവന്‍, ചാള്‍സ് 5-ാമന്‍റെയും അഭ്യാര്‍ത്ഥനകള്‍ ലൂതര്‍ അവഗണിച്ചു.  സഭയില്‍നിന്നും തുടര്‍ന്നുണ്ടായ പുറത്താക്കല്‍ അല്ലെങ്കില്‍ ഭ്രഷ്ട്-കല്പിക്കല്‍  ലൂതറിനെ ചൊടിപ്പിക്കുകയും, കൂടുതല്‍ വിഘടമായ രചനകളിലേയ്ക്കും കത്തോലിക്കാസഭയ്ക്ക് എതിരായ പ്രവര്‍ത്തന നയങ്ങളിലേയ്ക്കും നയിക്കുകയും ചെയ്തു. അങ്ങനെ ലൂതറന്‍ പ്രൊടസ്റ്റന്‍റ് പ്രസ്ഥാനം 1517-ല്‍ ഉടലെടുത്തു.

4. ലൂതറിന്‍റെ വിവാദപരമായ ചിന്തകള്‍ ...  ക്രിസ്തുവിലുള്ള വിശ്വാസംവഴി ഒരാള്‍ നേടിയെടുക്കുന്ന ദൈവകൃപയാണ് രക്ഷ. അതിനാല്‍ സഭയുടെ ദൈവികസ്ഥാപനത്തിനും, പത്രോസിന്‍റെ പരമാധികരത്തിനും പ്രസക്തിയില്ലെന്ന് ലൂതര്‍ വാദിച്ചു. ദൈവികമായ വെളിപാടിന്‍റെ ഏകസ്രോതസ്സ് വിശുദ്ധഗ്രന്ഥമാണെന്നു ലൂതര്‍ സ്ഥാപിച്ചു.  ഇക്കാലഘട്ടത്തിലാണ് ബൈബിളിന്‍റെ ജര്‍മ്മന്‍ പരിഭാഷ ലൂതര്‍ നിര്‍വ്വഹികക്കുകയും, ജര്‍മ്മനിലിയെ  സാധാരണക്കാര്‍ക്ക് ബൈബിള്‍ ലഭ്യമാക്കുകയും ചെയ്തു. ക്രിസ്തുവിലുള്ള പൗരോഹിത്യ സ്ഥാപനത്തെയും, കത്തോലിക്കാ പൗരോഹിത്യത്തെയും ലൂതര്‍ നിഷേധിച്ചു. ജ്ഞാനസ്നാനം സ്വീകരിക്കുന്ന സകലരും വിശുദ്ധമായ പൗരോഹിത്യം സ്വീകരിക്കുന്നുവെന്നാണ് ലൂതര്‍ തര്‍ക്കിച്ചത്. സംഗീത ജ്ഞാനമുണ്ടായിരുന്ന ലൂതര്‍ സഭയുടെ പരമ്പരാഗത ഗ്രിഗോരിയന്‍ ഈണങ്ങള്‍ക്കു ബദലായി ജര്‍മ്മന്‍ഭാഷയില്‍ ക്രിസ്തീയഗീതങ്ങള്‍ പ്രസിദ്ധപ്പെടുത്തി. സന്ന്യാസം ഉപേക്ഷിച്ച സ്ത്രീ, കാതറീന്‍ ബോറയെ ലൂതര്‍ വിവാഹം കഴിച്ചതോടെ, ലൂതനിസം ലോകത്ത് പലര്‍ക്കും ആകര്‍ഷകമായി. സ്ഥാപനകനായ ലൂതര്‍തന്നെ വൈദിക വിവാഹത്തിന്‍റെ മാതൃകയും പ്രയോക്താവുമായി.

വ്യക്തിഗതവും സ്വതന്ത്രവുമായ ജീവിതശൈലിക്ക് മുന്‍തൂക്കം കൊടുക്കുന്ന സ്വീഡിഷ് ജനതയുടെ സാമൂഹിക സംവിധാനത്തില്‍ കുടുംബബന്ധങ്ങള്‍ക്ക് കെട്ടുറപ്പില്ലാതായിട്ടുണ്ട്. ഇങ്ങനെയുള്ള സാംസ്ക്കാരിക പശ്ചാത്തലത്തില്‍ വിവാഹമോചനം, സ്വതന്ത്രമായ ലൈംഗിക വേഴ്ച എന്നിവ വളര്‍ന്നുവന്നു. വളരെ അടുത്തകാലത്ത് സ്വീഡിഷ് സര്‍ക്കാര്‍ സ്വവര്‍ഗ്ഗ വിവാഹം നിയമപരമായി അംഗീകരിച്ചു. സംഘടിതവും സ്വതന്ത്രവുമായ സഭാ സംവിധാനങ്ങള്‍ക്ക് അംഗീകാരം കൊടുക്കാത്ത നാട്ടില്‍ ധാര്‍മ്മിക ജീവിതത്തിനും കെട്ടുറപ്പില്ലാതായിട്ടുണ്ട്. മതാത്മക ജീവിതത്തിലും വിശ്വാസപ്രകടനത്തിനുമായി ജനങ്ങള്‍ പ്രകൃതിയും, ഏകാന്ത ജീവിതവും, യോഗപോലുള്ള മറ്റു മാര്‍ഗ്ഗങ്ങളും ഉപരിപ്ലവമായി അന്വേഷിച്ചുപോകുന്നത് സ്വീഡനില്‍ ഇന്ന് സാധാരണമാണ്. രാഷ്ട്രനിര്‍മ്മിതമായ ലൂതറന്‍ മതസംവിധാനത്തെ ഇന്നത്തെ തലമുറ ഏറെ വിമര്‍ശനാത്മകമായും, അനാകര്‍ഷകമായുമാണ് കാണുന്നത്. ഉപ്സാലാ നഗരം കേന്ദ്രീകൃതമായിട്ടാണ് ഇപ്പോഴത്തെ ലുതറന്‍ സഭാ മേലദ്ധ്യക്ഷ, റെവറെന്‍റ്  ആഞ്ചയെ  ജാക്വിലീന്‍ പ്രവര്‍ത്തിക്കുന്നത് (Antje Jackelen). റെവറെന്‍റ് ജാക്വിലീന്‍ 2015- മെയ്യിലും, 2016 ജനുവരിയില്‍ വത്തിക്കാനില്‍വന്ന് പാപ്പാ ഫ്രാന്‍സിസുമായി നേര്‍ക്കാഴ്ച നടത്തിയിട്ടുണ്ട്.

5. സ്വീഡനിലെ കത്തോലിക്കാ വിശ്വാസികള്‍ സഭാതലവന്മാരോടും പരിശുദ്ധസിംഹാസനത്തോടും കാണിച്ച വിശ്വസ്തതയും, രക്തസാക്ഷിത്വംവരെ നീണ്ട സമര്‍പ്പണവും കണ്ട് ലൂതറന്‍ സഭാംഗങ്ങള്‍ കത്തോലിക്കരെ വിമതരായും വിപ്ലവകാരികളായി തെറ്റിദ്ധരിക്കുകയും, ചിലപ്പോള്‍ വ്യാഖ്യാനിക്കുകയും ചെയ്തു. അങ്ങനെ സഭയോട് ചരിത്രത്തില്‍ വളര്‍ന്ന തെറ്റിദ്ധാരണയുടെയും വിദ്വേഷത്തിന്‍റെയും മനോഭാവം വിട്ട്, നവമായൊരു കാഴ്ചപ്പാടും, ലൂതറന്‍-കത്തോലിക്കാ സഭൈക്യബന്ധത്തിന്‍റെ പുതിയ പാതയുമാണ് സ്വീഡനിലെ സഭാദ്ധ്യക്ഷ, റെവറന്‍റ് ജാക്വിലീന്‍ ഇപ്പോള്‍ തുറക്കാന്‍ ശ്രമിക്കുന്നത്. ഒക്ടോബര്‍ 31-ന് ലന്‍ഡില്‍ നടക്കുവാന്‍ പോകുന്ന ലൂതറന്‍ സഭാസ്ഥാപനത്തിന്‍റെ 500-ാം വാര്‍ഷികം കത്തോലിക്കാ-ലൂതറന്‍ സാഹോദര്യ ബന്ധത്തിന്‍റെ ചരിത്രസാക്ഷ്യമാകുമെന്നു ചിന്തിക്കുന്നതും, അതിന് മുന്‍കൈ എടുകക്കുന്നതും റവറെന്‍് ആഞ്ചയെ  ജാക്വിലീനാണ്.   ലൂതറന്‍ സഭയുടെ 5-ാം ശതാബ്ദി ആഘോഷവും, അതിലുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ പങ്കാളിത്തവും, അവിടുത്തെ കത്തോലിക്കാ സഭയോടു കൈകോര്‍ത്തുകൊണ്ടുള്ള സഭൈക്യപാതയിലെ ചരിത്രസംഭവമായി മാറുകയാണ്. റെവറന്‍റ് ജാക്വിലിന്‍റെ വാക്കുകളില്‍ത്തന്നെ, “ഇതൊരു ലൂതറന്‍ വിജയാഘോഷമല്ല. ഓര്‍മ്മകളിലെ മുറിവുണക്കാനും, ഇരുസഭൈകളും  സഹോദരസ്നേഹത്തില്‍ മുന്നേറാനുള്ള പരിശ്രവുമാണ്.”

സ്നേഹത്തോടെ പരസ്പരം ശ്രവിക്കുന്ന ലൂതറന്‍-കത്തോലിക്ക സഭൈക്യസംവാദത്തിന്‍റെ കൂട്ടായ്മയാണിതെന്ന്, ജൂബിലി ആഹ്വനംചെയ്തുകൊണ്ടുള്ള സന്ദേശത്തില്‍ റെവറെന്‍റ് ജാക്വിലിന്‍ പ്രസ്താവിക്കുന്നു. അതിനാല്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക സന്ദര്‍ശനം കത്തോലിക്കാ-ലൂതറന്‍ സഭകള്‍ സംയുക്തമായി ആചരിക്കുന്ന നവോത്ഥാന പ്രസ്ഥാനത്തിന്‍റെ ജൂബിലി ആചരണമായി മാറുകയാണ്! (The Catholic-Lutheran Common commemoration of the 500th Anniversary of Reformation).

6. ലൂതറന്‍-കത്തോലിക്കാ സമ്പൂര്‍ണ്ണ ഐക്യത്തിന്‍റെ സ്വപ്നം വിദൂരമാണെങ്കിലും, ഏറെ നല്ലമനസ്സും തറവും  സഭകള്‍ തമ്മിലുള്ള പരസ്പരബന്ധങ്ങളില്‍ വളര്‍ന്നിട്ടുണ്ട്. 1989-ല്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ന്യൂനപക്ഷമായ കത്തോലിക്കരുടെയും സര്‍ക്കാരിന്‍റെയും ക്ഷണം സ്വീകരിച്ച് സ്വീ‍ഡന്‍ സന്ദര്‍ശിച്ചിട്ടുള്ളത് ഇത്തരുണത്തില്‍ അനുസ്മരണീയമാണ്. ആധുനികകാലത്തെ രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു ശേഷമാണ്, കത്തോലിക്കാ സഭ ഇതര ക്രൈസ്തവസഭകളോട് തുറവും, പിന്നെ സംവാദത്തിന്‍റെ വഴികളും തുറന്നത്. സഭകളുടെ കൂട്ടായ്മയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ നീക്കം മാനവികതയിയിലും വിശ്വസാഹോദര്യത്തിലും കേന്ദ്രീകൃതമാണ്.

“ക്രൈസ്തവരില്‍നിന്നും ലോകം പ്രതീക്ഷിക്കുന്ന ജീവിതസാക്ഷ്യം കാരുണ്യത്തില്‍ അധിഷ്ഠിതമാണ്. പാവങ്ങളോടും, രോഗികളോടും, കുടിയേറ്റക്കാരോടും ദൈവത്തിന്‍റെ കാരുണ്യം നാം പ്രകടമാക്കേണ്ടതുണ്ട്. അങ്ങനെ കാലികമായ ആവശ്യങ്ങളെ അഭിമുഖീകരിക്കാനും ആവശ്യത്തിലായിരിക്കുന്നവരെ അകമഴിഞ്ഞു സഹായിക്കാനും ഭിന്നതയുടെ ഭിത്തികള്‍ ഭേദിച്ച് ഐക്യപ്പെടാനും കാരുണ്യം നിദാനമാകും.”   (Pope Francis Discourse to the 1000 Lutheran youth, pilgrims  to Vatican, 13 Oct. 2016).  ഇത് പാപ്പാ ഫ്രാന‍്സിസിന്‍റെ വാക്കുകളാണ്   ഇരുപക്ഷവും ഭാവിയില്‍ സ്വപ്നംകാണുന്ന കൂട്ടായ്മയുടെ പ്രയാണത്തിലേയ്ക്കുള്ള സൃഷ്ടിപരവും ക്രിയാത്മകവുമായ ചുവടുവയ്പ്പാണ് പതിവുകള്‍ തെറ്റിക്കുന്ന പാപ്പായുടെ ഈ ചരിത്രസന്ദര്‍ശനം! പാപ്പായ്ക്ക് ശുഭയാത്ര നേരുന്നു! ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു!!

ഓരുക്കിയത് ജോളി അഗസ്റ്റിനും ഫാദര്‍ വില്യം നെല്ലിക്കലും.








All the contents on this site are copyrighted ©.