2016-10-27 09:31:00

സ്ത്രീകള്‍ സമാധാനത്തിന്‍റെ പ്രയോക്താക്കള്‍ : യുഎന്നിലെ വത്തിക്കാന്‍റെ സ്ഥാനപതി


അതിക്രമങ്ങളില്‍നിന്നു മോചിപ്പിച്ചും, നല്ല വിദ്യാഭ്യാസം നല്കിയും, തൊഴില്‍ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിച്ചും സ്ത്രീജനങ്ങളെ ലോകത്തെ നന്മയുടെയും സമാധാനത്തിന്‍റെ പ്രയോക്താക്കളാക്കാമെന്ന് ഒക്ടോബര്‍ 25-ാം തിയതി ചൊവ്വാഴ്ച യുഎന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് ചേര്‍ന്ന സുരക്ഷ കൗണ്‍സിലിന്‍റെ സമ്മേളനത്തില്‍ ആര്‍ച്ചുബിഷപ്പ് ഔസ അഭിപ്രായപ്പെട്ടു.

സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയും ചൂഷണംചെയ്യപ്പെടുകയും, മനുഷ്യക്കടത്തുപോലുള്ള അതിക്രമങ്ങള്‍ക്ക് ഇരകളാക്കപ്പെടുകയും ചെയ്യുന്ന യുദ്ധത്തിന്‍റെയും അഭ്യാന്തര കലാപത്തിന്‍റെയും അടയന്തിരാവസ്ഥകളുള്ള 50 വ്യത്യസ്ഥ രാഷ്ട്രങ്ങള്‍ ഇന്ന് ലോകത്തുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ സ്ഥിതിവിവരക്കണക്കുകളോടെ ചൂണ്ടിക്കാട്ടി. അവിടങ്ങളില്‍നിന്നും മോചിതരായി, സാമൂഹ്യ നീതിയുടെയും അന്തസ്സിന്‍റെയും സുരക്ഷാമേഖലകളി‍ല്‍ അവര്‍ക്ക് ജീവിക്കാനും വളരാനും സാധിച്ചാല്‍, അവര്‍ സമാധാനത്തിന്‍റെ സന്ദേശവാഹകരാകുമെന്ന് ആര്‍ച്ചുബിഷപ്പ് ഔസ അഭിപ്രായപ്പെട്ടു.

അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഇല്ലാതെയും, തൊഴിലില്ലായ്മ അനുഭവിച്ചും ക്ലേശിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന സ്ത്രീജനങ്ങള്‍ക്ക് അതിനുള്ള സാദ്ധ്യതകള്‍ നല്കാന്‍, ആയുധവിപണത്തിന് രാഷ്ട്രങ്ങള്‍ ചിലവഴിക്കുന്ന തുകയുടെ ഓഹരി ഉപയോഗപ്പെടുത്തിയാല്‍‍ മതിയാകുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ സ്ത്രീകള്‍ക്ക് സ്വയംപര്യാപ്തത നല്കിക്കൊണ്ട് അവരിലൂടെ സമൂഹത്തിലും രാഷ്ട്രങ്ങളിലും, ലോകത്തും സമാധാനം വളര്‍ത്താനാകുമെന്ന് ആര്‍ച്ചുബിഷപ്പ് ഔസ സമ്മേളനത്തില്‍ വ്യക്തമാക്കി.

രാഷ്ട്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും, ഉപായസാധ്യതകളും സ്ത്രീകളുടെ പുരോഗത്തിക്കായി ഉപയോഗപ്പെടുത്തേണ്ടതാണ്. ദാരിദ്ര്യത്തിനെതിരെ പോരാടിക്കൊണ്ടും സാമൂഹ്യ ഉന്നമനത്തിനായി പരിശ്രമിച്ചുകൊണ്ടും സ്ത്രീകളെ അവരുടെ അസ്വാതന്ത്ര്യത്തില്‍നിന്നും മോചിതരാക്കാം. അങ്ങനെ സമാധാനത്തിന്‍റെ പാതയില്‍ വെളിച്ചമേകാന്‍  സ്ത്രീജനങ്ങള്‍ക്കുവേണ്ടിയുള്ള ഈ നല്ല നടപടികള്‍ ബലമേകുമെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ പ്രമേയത്തിലൂടെ സമ്മേളനത്തെ ബോധ്യപ്പെടുത്തി.








All the contents on this site are copyrighted ©.