2016-10-21 13:05:00

പുറത്തേക്കിറങ്ങുക, കാണുക, വിളിക്കുക


ദൈവവിളി പരിപോഷണ അജപാലനമെന്നാല്‍ അനുദിനജീവിതത്തിന്‍റെ എല്ലാ തലങ്ങളിലൂടെയും കടന്നുപോകുന്ന യേശുവിന്‍റെ ശൈലി പഠിക്കുകയാണ് എന്ന് മാര്‍പ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

റോമില്‍ ഒക്ടോബര്‍ 19 മുതല്‍ 21 വരെ ദൈവവിളി പരിപോഷണ അജപാലനത്തെക്കുറിച്ച് വൈദികര്‍ക്കായുള്ള സംഘത്തിന്‍റെയും പൗരോഹിത്യവിളികള്‍ക്കായുള്ള പൊന്തിഫിക്കല്‍ പ്രവര്‍ത്തനവിഭാഗത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്രസമ്മേളനത്തില്‍ സംബന്ധിച്ചവരുടെ 250 ലേറെപ്പേരടങ്ങിയ സംഘത്തെ വെള്ളിയാഴ്ച (21/10/16) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

വഴിയിലേക്കിറങ്ങി നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും കടന്നുപോകുകയും ജനങ്ങളുടെ സഹനങ്ങളും പ്രത്യാശകളുമായി കണ്ടുമുട്ടുകയും ചെയ്യുന്നവനും തിടുക്കം കാട്ടാതെ സഹോദരങ്ങളുടെ പക്കല്‍ നിന്ന് കാരുണ്യത്തോടെ അവരെ നോക്കുകയും ദൈവപിതാവിന്‍റെ പക്കലേക്ക് അവരെ ആനയിക്കുകയും ചെയ്യുന്ന യേശുവിനെ സുവിശേഷവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ അനുസ്മരിച്ചുകൊണ്ട് പാപ്പാ അവിടത്തെ പ്രവര്‍ത്തന ശൈലി ആധാരമാക്കി മൂന്നു ക്രിയകള്‍, അതായത്, പുറത്തേക്കിറങ്ങുക, കാണുക, വിളിക്കുക എന്നീ ക്രിയാപദങ്ങള്‍ ദൈവവിളി പരിപോഷണ അജപാലനത്തിനുള്ള ബലതന്ത്രമാക്കി അവതരിപ്പിച്ചു.

ചലനാത്മക സ്വഭാവമുള്ളതും, സ്വന്തം സീമകള്‍ ദൈവത്തിന്‍റെ കരുണാര്‍ദ്ര     ഹൃദയത്തിന്‍റെ അളവിനനുസൃതം വിപുലമാക്കാന്‍ കഴിവുള്ളതുമായ ഒരു സഭയെ ആണ് ദൈവവിളി പരിപോഷണ അജപാലനത്തിന് ആവശ്യമെന്ന് പുറത്തേക്കിറങ്ങുക എന്ന പദത്തിന്‍റെ അര്‍ത്ഥവ്യാപ്തി വിശദീകരിക്കവെ പാപ്പാ പറഞ്ഞു.

പുറത്തേക്കിറങ്ങുന്ന യേശു വഴിയില്‍ നില്ക്കുകയും തിടുക്കം കാട്ടാതെ അപരനെ നോക്കുകയും  ചെയ്യുന്നത് അവിടന്നു നല്കുന്ന വിളിയെ ആകര്‍ഷണീയമാക്കിത്തീര്‍ക്കുന്നുവെന്നും എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ നാമിന്ന് തിടുക്കത്തിന് വിധേയരാണെന്നും ആന്തരിക നിശബ്ദതയ്ക്ക് ഇടം നല്കുന്നില്ലയെന്നും കാണുക എന്ന ക്രിയയെ വ്യാഖ്യാനിക്കവെ പാപ്പാ പറഞ്ഞു. ലോകത്തിനിന്നാവശ്യം പക്വതയാര്‍ന്നവരും സന്തുലിതരും ചാരെ ആയിരിക്കാനും ശ്രവിക്കാനും കാരുണ്യം കാട്ടാനും കഴിവുള്ളവരും ആയ വൈദികരെയാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

വിളിക്കുക എന്ന ക്രിയയെപ്പറ്റി വിശദീകരിച്ച പാപ്പാ യേശു നീണ്ട പ്രഭാഷണം നടത്തുകയോ, നിശ്ചിത പരിപാടി അവതരിപ്പിക്കുകയോ മുന്‍കൂട്ടി തയ്യാറാക്കിയ ഉത്തരങ്ങള്‍ നല്കുകയോ ചെയ്യാതെ എന്നെ അനുഗമിക്കുക എന്ന വിളിയില്‍ ആ പ്രക്രിയ ഒതുക്കുന്നുവെന്ന് മത്തായിയെ അവിടന്ന് വിളിക്കുന്ന സംഭവം അനുസ്മരിച്ചുകൊണ്ടു പറഞ്ഞു.   ഇപ്രകാരം യേശു മത്തായിയില്‍ ഉളവാക്കുന്നത് പുതിയൊരു ലക്ഷ്യം കണ്ടത്തുന്നതിന്‍റെ മനോഹാരിതയാണെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

 








All the contents on this site are copyrighted ©.