2016-10-21 10:56:00

കൂട്ടായ്മയുടെ പ്രയോക്താക്കളാകണം : സന്ന്യസ്തരോട് പാപ്പാ ഫ്രാന്‍സിസ്


ദൈവത്തിന്‍റെ മഹാകാരുണ്യത്തില്‍ പ്രത്യാശ അര്‍പ്പിച്ചു മുന്നേറാം! (Confessions, 10,29,40). വിശുദ്ധ അഗസ്റ്റിന്‍റെ  വാക്കുകളോടെയാണ് ഒക്ടോബര്‍ 20-ാം തിയതി വ്യാഴാഴ്ച രാവിലെ അഗസ്തീനിയന്‍ സഭയുടെ 55-ാമത് പൊതുസമ്മേളനത്തെ (General Chapter) വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തത്.

ദൈവകൃപ ഇല്ലാതെ മനുഷ്യര്‍ക്ക് ഒന്നും ചെയ്യാനാവില്ല. അതിനാല്‍ ദൈവത്തിന്‍റെ കരുണയില്‍ പ്രത്യാശ അര്‍പ്പിച്ചു ജീവിക്കാം. പാപ്പാ ഉദ്ബോധിപ്പിച്ചു. നാം നിസ്സഹായരും അയോഗ്യരുമായിരിക്കെ, ദൈവമാണ് നമ്മുടെ സുരക്ഷയും സന്തോഷവും. അവിടുന്ന് നമ്മെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല. പിതൃവാത്സല്യത്തിന്‍റെ നിഗൂഢമായ വഴികളിലൂടെ അവിടുന്ന് അനുദിനം നമ്മെ നയിക്കുന്നു.

.നവീകരണ ലക്ഷ്യവുമായി സമ്മേളിക്കുന്ന ഈ കൂട്ടായ്മയുടെ  ആശകളും പ്രത്യാശകളും, വെല്ലുവിളികളും ദൈവികകാരുണ്യത്തിനു സമര്‍പ്പിക്കാം. അവിടുന്ന് പ്രകാശവും നവജീവനും നല്കി നയിക്കട്ടെ! “നിങ്ങളെ ഞാന്‍ സ്നേഹിച്ചതുപോലെ, നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍” (Jn 13:34). ക്രിസ്തുവിന്‍റെ ഈ പുതിയ കല്പന നമ്മെ കൂട്ടായ്മയില്‍ നയിക്കട്ടെ!    ക്രിസ്തുവിന്‍റെ സ്നേഹമാണ് മനുഷ്യരെ സ്നേഹയോഗ്യരാക്കുന്നത്. തന്‍റെ സ്നേഹം വിവിധ തരത്തിലും തലത്തിലും വര്‍ഷിക്കുന്ന ദൈവം അവയിലൂടെ നമ്മുടെ മദ്ധ്യേ സദാ സ്നേഹ സാന്നിദ്ധ്യമാണ്. അതിനാല്‍ കഴിഞ്ഞ കാലങ്ങളില്‍ സ്വീകരിച്ച ദൈവിക നന്മകള്‍ക്ക് നന്ദിയുള്ളവരായി ജീവിക്കാം. ചരിത്രത്തിന്‍റെ അതിനാഥന്‍ ക്രിസ്തുവാണ്. അതിനാല്‍ അതിനെ വ്യാഖ്യാനിക്കുന്ന തന്ത്രം അവിടുത്തേതായിരിക്കട്ടെ! ചരിത്രം സൃഷ്ടിക്കുക എന്നതിനേക്കാള്‍, സഭാജീവിതത്തിന്‍റെ വേദികളിലും ഓരോ ചുവടുവയ്പിലും ക്രിസ്തുവിനെ കണ്ടെത്തുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. പിന്നെ അത് യഥാര്‍ത്ഥത്തില്‍ ചരിത്രമായി പരിണമിക്കും.

സന്ന്യസജീവിതത്തിന്‍റെ സിദ്ധിയും, അതിന്‍റെ സമഗ്രതയും ചൈതന്യവും ആസ്വദിക്കേണ്ടത് പിന്നാമ്പുറങ്ങളിലേയ്ക്ക് എത്തിനോക്കിക്കൊണ്ടാണ്. ഇന്നിന്‍റെ വെല്ലുവിളികളെ നേരിടാന്‍, ഗതകാല ക്ലേശങ്ങളും അവ മറികടന്ന വഴികളും മനസ്സിലാക്കേണ്ടതാണ്. അങ്ങനെ കൃതജ്ഞതയോടും ദൈവസ്തുതിയോടും കൂടെയുള്ള, ആന്തരീക നവീകരണംവഴി ഇന്നത്തെ സമൂഹജീവിതം രൂപാന്തരപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യും!  ദൈവകൃപയുടെ കഴി‍ഞ്ഞ കാലമാണ് തീക്ഷ്ണതയോടും ആര്‍ജ്ജവത്തോടുംകൂടെ ഇന്ന് മുന്നേറാനുള്ള കരുത്തുനല്കേണ്ടത്. അപ്പോള്‍, “അങ്ങേയ്ക്ക് ഇഷ്ടമുള്ളത് തരിക!”  (സങ്കീ. 35, 18), എന്നു സങ്കീര്‍ത്തകനോടൊപ്പം നമുക്കും തുറവോടെ പ്രാര്‍ത്ഥിക്കാനാകും. ഇതില്‍ അരൂപിയുടെ നിറവും സന്നദ്ധതയും പ്രകടമാണ്. ദൈവത്താല്‍ അയക്കപ്പെടുമ്പോള്‍ മറ്റാരും, മറ്റൊന്നുമല്ല, ദൈവം മാത്രമാണ് ജീവിതത്തിന്‍റെ കേന്ദ്രമാകുന്നത്. അവിടുന്ന് ജീവിതത്തിന്‍റെ നായകനാകുമ്പോള്‍ അസാദ്ധ്യമായതൊക്കെ സാദ്ധ്യമാകും!

ഇക്കാലഘട്ടത്തില്‍ നാം ലോകത്ത് കൂട്ടായ്മയുടെ പ്രയോക്താക്കളാകണം. ലോകത്തില്‍ ജീവിച്ചുകൊണ്ട് സകലരുടെയും അന്തസ്സ് മാനിക്കപ്പെടാനും വളര്‍ത്താനും പരിശ്രമിക്കാം. അവകാശങ്ങള്‍ ആദരിക്കപ്പെടുകയും, പരസ്പരം സ്നേഹിക്കുകയും ചെയ്യുന്നൊരു സാകല്യ സംസ്കൃതി വളര്‍ത്താന്‍ വിളിക്കപ്പെട്ടവരാണ് സന്ന്യസ്തര്‍.   എന്താണ് നമ്മില്‍നിന്നും ദൈവം ആവശ്യപ്പെടുന്നത് എന്ന് മനസ്സിലാക്കാന്‍ സമൂഹജീവിതത്തോടു തുറവുള്ളവരായിരിക്കുക. അതുവഴി നമ്മുടെ ജീവിതം അരൂപിയുടെ നിറവാല്‍ സജീവമാകും. ദൈവം സ്നേഹിച്ചതുപോലെ അപരനെ സ്നേഹിക്കാനുള്ള തീക്ഷ്ണത അങ്ങനെ ലഭിക്കും. ദൈവസ്നേഹത്തിന്‍റെ ഊഷ്മളതയും ലാളിത്യവുമാണ് സന്ന്യസ്തരില്‍നിന്നും മനുഷ്യര്‍ പ്രതീക്ഷിക്കുന്നതും കാത്തിരിക്കുന്നതും. ഇതായിരിക്കണം നമ്മുടെ ശക്തി. നമ്മുടെ പദ്ധതികളോ, കരുത്തോ, കഴിവോ, ആദര്‍ശങ്ങളോ അല്ല, മറിച്ച് എല്ലാം രൂപാന്തരപ്പെടുത്താനും, എല്ലാറ്റിനും നവജീവന്‍ നല്‍കാനും പോരുന്ന ദൈവികകാരുണ്യത്തിന്‍റെ കരുത്താണ് അനുദിനം മനുഷ്യരുടെ ജീവിതപരിസരങ്ങളിലും, അജപാലന മേഖലകളിലും പ്രകടമാക്കേണ്ടത്.

“ഒരേ ഹൃദയവും ഓരേ ആത്മാവും,” എന്ന വിശുദ്ധ അഗസ്റ്റിന്‍റെ നവീകരണസ്വപ്നം സാക്ഷാത്ക്കരിക്കാനും, ആദിമ സഭയുടെ അരൂപിയില്‍  ലോകത്ത് സാഹോദര്യം വളര്‍ത്താനും, അങ്ങനെ വിഭിന്നതോ വിവേചനമോ ഇല്ലാത്ത സംവാദത്തിന്‍റെയും കൂട്ടായ്മയുടെയും സ്ഥാപനം വളര്‍ത്തിയെടുക്കാനും ഈ കൂട്ടായ്മയ്ക്ക് സാധിക്കട്ടെ!

നിങ്ങളുടെ നിയോഗങ്ങളും പരിശ്രമങ്ങളും കന്യകാനാഥയുടെ സംരക്ഷണയ്ക്കു സമര്‍പ്പിക്കാം. അമ്മ നമ്മെ കാത്തു പാലിക്കട്ടെ! തനിക്കായി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതേ! അറുപതു പേരുണ്ടായിരുന്ന അഗസ്റ്റീനിയന്‍ സഭാപ്രതിനിധികളോട് പാപ്പാ ഫ്രാന്‍സിസിസ് അഭ്യര്‍ത്ഥിച്ചു. എന്നിട്ട് അപ്പസ്തോലിക ആശീര്‍വ്വാദം നല്കി. പിന്നെ നന്ദിയും പറഞ്ഞു.








All the contents on this site are copyrighted ©.