2016-10-21 13:37:00

ഒരു വീട് കുടുംബമാകണമെങ്കില്‍ കൂട്ടായ്മയുടെ മാനം അനിവാര്യം


കുടുംബത്തിന് ഔന്നത്യത്തോടുകൂടി ജീവിക്കുന്നതിനാവശ്യമായ ഏറ്റം ചുരുങ്ങിയ ആദ്ധ്യാത്മിക ഭൗതിക മാര്‍ഗ്ഗങ്ങള്‍ പ്രദാനം ചെയ്യുന്നതില്‍ നഗരങ്ങള്‍ക്ക് സുപ്രധാന പങ്കുവഹിക്കാന്‍ കഴിയുമെന്നും അത് നഗരങ്ങളുടെ കടമയാണെന്നും ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ.

പാര്‍പ്പിടം നീണ്ടുനില്ക്കുന്ന വികസനം എന്നിവയെ അധികരിച്ച് തെക്കെഅമേരിക്കന്‍ നാടായ എക്വദോറിന്‍റെ തലസ്ഥാനമായ ക്വിറ്റൊയില്‍ ഐക്യരാഷ്ട്രസഭയുടെ(യുഎന്‍ ഓയുടെ) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തെ ബുധനാഴ്ച(19/10/16) സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പാര്‍പ്പിടം, തൊഴില്‍, മണ്ണ് എന്നിവയാണ് കുടുംബത്തിന് ഔന്നത്യത്തോടുകൂടി ജീവിക്കുന്നതിനാവശ്യമായ ഏറ്റം ചുരുങ്ങിയ ഭൗതികോപാധികളെന്നും മതസ്വാതന്ത്ര്യം വിദ്യഭ്യാസസ്വാതന്ത്ര്യം ഇതര പൗരാവകാശങ്ങള്‍ എന്നിവയടങ്ങുന്ന ആദ്ധ്യാത്മിക സ്വാതന്ത്ര്യമാണ് ആദ്ധ്യാത്മിക മാര്‍ഗ്ഗമെന്നും ആര്‍ച്ചുബിഷപ്പ് ഔത്സ വ്യക്തമാക്കി.

ഗ്രാമങ്ങളിലും നഗരങ്ങളിലും സാമ്പത്തിക സാമൂഹ്യ പരിസ്ഥിതി നൈതിക തലങ്ങളില്‍ പ്രതിസന്ധികള്‍ വര്‍ദ്ധമാനമാക്കിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സമ്പദ്ഘടനാ പ്രതിസന്ധിയെ നേരിടുന്നതിനും നഗരമേഖല സംഭാവന ചെയ്യണമെന്നും അതിനു സാധിക്കുമെന്നും  അദ്ദേഹം പറഞ്ഞു.

ശീഘ്രഗതിയിലുള്ള നഗരവത്ക്കരണം പട്ടണപ്രദേശങ്ങളില്‍ ചേരിനിവാസികളുടെയും കുടിലുകളുടെയും എണ്ണം വര്‍ദ്ധമാനമാക്കുന്ന പ്രശ്നത്തെക്കുറിച്ചും ആര്‍ച്ചുബിഷപ്പ് ഔത്സ സൂചിപ്പിച്ചു.

ഒരു വീടാകുന്ന ഒരു കെട്ടിടം കുടുംബമായിത്തീരണമെങ്കില്‍ അതിന് കൂട്ടായ്മയുടെ മാനം അനിവാര്യമാണെന്നു പറഞ്ഞ അദ്ദേഹം അയല്‍വാസികളുമായുള്ള ഒരുമയോടെയുള്ള ജീവിതം കൂട്ടായ്മയുടെ ഈ മാനം പ്രദാനം ചെയ്യുന്നുവെന്നു വിശദീകരിക്കുകയും ചെയ്തു.

സുരക്ഷിതമായ ജലവിതരണം, ആരോഗ്യപരിപാലന സംവിധാനങ്ങള്‍, മാലിന്യ സംസ്കര​ണം എന്നിവ മെച്ചപ്പെടുത്തിക്കൊണ്ട് സ്ഥായിയായ നഗരവികസനത്തിന് സാങ്കേതിക സംഭാവനയേകാന്‍ നരകുലത്തിന് കഴിയുന്ന മാനവചരിത്രത്തിന്‍റെ ഒരു ഘട്ടത്തിലാണ് ഇന്നു നാം ജീവിക്കുന്നതെന്ന വസ്തുതയും ആര്‍ച്ചുബിഷപ്പ് ഔത്സ  അനുസ്മരിക്കുന്നു.








All the contents on this site are copyrighted ©.