2016-10-20 20:11:00

പ്രാര്‍ത്ഥനയിലൂടെ ക്രിസ്തുസ്നേഹത്തിന്‍റെ ആഴമറിയാം : പാപ്പായുടെ വചനസമീക്ഷ


ക്രിസ്തുവിനെ യഥാര്‍ത്ഥമായി അറിയാന്‍ പ്രാര്‍ത്ഥിക്കണം, അവിടുത്തെ ആരാധിക്കണം. അപ്പോള്‍ നമ്മുടെ വിനീതാവസ്ഥയും നാം തിരിച്ചറിയും. ഒക്ടോബര്‍ 20-ാം തിയതി വ്യാഴാഴ്ച പേപ്പല്‍ വസതി സാന്താമാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ചിന്തകള്‍ പങ്കുവച്ചത്. ക്രിസ്തു രഹസ്യങ്ങളുടെ ആഴം അറിയാന്‍ മതബോധനം മാത്രം പോരെന്ന് പാപ്പാ പ്രസ്താവിച്ചു.

പൗലോസ് അപ്പസ്തോലന്‍ എഫേസിയര്‍ക്ക് എഴുതിയ ലേഖന ഭാഗത്തെ ആധാരമാക്കിയാണ്  ക്രിസ്തുവിനെ എങ്ങനെ നേടാമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചത് (എഫേ. 3, 14-21). കര്‍ത്താവിന്‍റെ അരൂപിയാണ് നമ്മിലെ ആന്തരിക മനുഷ്യരെ ശക്തിപ്പെടുത്തുന്നത്. വിശ്വാസംവഴി ഹൃദയത്തില്‍ ക്രിസ്തു വസിക്കും, അങ്ങനെ നാം സ്നേഹത്തില്‍ വേരുപിടിക്കും, ചൂഴ്ന്നിറങ്ങും (17).  ക്രിസ്തുവിന്‍റെ സ്നേഹം അറിവിനെ അതിശയിക്കുന്നതാണ്. അത് ഒരു മഹാസാഗരം പോലെയാണ്, അതിന്‍റെ നീളവും വീതിയും ഉയരവും ആഴും ഗ്രഹിക്കാന്‍, അതിന്‍റെ സമ്പൂര്‍ണ്ണത മനസ്സിലാക്കാന്‍ നിരന്തരമായി പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും വേണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.  വചനത്തില്‍ ക്രിസ്തു സന്നിഹിതനാണ്. നാം സുവിശേഷം ശ്രവിക്കുന്നു. അങ്ങനെയെല്ലാം ക്രിസ്തുവിനെ അറിയുന്നു. മതബോധനത്തിലൂടെയും ക്രിസ്തുവിനെക്കുറിച്ചു നാം കേള്‍ക്കുന്നു, അവിടുത്തെക്കുറിച്ചു പഠിക്കുന്നു. ക്രിസ്തുവിന്‍റെ ദിവ്യത്വം അറിയാന്‍ നാം മുട്ടില്‍വീണു പ്രാര്‍ത്ഥിക്കണമെന്നും, ക്രിസ്തുവിന്‍റെ വ്യക്തിത്വത്തിന്‍റെ ആന്തരികത ഗ്രഹിക്കാന്‍ അരൂപിയുടെ വരം തേടണമെന്നും പൗലോശ്ലീഹാ ഉദ്ബോധിപ്പിക്കുന്നത് പാപ്പാ ആവര്‍ത്തിച്ചു.

ആരാധനയുടെ നിശബ്ദതയില്‍ ക്രിസ്തുവിനെ കണ്ടെത്താമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
നാം പൂര്‍ണ്ണമായും ഗ്രഹിക്കാത്ത പ്രാര്‍ത്ഥനയുടെ ഘട്ടമാണ് ആരാധന. നമുക്ക് അനുഭവവേദ്യമാക്കാനും, ഉള്‍ക്കൊള്ളാനും സാധിക്കാത്തതിനാല്‍, പലപ്പോഴും അത് ഒഴിവാക്കപ്പെടുകയാണ്. ചിലര്‍ക്ക് അത് സമയനഷ്ടമായി തോന്നാമെന്നും പാപ്പാ ചൂണ്ടിക്കാട്ടി.  എന്നാല്‍ ക്രിസ്തുവിന്‍റെ സന്നിധിയില്‍ നാം സമയം നഷ്ടമാക്കണം. യഥാര്‍ത്ഥമായ ആരാധനയില്‍ സമയം ‘വെയിസ്റ്റ്‘ചെയ്യണമെന്ന് പാപ്പാ പ്രസ്താവിച്ചു.

ക്രിസ്തു രഹസ്യത്തിന്‍റെ മുന്നില്‍ ആരാധിക്കാം, മുട്ടുമടക്കാം. നിശബ്ദതയില്‍ സമയം ചെലവഴിക്കാം! അവിടുന്ന് നമ്മുടെ നാഥനാണെങ്കില്‍ നമുക്കതിന് സാധിക്കും, അത് ഇഷ്ടപ്പെടും. പാപ്പാ ഉദ്ബോധിപ്പിച്ചു. ക്രിസ്തു രഹസ്യം തേടുന്ന നാം ബലഹീനരാണ്, പാപികളാണെന്ന അവബോധം വേണമെന്നും പാപ്പാ ആരാഞ്ഞു.  ക്രിസ്തു സാന്നിധ്യത്തിന്‍റെയും ദൈവികരഹസ്യത്തിന്‍റെയും ആഴങ്ങള്‍ ഗ്രഹിക്കാന്‍ എളിയും വിധേയത്വവും, നാം ബലഹീനരാണെന്ന അവബോധനവും അനിവാര്യമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

പിതാവേ, ക്രിസ്തുവിലേയ്ക്ക് അടുക്കാന്‍ ആദ്യമായി അവിടുത്തെ അരൂപിയെ എനിക്കു നല്കണമേ! ക്രിസ്തുവിന്‍റെ ദിവ്യരഹസ്യത്തിന്‍ മുന്നില്‍, രണ്ടാമതായി ഞാന്‍ വിനീതനായി നില്ക്കട്ടെ, ഏകനായി പ്രാര്‍ത്ഥിക്കട്ടെ, ആരാധിക്കട്ടെ! മൂന്നാമതായി, ദൈവമേ, ഞാനൊരു പാപിയാണേ! എന്‍റെ അധരങ്ങള്‍ ദുര്‍ബലമാണേ! അതിനാല്‍ അങ്ങേ കൃപ എന്നെ നയിക്കട്ടെ, ശക്തിപ്പെടുത്തട്ടെ! ഞാന്‍ ക്രിസ്തുവിനെയും, അവിടുത്തെ സ്നേഹത്തിന്‍റെ ആഴവും അങ്ങനെ അറിയട്ടെ. ശ്ലീഹായെപ്പോലെ, ഇങ്ങനെ പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.