2016-10-17 12:53:00

ഉദാരവും വിശ്വസ്തവുമായ ഹൃദയത്തിനായി പ്രാര്‍ത്ഥിക്കുക


ഈ ഞായറാഴ്ച (16/10/16)  ഫ്രാന്‍സീസ് പാപ്പാ ഫ്രാന്‍സുകാരനായ സലുമൂ ലുക്ലര്‍ഹ്  മെക്സിക്കോ സ്വദേശിയും, നിണസാക്ഷിയുമായ ബാലനായ ഹൊസേ സാന്‍ചസ് ദെല്‍ റിയോ നസ്രത്തിലെ‍ ദിവ്യകാരുണ്യ പ്രേഷിതസഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്‍റെയും, അനുതാപത്തിന്‍റെ ദിവ്യകാരുണ്യസഖ്യത്തിന്‍റെയും സ്ഥാപകനായ സ്പെയിന്‍ സ്വദേശിയായ മെത്രാന്‍ മാനുവല്‍ ഗൊണ്‍‍സാലസ് ഗാര്‍സ്സിയ, അമലോത്ഭവമറിയത്തിന്‍റെ മക്കള്‍ എന്ന സന്ന്യാസ സഭയുടെ സ്ഥാപകനും, വടക്കെ ഇറ്റലിയിലെ ബ്രേഷ്യക്കാരനുമായ വൈദികന്‍, ലോദൊവിക്കൊ പവോണി, വിശുദ്ധ സ്നാപകയോഹന്നാന്‍റെ സഹോദരികള്‍ എന്ന സന്ന്യാസിനി സഭയുടെ സ്ഥാപകനായ ഇറ്റലിസ്വദേശിയായ വൈദികന്‍ അല്‍ഫോന്‍സൊ മരിയ ഫൂസ്കൊ, അര്‍ജന്തീനക്കാരനായ ഹൊസെ ഗബ്രിയേല്‍ റൊസാരിയൊ ബ്രൊചേരോ ഫ്രഞ്ചുകാരിയും നിഷ്പാദുക കര്‍മ്മലീത്ത സഭാംഗവുമായ എലിസബേത്ത് കാത്തെ എന്നീ വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രാഖ്യാപിച്ചു.

 വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ ഞായറാഴ്ച റോമിലെ സമയം രാവിലെ 10.15 നാരംഭിച്ച തിരുക്കര്‍മ്മത്തില്‍ നവവിശുദ്ധരുടെ ജന്മനാടുകളുടെ ഔദ്യോഗിക പ്രതിനിനിധികളുള്‍പ്പടെ എണ്‍പതിനായിരത്തോളം പേര്‍ പങ്കുകൊണ്ടു. വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വചനശുശ്രൂഷാ വേളയില്‍ ഇറ്റാലിയന്‍ ഭാഷയില്‍   പാപ്പാ വചനവിശകലനം നടത്തി.            

പാപ്പായുടെ സുവിശേഷസന്ദേശം:        

ഈ തിരുക്കര്‍മ്മത്തിന്‍റെ തുടക്കത്തില്‍ നാം കര്‍ത്താവിനോട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു: “വിശ്വസ്തതയോടും നിര്‍മ്മല മനസ്സോടും കൂടെ അങ്ങയെ സേവിക്കാന്‍ കഴിയേണ്ടതിന് ഉദാരതയുള്ളതും വിശ്വസ്തവുമായ ഹൃദയം ഞങ്ങളില്‍ സൃഷ്ടിക്കേണമേ”

ഇത്തരമൊരു ഹൃദയം സ്വയം സൃഷ്ടിക്കാന്‍ നമുക്കാവില്ല. ദൈവത്തിനു മാത്രമെ അത് സാധിക്കുകയുള്ളു. ആകയാല്‍ നാം അവിടത്തോട് പ്രാര്‍ത്ഥനവഴി ഈ ദാനം, ഇത്തരമൊരു ഹൃദയം സൃഷ്ടിക്കാന്‍ ആവശ്യപ്പെടുകയാണ്. അങ്ങനെ നമ്മള്‍ ഈ ഞായറാഴ്ചത്തെ വിശുദ്ധ ഗ്രന്ഥവായനകളുടെ കാതലായ പ്രമേയമായ പ്രാര്‍ത്ഥനയിലേക്കു കടന്നു. ഏതാനും പുതിയ വിശുദ്ധരുടേയും വിശുദ്ധകളുടെയും വിശുദ്ധപദ പ്രഖ്യാപന തിരുക്കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ ഇവിടെ സമ്മേളിച്ചിരിക്കുന്ന നമുക്കും ഇപ്രകാരം പ്രാര്‍ത്ഥിക്കാനുള്ള  ഒരാഹ്വാനമാണിത്. നവവിശുദ്ധര്‍ ലക്ഷ്യത്തിലെത്തിയവരാണ്. പ്രാര്‍ത്ഥനയാല്‍ അവര്‍ക്ക് ഉദാരവും വിശ്വസ്തവുമായ ഹൃദയം ലഭിച്ചു. അവര്‍ സര്‍വ്വശക്തിയോടും കൂടെ പ്രാര്‍ത്ഥിച്ചു. പോരാടി, വിജയം വരിച്ചു.

ആകയാല്‍ പ്രാര്‍ത്ഥിക്കുക. സര്‍വ്വോപരി ദൈവത്തിന്‍റെ മനുഷ്യനായിരുന്ന മോശയെപ്പോലെ പ്രാര്‍ത്ഥനയുടെ മനുഷ്യനാകുക. അമലേക്യര്‍ക്കെതിരായ യുദ്ധത്തെക്കുറിച്ചുള്ള വിവരണത്തില്‍ നമുക്കിതു കാണാം. മലമുകളില്‍ കരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു നില്ക്കുന്ന മോശ. കരങ്ങള്‍ കഴയ്ക്കുമ്പോള്‍ ഇടയ്ക്കിടെ അവ താഴേയ്ക്കിട്ട അവസരങ്ങളിലെല്ലാം ഇസ്രായേല്‍ ജനതയ്ക്ക് പരാജയം സംഭവിച്ചുകൊണ്ടിരുന്നു. അപ്പോള്‍ അഹറോനും ഹൂറും മോശയെ ഒരു കല്ലിന്മേല്‍ ഇരുത്തുകയും യുദ്ധം അന്ത്യവിജയത്തില്‍ കലാശിക്കുന്നതു വരെ അവര്‍ മോശയുടെ കരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു.ഇതാണ് സഭ നമ്മോടാവശ്യപ്പെടുന്ന ആദ്ധ്യാത്മിക ജീവിതശൈലി. അത് യുദ്ധം ജയിക്കാനല്ല, പ്രത്യുത സമാധനം നോടാനാണ്.

മോശയുടെ ആ സംഭവത്തില്‍ സുപ്രധാനമായൊരു സന്ദേശം അടങ്ങിയിരിക്കുന്നു: നാം പരസ്പരം സഹായിക്കണമെന്ന് പ്രാര്‍ത്ഥനാ ദൗത്യം നമ്മോടാവശ്യപ്പെടുന്നു. ക്ഷീണം ഒഴിവാക്കി നിറുത്താനാകില്ല, ചിലപ്പോഴൊക്കെ നമുക്കൊന്നും ചെയ്യാന്‍ പറ്റാത്തവിധം തളര്‍ന്നുപോകും, എന്നാല്‍ അപ്പോള്‍ സഹോദരങ്ങളുടെ സഹായത്താല്‍ നമുക്ക്, കര്‍ത്താവ് അവിടത്തെ ജോലി പൂര്‍ത്തിയാക്കുന്നതുവരെ, പ്രാര്‍ത്ഥനയില്‍ മുന്നേറാന്‍ സാധിക്കും.

 പഠിച്ചതും വിശ്വസിച്ചതും എന്തോ അവയില്‍ ഉറച്ചു നില്ക്കാന്‍ വിശുദ്ധ പൗലോസ് തന്‍റെ ശിഷ്യനും സഹകാരിയുമായ തിമോത്തെയോസിനെ അദ്ദേഹത്തിനുള്ള ലേഖനത്തില്‍ ഉപദേശിക്കുന്നുണ്ട്. (2 തിമോത്തെയോസ് 3,14). എന്നിരുന്നാലും തിമോത്തെയോസിനും സ്വന്തം പ്രയത്നത്താല്‍ മാത്രം അത് സാധ്യമായിരുന്നില്ല. പ്രാര്‍ത്ഥന കൂടാതെ സ്ഥൈര്യത്തിന്‍റെ പോരാട്ടം ജയിക്കുക സാധ്യമല്ല. ഇടയ്ക്കിടെ മാത്രമുള്ളതോ സന്ദിഗ്ദ്ധമോ ആയ പ്രാര്‍ത്ഥനയല്ല പ്രത്യുത, ഇന്നത്തെ സുവിശേഷത്തില്‍ യേശു പഠിപ്പിക്കുന്ന തരത്തിലുള്ള പ്രാര്‍ത്ഥനയാണ് വേണ്ടത്.” ഭഗ്നാശരാകാതെ സദാ പ്രാര്‍ത്ഥിക്കുക” ലൂക്കായുടെ സുവിശേഷം, അദ്ധ്യായം 18, വാക്യം 1) ഇതാണ് ക്രൈസ്തവ പ്രവര്‍ത്തന ശൈലി: വിശ്വാസത്തിലും സാക്ഷ്യത്തിലും സ്ഥൈര്യമുള്ളവരായിരിക്കുന്നതിന് പ്രാര്‍ത്ഥനയില്‍ ഉറച്ചുനില്ക്കുക. എന്നാലിതാ ഒരിക്കല്‍കൂടി നമ്മുടെ ഉള്ളില്‍ ഇപ്രകാരുമൊരു സ്വരം കേള്‍ക്കാം: എന്നാല്‍ കര്‍ത്താവേ, തളരാതിരിക്കാന്‍ എങ്ങനെ സാധിക്കും? ഞങ്ങള്‍ മനുഷ്യരല്ലേ? മോശ പോലും ക്ഷീണിച്ചില്ലേ? അതു ശരിയാണ്, നാമെല്ലാവരും തളരും. എന്നാല്‍ നാം ഒറ്റയ്ക്കല്ലല്ലോ. നമ്മള്‍ ഒരു ശരീരത്തിന്‍റെ ഭാഗമല്ലേ! ക്രിസ്തുഗാത്രമാകുന്ന സഭയിലെ അംഗങ്ങളല്ലേ നമ്മള്‍. അവളുടെ കരങ്ങള്‍ രാപകല്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ന്നു    നില്‍ക്കുന്നു. ഉത്ഥിതനായ ക്രിസ്തുവും അവിടത്തെ പരിശുദ്ധാരൂപിയും വഴിയാണ് ഇതു സംഭവിക്കുന്നത്. സഭയില്‍ മാത്രമെ, അവളുടെ പ്രാര്‍ത്ഥനയുടെ ശക്തിയാല്‍, വിശ്വാസത്തിലും സാക്ഷ്യത്തിലും സ്ഥൈര്യമുള്ളവരായിരിക്കാന്‍ നമുക്കു സാധിക്കുകയുള്ളു.

യേശു നല്കുന്ന വാഗ്ദാനം സുവിശേഷത്തില്‍ നാം ശ്രവിക്കുകയുണ്ടായി. അതായത്, തന്നെ രാപകല്‍ വിളിച്ചുകരയുന്ന തന്‍റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ദൈവം നീതി നടത്തിക്കൊടുക്കും. തളരാതെ നിലവിളിക്കുക, തളരുന്ന പക്ഷം കരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് സഹായം തേടുക, ഇതാണ് പ്രാര്‍ത്ഥനയുടെ രഹസ്യം. യേശു നമുക്കു വെളിപ്പെടുത്തിത്തരുകയും പരിശുദ്ധാത്മാവില്‍ നമുക്കു പ്രദാനംചെയ്യുകയും ചെയ്ത പ്രാര്‍ത്ഥന. ആശയപരമായ ഒരു ലോകത്തില്‍ അഭയംഗമിക്കുകയല്ല പ്രാര്‍ത്ഥന, കപടവും സ്വര്‍ത്ഥവുമായൊരു പ്രശാന്തതയിലേക്ക് പലായനം ചെയ്യലുമല്ല പ്രാര്‍ത്ഥന. നേരേമറിച്ച് പ്രാര്‍ത്ഥന ഒരു പോരാട്ടമാണ്, നമ്മില്‍ പ്രാര്‍ത്ഥിക്കാന്‍ പരിശുദ്ധാരൂപിയെ അനുവദിക്കലുമാണ് അത്. നമ്മെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്നതും പ്രാര്‍ത്ഥനയില്‍ നമ്മെ നയിക്കുന്നതും ദൈവമക്കളെന്ന നിലയില്‍ പ്രാര്‍ത്ഥിക്കാന്‍ നമ്മെ പ്രാപ്താരാക്കുന്നതും പരിശുദ്ധാരൂപിയാണ്.

പ്രാര്‍ത്ഥനയുടെ രഹസ്യത്തിന്‍റെ അടിത്തട്ടിലേക്കിറങ്ങിയവരാണ് വിശുദ്ധരായ സ്ത്രീപുരുഷന്മാര്‍. തങ്ങളില്‍ പ്രാര്‍ത്ഥിക്കാനും പോരാടാനും പരിശുദ്ധാരൂപിയെ അനുവദിച്ചുകൊണ്ട് പ്രാര്‍ത്ഥനായാല്‍ പോരാടുന്ന സ്തീപുരുഷന്മാരാണ് അവര്‍. തങ്ങളുടെ സര്‍വ്വശക്തിയും ഉപയോഗിച്ച് അന്ത്യം വരെ പോരാടുകയും വിജയംവരിക്കുകയും ചെയ്യുന്ന അവര്‍ തനിച്ചല്ല, അവരില്‍ കര്‍ത്താവ് അവരോടൊപ്പം ജയിക്കുന്നു. ഇന്ന് വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട ഏഴു സാക്ഷികള്‍ പ്രാര്‍ത്ഥനവഴി വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും നല്ല യുദ്ധം നടത്തി. അതുകൊണ്ടുതന്നെയാണ് അവര്‍ ഉദാരവും വിശ്വസ്തവുമായ ഹൃദയത്തോടുകൂടി വിശ്വാസത്തില്‍ ഉറച്ചുനിന്നത്. ഈ വിശുദ്ധരുടെ മാതൃകയാലും അവരുടെ മാദ്ധ്യസ്ഥതയാലും പ്രാര്‍ത്ഥനയുടെ സ്ത്രീപുരുഷന്മാരായിരിക്കാനും തളരാതെ, രാപകല്‍ ദൈവത്തെ വിളിച്ചു കരയാനും നമ്മില്‍ പ്രാര്‍ത്ഥിക്കാന്‍ പരിശുദ്ധാരൂപിയെ അനുവദിക്കാനും ദൈവികകരുണ വിജയംവരിക്കുന്നതുവരെ പരസ്പരം താങ്ങായി  കരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുമുള്ള അനുഗ്രഹം ദൈവം നമുക്ക് പ്രദാനം ചെയ്യട്ടെ.

ഈ വാക്കുകളില്‍ തന്‍റെ വിചിന്തം ഉപസംഹരിച്ച പാപ്പാ ദിവ്യബലി തുടരുകയും സമാപനാശീര്‍വ്വാദത്തിനു മുമ്പ് ത്രികാലപ്രാര്‍ത്ഥന നയിക്കുകയും ചെയ്തു. ഈ പ്രാ‍ര്‍ത്ഥനയ്ക്കൊരുക്കമായി നടത്തിയ വിചിന്തനത്തില്‍ പാപ്പാ നവവിശുദ്ധരുടെ നാടുകളായ അര്‍ജന്തീനയുടെയും സ്പെയിനിന്‍റെയും ഫ്രാന്‍സിന്‍റെയും ഇറ്റലിയുടെയും മെക്സിക്കോയുടെയും ഔദ്യോഗിക പ്രതിനിധികളേയും ഈ തിരുക്കര്‍മ്മത്തില്‍ പങ്കെടുത്ത സകലരേയും അഭിവാദ്യം ചെയ്യുകയും വിളങ്ങുന്ന സാക്ഷികളായ നവവിശുദ്ധരെ അനുകരിച്ചുകൊണ്ടും അവരുടെ മദ്ധ്യസ്ഥതയാലും എല്ലാവര്‍ക്കും സ്വന്തം തൊഴില്‍-ശുശ്രൂഷാ മേഖലകളില്‍ സഭയുടെയും പൗരസമൂഹത്തിന്‍റെയും നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ കഴിയട്ടെയെന്ന് ആശംസിച്ചു.

 ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായുള്ള ലോക ദിനം ഒക്ടോബര്‍ 17 ന് ആചരിക്കപ്പെടുന്നത് അനുസ്മരിച്ച പാപ്പാ, നിരവധിയായ സഹോദരീസഹോദരങ്ങളെ അവമതിക്കുകയും ദ്രോഹിക്കുകയും ഹനിക്കുകയും ചെയ്യുന്ന ദാരിദ്ര്യത്തിനെതിരെ ഒത്തൊരുമിച്ചു പോരാടുന്നതിന് ധാര്‍മ്മികവും സാമ്പത്തികവുമായ നമ്മുടെ ശക്തികള്‍ സംയോജിപ്പിക്കാന്‍ എല്ലാവരേയും ക്ഷണിക്കുകയും കുടുംബം, തൊഴില്‍ എന്നിവയെ സംബന്ധിച്ച കാര്യഗൗരവമുള്ള നയങ്ങള്‍ രൂപീകരിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും ചെയ്തു.

സമാധാനത്തിനായുള്ള നമ്മുടെ നിരന്തരവും ഹൃദയംഗമവുമായ പ്രാര്‍ത്ഥനാനിയോഗം പരിശുദ്ധ കന്യകാമറിയത്തിന് പാപ്പാ സമര്‍പ്പിക്കുകയും ചെയ്തു.








All the contents on this site are copyrighted ©.