2016-10-15 12:50:00

7 വാഴ്ത്തപ്പെട്ടവര്‍ വിശുദ്ധ പദത്തിലേക്ക്


ഈ ഞായറാഴ്ച (16/10/16) മാര്‍പ്പാപ്പാ 7 വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നു.

വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ പ്രാദേശികസമയം രാവിലെ 10.15 ന് ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.45 ന് ഫ്രാന്‍സീസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധപദപ്രഖ്യാപന കര്‍മ്മം ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ള ദിവ്യബലി ആരംഭിക്കും.

ഫ്രഞ്ചു വിപ്ലവകാലത്തെ രക്തസാക്ഷിയും യുവജനത്തിന്‍റെ സുവിശേഷവത്ക്കരണവും വിദ്യഭ്യാസവും മുഖ്യ ലക്ഷ്യങ്ങളായുള്ള ക്രിസ്ത്യന്‍ ബ്രദേഴ്സ് (Congregation of Christian Brothers) എന്നറിയപ്പെടുന്ന സന്ന്യസ്തസമൂഹത്തിലെ ഫ്രാന്‍സുകാരനായ സലുമൂ ലുക്ലര്‍ഹ് (1745-1792),

മെക്സിക്കോ സ്വദേശിയും, അന്നാട്ടില്‍ ക്രീസ്തീയ പീഢനകാലത്ത് 15 വയസ്സുള്ളപ്പോള്‍ ക്രൈസ്തവ വിശ്വാസസംരക്ഷണ സേനയില്‍ ചേരുകയും ആ പ്രായത്തില്‍ത്തന്നെ ക്രിസ്തീയ വിശ്വാസത്തെ പ്രതി ജീവന്‍ ബലികൊടുത്ത് നിണസാക്ഷിയായിത്തീരുകയും ചെയ്ത ബാലനായ ഹൊസേ സാന്‍ചസ് ദെല്‍ റിയോ (1913-1928)

നസ്രത്തിലെ‍ ദിവ്യകാരുണ്യ പ്രേഷിതസഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്‍റെയും, അനുതാപത്തിന്‍റെ ദിവ്യകാരുണ്യസഖ്യത്തിന്‍റെയും സ്ഥാപകനായ സ്പെയിന്‍ സ്വദേശിയായ മെത്രാന്‍ മാനുവല്‍ ഗൊണ്‍‍സാലസ് ഗാര്‍സ്സിയ (1877-1940)

അമലോത്ഭവമറിയത്തിന്‍റെ മക്കള്‍ എന്ന സന്ന്യാസ സഭയുടെ സ്ഥാപകനും, വടക്കെ ഇറ്റലിയിലെ ബ്രേഷ്യക്കാരനുമായ വൈദികന്‍, ലോദൊവിക്കൊ പവോണി (1784-1849)

വിശുദ്ധ സ്നാപകയോഹന്നാന്‍റെ സഹോദരികള്‍ (Baptistine Sisters) എന്ന സന്ന്യാസിനി സഭയുടെ സ്ഥാപകനായ ഇറ്റലിസ്വദേശിയായ വൈദികന്‍, അല്‍ഫോന്‍സൊ മരിയ ഫൂസ്കൊ (1839–1910)

യാത്രാസൗകര്യങ്ങളു‍ടെ അഭാവത്തില്‍ കുതിരപ്പുറത്തും കഴുതപ്പുറത്തുമേറി അജപാലന ശുശ്രൂഷയ്ക്കെത്തിയിരുന്നതിനാല്‍ “കൗബോയ് വൈദികന്‍” എന്ന്  വിളിക്കപ്പെട്ടിരുന്ന അര്‍ജന്തീനക്കാരനായ ഹൊസെ ഗബ്രിയേല്‍ റൊസാരിയൊ ബ്രൊചേരോ (1840-1914)

ഫ്രഞ്ചുകാരിയും നിഷ്പാദുക കര്‍മ്മലീത്ത സഭാംഗവുമായ എലിസബേത്ത് കാത്തെ (1880-1906) എന്നീ വാഴ്ത്തപ്പെട്ടവരെയാണ് പാപ്പാ സഭയിലെ വിശുദ്ധരുടെ ഗണത്തില്‍ ഔദ്യോഗികമായി ചേര്‍ക്കുക.

വിശുദ്ധപദ പ്രഖ്യാപനതിരുക്കര്‍മ്മത്തില്‍ പങ്കെടുക്കുന്നതിന് എത്തിയിരിക്കുന്ന ഫ്രാന്‍സ്, മെക്സിക്കൊ, സ്പെയിന്‍, ഇറ്റലി എന്നീ നാടുകളുടെ ഔദ്യോഗിക പ്രതിനിനിധി സംഘങ്ങളുടെ തലവന്മനാര്‍ക്ക് പാപ്പാ ഈ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പ് പ്രത്യേക ദര്‍ശനം അനുവദിക്കും. 








All the contents on this site are copyrighted ©.