2016-10-14 10:42:00

ക്രിസ്ത്യന്‍ ചാനലിന് പാക്കിസ്ഥാനില്‍ നിരോധാജ്ഞ


പതിനഞ്ചു വര്‍ഷങ്ങളായി വിദ്യാഭ്യാസ പരിപാടികളും സംസ്ക്കാരിക ഇനങ്ങളും, ക്രിസ്ത്യന്‍ പരിപാടികളും സാധാരക്കാരായ ജനങ്ങള്‍ക്കുവേണ്ടി സംപ്രേക്ഷണംചെയ്തിരുന്ന ചാനലിനാണ് ഒക്ടോബര്‍ ആദ്യവാരത്തില്‍ പാക്കിസ്ഥാനി സര്‍ക്കാര്‍ നിരോധാജ്ഞ ഏര്‍പ്പെടുത്തിയത്. ലാഹോര്‍ അതിരൂപതയുടെ മധ്യമ കേന്ദ്രത്തിന്‍റെ ഡയറക്ടര്‍, ഫാദര്‍ ജലാല്‍ വത്തിക്കാന്‍ റേഡിയോയെ പ്രസ്താവനയിലൂടെ അറിയിച്ചു.

ആധുനിക ഡിജിറ്റല്‍ സമ്പര്‍ക്ക മാധ്യമങ്ങള്‍ സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും ലഭ്യമല്ലാതിരിക്കെ, മതേതര ജനായത്ത രാഷ്ട്രമായ പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ ക്രൈസ്തവരോട് കാണിക്കുന്ന ഈ വിവേചനം അടിസ്ഥാന പൗരാവകാശത്തിന്‍റെ ലംഘനമാണെന്ന് ഫാദര്‍ ജലാല്‍ വിശേഷിപ്പിച്ചു. 

ലാഹോര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ മാധ്യമ ശൃംഖലയുടെ ഉപഭോക്താക്കള്‍ 8000 കത്തോലിക്കരാണ്. പ്രാദേശിക കേബിള്‍ ചാനല്‍വഴി (Local TV cable network) ജനങ്ങളില്‍ എത്തിച്ചിരുന്ന  ദൃശ്യ-ശ്രാവ്യ ശൃംഖല ലാഹോറിലും ചുറ്റുപാടുകളിലും ജനകീയമാകയിരുന്നു. ഇനിയും ഇതുപോലുള്ള മൂല്യാധിഷ്ഠിത ചാനലുകള്‍ വളര്‍ന്നു വരാനിരിക്കെയാണ്, സര്‍ക്കാന്‍ ക്രിസ്ത്യന്‍ സംരംഭത്തെ ഇല്ലാതാക്കുന്നത്. ഒപ്പം ചാനലില്‍  പ്രവര്‍ത്തിച്ചിരുന്ന 11 സാങ്കേതികവിദഗ്ദ്ധരും മാധ്യമപ്രവര്‍ത്തകരും ഇതോടെ തൊഴില്‍ രഹിതരാവുകയാണെന്നും ഫാദര്‍ ജലാല്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.