2016-10-13 09:48:00

പ്രകൃതിദുരന്തങ്ങള്‍ ഒഴിവാക്കാന്‍ - ഒക്ടോബര്‍ പതിമൂന്ന്!


പ്രകൃതി ദുരന്തങ്ങള്‍ ഇല്ലാതാക്കാനും മരണനിരക്കു കുറക്കാനുമുള്ള രാജ്യാന്ത പരിശ്രമത്തിന് പാപ്പാ ഫ്രാന്‍സിസ് പിന്‍തുണ പ്രഖ്യാപിച്ചു. പ്രകൃതിദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള പരിശ്രമത്തിന്‍റെ ഭാഗമായുള്ള രാജ്യാന്തരദിനം International Day for Natural Disaster Reduction ഐക്യരാഷ്ട്ര സംഘടന സംഘടിപ്പിച്ചിരിക്കുന്നത് അനുവര്‍ഷം ഒക്ടോബര്‍ 13-ാം തിയതിയാണ്.   

മാനവികതയുടെ പൊതുന്മലക്ഷ്യമാക്കിയുള്ള ആഗോളദിനാചരണത്തോട് സകലരും സഹകരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു. ഒക്ടോബര്‍ 12-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ചയുടെ അന്ത്യത്തിലാണ് ഈ പ്രത്യേക അഭ്യര്‍ത്ഥന പാപ്പാ ഫ്രാ‍ന്‍സിസ് നടത്തിയത്.

മരണനിരക്ക് വര്‍ദ്ധിപ്പിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ക്കു കാരണം പൊതുഭവനമായ ഭൂമിയോടു മനുഷ്യര്‍ കാണിക്കുന്ന ക്രൂരതയാണെന്ന്, തന്നെ ശ്രവിക്കാന്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സംഗമിച്ച ആയിരങ്ങളെ പാപ്പാ ഉദ്ബോധിപ്പിച്ചു. അതിനാല്‍ മനുഷ്യര്‍ ഭൂമിയില്‍ വരുത്തുന്ന വിനാശങ്ങള്‍ ഇല്ലാതാക്കാന്‍ ദീര്‍ഘവീക്ഷണത്തോടെ പരിശ്രമിച്ചാല്‍ പ്രകൃതിദുരന്തങ്ങള്‍ കുറയ്ക്കുവാനും വിനാശങ്ങള്‍ ഇല്ലാതാക്കുവാനും സാധിക്കുമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. പ്രകൃതി വിനാശങ്ങള്‍ക്കെതിരായ ഒരു പ്രതിരോധനസംസ്ക്കാരം വളര്‍ത്തേണ്ടത് ഇന്നിന്‍റെ ആവശ്യമാണ്. പാവങ്ങള്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും, മറ്റുള്ളവര്‍ക്കെന്നപോലെ ഇതു സംബന്ധിച്ച പ്രത്യേക അറിവു നല്കിക്കൊണ്ട് മരണനിരക്ക് കുറക്കാനും, പൊതുഭവനമായ ഭൂമി സംരക്ഷിക്കുവാനും നമുക്കാം പരിശ്രമിക്കാം.

മാനവരാശിയുടെ കാലികമായ പ്രശ്നങ്ങളോടു പാപ്പാ ഫ്രാന്‍സിസ് പൊതുഅഭ്യര്‍ത്ഥനത്തനയിലൂടെ  പ്രകടമാക്കുന്ന പ്രതിബദ്ധതയെ ഏറെ ആവേശത്തോടെയാണ് പൊതുകൂടിക്കാഴ്ച വേദിയിലുണ്ടായിരുന്ന ആയിരങ്ങള്‍ ഹസ്താരവം മുഴക്കിയും ആര്‍ത്തിരമ്പിയും സ്വീകരിക്കുകയും, പിന്‍തുണയ്ക്കുകയും ചെയ്തത്.








All the contents on this site are copyrighted ©.