2016-10-13 19:43:00

കൂട്ടായ്മയ്ക്ക് ആധാരം കാരുണ്യം : പാപ്പാ ഫ്രാന്‍സിസ്


വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ ഒക്ടോബര്‍ 13-ാം തിയതി വ്യാഴാഴ്ച രാവിലാണ് പാപ്പാ ഫ്രാന്‍സിസും ലൂതറന്‍ തീര്‍ത്ഥാടകരുമായുള്ള നേര്‍ക്കാഴ്ച നടന്നത്. ലൂതര്‍ നയിച്ച വിഭജനത്തിന്‍റെ 500 വര്‍ഷങ്ങളും, സഭൈക്യശ്രമത്തിന്‍റെ 50-ാം വാര്‍ഷികവും ആസന്നമായിരിക്കെ, ലോകത്തിന് നല്കേണ്ട ക്രിസ്തുവിലുള്ള പൊതുവായ സാക്ഷ്യം സഭകളുടെ ഐക്യത്തിന് ആധാരമാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.

ക്രൈസ്തവരില്‍നിന്നും ലോകം പ്രതീക്ഷിക്കുന്ന ജീവിതസാക്ഷ്യം കാരുണ്യത്തില്‍ അധിഷ്ഠിതമാണ്. പാവങ്ങളോടും, രോഗികളോടും, കുടിയേറ്റക്കാരോടും ദൈവത്തിന്‍റെ കാരുണ്യം നാം പ്രകടമാക്കേണ്ടതുണ്ട്. അങ്ങനെ കാലികമായ ആവശ്യങ്ങളെ അഭിമുഖീകരിക്കാനും ആവശ്യത്തിലായിരിക്കുന്നവരെ അകമഴിഞ്ഞു സഹായിക്കാനും ഭിന്നതയുടെ ഭിത്തികള്‍ ഭേദിച്ച് ഐക്യപ്പെടാന്‍ കാരുണ്യം നിദാനമാകും. പാപ്പാ ഉദ്ബോധിപ്പിച്ചു.

ലൂതറന്‍ സഭ ആചരിക്കുന്ന നവോത്ഥാനത്തിന്‍റെ 500-ാം വാര്‍ഷികാചരണത്തില്‍ പങ്കെടുക്കാന്‍ ദൈവകൃപയാല്‍ താന്‍ സ്വീഡനിലെ ലുന്‍റില്‍ എത്തുന്ന കാര്യം (October 31st – November 1st)

പാപ്പാ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു. ലൂതറന്‍-കത്തോലിക്കാ സഭകള്‍ കലഹത്തിന്‍റെ പാതവിട്ട് കൂട്ടായ്മയുടെ വഴിയിലാണ് നീങ്ങുന്നത് എന്ന കാര്യം പ്രത്യാശപകരുന്നു. വിഭജനത്തിന്‍റെ ചിന്തകള്‍ നമ്മെ വേദനിപ്പിക്കുമ്പോള്‍ സാഹോദര്യ കൂട്ടായ്മയ്ക്കുള്ള സാദ്ധ്യതകള്‍ സന്തോഷം പകരുന്നു. ലൂതറന്‍ തീര്‍ത്ഥാടകരുടെ ഈ വന്‍സഖ്യം സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും പ്രതീകവും പ്രത്യാശയ്ക്ക് വകതരുന്ന സ്നേഹസന്ദര്‍ശനവുമാണ്. വളരുന്ന പരസ്പര ധാരണയുടെ അടയാളവുമാണിത്. പാപ്പാ പ്രസ്താവിച്ചു.

കാരുണ്യത്തിന്‍റെ സാക്ഷികളായിരിക്കാം. ഐക്യത്തിനായുള്ള ദൈവശാസ്ത്രപരമായ ചര്‍ച്ചകള്‍ ഇരുസഭാപക്ഷത്തെയും പണ്ഡിതന്മാര്‍ തുടരുമ്പോള്‍, നേര്‍ക്കാഴ്ചകളും ഒരുമിച്ചു നന്മചെയ്യുവാനുമുള്ള അവസരങ്ങളും ഐക്യത്തിനു ബലമേകട്ടെ! ആവശ്യത്തിലായവരെ സഹായിക്കുന്നതില്‍ നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം. മുന്‍വിധികള്‍ മാറ്റിവച്ച് ക്രിസ്തുവിലും അവിടുത്തെ സുവിശേഷത്തിലും വിശ്വസിച്ചുകൊണ്ട്, അനുരഞ്ജനവും സമാധാനവും പ്രഘോഷിച്ചുകൊണ്ടും, അത് ജീവിത സാക്ഷ്യമാക്കിക്കൊണ്ടും നമുക്കു മുന്നേറാം. അങ്ങനെ ഈ ലോകത്ത് നമുക്ക് ഐക്യത്തിന്‍റെ പ്രയോക്താക്കളാകാം. സമ്പൂര്‍ണ്ണകൂട്ടായ്മ ദൈവസഹായത്തില്‍ യാഥാര്‍ത്ഥ്യമാകുമെന്നും പ്രാര്‍ത്ഥിക്കാം. പ്രാര്‍ത്ഥനയില്‍ ഒന്നായിരിക്കാം! തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതെന്ന് തീര്‍ത്ഥാടകരായ യുവജനങ്ങളോട് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.

ഈ സംഘത്തെ കൂട്ടായ്മയില്‍ നയിക്കുകയും, തീര്‍ത്ഥാടനത്തിന് നേതൃത്വം നല്കുകയുംചെയ്ത ലൂതറന്‍ മെത്രാന്മാരെ പാപ്പാ അഭിവാദ്യംചെയ്യുകയും, അവര്‍ക്ക് പ്രത്യേകം നന്ദിപറയുകയും ചെയ്തു.

 








All the contents on this site are copyrighted ©.