2016-10-12 12:43:00

കാരുണ്യപ്രവൃത്തികള്‍ :നിസ്സംഗതയ്ക്ക് മറുമരുന്നു


യൂറോപ് സാവധാനം ശൈത്യത്തിലേക്കു കടക്കുന്നതിന്‍റെ ലക്ഷണങ്ങള്‍ പ്രകടമായ ദിനങ്ങളാണിതെങ്കിലും നിത്യനഗരമായ റോമിലേക്കുള്ള തീര്‍ത്ഥാടകരുടെയും സന്ദര്‍ശകരുടെയും പ്രവാഹം തുടരുന്നു. ഈ ബുധനാഴ്ച റോമില്‍  ഏറ്റം താഴ്ന്ന താപനില 6 ഉം ഏറ്റം കൂടിയത് 18 ഉം സെല്‍സിയസ് ആയിരുന്നെങ്കിലും  വിവിധരാജ്യക്കാരായിരുന്ന പതിനായിരങ്ങളാണ് ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച  പ്രതിവാര പൊതുദര്‍ശന പരിപാടിയില്‍ പങ്കെടുത്തത്. വേദി, പതിവുപോലെ, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ ചത്വരം ആയിരുന്നു. പൊതുകൂടിക്കാഴ്ചയ്ക്കായി പാപ്പാ വെളുത്ത തുറന്ന വാഹനത്തില്‍ ചത്വരത്തിലേക്കു പ്രവേശിച്ചപ്പോള്‍ ജനങ്ങള്‍ പാപ്പായെ കരഘോഷങ്ങളോടും ആരവങ്ങളോടും കൂടെ വരവേറ്റു.

ഏതാനും ബാലികാബാലന്മാരെ പാപ്പാ വാഹനത്തില്‍ കയറ്റി. തദ്ദനന്തരം ഫ്രാന്‍സീസാ പാപ്പാ കൈകള്‍ ഉയര്‍ത്തി എല്ലാവരേയും സുസ്മേരവദനനായി അഭിവാദ്യം ചെയ്തും ആശീര്‍വ്വദിച്ചും ജനങ്ങള്‍ക്കിടയിലൂടെ വാഹനത്തില്‍ നീങ്ങി. അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടു വരുന്ന പിഞ്ചുകുഞ്ഞുങ്ങളെ  പാപ്പാ ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ നടന്നു വേദിയിലേക്കു കയറുകയും റോമിലെ സമയം രാവിലെ 10 മണിയോടുകൂടി, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30ന് ത്രിത്വൈകസ്തുതിയോടെ പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.തുടര്‍ന്ന് വിവിധ ഭാഷകളില്‍ സുവിശേഷവായനയായിരുന്നു.

മനുഷ്യപുത്രന്‍ അന്ത്യവിധിനടത്തുന്നതിനെക്കുറിച്ചുള്ള വിവരണത്തില്‍ നിന്നുള്ള ഒരു ഭാഗം, അതായത് മത്തായിയുടെ  സുവിശേഷം, ഇരുപത്തിയഞ്ചാം അദ്ധ്യായം 31 മുതല്‍ 36 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാരായണം ചെയ്യപ്പെട്ടത്.

മനുഷ്യപുത്രന്‍ എല്ലാ ദൂതന്മാരോടും കൂടെ മഹത്വത്തില്‍ എഴുന്നള്ളുമ്പോള്‍ അവന്‍ തന്‍റെ മഹിമയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും. അവന്‍റെ മുമ്പില്‍ എല്ലാ ജനതകളും ഒരുമിച്ചു കൂട്ടപ്പെടും. ഇടയന്‍ ചെമ്മരിയാടുകളെ കോലാടുകളില്‍ നിന്നു വേര്‍തിരിക്കുന്നതുപോലെ അവന്‍ അവരെ തമ്മില്‍ വേര്‍തിരിക്കും. അവന്‍ ചെമ്മരിയാടുകളെ  തന്‍റെ വലത്തുവശത്തും കോലാടുകളെ ഇടത്തുവശത്തും നിറുത്തും. അന്തരം രാജാവ് തന്‍റെ വലത്തുഭാഗത്തുള്ളവരോട് അരുളിച്ചെയ്യും: എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടത്തുവിന്‍. എന്തെന്നാല്‍ എനിക്കു വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു. ഞാന്‍ നഗ്നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്‍റെയടുത്തു വന്നു.

ഈ സുവിശേഷ വായനയെത്തുടര്‍ന്ന് പാപ്പാ ശാരീരികവും ആദ്ധ്യാത്മികവുമായ കാരുണ്യപ്രവൃത്തികളെക്കുറിച്ചു താന്‍ പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്നു പരിചിന്തനം തുടര്‍ന്നു.

ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന പ്രസ്തുത പ്രഭാഷണത്തിന്‍റെ സംഗ്രഹം താഴെ ചേര്‍ക്കുന്നു:

മുന്‍ പ്രബോധനങ്ങളില്‍ നമ്മള്‍ ദൈവത്തിന്‍റെ കാരുണ്യത്തിന്‍റെ  മഹാരഹസ്യത്തിലേക്ക് പടിപടിയായി കടന്നു. പഴയനിയത്തില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ദൈവപിതാവിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു നാം ധ്യാനിച്ചു. തുടര്‍ന്ന് നമ്മള്‍, യേശു അവിടത്തെ വചനപ്രവര്‍ത്തികളിലൂടെ എങ്ങനെ കാരുണ്യത്തിന്‍റെ മൂര്‍ത്തിമത്ത്ഭാവമായി എന്ന് സുവിശേഷസംഭവ വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ നാം കണ്ടു. പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുക എന്ന് തന്‍റെ ശിഷ്യരെ അവിടന്ന് പഠിപ്പിച്ചു. കരുണയുള്ളവനാകുകയെന്ന ദൗത്യം ഓരോ ക്രൈസ്തവന്‍റെയും മനസ്സാക്ഷിയോടും കര്‍മ്മത്തോടുമുള്ള ആഹ്വാനമായി നിലകൊള്ളുന്നു. വാസ്തവത്തില്‍ സ്വന്തം ജീവിതത്തില്‍ ദൈവികകാരുണ്യം അനുഭവിച്ചറിഞ്ഞാല്‍ മാത്രം പോരാ, പിന്നെയൊ, ആ കാരുണ്യം സ്വീകരിക്കുന്ന ഏതൊരുവനും മറ്റുള്ളവര്‍ക്ക് അതിന്‍റെ അടയാളവും ഉപകരണവുമായിത്തീരണം. അതിനുപുറമെ, കാരുണ്യം ഏതെങ്കിലും നിശ്ചിതസമയത്തേക്കു മാത്രമായി സംവരണം ചെയ്യപ്പെട്ടതല്ല,  പ്രത്യുത നമ്മു‌ടെ അനുദിനാസ്തിത്വത്തെ മുഴുവന്‍ ആശ്ലേഷിക്കുന്നതാണ്.

ആകയാല്‍ നമുക്കെങ്ങനെ കാരുണ്യത്തിന്‍റെ സാക്ഷികളാകാം? വന്‍ കാര്യങ്ങള്‍ അല്ലങ്കില്‍ അമാനുഷികകാര്യങ്ങള്‍ ചെയ്യുകയാണ് അത് എന്ന് നാം ചിന്തിക്കരുത്. അതല്ല കാരുണ്യ പ്രവൃത്തി. കര്‍ത്താവ് നമുക്കു കാണിച്ചുതരുന്നത് ചെറിയ കാര്യങ്ങളടങ്ങിയ വളരെ ലളിതമായ വഴിയാണ്. ചെറിയതെങ്കിലും അവിടത്തെ നയനങ്ങള്‍ക്കുമുന്നില്‍ അവയ്ക്കുള്ള മൂല്യം വളരെ വലുതാണ്. ഈ ചെറിയകാര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നാം വിധിക്കപ്പെടുകയെന്ന് അവിടന്ന് നമ്മോടു പറയുന്നു. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലൂടെ യേശു നമ്മോടോതുന്നത് ഏറ്റം എളിയവരായ സഹോദരീസഹോദരന്മാരില്‍ സന്നിഹിതനായ തന്നോടു കാണിക്കുന്ന കരുണയുടെ അടിസ്ഥാനത്തിലായിരിക്കും നമ്മള്‍ വിധിക്കപ്പെടുകയെന്നാണ്. വിശക്കുന്നവന് ഭക്ഷണം നല്കുമ്പോഴും ദാഹിക്കുന്നവന് കുടിക്കാന്‍ കൊടുക്കുമ്പോഴും, നഗ്നനെ ഉടുപ്പിക്കുമ്പോഴും  പരദേശിയെ സ്വീകരിക്കുമ്പോഴും രോഗിയെയൊ കാരാഗൃഹവാസിയെയൊ സന്ദര്‍ശിക്കുമ്പോഴും നാം അതു ചെയ്യുന്നത് തനിക്കാണെന്ന് യേശു വ്യക്തമാക്കുന്നു. സഭ ഈ പ്രവൃത്തികളെ ശാരീരിക കാരുണ്യപ്രവൃത്തികള്‍ എന്നാണ് പറയുന്നത്. കാരണം വ്യക്തികളുടെ ഭൗതികാവശ്യങ്ങളില്‍ അവര്‍ക്ക് സഹായഹസ്തം നീട്ടലാണത്.

ഇതിനുപുറമെ 7 ആദ്ധ്യാത്മിക കാരുണ്യ പ്രവൃത്തികളുമുണ്ട്. അവ, വിശിഷ്യ, ഇന്ന് ശാരീരിക കാരുണ്യപ്രവൃത്തികള്‍ എന്ന പോലെതന്നെ പ്രാധ്യാനമര്‍ഹിക്കുന്നു. കാരണം അവ വ്യക്തികളുടെ ആത്മാവിനെ സ്പര്‍ശിക്കുന്നതാണ്. സന്ദേഹികളുടെ സംശയം ദൂരീകരിക്കുക, അറിവില്ലാത്തവരെ പഠിപ്പിക്കുക, തെറ്റുചെയ്യുന്നവരെ ഗുണദോഷിക്കുക, പിഢിതര്‍ക്ക് സാന്ത്വനമേകുക, തെറ്റുകള്‍ പൊറുക്കുക, നമ്മെ ദ്രോഹിക്കുന്നവരോട് ക്ഷമ കാട്ടുക, ജീവിച്ചിരിക്കുന്നവര്‍ക്കും പരേതര്‍ക്കും വേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിക്കുക എന്നിവയാണ് സഭയുടെ പാരമ്പര്യം ഏകുന്ന ഈ ആദ്ധ്യാത്മിക കാരുണ്യ പ്രവൃത്തികള്‍. ഇവയൊക്കെ അനുദിനസാധാരണ സംഭവങ്ങളാണ്. ഒരുവന്‍ ദുഃഖിതനാണ്, അപ്പോള്‍ ദൈവം നിന്നെ സഹായിക്കട്ടെ, എനിക്ക് സമയമില്ല എന്നാണോ ഞാന്‍ പറയേണ്ടത്? അല്ല. അവന്‍റെ ചാരെ ഞാന്‍ നില്ക്കുക, അവനെ ശ്രവിക്കുക, എനിക്ക് സമയനഷ്ടമുണ്ടാകാം എന്നാല്‍ ഞാന്‍ അവനെ ആശ്വസിപ്പിക്കണം. അതൊരു കാരുണ്യ പ്രവൃത്തിയാണ്. അത് ആ വ്യക്തിക്കു മാത്രമല്ല യേശുവിനും കൂടിയാണ് ചെയ്യുന്നത്. ഈ ആദ്ധ്യാത്മിക കാരുണ്യ പ്രവര്‍ത്തികളെക്കുറിച്ച് അടുത്ത പ്രബോധനങ്ങളില്‍ നമുക്ക് ചിന്തിക്കാം. കാരുണ്യം  ജീവിക്കുന്നതിനുള്ള സമൂര്‍ത്തശൈലിയായിട്ടാണ് സഭ അവയെ അവതരിപ്പിക്കുന്നത്. നൂറ്റാണ്ടുകളുടെ ഗതിയില്‍ അനേകരായ സാധാരണക്കാര്‍ വിശ്വാസത്തിനു യഥാര്‍ത്ഥ സാക്ഷ്യം ഏകിക്കൊണ്ട് അവ അഭ്യസിച്ചിട്ടുണ്ട്.

സാക്ഷാത്ക്കരിക്കാന്‍ വേണ്ടി വലിയസംരംഭങ്ങള്‍ അന്വേഷിച്ച് നാം അലയേണ്ടതില്ല. കര്‍ത്താവ് നമുക്കു കാണിച്ചുതരുന്ന, അടിയന്തിരമായ ചെറിയ കാര്യങ്ങള്‍ക്ക് തുടക്കമിടുകയാണ് നല്ലത്. ദൗര്‍ഭാഗ്യവശാല്‍ നിസ്സംഗതയുടെ രോഗാണു, അഥവാ, വൈറസ് ബാധിച്ചിച്ചിട്ടുള്ള ഇന്നത്തെ ലോകത്തില്‍ കാരുണ്യപ്രവൃത്തികളാണ് പ്രത്യൗഷധം. സഹോദരങ്ങളില്‍ ഏറ്റം എളിയവരു‌ടെ ഏറ്റം അടിസ്ഥാനപരമായ ആവശ്യങ്ങള്‍ കണ്ടറിയാന്‍ നാം പഠിക്കണം. എവിടെ ആവശ്യമുണ്ടോ അവിടെ യേശു സന്നിഹിതനാണ്, ആവശ്യത്തിലിരിക്കുന്ന വ്യക്തിയില്‍ അവിടന്നുണ്ട്, ആ ആവശ്യം ശാരീരികമാകാം ആത്മീയമാകാം, അവിടെ .യേശുവുണ്ട്.

അടുത്തയിടെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട മദര്‍ തെരേസയെക്കുറിച്ചൊന്നു ചിന്തിക്കൂ. ലോകത്തില്‍ പലയിടത്തും ഭവനങ്ങള്‍ തുറന്നതുകൊണ്ടല്ല നാം ആ അമ്മയെ ഓര്‍ക്കുന്നത്, മറിച്ച് തെരുവുകളില്‍ കിടക്കുന്നവര്‍ക്ക് അവരുടെ ഔന്നത്യം വീണ്ടെടുത്തു നല്കുന്നതിന് അവര്‍ക്കുമുന്നില്‍ കുനിഞ്ഞതിനാലാണ്. ഉപേക്ഷിക്കപ്പെട്ട എത്രമാത്രം കുഞ്ഞുങ്ങളാണ് മദര്‍തെരേസയുടെ ആശ്ലേഷത്തിലമര്‍ന്നത്. മരണത്തോടടുത്തുകൊണ്ടിരുന്ന എത്രയാളുകളെയാണ് മദര്‍ കൈപിടിച്ച് നിത്യതയുടെ ഉമ്മറപ്പടിയിലേക്കാനായിച്ചത്! കാരുണ്യത്തിന്‍റെ ഈ കര്‍മ്മങ്ങളെല്ലാം  ദൈവത്തിന്‍റെ  വാത്സല്യവും സാമീപ്യവും തന്‍റെ ഏറ്റം ചെറിയ സഹോദരങ്ങള്‍ക്ക് സംലഭ്യമാക്കുന്ന യേശുക്രിസ്തുവിന്‍റെ വദനത്തിന്‍റെ രൂപമാണ്.

ശാരീരികവും ആത്മീയവുമായ കാരുണ്യപ്രവൃത്തികള്‍ നമുക്കു മനഃപ്പാഠമാക്കാം. അവ അനുദിനം, ആവശ്യത്തിലിരിക്കുന്ന ഒരുവനില്‍ യേശുവിനെ കാണുന്ന നിമിഷം പ്രായോഗികമാക്കാന്‍ നമ്മെ സഹായിക്കുന്നതിന് നമുക്ക് കര്‍ത്താവിനോടപേക്ഷിക്കാം   

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

മനുഷ്യത്വരഹിതമായ പോരാട്ടം തുടരുന്ന സിറിയയില്‍ സമാധാനം സംജാതമാകുന്നതിനു വേണ്ടിയുള്ള തന്‍റെ അഭ്യര്‍ത്ഥന പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍ നവീകരിക്കുകയും പ്രകൃതിദുരന്തങ്ങള്‍ കുറയ്ക്കുന്നതിനു വേണ്ടിയും നമ്മുട പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കുന്നതിനുവേണ്ടിയുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം പകരുകയും ചെയ്തു.

പൊതുതുദര്‍ശന പരിപാടിയുടെ അവസാനഭാഗത്ത് പതിവുപോലെ യുവജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തിനെ തുടര്‍ന്ന് ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലികാശീര്‍വ്വാദം നല്കി.

 








All the contents on this site are copyrighted ©.