2016-10-08 13:14:00

സകലര്‍ക്കും നീതി സംലഭ്യമാക്കുന്ന നിയമവാഴ്ച


നിയമവാഴ്ച ബലപ്പെടുത്താനും ഏകോപിക്കാനും ഐക്യരാഷ്ട്രസഭനടത്തുന്ന യത്നങ്ങളില്‍ പരിശുദ്ധസിംഹാസനത്തിനുള്ള സംതൃപ്തി ആര്‍ച്ച്ബിഷപ്പ് ബെര്‍ണര്‍ദിത്തൊ ഔത്സ രേഖപ്പെടുത്തുന്നു.

ഐക്യരാഷ്ട്രസഭയില്‍, അഥവാ, യുഎന്നില്‍, പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം യു എന്‍ പൊതുസഭയുടെ എഴുപത്തിയൊന്നാം യോഗം “ നിയമ വാഴ്ച ദേശീയ അന്തര്‍ദ്ദേശീയ തലങ്ങളില്‍” എന്ന പ്രമേയത്തെ അധികരിച്ചു ന്യുയോര്‍ക്കില്‍ യു എന്നിന്‍റെ ആസ്ഥാനത്ത് ചര്‍ച്ചചെയ്ത വേളയില്‍, വെള്ളിയാഴ്ച (07/10/16) ആ യോഗത്തെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഏറ്റം ദരിദ്രരും വേധ്യരുമുള്‍പ്പടെയുള്ള സകലര്‍ക്കും എളുപ്പത്തില്‍ നീതി ലഭ്യമാക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ ഈ ഉദ്യമത്തിന്‍റെ ആത്യന്തിക ലക്ഷ്യമെന്ന് ആര്‍ച്ചുബിഷപ്പ് ഔത്സ പറഞ്ഞു.

നിയമവാഴ്ചയ്ക്ക് കേവലം ഏകതാനതയും ക്രമവും സംജാതമാക്കുക എന്നതിനപ്പുറം ഒരു ദൗത്യമുണ്ടെന്നും അത് മാതൃകാപരമായ പ്രബോധന ദൗത്യമാണെന്നും വിശദീകരിച്ച അദ്ദേഹം ഈയൊരു വീക്ഷണത്തില്‍ അത് നിര്‍ദ്ധനനേയും ആതുരനേയും കാരഗൃഹവാസിയേയും കൈപിടിച്ചുയര്‍ത്താന്‍ സമൂഹത്തിനുള്ള കഴിവിന്‍റെ ആവിഷ്ക്കാരമാണെന്ന് ഉദ്ബോധിപ്പിച്ചു.

നിയമവാഴ്ചയും അഭിപ്രായപ്രകടന സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും രാഷ്ട്രത്തിന്‍റെ നിയമവ്യവസ്ഥ സ്വതന്ത്രമായിരിക്കേണ്ടതിന്‍റെ, രാഷ്ട്രീയമായ കൈകടത്തുലകളില്‍നിന്നു വിമുക്തമായിരിക്കേണ്ടതിന്‍റെ   ആവശ്യകതയെക്കുറിച്ചും ആര്‍ച്ചുബിഷപ്പ് ഔത്സ ഊന്നിപ്പറഞ്ഞു. ബന്ധനത്തിലായിരിക്കുന്ന ഒരു നീതിന്യായവ്യവസ്ഥ ദുഷിച്ചതായിരിക്കുമെന്ന് ഫ്രാന്‍സീസ് പാപ്പായുടെ വാക്കുകള്‍ കടമെടുത്തുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.








All the contents on this site are copyrighted ©.