2016-10-08 20:08:00

ജീവിതത്തില്‍ നന്ദിയുള്ളവരായിരിക്കാം ദൈവികനന്മകള്‍ അംഗീകരിക്കാം


ഇന്നത്തെ സുവിശേഷത്തില്‍ 10 കുഷ്ഠരോഗകളുടെ കഥയാണ്. രോഗികളായ 10 പേര്‍! പത്തു കുഷ്ഠരോഗികള്‍ ഈശോയുടെ സഹായം വിളിച്ചപേക്ഷിക്കുന്നു. തിരികെ പോകുന്ന വഴിക്ക് അവര്‍ പത്തുപേരും സൗഖ്യംപ്രാപിച്ചു. പക്ഷെ, ഒരുവന്‍ മാത്രം നന്ദിപറയാന്‍ തിരിച്ചുവരുന്നു. അവന്‍ തിരിച്ചു വരുമ്പോള്‍ ഈശോ ചോദിക്കുന്നു. പത്തുപേരല്ലേ സുഖപ്പെട്ടത്? ബാക്കി 9 പേരെവിടെ? എന്നിട്ട് കൂട്ടിചേര്‍ത്തു, ഈ വിജാതിയനല്ലാതെ മറ്റാര്‍ക്കും തിരിച്ചുവന്ന് ദൈവത്തെ മഹത്വപ്പെടുത്താമെന്ന് തോന്നിയില്ലല്ലോ! ഇത് പ്രധാനപ്പെട്ട കാര്യമാണ്. ഒരുത്തന്‍ തിരിച്ചു വരുമ്പോള്‍, ബാക്കി പത്തുപേര്‍ എവിടെയെന്ന് ഈശോ ചോദിക്കുന്നു. നന്ദിപറയാന്‍ ഒരുവനു മാത്രമല്ലേ, തോന്നിയുള്ളൂവെന്ന് ഈശോ പറയുന്നു. എന്നു പറഞ്ഞാല്‍, എന്തുകൊണ്ടാണ് ഈ ബാക്കി 9 പേര്‍ തിരിച്ചു വരാഞ്ഞത്. അല്ലെങ്കില്‍ എന്തുകൊണ്ടാണ് സുഖപ്പെട്ടെന്നറിഞ്ഞപ്പോള്‍ ഒരുത്തന്‍ മാത്രം നന്ദിപറയാന്‍ തിരിച്ചു വരുന്നത്.

1999-ല്‍ മരണമടഞ്ഞ ഒന്നാംകിട ലോക ടെന്നീസ് താരമായിരുന്നു ആര്‍ദര്‍ ആഷ് എന്ന അമേരിക്കക്കാരന്‍. അദ്ദേഹം കറുത്തവര്‍ഗ്ഗക്കാരനായിരുന്നു. ഇയാള്‍ മൂന്ന് ‘ഗ്രാന്‍ഡ് സ്ലാം’ മത്സരങ്ങള്‍ നേടിയിട്ടുണ്ട്. പിന്നെ ഏറെക്കാലം ലോകത്തെ ഒന്നാംതര കളിക്കാരനായിരുന്നു.

1983-ല്‍‍ കളിയില്‍നിന്നും വിരമിക്കുന്നത് എയിഡ്സ് രോഗം അയാളെ ബാധിച്ച നാളിലായിരുന്നു. ഹൃദ്രോഗസംബന്ധിയായ ഒരു ശസ്ത്രയയ്ക്കിടെ ലഭിച്ച രക്തത്തിലൂടെയാണ് രോഗം അയാളെ ഗ്രസിച്ചതെന്നാണ് നിഗമനം. അന്ന് ഈ രോഗത്തിന് അധികം ചികിത്സായില്ലായിരുന്ന സമയവുമാണ്. ക്ലേശിച്ച് മരണത്തെ സമീപിക്കുമ്പോള്‍ ആഷിന്‍റെ ആരാധകര്‍ കത്തുകളെഴുതി. അതില്‍ ഒരു കത്ത് ഇതായിരുന്നു. ആര്‍തര്‍, എന്തുകൊണ്ടാണ് ദൈവം ഇത്ര ക്രൂരമായൊരു രോഗം താങ്കള്‍ക്കു തന്നത്?

കത്തിനു മറുപടിയായി ആഷ് പ്രതികരിച്ചത് ഇങ്ങനെയാണ്. ലോകത്ത് ടെന്നീസ് കളി പഠിക്കുന്ന  50 കോടിയോളം യുവജനങ്ങളും കുട്ടികളുമുണ്ട്. ഇതില്‍ 50 ലക്ഷംപേര്‍ പഠനത്തിലേയ്ക്കു തിരിയും. 50 ലക്ഷത്തില്‍ 5 ലക്ഷം പേര്‍ ശരാശരി പ്രഫഷണല്‍ ടെന്നീസിലേയ്ക്ക് കടന്നുവരും. അതില്‍നിന്ന് 5000 പേര്‍ മാത്രമാണ് Circuit Tennis-ന്‍റെ നിലവാരത്തിലേയ്ക്ക് കടന്നുവരുന്നത്. പിന്നെ അയ്യായിരത്തില്‍ 500 പേര്‍ ചിലപ്പോള്‍ ഗ്രാന്‍ഡ് സ്ലാമില്‍ പ്രവേശിപ്പിക്കപ്പെടുന്നു. 500-ല്‍ 50-പേര്‍ വിമ്പിള്‍ടണില്‍ വരുന്നു. അതില്‍ നാലുപേര്‍ മാത്രമാണ് സെമിഫൈനലില്‍ എത്തുന്നത്. അവസാനം നാലില്‍ രണ്ടുപേര്‍ മാത്രം ഫൈനലില്‍ എത്തുന്നു. അവസാനം അതില്‍ പലതവണ ഞാന്‍ ഒന്നാം സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ടപ്പോള്‍, ചോദിച്ചില്ല, Why me , Lord?  എന്തുകൊണ്ടു ദൈവമേ, അങ്ങ് എനിക്കിതു തന്നു, എന്നു ഞാന്‍ ചോദിച്ചില്ല. അതുകൊണ്ടുതന്നെ ക്രൂരമായ ഈ രോഗം വരുമ്പോഴും, അതില്‍ 10 പേരില്‍ ഒരാള്‍ തിരിച്ചുവരുന്നത് അയാള്‍ക്കു കിട്ടിയിരിക്കുന്ന സൗഖ്യമെന്ന, ആര്‍ഹതയില്ലാഞ്ഞിട്ടും ഔദാര്യമായി കിട്ടിയ വലിയ സൗഖ്യം എന്ന നന്മ തിരിച്ചറിയുന്നു. അത് അദ്ദേഹത്തിന്‍റെ ഹൃദയത്തിലെ വലിയ വികാരമാണ് – ഔദാര്യം! യോഗ്യയില്ലാതിരുന്നിട്ടും തമ്പുരാന്‍ തന്ന വലിയ സമ്മാനം. ആ സമ്മാനത്തിന്‍റെ മുന്‍പില്‍ നന്ദിയുള്ളവരായിരിക്കാം. ആ വലിയ മാനസികമായ അവസ്ഥയുടെ മുമ്പില്‍, ആ വലിയ മാനസികമായ അവസ്ഥയുടെ മുമ്പില്‍ തിരിച്ചുവന്ന് നന്ദിപറയാതിരിക്കാന്‍ പറ്റില്ല. ഇതുതന്നെയാണ് ക്രിസ്തു ചോദിക്കുന്നതും. എന്തുകൊണ്ട് ഇവന്‍ തിരിച്ചു വന്നു? എന്നാല്‍ മറ്റാരും വന്നില്ലല്ലോ? എല്ലാവര്‍ക്കും ഒരേ സൗഖ്യമാണ് ലഭിച്ചത്.

ഈ ഒരുവനുണ്ടായ മാനസിക അവസ്ഥ മറ്റുള്ളവര്‍ക്ക് ഇല്ലായിരുന്നു. അപ്പോള്‍ ചോദ്യത്തിലൂടെ ക്രിസ്തു ആവശ്യപ്പെടുന്ന പ്രധാനകാര്യം ഇതാണ്, ജീവിതത്തില്‍  നമുക്കു ലഭിക്കുന്ന വലിയ ദൈവിക നന്മകളുണ്ട്. നിനക്ക് അവകാശപ്പെടാന്‍ ഒരു യോഗ്യതയും ഇല്ലാതിരിക്കെ, ദൈവം നിന്നിലേയ്ക്ക് വെറുതെ ചൊരിഞ്ഞിരിക്കുന്ന നന്മകളാണിത്. അതുപോലെ അനുദിനം ദൈവം നിന്നിലേയ്ക്ക് വര്‍ഷിക്കപ്പെടുന്ന ധാരാളം മറ്റു നന്മകളുമുണ്ട് ആ നന്മകള്‍ നീ അനുഭവിക്കുക.  എനിക്ക് അവകാശപ്പെടാന്‍ പറ്റുന്ന ഒന്നല്ല പലതും. ഉദാഹരണത്തിന് നാം ശ്വസിക്കുന്ന വായു! കുടിക്കുന്നവെള്ളം, പ്രകൃതി, ജീവിക്കുന്ന ഭൂമി... ജീവിതത്തിന്‍റെ ഈ സൗഭാഗ്യങ്ങള്‍ - അവകാശപ്പെടാന്‍ എന്താണ് എനിക്ക് യോഗ്യത? ഒന്നുമില്ല! എനിക്ക് സദാ കിട്ടിക്കൊണ്ടിരിക്കുകയാണ്! ഇങ്ങനെ ദൈവം തന്നുകൊണ്ടിരിക്കുന്ന നന്മകളെ, അതും ഉദാരമായി അനുദിനം തന്നുകൊണ്ടിരിക്കുന്ന നന്മകളെ, അളവില്ലാതെ തന്നുകൊണ്ടിരിക്കുന്ന നന്മകളെ അനുഭവിക്കുക, അംഗീകരിക്കുക! അപ്പോഴുണ്ടാകുന്ന വികാരം നന്ദിയാണ്!

ഒരു ചെറുസംഭവം... മേഴ്സി എന്നൊരു അമ്മ, 36 വയസ്സിനുമേലെ പ്രായമുണ്ട്! ക്യാസര്‍ പിടിപെട്ടു. ഒരു ശസ്ത്രക്രിയ കഴിഞ്ഞു. അതിന്‍റെ ചികിത്സയുമായി മുന്നോട്ടുപോയി. രോഗം കുറെ ഭേദപ്പെട്ടു. രോഗം മാറിയെന്ന് അവള്‍ വിശ്വസിച്ചു. എന്നാല്‍ ഇതാ, വീണ്ടും രോഗം അവളെ വലയ്ക്കാന്‍ തുടങ്ങി. വീണ്ടും ആശുപത്രിയിലായി. രോഗം പെട്ടന്ന് മൂര്‍ഛിച്ചു. മരിക്കും എന്ന അവസ്ഥയിലെത്തി. അങ്ങനെയുള്ള അവസ്ഥയില്‍ ഒരു ദിവസം ഞാന്‍ മേഴ്സിയെ കാണാന്‍ ചെന്നത്. ആശുപത്രി മുറിയുടെ വാതില്ക്കല്‍ത്തന്നെ ഭര്‍ത്താവിനെയും കണ്ടു. ചോദിച്ചു. എങ്ങനെയുണ്ട്? വളരെ കൂടുതലാണ്. ഇനി അധികം ദിവസമില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. ചോദിച്ചു. മേഴ്സിക്ക് ഈ വിവിരം അറിയാമോ? അറിയാം! ഡോക്ടര്‍മാര്‍ എല്ലാം അവളെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. പിന്നെ അകത്തേയ്ക്കു കയറിച്ചെന്നു. അപ്പോള്‍ കട്ടിലിന്‍റെ കാല്ക്കല്‍ ഇരുന്നിരുന്ന അമ്മിച്ചി എഴുന്നേറ്റ് പുറത്തേയ്ക്കു പോയി.

ഇതാ, ഏറെ പ്രായംകുറഞ്ഞ ഒരു അമ്മ മരണത്തെ മുഖാമുഖം കാണുന്നു. അവളോട് എന്തു പറയണമെന്നറിയാതെ വിഷമിച്ച് നോക്കിനില്ക്കെ, അവള്‍ ഇങ്ങോട്ടു ചോദിക്കുകയാണ്. അച്ചനു സുഖമാണോ? പിന്നെ ബാക്കിയുള്ളവരുടെ കാര്യങ്ങളാണ് അവള്‍ ചോദിച്ചത്.  ഞാന്‍  ചോദിച്ചു, മേഴ്സീ, വേദനയുണ്ടോ? രോഗം എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. വേദനയുണ്ട്. വേദനയുടെ ആധിക്യത്തിലാണിപ്പോള്‍.  ഞാന്‍ പറഞ്ഞു. എന്നിട്ടെന്ത്യേ....? മുഖത്ത് അതിന്‍റെ ഒരു ഭവവും കാണുന്നില്ലല്ലോ?  അപ്പോള്‍ മേഴ്സി പറഞ്ഞ മറുപടി ശ്രദ്ധേയമാണ്. ഇപ്പോള്‍ എന്‍റെ കട്ടിലിന്‍റെ കാല്ക്കല്‍നിന്നും എഴുന്നേറ്റു പോയത് അമ്മച്ചിയല്ല. എന്‍റെ അമ്മായിയമ്മയാണ്. എന്‍റെ അമ്മയെക്കാള്‍ കൂടുതല്‍ സ്നേഹിക്കുന്ന അമ്മയാണ് ഈ അമ്മായിയമ്മ! രോഗം പിടിപെട്ട നാളില്‍ ആദ്യം ചികിത്സ കഴിഞ്ഞ് ആശുപത്രിയില്‍നിന്നും വന്ന്, വീട്ടില്‍ കിടക്കുമ്പോള്‍ തിരുഹൃദയത്തിന്‍റെ മുന്നില്‍ മുട്ടുകുത്തി അമ്മായിയമ്മ പ്രാര്‍ത്ഥിക്കുന്നതു കേട്ടിട്ടുണ്ട്.

ദൈവമേ, എന്‍റെ മരുമകളെ രക്ഷപ്പെടുത്തിക്കൂടേ! എന്നിട്ട് എന്‍റെ ആത്മാവിനെ അങ്ങ് എടുത്തുകൂടേ? പിന്നെ ഈ ദിവസങ്ങളില്‍ എല്ലാം ദിവസവും രാവിലെയും വൈകുന്നേരവും എന്നെ കാണാന്‍ ആശുപത്രിയിലെത്തും. അങ്ങനെ ഇവരെല്ലാവരും ഇത്രയധികം എന്നെ സ്നേഹിക്കുമ്പോള്‍ എങ്ങനെയാണ്‍ എനിക്ക് വേദന പുറത്തുകാണിക്കാന്‍ സാധിക്കുന്നത്!?

ഇത് ഏറെ പ്രധാനപ്പെട്ടൊരു ചിന്തയാണ്, തിരിച്ചറിവാണ്. ജീവിതത്തില്‍ നാം സ്വീകരിക്കുന്ന നന്മകള്‍ ​അംഗീകരിക്കുക. നിങ്ങള്‍ക്കും എനിക്കും കിട്ടിയ നന്മകള്‍, ദൈവികനന്മകളും സൗഭാഗ്യങ്ങളും യോഗ്യതയില്ലാതിരുന്നിട്ടു പോലും അധികമായിട്ടു കിട്ടുന്ന നന്മകളെ അനുഭവിക്കുക, അംഗീകരിക്കുക.. അപ്പോള്‍ ഹൃദയത്തില്‍ നിറയുന്നത് നന്ദിയായിരിക്കും - നന്ദിയും സ്നേഹവും കൃതജ്ഞതയുമായിരിക്കും. ഇങ്ങനെ എന്‍റെ ജീവിതത്തില്‍ വന്നുകൊണ്ടിരിക്കുന്ന യോഗ്യതയും അവകാശവും അര്‍ഹതയും ഇല്ലാഞ്ഞിട്ടും ദൈവം തന്നുകൊണ്ടിരിക്കുന്ന നന്മകളെ അംഗീകരിക്കുമ്പോള്‍ നാം നന്മയും നന്ദിയുമുള്ളവരാകും.

ഇന്നത്തെ സുവിശേഷഭാഗത്തെ 19-ാമത്തെ വചനത്തില്‍ സൗഖ്യപ്പെട്ടുവന്ന കുഷ്ഠരോഗിയോട് ഈശോ പറയുന്നത്, മകനേ, നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്ന.  ഇതൊരു വിശ്വാസാനുഭവമാണ്. ദൈവം തരുന്ന നന്മകള്‍ ഹൃദയത്തില്‍ അനുഭവിക്കുക, അംഗീകരിക്കുക. കൃതജ്ഞതയിലും നന്ദിയിലും ജീവിക്കുമ്പോള്‍ സംഭവിക്കുന്നത് എന്താണ്? രക്ഷ! ദൈവികമായ രക്ഷ! നമ്മുടെ ഹൃദയത്തില്‍ കൃതജ്ഞതയും സന്തോഷവും നിറയുമ്പോള്‍ നാം മറ്റുള്ളവരോട് നന്ദിയുള്ളവരായിരിക്കും. അര്‍ഹതയില്ലാഞ്ഞിട്ടും കിട്ടിയ നന്മകള്‍ക്ക് ദൈവത്തോട് നന്ദിയുള്ളവരായിരിക്കും. അതിലും ഉപരിയായിട്ട് മറ്റൊരു കാര്യമുള്ളത്, എനിക്ക് നന്മകള്‍ ദൈവം ഔദാര്യമായിട്ട്, സൗജന്യമായിട്ട് തരുന്നതാണെങ്കില്‍, ഉറപ്പ് ഞാനും അറിയാതെ ഈ ഉദാരത എന്‍റെ കൂടപ്പിറപ്പുകളോട് കാണിക്കും. ഉദാരതയോടെ കൊടുക്കാനായിട്ട് ഞാന്‍ അറിയാതെ പ്രേരിതനാകും. അതോടൊപ്പം ഈ ഉദാരത നാം ദൈവത്തോടും കാണിക്കും. ഇത്രയും കൂടുതല്‍ തരുന്ന എന്‍റെ ദൈവത്തോടും എന്‍റെ സഹോദരങ്ങളോടും നന്ദിയുള്ളവരായി ജീവിക്കും. ഉദാരതയോടെ കൊടുക്കാന്‍ എന്‍റെ മനസ്സില്‍ പ്രേരണയുണ്ടാകും.

ഇങ്ങനെ തമ്പുരാന്‍ ജീവിതത്തില്‍ തന്നുകൊണ്ടിരിക്കുന്ന, എനിക്ക് അര്‍ഹതയും അവകാശവും ഇല്ലാഞ്ഞിട്ടും വളരെ സൗജന്യമായിട്ട്, അളവില്ലാതെ തന്നുകൊണ്ടിരിക്കുന്ന നന്മകള്‍ അനുഭവിച്ചു ജീവിക്കുമ്പോള്‍ ഞാനും ഹൃദയത്തിന്‍റെ, ഹൃദയത്തി‍ലെ എന്‍റെ തമ്പുരാനോടും, എന്‍റെ സഹോദരങ്ങളോടും ഔദാര്യം കാണിക്കും.  തമ്പുരാന്‍ എന്നോടു കാണിക്കുന്ന ഉദാരത എന്‍റെ സഹോദരങ്ങളോടു കാണിക്കാന്‍ പ്രേരിതനാക്കുന്നു. അങ്ങനെ ജീവിക്കുമ്പോള്‍ സംഭവിക്കുന്നത് എന്താണ്? രക്ഷ! അതായത് ജീവന്‍, നിത്യജീവന്‍! എന്നിലെ ജീവന്‍ വളരുകയാണ്, ത്രസിക്കുകയാണ്! ഈ വലിയ അനുഭവത്തിന്‍റെ ഉദാരതയുടെയും അനുഗ്രഹത്തിന്‍റെയും മുന്നില്‍ എന്നിലെ ജീവന്‍ കൂടുതല്‍ കൂടുതല്‍ പ്രകാശിതമാവുകയാണ്. മാത്രമല്ല, മരണശേഷവും ജീവന്‍ തുടരുകയാണ്. അതാണ് നിത്യജീവന്‍! അതാണ് രക്ഷ! ഈശോ പറഞ്ഞു തരുന്നത്, ഈ രക്ഷയ്ക്കും നിത്യജീവനുമുള്ള വഴിയാണ., അത് വളരെ ലളിതമായിട്ട് ഈശോ അവതരിപ്പിക്കുന്നു. നീ നിന്‍റെ തന്നെ ഹൃദയത്തെ അറിയുക, നോക്കുക, ഹൃദയംകൊണ്ടു വായിക്കുക. ദൈവിക നന്മകള്‍ സൗജന്യമായി ലഭിക്കുന്നതാണെന്നു തിരിച്ചറിഞ്ഞ് അവ അനുഭവിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോള്‍ രക്ഷയുടെ വഴി നമുക്കായ് തുറക്കപ്പെടും.

നമുക്ക് പ്രാര്‍ത്ഥിക്കാം.

ഈശോയേ, അങ്ങ് കാണിച്ചു തരുന്ന രക്ഷയുടെ വഴി സ്വീകരിക്കാന്‍, ഹൃദയത്തില്‍ നിറയുന്ന ആഹ്ലാദത്തോടെയും, നന്ദിയോടുംകൂടെ തിരിച്ചു വരുന്ന സമറിയാക്കാരന്‍ കുഷ്ഠരോഗിയുടെ മാനസിക ഭാവത്തിലേയ്ക്ക് എന്നെയും വളര്‍ത്തണമേ! എന്‍റെ ജീവിതത്തില്‍ അങ്ങ് അനുദിനം ചൊരിഞ്ഞുകൊണ്ടിരിക്കുന്ന നന്മകളുണ്ട്. എനിക്ക് ഒരു അവകാശവുമില്ലാഞ്ഞിട്ടും, സൗജന്യമായി അങ്ങേ സമ്പന്നതയില്‍ ചൊരിയുന്ന നന്മകളെ അറിയാനും അനുഭവിക്കാനും, അത് ഹൃദയത്തില്‍ അനുഭവിച്ച് നന്ദിയോടെ ജീവിക്കുവാനുമുള്ള കൃപതരിക. ഒപ്പം അങ്ങേ ഉദാരത എന്‍റെ ചുറ്റുമുള്ള കൂടപ്പിറപ്പുകളോട് കാണിക്കാനും, കണ്ടുമുട്ടുന്നവരോടൊക്കെ കാണിക്കാനുമുള്ള കൃപതരേണമേ! അതിലൂടെ ഈശോയെ രക്ഷയിലേയ്ക്ക്, നിത്യജീവനിലേയ്ക്ക് അങ്ങ് എന്നെ കൈപിടിച്ച് ഉയര്‍ത്തണമേ! ആമേന്‍!!

 








All the contents on this site are copyrighted ©.