2016-10-07 15:46:00

വത്തിക്കാനില്‍ മേരിയന്‍ പരിപാടികള്‍ കാരുണ്യത്തിന്‍റെ ജൂബിലിയാഘോഷം


ഒക്ടോബര്‍ 8, 9 ശനി, ഞായര്‍ ദിവസങ്ങളിലാണ് കാരുണ്യത്തിന്‍റെ അനിതരസാധാരണമായ ജൂബിലിയുടെ ഭാഗമായി മേരിയന്‍ പരിപാടികള്‍ വത്തിക്കാനില്‍ അരങ്ങേറുന്നത്.

ആദ്യദിനം, ഒക്ടോബര്‍ 8-ാം തിയതി ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.30-ന് വിശുദ്ധ പത്രോസിന്‍റെ വിശാലമായ ചത്വരത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ജാഗരപ്രാര്‍ത്ഥനയ്ക്കും ജപമാല സമര്‍പ്പണത്തിനും പാപ്പാ ഫ്രാന്‍സിസ് നേതൃത്വംനല്ക്കും, സന്ദേശംനല്കും.  രണ്ടാംദിനം, 9-ാം തിയതി ഞായറാഴ്ച രാവിലെ 10.30-ന് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ താല്‍ക്കാലിക വേദിയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലിയര്‍പ്പിക്കപ്പെടും.

രാജ്യന്തര പങ്കാളിത്തമുള്ള പരിപാടികളില്‍ മരീയന്‍ സംഘടനകളും വിശ്വാസികളും, സഭാസമൂഹങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കും. മേരിയന്‍ ദൃശ്യാവതരണങ്ങളും വിഖ്യാതമായ മേരിയന്‍ ഗാനഹാരങ്ങളും സായാഹ്നപരിപാടിക്ക് മാറ്റേകും. വിവിധ രാജ്യങ്ങളിലെ ദേശീയ അന്തര്‍ദേശീയ മേരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ പ്രതിനിധികളുടെ പ്രദക്ഷിണവും സാന്നിദ്ധവും ജൂബിലവത്സരത്തിലെ മേരിയന്‍ ആഘോഷത്തിന് അരങ്ങാകുമെന്ന് വത്തിക്കാന്‍റെ ആരാധനക്രമ കാര്യാലയത്തിന്‍റെ ഉത്തരവാദിത്ത്വം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനി ഒക്ടോബര്‍ 5-ാം തിയതി ബുധനാഴ്ച പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി.








All the contents on this site are copyrighted ©.