2016-10-07 12:10:00

എല്ലാവര്‍ക്കുമായുള്ള ഒരു സഭയ്ക്കുവേണ്ടി പരിശ്രമിക്കുക


എല്ലാവര്‍ക്കും വേണ്ടിയുള്ളതും എല്ലാവരേയും സ്വാഗതം ചെയ്യാനും തുണയ്ക്കാനും സന്നദ്ധവുമായ ഒരു സഭയ്ക്കുവേണ്ടി പരിശ്രമിക്കുക സുപ്രധാനമെന്ന് മാര്‍പ്പാപ്പാ.

അമലോത്ഭവ മറിയത്തിന്‍റെ സമര്‍പ്പിതര്‍ എന്ന പ്രേഷിത സന്യാസസമൂഹത്തിന്‍റെ  പൊതുസംഘത്തില്‍, അഥവാ, ജനറല്‍ ചാപ്റ്ററില്‍ സംബന്ധിക്കുന്നവരടങ്ങിയ നൂറോളം പേരെ വെള്ളിയാഴ്ച (07/10/16) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഈ സന്യാസസമൂഹം അതിന്‍റെ രണ്ടാം സ്ഥാപന ശതാബ്ദി ഇക്കൊല്ലം ആഘോഷിക്കുന്നത് അനുസ്മരിച്ച പാപ്പാ പ്രസ്തുത സമൂഹത്തിന്‍റെ സ്ഥാപകനായ വാഴ്ത്തപ്പെട്ട യൂജിന്‍ മത്സേന്തൊ എന്ന യുവവൈദികന് ക്രിസ്തുവിനോടുണ്ടായിരുന്നു ത്യാഗപൂര്‍ണ്ണസ്നേഹവും സഭയോടുണ്ടായിരുന്ന നിരുപാധിക സ്നേഹവും തങ്ങളില്‍ നവീകരിക്കാന്‍ ഈ സമൂഹാംഗങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഓര്‍മ്മിപ്പിച്ചു.

വിവിധ മേഖലകളിലെ വലിയ രൂപാന്തരീകരണത്തിന്‍റെ കാലഘട്ടം അഖിലലോകത്തോടുമൊപ്പം ജീവിക്കുന്ന സഭയക്ക് ഈ ദ്വിവിധ സ്നേഹം ഹൃദയത്തില്‍ സംവഹിക്കുന്ന മനുഷ്യരെ ആവശ്യമുണ്ടെന്ന് പാപ്പാ പറഞ്ഞു.

ഫ്രഞ്ചു വിപ്ലവം ഊതിക്കെടുത്തുകയായിരുന്ന വിശ്വാസ ദീപം വീണ്ടും കൊളുത്താന്‍ തുടക്കത്തില്‍ യത്നിച്ച അമലോത്ഭവ മറിയത്തിന്‍റെ സമര്‍പ്പിത ജീവിത സമൂഹം ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ പഞ്ചഭൂഖണ്ഡങ്ങളില്‍ വ്യാപിച്ചതും പാപ്പാ അനുസ്മരിച്ചു. 3200 ലേറെ വൈദികരുള്‍പ്പടെ 4500 ല്‍പ്പരം അംഗങ്ങളുള്ള ഈ സന്യാസസമൂഹം 1816 ജനുവരി 25 നാണ് സ്ഥാപിതമായത്.








All the contents on this site are copyrighted ©.