2016-10-07 11:12:00

അധര്‍മ്മത്തെ സുവിശേഷവഴിയില്‍ നേരിടാം : ആംഗ്ലിക്കന്‍-കത്തോലിക്കാ കൂട്ടായ്മ


ഒക്ടോബര്‍ 6-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ പാപ്പാ പ്രാന്‍സിസുമായി നടന്ന ആംഗ്ലിക്കന്‍ മെത്രാന്‍സംഘത്തിന്‍റെ കൂടിക്കാഴ്ചയില്‍ നല്കിയ ആമുഖപ്രഭാഷണത്തിലാണ് ആര്‍ച്ചുബിഷപ്പ് വെല്‍ബി ഇങ്ങനെ പ്രസ്താവിച്ചത്.

യുദ്ധം, കുടിയേറ്റം, കാലാവസ്ഥ വ്യതിയാനം, സാമ്പത്തിക മാന്ദ്യം, സാമൂഹിക അസമത്വം, അഴിമതി, മൗലികവാദം, ഭീകരത എന്നിങ്ങനെ മാനവികത ഇന്നു നേരിടുന്ന അപകടങ്ങള്‍ നിരവധിയാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്ക് കയ്യുംകണക്കുമില്ലെന്നും ആര്‍ച്ചചുബിഷപ്പെ വെല്‍ബി ചൂണ്ടിക്കാട്ടി. നവസാങ്കേതികതകള്‍ മിന്നല്‍ വേഗത്തില്‍ അതിന്‍റേതായ തിന്മകളും ഇന്നു വിതയ്ക്കുന്നുണ്ട്. ജീവനോടുള്ള നിഷേധഭാവം, പാവങ്ങളോടും വയോജനങ്ങളോടുമുള്ള അവഗണന, പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന കുടുംബജീവിതം എന്നിവ ഇന്നിന്‍റെ മൂല്യഛ്യുതി തന്നെയാണ്. നല്ലിടയനായ ക്രിസ്തുവിന്‍റെ സന്തോഷത്താലും പ്രത്യാശയാലും നിറഞ്ഞ് ആംഗ്ലിക്കന്‍-കത്തോലിക്ക സഭകളുടെ നവമായ ഈ കണ്ണിചേരലിന് ഈ ലോകത്തിന്‍റെ അനീതിയെയും അധര്‍മ്മത്തെയും സുവിശേഷവഴിയില്‍ നേരിടാന്‍ സാധിക്കുമെന്ന് ആര്‍ച്ചുബിഷപ്പ് വെല്‍ബി പ്രത്യാശപ്രകടിപ്പിച്ചു.

ലോകത്തിന് ഇന്നു പാപ്പാ ഫ്രാന്‍സിസ് നല്കുന്ന ധാര്‍മ്മിക നേതൃത്വത്തെ പ്രഭാഷണത്തിന്‍റെ ആമുഖത്തില്‍ അദ്ദേഹം ശ്ലാഘിച്ചു. പാപ്പായുടെ ജീവിത മാതൃക ആംഗ്ലിക്കന്‍ സഭയ്ക്ക് പ്രചോദനമാണെന്നും ആര്‍ച്ചുബിഷപ്പ് വെല്‍ബി പ്രസ്താവിച്ചു. പാവങ്ങളോടുള്ള പ്രതിപത്തിയും, എളിയവരെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും തേടി അതിരുകളിലേയ്ക്കുള്ള പാപ്പായുടെ യാത്രകളും പ്രചോദനാത്മകമെന്ന് അദ്ദേഹം വ്യക്തമാക്കി.  കുടിയേറ്റക്കാരുടെ കൂടെനടക്കുന്ന മനോഭാവം, നവമായ അടിമത്വത്തിനും മനുഷ്യക്കടത്തിനുമെതിരെയുള്ള പോരാട്ടം, കാലാവസ്ഥ വ്യതിയാനത്തിനെതിരെ രാഷ്ട്രനേതാക്കളുടെ പാരീസ് സമ്മേളനത്തില്‍ നല്കിയ ധാര്‍മ്മികദര്‍ശനം, റോമിനും സഭാതിര്‍ത്തുകള്‍ക്കുമപ്പുറം എത്തിപ്പെടുന്ന ആഗോളവ്യാപ്തിയുള്ള സന്ദേശങ്ങളും പഠനങ്ങളും എന്നിങ്ങനെ പാപ്പാ ഫ്രാന്‍സിസിന്‍റെ വ്യക്തിത്വത്തിലെ സമര്‍പ്പണത്തിന്‍റെയും സേവനത്തിന്‍റെയും മേന്മകള്‍ ആര്‍ച്ചുബിഷപ്പ് വെല്‍ബി പ്രഭാഷണത്തില്‍ എണ്ണിപ്പറഞ്ഞു.  

ഇരുസഭകളും തമ്മിലുള്ള സഹകരണവും കൂട്ടായ്മയും വളരണം എന്ന നിയോഗവുമായുള്ള ആഗ്ലിക്കന്‍-കത്തോലിക്കാ സഖ്യത്തിന്‍റെ രണ്ടാംഘട്ട സംഗമമാണ് ഒക്ടോബര്‍ 6-ാം തിയതി വ്യാഴാഴ്ച,  രാവിലെ 10-മണിക്ക് വത്തിക്കാനിലെ പാപ്പാമാരുടെ ഹാളില്‍ സംഗമിച്ചത്. ആര്‍ച്ചുബിഷപ്പ് വെല്‍ബിയെക്കൂടാതെ മറ്റു 35 ആംഗ്ലിക്കന്‍ മെത്രാന്മാര്‍ പങ്കെടുത്ത സംഗമത്തെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു.








All the contents on this site are copyrighted ©.