2016-10-06 20:26:00

നിയമത്തില്‍ കടിച്ചുതൂങ്ങുന്നതല്ല വിശ്വാസമെന്ന് പാപ്പാ ഫ്രാന്‍സിസ്


ഒക്ടോബര്‍ 6-ാം തിയതി വ്യാഴാഴ്ച രാവിലെ, പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലിയര്‍പ്പിക്കവെയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. പൗലോസ് അപ്പസ്തോലന്‍ ഗലാത്തിയര്‍ക്ക് എഴുതിയ ആദ്യവായനയെ ആധാരമാക്കിയാണ് പാപ്പാ ചിന്തകള്‍ പങ്കുവച്ചത് (ഗലാത്തി. 3, 1-5).

സംവിധാനങ്ങളെയും സിദ്ധാന്തങ്ങളെയും വളര്‍ത്താനും, അവയില്‍ സന്തോഷിക്കാനും വിജയംനേടാനും നിയമങ്ങള്‍ ഉപകാരപ്പെട്ടേക്കാം. നിയമത്തെ നമുക്ക് ഉപയോഗപ്പെടുത്താം. എന്നാല്‍ വിശ്വാസത്തിന് ആധാരം ദൈവിക വെളിപാടാണ്. അതിന്‍റെ പ്രയോക്താവ് പരിശുദ്ധാത്മാവാണ്. അതിനാല്‍ അനുദിന ജീവിതത്തിലും, ജീവിതസാഹചര്യങ്ങളിലും ദൈവാത്മാവു നല്കുന്ന പ്രചോദനങ്ങളോട് തുറവുള്ളവരായിരിക്കാം. പാപ്പാ ഉദ്ബോധിപ്പിച്ചു. ദൈവപിതാവ് പുത്രനിലൂടെ നല്കിയ വലിയ ദാനമാണ് അരൂപി. ഭീതിയാല്‍ ഒതുങ്ങിപ്പോയേക്കാമായിരുന്ന ആദിമ അപ്പസ്തോല കൂട്ടായ്മ. അപ്പസ്തോലന്മാരുടെ ഭീതി മാറ്റി, ഒളിവില്‍നിന്നും വെളിവിലേയ്ക്ക് അവരെ നയിച്ചതും, ധൈര്യത്തോടെ പുറത്തുവരാനും, ക്രിസ്തുവിന്‍റെ സുവിശേഷം പ്രഘോഷിക്കാന്‍ പ്രേരണയും പ്രചോദനവും കരുത്തും നല്കിയത് കര്‍ത്താവിന്‍റെ ആരൂപിയാണ്, ദൈവാത്മാവാണ്.  സഭയുടെ മാര്‍ഗ്ഗദര്‍ശിയായ പ്രഭാതനക്ഷത്രമാണ് പരിശുദ്ധാത്മാവ്! അരൂപിയുടെ നിറവും ചൈതന്യവുമില്ലെങ്കില്‍ നാം ഭീതി നിറഞ്ഞ്, പേടിച്ചരണ്ട് ശുഷ്ക്കിച്ചവരായി മാറും.

അരൂപിയോടുള്ള ത്രിവിധ സമീപനത്തെക്കുറിച്ചും, മനോഭാവത്തെക്കുറിച്ചും പാപ്പാ പങ്കുവച്ചു:

1. നിയമാനുഷ്ഠാനത്തില്‍ മുഴുകി കര്‍ത്താവിന്‍റെ അരുപിയുടെ പ്രേരണകളെയും പ്രചോദനങ്ങളെയും, ക്രിസ്തുവിനെ തന്നെയും നിഷേധിക്കുന്ന മനോഭാവമാണ് ആദ്യത്തേത്. ക്രിസ്തുവിനാല്‍ അല്ലാതെ, നിയമത്താല്‍ ന്യായീകരിക്കപ്പെടുന്നവരെ പൗലോശ്ലീഹാ കൂറ്റപ്പെടുത്തുന്നു. അരൂപിയുടെ പ്രേരണകളെ നിഷേധിച്ച ഭോഷന്മാരെന്ന് അവരെ വിളിക്കുന്നു. നിയമത്തില്‍ കടിച്ചുതൂങ്ങുന്ന ഈ സങ്കുചിത മനഃസ്ഥിതിയെ കപടതെയെന്നും ശ്ലീഹ ആരോപിക്കുന്നു. ഇത് രക്ഷയുടെ വഴികളെ തടസ്സപ്പെടുത്തുകയും, നഷ്ടമാക്കയും ചെയ്യുന്ന മനോഭാവമാണ്.

ദൈവകല്പനകള്‍ നാം അനുസരിക്കണം. എന്നാല്‍ ‘നിയമജ്ഞന്മാര്‍’ നിയമത്തിലും അതിന്‍റെ ചിന്താധാരകളിലും വൃഥാസന്തോഷിക്കുന്നവരും അതില്‍ കടിച്ചുതൂങ്ങുന്നവരുമാണ്.  അനുദിനം വെളിപ്പെട്ടു കിട്ടുന്ന ദൈവാത്മാവിന്‍റെ വഴികള്‍ക്ക് തുറവുള്ളവരായിരിക്കാം. തുറവില്ലാത്തവര്‍ അന്ധരും അഞ്ജരുമാണ്. അങ്ങനെയുള്ളവരെയാണ് ശ്ലീഹാ ‘വിഢികളെ’ന്നു വിളിക്കുന്നത്.

2. പരിശുദ്ധാത്മിവിന്‍റെ പ്രചോദനങ്ങളോട് തുറവില്ലാത്തവര്‍ മന്ദമായ ജീവിതത്തിലേയ്ക്കും, തീക്ഷ്ണതയില്ലാത്ത മനുഷ്യരായും മാറും. ജീവിതത്തന്‍റെ നേരായ വഴികള്‍ അവര്‍ക്ക് മെല്ലെ നഷ്ടമാകും. അരുപിയുടെ വഴികള്‍ നമുക്ക് എങ്ങും എവിടെയും എപ്പോഴും വെളിപ്പെടുന്നുണ്ടെങ്കിലും, അടഞ്ഞ മനഃസ്ഥിതിമൂലം അവയെ നാം കാണാതെയും കേള്‍ക്കാതെയും പോകുന്നു. മന്ദവും, അലസവുമായ ഈ ജീവിതത്തില്‍ ദൈവാത്മാവ് പ്രവേശിക്കുകയില്ല, പ്രവര്‍ത്തിക്കുകയുമില്ല.

3. ദൈവാത്മാവാല്‍ പ്രചോതിദനായ മനുഷ്യന്‍ തീക്ഷ്ണമതിയാണ്! അയാള്‍ ഒരു ‘തീപിടിച്ചാത്മാവാ’ണ്. ദൈവാത്മാവിന്‍റെ കാറ്റുപിടിച്ച് ഒരു പായക്കപ്പലിന് എന്നപോലെ അയാള്‍ മുന്നോട്ടു മുന്നോട്ടു തന്നെ പായുന്നു. അതിനാല്‍ ക്രിസ്തുവിന്‍റെ വചനത്തിനും അവിടുത്തെ സുവിശേഷ മുല്യങ്ങള്‍ക്കും കല്പനകള്‍ക്കും അനുസാരം മുന്നേറാന്‍, സുവിശേഷസന്തോഷത്തില്‍ ജീവിക്കാന്‍... ദൈവാത്മാവിന്‍റെ തീക്ഷ്ണതയുടെ തീജ്വാലയും വെളിച്ചവും കാറ്റും നമുക്ക് അനിവാര്യമാണ്. 

അനുദിന ജീവിതത്തില്‍ ദൈവാത്മാവിനോടുള്ള തുറവിനായി, അതിനാല്‍ പ്രാര്‍ത്ഥിക്കണമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് വചനചിന്തകള്‍ പാപ്പാ ഫ്രാന്‍സിസ് ഉപസംഹരിച്ചത്.

 








All the contents on this site are copyrighted ©.