2016-10-05 18:44:00

കളിക്കുന്നവര്‍ക്കും കളി കാണുന്നവര്‍ക്കും ആനന്ദം...! – പാപ്പാ ഫ്രാന്‍സിസ്


“കളികള്‍ മാനവികതയുടെ സേവനത്തിന്…” (കളികളും വിശ്വാസവും)  എന്ന ശീര്‍ഷകത്തില്‍ വത്തിക്കാന്‍ സംഘടിപ്പിച്ച രാജ്യാന്തര കായിക സമ്മേളനത്തെ ഒക്ടോബര്‍ 5-ാം തിയതി വൈകുന്നേരം പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു. ഒക്ടോബര്‍ 7-ാം തിയതി വെള്ളിയാഴ്ചവരെ നീളുന്ന സംഗമത്തിന്‍റെ പ്രഥമദിനമായിരുന്നു ബുധനാഴ്ച.

കളികള്‍ മനുഷ്യന്‍റെ ശാരീരികതലത്തെ മറികടക്കുന്നുവെന്നും, ഉയരങ്ങളുടെയും വേഗതയുടെയും കരുത്തിന്‍റെയും (altius, citius, fortius) തലങ്ങള്‍ക്കപ്പുറം അവ നല്കുന്ന സന്തോഷം കളി‍ക്കുന്നവര്‍ക്കും കളി കാണുന്നവര്‍ക്കും ഒരുപോലെ സന്തോഷം പകരുമെന്ന് ഒളിംപിക് കളികളുടെ ആദര്‍ശവാക്യം ഉദ്ധരിച്ചുകൊണ്ട് പാപ്പാ ചൂണ്ടിക്കാട്ടി. എന്നാല്‍ ആത്മാര്‍ത്ഥവും നീതിനിഷ്ഠവുമല്ലാത്ത കായികനേട്ടങ്ങള്‍ അധാര്‍മ്മികവും മാനവികതയുടെ സമഗ്ര വികസനവും സന്തോഷവും കെടുത്തുന്നതാണെന്ന് പാപ്പാ പ്രസ്താവിച്ചു. ജാതിമത വംശീയ വൈവിധ്യങ്ങള്‍ക്കപ്പുറം മാനവരാശിയുടെ സമഗ്രമായ കൂട്ടായ്മ പ്രകടാമാക്കാനുള്ള സ്പോര്‍ടിന്‍റെ സുന്ദരമായ കായികവേദിയില്‍ അഴിമതിയും അക്രമവും കടന്നുവരാന്‍ അനുദവിദക്കരുത്. കായികതാരങ്ങളും അതിന്‍റെ മേഖലയിലെ പ്രമുഖരും, വിവിധ മതനേതാക്കളും ഉള്‍പ്പെട്ട 7000-പേരുടെ സമ്മേളനത്തോട് പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു.

ലോകത്തെ സകലരെയും വിശിഷ്യാ പാവങ്ങളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും, യുദ്ധത്തിന്‍റെയും അഭ്യന്തര കാലപങ്ങളുടെയും രംഗങ്ങളില്‍ കഴിയുന്നവരെയും, ഭിന്നശേഷിയും കഴിവുകുറവും ഉള്ളവരെ ഉള്‍ക്കൊള്ളാന്‍ കായികാഭ്യാസത്തിന്‍റെയും കളികളുടെയും വിശാലവീഥി മാനവവികസവും പുരോഗതിയും സന്തോഷവും ധാര്‍മ്മികതയും ലക്ഷ്യമാക്കി നിലകൊള്ളേണ്ടതാണ്.

................................

ഐക്യരാഷ്ട്ര സംഘടനയുടെ പിന്‍തുണയോടെയാണ് വത്തിക്കാന്‍റെ സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ കായികമത്സരങ്ങളുടെ ധാര്‍മ്മികത സംബന്ധിച്ച പ്രഥമ രാജ്യാന്തര സംഗമം വത്തിക്കാന്‍ സംഘടിപ്പിച്ചത്. എന്നാല്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രോത്സാഹിപ്പിക്കുകയും വിവിധ രാജ്യങ്ങളില്‍ പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന പ്രസ്ഥാനമാണ് കളിയുടെയും കായികമേഖലയിലെയും ഈ കൂട്ടായ്മ. വിവിധ തരത്തിലും തലത്തിലുമുള്ള കായിക മേഖലകളില്‍നിന്നും കുട്ടികളും യുവജനങ്ങളും പ്രായവരും ഉള്‍പ്പെടെ പ്രതിനിധികളും ക്ഷണിതാക്കളുമായി പോള്‍ ആറാമന്‍ ഹാള്‍ നിറഞ്ഞു കവിഞ്ഞിരുന്നു.

വത്തിക്കാന്‍റെ സാംസ്ക്കാരിക കാര്യാലയത്തിന്‍റെ തലവന്‍, കര്‍ദ്ദിനാള്‍ ജ്യാന്‍ഫ്രാങ്കോ റവാത്സി സ്വാഗതാശംസ നടത്തിയ സമ്മേളനത്തില്‍ ഐക്യാരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറല്‍, ബാന്‍ കി മൂണ്‍, രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ പ്രസിഡന്‍റ്, തോമസ് ബാഹ് ഉള്‍പ്പെടെ ധാരാളം പ്രമുഖരും, വിവിധ മതനേതാക്കളും വേദിയില്‍ സന്നിഹിതരായിരുന്നു. കായികതാരങ്ങളുടെ രാജ്യാന്തര കൂട്ടായ്മ (Alliance for Sports) സംഘടനയുടെ  പ്രസിഡന്‍റ്, ക്രിസ്ത്യന്‍ ടുറിഞ്ചര്‍, ബ്രിട്ടിഷ് ഫുഡ്ബോള്‍ താരം Kashif Siddiqi എന്നിവരും, മറ്റു സ്പേര്‍ട്സ് താരങ്ങളും ഇറ്റലിയുടെ കായികപ്രതിഭകളും സന്നിഹിതരായിരുന്നു.  വേദിയിലുണ്ടായിരുന്ന പ്രമുഖരോടും കായിക താരങ്ങളോടുമൊപ്പം ഫോട്ടോ എടുക്കാനും പാപ്പാ ഫ്രാന്‍സിസ് കാത്തുനിന്നു.








All the contents on this site are copyrighted ©.