2016-10-04 12:06:00

ഭാരതസന്ദര്‍ശനത്തിന് 2017-ല്‍ സാദ്ധ്യത : പാപ്പാ ഫ്രാന്‍സിസ്


ജോര്‍ജിയ-അസര്‍ബൈജാന്‍ അപ്പസ്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഒക്ടോബര്‍ 2-ാം തിയതി ഞായറാഴ്ച രാത്രി വത്തിക്കാനിലേയ്ക്ക് മടങ്ങവെ വിമാനത്തിലുണ്ടായിരുന്ന രാജ്യാന്തര മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഭാരത സന്ദര്‍ശനത്തിനുള്ള സാദ്ധ്യതയെക്കുറിച്ചു പാപ്പാ ഫാന്‍സിസ് സംസാരിച്ചത്.

  1. ഭാരതസന്ദര്‍ശനം

സമയവും സാഹചര്യങ്ങളും ഇണങ്ങി വന്നാല്‍ 2017-ല്‍ ഇന്ത്യയും ബാംഗ്ലാദേശും സന്ദര്‍ശിക്കുമെന്ന്, പോര്‍ചുഗീസ് മാധ്യമ പ്രവര്‍ത്തക, ഔറാ മിഗുവേലിന്‍റെ ചോദ്യത്തോട് പ്രത്യുത്തരിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് വെളിപ്പെടുത്തി. തന്‍റെ ജന്മനാടായ അര്‍ജന്‍റീനയുടെ സ്വാതന്ത്ര്യലബ്ധിയുടെ   200-ാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ക്ഷണം നിരസ്സിച്ചുകൊണ്ട് അയച്ച സന്ദേശത്തില്‍ സൂചിപ്പിച്ച കാരണങ്ങളില്‍ ഒന്ന് 2017-ലെ ഏഷ്യാ സന്ദര്‍ശനമായിരുന്നു. പ്രസ്തുത സന്ദേശത്തിലെ വാക്കുകള്‍ ഏറ്റുപിടിച്ചുകൊണ്ടായിരുന്നു അടുത്തവര്‍ഷം സന്ദര്‍ശിക്കാന്‍ പോകുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ ഏതെല്ലാമെന്നും എപ്പോഴാണെന്നും മിഗുവേല്‍ ചേദിച്ചത്. ഓറാ മിഗുവേല്‍ പോര്‍ച്ചുഗലിലെ വിഖ്യാതമായ Radio Renascenca-യുടെ അറിയപ്പെട്ട പ്രവര്‍ത്തകയാണ്.

  1. ഫാത്തിമാനാഥയുടെ സന്നിധിയിലേയ്ക്കുള്ള തീര്‍ത്ഥാടനം

2017 മെയ് മാസത്തില്‍ പോര്‍ച്ചുഗല്‍ സന്ദര്‍ശിക്കുമെന്ന് പാപ്പാ വെളിപ്പെടുത്തി. കന്യകാനാഥ പ്രത്യക്ഷപ്പെട്ടതിന്‍റെ ശതാബ്ദിയുമായി ബന്ധപ്പെട്ട് താന്‍ ഫാത്തിമായിലെ തീര്‍ത്ഥത്തിരുനട സന്ദര്‍ക്കുമെന്ന് പാപ്പാ വ്യക്തമാക്കി. വിവിധ ദേശീയ മെത്രാന്‍ സമിതികളുമായുള്ള ആദ് ലീമിന കൂടിക്കാഴ്ചകള്‍ കാരുണ്യത്തിന്‍റെ ജൂബിലി പരിപാടികള്‍മൂലം മുടങ്ങിക്കിടക്കുകയാണെന്നും അതിനാല്‍ 2017-ല്‍ രാജ്യന്തര സന്ദര്‍ശനങ്ങള്‍ അധികം ഉദ്ദേശിക്കുന്നില്ലെന്നും പാപ്പാ പറഞ്ഞു.

  1. വിവാഹം, സഭാകൂട്ടായ്മ എന്നിവയെക്കുറിച്ച്

വിവാഹമോചനം, ലിംഗമാറ്റവും സ്വവര്‍ഗ്ഗ വിവാഹവും, സഭകളുടെ കൂട്ടായ്മ, സംവാദത്തിലൂടെയുള്ള രാഷ്ട്രങ്ങളിലെ അനുരഞ്ജന ശ്രമങ്ങള്‍, ഫ്രാന്‍സില്‍ കൊല്ലപ്പെട്ട ഫാദര്‍ ഹാമേലിന്‍റെ നാമകരണ നടപടിക്രമം എന്നിവ സംബന്ധിച്ചും വിവിധ രാജ്യക്കാരായ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പാപ്പാ തുറവോടെ ഉത്തരംപറഞ്ഞു.  വിവാഹമോചനം, ലിംഗമാറ്റവും സ്വവര്‍ഗ്ഗ വിവാഹം തുടങ്ങിയ ധാര്‍മ്മികപരമായ വിഷയങ്ങള്‍ക്ക് സഭാപ്രബോധനങ്ങളുടെ വെളിച്ചത്തില്‍ സഭയുടെ കാരുണ്യവീക്ഷണം പാപ്പാ ആവര്‍ത്തിച്ചു പ്രസ്താവിച്ചു. ദൈവം വിഭാവനംചെയ്ത സ്ത്രീയും പുരുഷനു തമ്മിലുള്ള വിവാഹബന്ധത്തിന്‍റെ അഭേദ്യതയ്ക്കു വിരുദ്ധമായ ഭിന്നിപ്പും, വിവാഹമോചനവും ദൈവികതയുടെ മനോഹാരിതയ്ക്ക് മങ്ങലേല്പിക്കുന്ന പ്രവൃത്തിയാണെന്ന് പാപ്പാ വ്യാഖ്യാനിച്ചു.

  1. ഫാദര്‍ ഹാമേലിന്‍റെ നാമകരണനടപടി

ഫ്രാന്‍സില്‍ ഭീകരര്‍ കഴുത്തറുത്ത് ബലിവേദിയില്‍ കൊലപ്പെടുത്തിയ ഫാദര്‍ ഷാക്ക് ഹാമേലിന്‍റെ നാമകരണനടപടി ക്രമങ്ങളെക്കുറിച്ചുള്ള ചോദ്യം ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകന്‍ ഷോണ്‍ മാരി ഗ്വനോയിയുടേതായിരുന്നു (Le Figaro). നാമകരണ നടപിടിക്രമം ഉടനെ ആരംഭിക്കുമെന്നു പറഞ്ഞത് പാപ്പാ ശരിച്ചു. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം പ്രസിദ്ധപ്പെടുത്തുമെന്നും പാപ്പാ അറിയിച്ചു.

  1. ചൈനയിലെ സഭ

ചൈനാസന്ദര്‍ശനത്തെക്കുറിച്ച് ചോദിച്ചത് ഷോണ്‍ മാരി തന്നെ. ചൈനയിലെ ദേശിയസഭയും, പിന്നെഅവിടെ ഒളിവില്‍ ജീവിക്കുന്ന സഭയുമുണ്ട്...! വത്തിക്കാനുമായി സംവാദം തുടരുകയാണ്. സര്‍ക്കാരുമായി ഇപ്പോള്‍ വത്തിക്കാന് നല്ല ബന്ധമുണ്ട്. എന്നാല്‍ കാര്യങ്ങള്‍ മന്ദഗതിയിലാണെന്നും, ധൃതികൂട്ടേണ്ട ആവശ്യമില്ലെന്നും പാപ്പാ പറഞ്ഞു. അമിതവേഗം അപകടമാണല്ലോ! എന്നാല്‍ (Laudato Si’) അങ്ങേയ്ക്കു സ്തുതി! സഭയുടെ പുതിയ പ്രബോധനത്തെക്കുറിച്ചു വത്തിക്കാന്‍റെ ശാസ്ത്ര അക്കാഡിമി നടത്തിയ രാജ്യാന്തര സംഗമത്തില്‍ ചൈനിസ് പ്രതിനിധികള്‍ പങ്കെടുത്തതും, പ്രസിഡന്‍റ്, സി ജിന്‍പിങ് തനിക്ക് സമ്മാനം കൊടുത്തുവിട്ടതും പാപ്പാ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവച്ചു.

........................................

ഒരു മണിക്കൂര്‍ സമയത്തോളം ചോദ്യത്തരങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് 60-ല്‍ ഏറെ വരുന്ന രാജ്യാന്തര അംഗീകൃത മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം (Accredited agencies) തുറന്ന സംവാദത്തിനായി പാപ്പാ ചെലവഴിച്ചു. പിന്നെ വിശ്രമിക്കാനായി തന്‍റെ ക്യാബിനിലേയ്ക്ക് പിന്‍വാങ്ങി. പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രേഗ് ബേര്‍ക്കാണ് വിമാനത്തിലെ വാര്‍ത്താസമ്മേളനം ക്രമീകരിച്ചത്.








All the contents on this site are copyrighted ©.