2016-10-02 17:53:00

അസര്‍ബൈജാനില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ത്രികാലപ്രാര്‍ത്ഥന സന്ദേശം


അസര്‍ബൈജനിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക സന്ദര്‍ശനം ഒക്ടോബര്‍ 2-ാം തിയതി ഞായറാഴ്ച 10 മണിക്കൂര്‍ മാത്രം നീളുന്നതാണ്. മുസ്ലിം രാഷ്ട്രമായ അസര്‍ബൈജാനിലെ ചെറുഗണമായ കത്തോലിക്കരുടെ ഏകദേവാലയം, തലസ്ഥാന നഗരമായ ബാക്കുവില്‍ 2007-ലാണ് പണിതീര്‍ത്തത്. പൗരാണികമായ ഓര്‍ത്തഡോക്സ് ക്രൈസ്തവ പ്രാര്‍ത്ഥനലയങ്ങള്‍ അന്നാട്ടിലുണ്ട്. ബാക്കുവിലെ ദേവാലയം സലീഷ്യന്‍ സഭാസമൂഹത്തിന്‍റെ മേല്‍നോട്ടത്തിലാണ്. അമലോത്ഭവ മാതാവിന്‍റെ പേരിലാണത്. കൊല്‍ക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സും അവിടെ പ്രേഷിതജോലികളില്‍ വ്യാപൃതരാണ്.

ബാക്കുവിലെ മനോഹരമായ ദേവാലയത്തില്‍ ഞായറാഴ്ച രാവിലത്തെ പാപ്പാ ഫ്രാന്‍സിസ് ദിവ്യബലി അര്‍പ്പിച്ചു. ദിവ്യബലിയുടെ അന്ത്യത്തില്‍ ജനങ്ങള്‍ക്കൊപ്പം തൃകാലപ്രാര്‍ത്ഥന ചൊല്ലി, ഹ്രസ്വസന്ദേശവും നല്കി :

വിശുദ്ധ കുര്‍ബ്ബാനയില്‍ നാം ഒരുമിച്ച് ദൈവത്തിന് നന്ദി പറഞ്ഞു. പീഡനങ്ങളിലും പതറാത്ത ഇന്നാട്ടിലെ ക്രൈസ്തവ വിശ്വാസം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദൈവത്തിന് നന്ദിപറയാം. പത്രോസ്ലീഹാ ഉദ്ബോധിപ്പിക്കുന്നതുപോലെ, “വിശ്വസിക്കുന്നവര്‍ ബഹുമാനിതരാകും...”  (1പത്രോസ്, 2, 7).

കന്യകാമറിയത്തെ കത്തോലിക്കര്‍ മാത്രമല്ല, സകലരും അമ്മയായി വണങ്ങുന്ന നാടാണ് അസര്‍ബൈജാന്‍. ദൈവദൂതനിലൂടെ ശ്രവിച്ച സദ്വാര്‍ത്ത സ്വീകരിക്കുകയും, ദൈവത്തിന്‍റെ പദ്ധതിയില്‍ പൂര്‍ണ്ണമായി വിശ്വസിക്കുകയും സഹകരിക്കുകയും ചെയ്തവള്‍ മനുഷ്യകുലത്തിന് രക്ഷ നേടിത്തന്നു. രക്ഷകനെ ലോകത്തിനു നല്കാന്‍ അവള്‍ കാരണമായി. അതിനാല്‍ വിശ്വാസത്തിന്‍റെ മാതൃകയാണ് മറിയം. നമ്മില്‍ വിശ്വാസവെളിച്ചം ഇന്നും പകരുന്ന അമ്മയാണ് പരിശുദ്ധ കന്യാമറിയം. വിശ്വാസത്തിന്‍റെയും പ്രത്യാശയുടെ സ്നേഹത്തിന്‍റെയും മാതൃകയാണ് ദിവ്യജനനി. ഇന്നാട്ടില്‍ ഐക്യവും സ്നേഹവും വളര്‍ത്താന്‍ കന്യകാംബിക നിങ്ങളെ തുണയ്ക്കട്ടെ!

ഇവിടത്തെ സലീഷ്യന്‍ സമൂഹത്തിന്‍റെ ബഹുമുഖങ്ങളായ പ്രവര്‍ത്തനങ്ങളെയും, കൊല്‍ക്കത്തയിലെ വിശുദ്ധ മദര്‍ തെരേസയുടെ സഹോദരിമാരുടെ സാന്നിദ്ധ്യത്തെയും സേവനങ്ങളെയും ശ്ലാഘിക്കുന്നു. നിങ്ങളുടെ അജപാലകരുടെ പ്രവര്‍ത്തനങ്ങളോട് സഹകരിച്ച് നാട്ടില്‍ ക്രിസ്തീയ കൂട്ടായ്മ വളര്‍ത്തുക! ചെറുഗണമായ നിങ്ങളുടെ തീക്ഷ്ണതയും ചൈതന്യനവും തുടരുക, മുന്നേറുക!!

തുടര്‍ന്ന് ജനങ്ങള്‍ക്കൊപ്പം പാപ്പാ ത്രികാല പ്രാര്‍ത്ഥനചൊല്ലി. എന്നിട്ട് അപ്പസ്തോലിക ആശീര്‍വ്വാദവും നല്കി.








All the contents on this site are copyrighted ©.