2016-09-20 09:55:00

തിന്മ വിതയ്ക്കുവന്നവര്‍ ‘മാഫിയ’കളാണ് : പാപ്പാ ഫ്രാന്‍സിസിന്‍റെ വചനസമീക്ഷ


വിശ്വാസവിളക്ക് എന്നും തെളിഞ്ഞു പ്രകാശിക്കണം. അതൊരിക്കലും അണഞ്ഞുപോകാന്‍ അനുവദിക്കരുത്. മനുഷ്യര്‍ സ്വീകരിക്കുന്ന ദൈവിക വെളിച്ചം മറച്ചുവയ്ക്കാന്‍ പോരുന്ന കൂരിരുട്ട് ഇന്നു ലോകത്ത് നമുക്ക് ചുറ്റും പരക്കുന്നുണ്ട്. പാപ്പാ താക്കീതു നല്കി. നന്മയുടെ വെളിച്ചം ഊതിക്കെടുത്തുന്നത് അസൂസയും വിദ്വേഷവുമാണ്. തിന്മ വിതയക്കുന്നവരും അതിനായി ഗൂഢാലോചന നടത്തുന്നവരും അധോലോക പ്രവര്‍ത്തകരാണ്, ‘മാഫിയ’കളാണ്. പാപ്പാ വചനചിന്തയില്‍ പ്രസ്താവിച്ചു.

വിശ്വാസവെളിച്ചം തെളിയേണ്ടതും തെളിഞ്ഞു പ്രശോഭിക്കേണ്ടതുമാണ്. വിളക്കു കത്തിച്ച് ആരും അത് പറയുടെ കീഴില്‍ വയ്ക്കാറില്ല, സകലര്‍ക്കും വെളിച്ചം കിട്ടത്തക്കവിധത്തില്‍ വിളക്കു പീഠത്തിന്മേലാണ് അത് വയ്ക്കുന്നത്. സുവിശേഷത്തെ ഉദ്ദരിച്ചുകൊണ്ട് പാപ്പാ പ്രസ്താവിച്ചു (ലൂക്ക 8, 16-18). ജ്ഞാനസ്നാനത്തിലൂടെ ദൈവികദാനമായ വിശ്വാസത്തിന്‍റെ വെളിച്ചം സ്വീകരിച്ചവരാണ് ക്രൈസ്തവര്‍. ആ ദീപം പൊലിയാതെ കാത്തുസൂക്ഷിക്കാന്‍ കടപ്പെട്ടവരാണവര്‍. സഭാ പാരമ്പര്യത്തില്‍, വിശിഷ്യാ പൗരസ്ത്യ പാരമ്പര്യത്തില്‍ മാമോദീസയെ “വെളിച്ചത്തിന്‍റെ കൂദാശ”യെന്ന് വിശിശേഷിപ്പിച്ചിരിക്കുന്നത് വചനസമീക്ഷയില്‍ പാപ്പാ അനുസ്മരിച്ചു. ‍

വെളിച്ചം നന്മയാണ്. തിന്മ ഇരുട്ടാണ്. മന്ദതയുള്ള മനുഷ്യജീവിതം വിശ്വാസജീവിതത്തിന്‍റെ ഒളിമങ്ങിയ അവസ്ഥയാണ്. പേരിനുമാത്രം ക്രൈസ്തവനാകുന്ന അല്ലെങ്കില്‍ ഈശ്വരവിശ്വാസിയാകുന്ന അവസ്ഥയാണത്. വിശ്വാസവെളിച്ചമെന്നു പറയുന്നത് ജ്ഞാനസ്നാനത്തില്‍ സ്വീകരിക്കുന്ന വെളിച്ചമാണ്. അത് സത്യമായും ക്രിസ്തുവിന്‍റെ ദിവ്യവെളിച്ചമാണ്. വിശ്വാസവെളിച്ചം കൃത്രിമമല്ല, ആവിഷ്കൃത വെളിച്ചല്ല. ഒരിക്കലും പൊലിയാത്ത ശോഭയാര്‍ന്ന ദൈവികവെളിച്ചമാണത്. ഈ വിളക്ക് അണച്ചുകളയുന്ന, വിശ്വാസവെളിച്ചം കെടുത്തിക്കളയുന്ന ചില ഘടകങ്ങളെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചു :

ചെയ്യേണ്ട നന്മ ചെയ്യാതിരിക്കുക. അത് എപ്പോഴും മാറ്റിവയ്ക്കുക. അലസമായിരിക്കുക – ഇത് വിശ്വാസത്തിനു വിരുദ്ധവും വിശ്വാസ ചൈതന്യത്തെ മന്ദീഭവിപ്പിക്കുന്നതുമാണ്. നന്മ നാളെയ്ക്കു മാറ്റിവയ്ക്കരുത്. പിന്നീട് ആകാം. നാളെ, നാളെ... നീളെ...നീളെ...! ക്രൈസ്തവ ജീവിതത്തിന്‍റെ പ്രഭ മങ്ങിക്കുന്ന മനഃസ്ഥിതിയാണിത്. കൂടെയുള്ള സഹോദരങ്ങള്‍ക്ക് ചെയ്യേണ്ട നന്മ ചെയ്യാതിരിക്കുകയും, അവനും അവള്‍ക്കും എതിരായി തിന്മ മെനഞ്ഞെടുക്കുകയും ചെയ്യുന്നത് അനീതിയാണ്. സഹോദരനെതിരായ അനീതിയും തിന്മയുമാണത്. അധോലോക പ്രവൃത്തിയാണതെന്ന് (മഫിയ) എന്ന് പാപ്പാ വിശേഷിപ്പിച്ചു.

നിസ്സംഗത, അതുപോലെ നന്മയുടെ വെളിച്ചം കെടുത്തുന്ന അപകരമായ തിന്മയാണ്. തിന്മകണ്ടിട്ടും, കണ്ടില്ലെന്നു നടിക്കുക. സഹോദരന്‍റെ പ്രയാസമറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിക്കുക. എന്തിനു ഞാന്‍ ഇക്കാര്യത്തില്‍ ഇടപെടണം? സ്വസ്ഥമായി കഴിഞ്ഞുകൂടാമല്ലോ! കണ്ടില്ലെന്നു നടിക്കുന്ന നിസ്സംഗഭാവം തിന്മയാണ്. അങ്ങനെ നന്മയുടെ ഒളിമങ്ങുന്ന ജീവിതങ്ങളായി മാറും നമ്മുടേത്.

ജീവിതത്തില്‍ നാം എന്നും എല്ലാവരോടും കലഹിച്ചു ജീവിക്കുന്നത് നല്ലതല്ല.  അതിക്രമത്തിന്‍റെ ശക്തി തിന്മയുടേതാണ്. ശക്തരും അതിക്രമികളും എന്നും തിന്മ വിതയ്ക്കും. നന്മയുടെ വെളിച്ചം അവര്‍ക്ക് ഇഷ്ടമല്ല. അവര്‍ തിന്മയുടെ ഇരുട്ടിനെ ഇഷ്ടപ്പെടുന്നു. ഒരു കീടം മറ്റൊരു കീടത്തെ തിന്നു തീര്‍ക്കുന്നതുപോലെ...! അവര്‍ ജീവിതത്തില്‍ തിന്മ വിതയ്ക്കുന്നു. അതിനാല്‍ അധികാരപ്രമത്തരും അതിക്രമികളും വിശ്വാസത്തിന്‍റെ വെളിച്ചം കെടുത്തുന്നവരുമാണെന്ന് പാപ്പാ പ്രസ്താവിച്ചു. ജ്ഞാനസ്നാനത്തില്‍ സമ്മാനമായി കിട്ടയ നന്മയുടെ പ്രകാശം കാത്തുസൂക്ഷിച്ച്, വെളിച്ചത്തിന്‍റെ മക്കളായി ജീവിക്കാം. ക്രിസ്തു പ്രബോധിപ്പിക്കുന്ന കാര്യങ്ങള്‍ വിചിത്രമായി തോന്നാമെങ്കിലും അനുദിനജീവിതത്തില്‍ അവ യാഥാര്‍ത്ഥ്യമാക്കപ്പെന്നുണ്ട്.

വെളിച്ചം കെടുത്തുന്ന ദുശ്ശീലങ്ങളില്‍ വീഴാതിരിക്കാന്‍ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ. വിശ്വാസം, പ്രത്യാശ, ക്ഷമ, നന്മ... എന്നിവയുടെ ദൈവികവെളിച്ചമാണ് നമ്മില്‍ തിളങ്ങുന്ന സ്നേഹത്തിന്‍റെയും, വിനയത്തിന്‍റെയും പുണ്യങ്ങള്‍ എന്നു പ്രസതാവിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.