2016-09-09 09:22:00

അപരനെ ദൈവത്തിന്‍റെ സൃഷ്ടിയായി ആദരിക്കുന്നതാണ് സംവാദം


അര്‍ജന്‍റീനയിലെ ബ്യൂനസ് ഐരസില്‍ പിറവിയെടുത്ത മതൈക്യ സംഘടനയും (Institute for Inerreligious Dialogue in Buenos Aires IDI), ആകമാന അമേരിക്കന്‍ നാടുകളുടെ പ്രസ്ഥാനവും (Organization of American States) സംയുക്തമായി  സെപ്തംബര്‍ 7, 8 തിയതികളില്‍ റോമില്‍ സംഘടിപ്പിച്ച മതാന്തര സംവാദത്തെ സംബന്ധിച്ച സമ്മേളനത്തെ വത്തിക്കാനില്‍ 8-ാം തിയതി വ്യാഴാഴ്ച രാവിലെ അഭിസംബോധനചെയ്യവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. 200 പ്രതിനിധികളാണ് സമ്മേളിച്ചത്.

സഭയുടെ അങ്ങേയ്ക്കു സ്തുതി! (Laudato Si!) എന്ന നവമായ പ്രബോധനത്തെ ആധാരമാക്കിയായിരുന്നു സമ്മേളനം എന്നതിലുള്ള സന്തോഷം ആമുഖമായി പാപ്പാ രേഖപ്പെടുത്തി.

അപരനെ ദൈവത്തിന്‍റെ സൃഷ്ടിയായി ആദരിക്കുന്നതാണ് യഥാര്‍ത്ഥ സംവാദം. ദൈവത്തിന്‍റെ നന്മയാണ് സംവാദത്തിന്‍റെ പാതയില്‍ നാം ദര്‍ശിക്കേണ്ടത്. കാരണം അവിടുന്നാണ് മനുഷ്യന് അസ്തിത്വവും ഈ പ്രപഞ്ചവും തന്നത്.  മനുഷ്യനെതിരെ മനുഷ്യന്‍ കാരണമാക്കുന്നതും, ഭൂമിയെ നശിപ്പിക്കത്തക്ക വിധത്തില്‍ വര്‍ദ്ധിച്ചു വരുന്നതുമായ അധര്‍മ്മങ്ങള്‍ക്കെതിരെ ഈശ്വരവിശ്വാസികള്‍ക്ക് കണ്ണടയ്ക്കാനാവില്ല. ജീവനെ അതിന്‍റെ എല്ലാ ഘട്ടങ്ങളിലും സമഗ്രതയോടെ സംരക്ഷിക്കുവാനും, അതിന്‍റെ അന്തസ്സും അടിസ്ഥാന സ്വാതന്ത്ര്യവും എപ്പോഴും മാനിക്കുവാനും നാം കടപ്പെട്ടിരിക്കുന്നു.

കാരണം, ദൈവം നമ്മുടെ സ്രഷ്ടാവാണ്. അവിടുന്നു ജീവന്‍ നല്കിയ ഓരോ വ്യക്തിയും അവന്‍റെയും അവളുടെയും അടിസ്ഥാനപരമായ അന്തസ്സില്‍ ജീവിക്കേണ്ടവരും, അവരുടെ അവകാശങ്ങള്‍ എവിടെയും മാനിക്കപ്പെടേണ്ടതുമാണ്. യുദ്ധം, ദാരിദ്ര്യം, പാരിസ്ഥിതിക പ്രതിസന്ധികള്‍, അതിക്രമങ്ങള്‍, അഴിമതി, ധാര്‍മ്മിക അധഃപതനം, കുടുംബങ്ങളിലെ അന്തഃച്ഛിദ്രം, സാമ്പത്തിക മാന്ദ്യം എന്നിവ ജീവനെയും ജീവന്‍റെ സുസ്ഥിതിയെയും സാരമായി ബാധിക്കുന്ന മനുഷ്യനിര്‍മ്മിതയായ ഇന്നിന്‍റെ പ്രശ്നങ്ങളാണ്.

അതിനാല്‍ ജാതിയുടെയും മതത്തിന്‍റെയും സംസ്ക്കരങ്ങളുടെയും അതിര്‍വരമ്പുകള്‍ക്കപ്പുറം സന്മനസ്സുള്ള സകലരെയും കോര്‍ത്തിണക്കിക്കൊണ്ട് ലോകഗതിയെ ശിഥിലമാക്കുന്ന അതിക്രമങ്ങള്‍ക്ക് എതിരെ പോരാടാനും ഫലവത്തായ പ്രതിവിധികള്‍ കണ്ടെത്തി സമാധാനപൂര്‍ണ്ണമായ ജീവിതം ലോകത്ത് പുനര്‍സ്ഥാപിക്കാനും പരിശ്രമിക്കേണ്ടത് ഇന്നിന്‍റെ ആവശ്യമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

അവസാനമായി സഭ ആഘോഷിക്കുന്ന കാരുണ്യത്തിന്‍റെ ജൂബിലിയുടെ പ്രസക്തിയെക്കുറിച്ചും പാപ്പാ പരാമര്‍ശിച്ചു. സാര്‍വലൗകികമായ മൂല്യമാണ് കാരുണ്യം. കാരണം ദൈവത്തിന്‍റെ കാരുണ്യത്തിന് സംസ്ക്കാരത്തിന്‍റെയോ, വംശത്തിന്‍റെയോ, ഭാഷയുടെയോ, മതത്തിന്‍റെയോ, പരിധിയോ പരിമിതികളോ ഇല്ല. അത് എല്ലാവരെയും ആശ്ലേഷിക്കുന്നു. അവിടുത്തെ സ്നേഹം സര്‍വ്വോപരി ഈ പ്രപഞ്ചമാസകലം വ്യാപിച്ചിരിക്കുന്നു. അതിനാല്‍ ഭൂമിയെ സംരക്ഷിക്കാനും, അതിന്‍റെ മുറിപ്പാടുകള്‍ മാറ്റി സൗഖ്യപ്പെടുത്തുവാനും എല്ലാ ഈശ്വരവിശ്വാസികള്‍ക്കും ഉത്തരവാദിത്വമുണ്ട്.

പൊതുഭവനമായ ഭൂമിയെ നമുക്ക് പരിചരിക്കാം പരിരക്ഷിക്കാം! സുസ്ഥിതിയുള്ള മാനവികത ഇനിയും വളര്‍ത്തിയെടുക്കാന്‍, ആരെയും ഒഴിവാക്കാതെ സകലരെയും ആശ്ലേഷിക്കുന്നൊരു സാകല്യസംസ്കൃതി രൂപപ്പെടുത്താന്‍ കൈകോര്‍ക്കാമെന്ന് ആഹ്വാനംചെയ്തുകൊണ്ടുമാണ് അമേരിക്കന്‍ നാടുകളിലെ മതാന്തര സംവാദത്തിനായുള്ള പ്രസ്ഥാനങ്ങളുമായുള്ള കൂടിക്കാഴ്ച പാപ്പാ ഉപസംഹരിച്ചത്.   








All the contents on this site are copyrighted ©.