2016-09-03 16:32:00

ക്രിസ്തുശിഷ്യത്വത്തിന്‍റെ വിലയും മദറിന്‍റെ പുണ്യമാതൃകയും


വിശുദ്ധ ലൂക്കാ 14, 25-33.

ഇന്നത്തെ സുവിശേഷഭാഗത്തിന്‍റെ വിഷയംതന്നെ Cost of the Discipleship ക്രിസ്തുവിന്‍റെ ശിഷ്യനാകുന്നതിന് ഒരുവന്‍ കൊടുക്കേണ്ട വില. ശിഷ്യത്വത്തിന്‍റെ വില, ഇതാണ് പ്രമേയം.

ഈ സുവിശേഷഭാഗം വായിക്കപ്പെടുന്ന ദിവസം, ഞായറാഴ്ച സെപ്തംബര്‍ 4-ാം തിയതി, ക്രിസ്തുവിന്‍റെ ശിഷ്യയാകുന്നതിന് ഈ കാലഘട്ടത്തില്‍, ഈ നൂറ്റാണ്ടില് ഇത്രയും അധികം വിലകൊടുത്ത മറ്റൊരു വ്യക്തി ഉണ്ടാവില്ല, മദര്‍ തെരേസ. മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ദിവസമാണിത്. അതുകൊണ്ടുതന്നെ ഈ പ്രമേയം, ക്രിസ്തുവിന്‍റെ ശിഷ്യയാകുന്നതിന് എന്തു വിലയാണ് കൊടുക്കേണ്ടത്. ശ്രദ്ധിക്കേണ്ടത് രണ്ടു വചനങ്ങളാണ്. ലൂക്കായുടെ സുവിശേഷം 14-ാം അദ്ധ്യായം 6-മത്തെ വചനം. സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സോഹദരിമാരെയും എന്നല്ല സ്വജീവനെത്തന്നെയും വെറുക്കാതെ എന്‍റെ അടുത്തുവരുന്ന ആര്‍ക്കും എന്‍റെ ശിഷ്യനായിരിക്കുവാന്‍ സാദ്ധ്യമല്ല. ഈശോയുടെ ശിഷ്യന്‍, അല്ലെങ്കില്‍ ശിഷ്യയാകണമെങ്കില്‍ എന്തുചെയ്യണം? വെറുക്കണം. എന്തിനെയൊക്കെ?...

നമ്മള്‍ ഇവിടെ ഇഷ്ടപ്പെടുന്നതിനെയെല്ലാം വെറുക്കണം. സാധാരണഗതിയില്‍ ഇഷ്ടപ്പെടുന്നതിനെയെല്ലാം. അതും മാതാപിതാക്കള്‍ മുതല്‍ സ്വന്തപ്പെട്ടവരെയെല്ലാം. മാത്രമല്ല, സ്വജീവന്‍പോലും വെറുക്കണം. ഇത്രയും നെഗറ്റീവായിട്ട്, നിഷേധാത്മകമായിട്ടു പറയാന്‍ സാധിക്കുമോ, എന്നു ചിന്തിച്ചു പോകാം! എല്ലാറ്റിനെയും വെറുത്താലേ, ക്രിസ്തുവിന്‍റെ ശിഷ്യനാകാന്‍ പറ്റുകയുള്ളൂ, ക്രിസ്തുവിന്‍റെ ശിഷ്യയാകാന്‍ പറ്റുകയുള്ളൂ.

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, എന്തിനെയെക്കൊയോ, ഇഷ്ടപ്പെടണമെങ്കില്‍ മറ്റെന്തിനെയോ ഇഷ്ടപ്പെടണം. ആ മറ്റെന്തിനെയോ ഇഷ്ടപ്പെടുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഇതൊക്കെ, സാധാരണ ഗതിയില്‍ ഒരു മനുഷ്യന്‍ പ്രധാനപ്പെട്ടതായി കരുതുന്നതൊക്കെ രണ്ടാമത്തതോ, മൂന്നാമത്തതോ, അവസാനത്തോ ആയി മാറുന്നത്. ഇഷ്ടപ്പെടേണ്ടത് എന്താണ്. ക്രിസ്തു! ക്രിസ്തുവിനെ...! ക്രിസ്തുവിനെ അങ്ങനെ ഇഷ്ടപ്പെടുമ്പോള്‍ ഇതൊക്കെ അപ്രധാനങ്ങളായി മാറും. ക്രിസ്തുവിനെയോ ക്രിസ്തു നിലകൊണ്ട മൂല്യങ്ങളെയോ, ഇഷ്ടപ്പെടാന്‍ തുടങ്ങുമ്പോള്‍, ഏറ്റവും കൂടുതലായി ഇഷ്ടപ്പെടാന്‍ തുടങ്ങുമ്പോള്‍ മറ്റതെല്ലാം അപ്രധാനമായി മാറും.

ഒരു സംഭവം. ഒരിക്കലും മദര്‍ തെരേസായും സിസ്റ്റേഴ്സും കൂടി പുറത്തുപോയി മൂന്നു അവശരായ വൃദ്ധരെ കൂട്ടിക്കൊണ്ടു വന്നു. അവരില്‍ ഒരു സ്ത്രീയുടെ അവസ്ഥ ഏറെ വഷളായിരുന്നു. മദര്‍ പറഞ്ഞു. ഞാന്‍ പറ്റാവുന്നതെല്ലാം സ്നേഹത്തോടുകൂടെ അവര്‍ക്കുവേണ്ടി ചെയ്തു. അവരെ കുളുപ്പിച്ച്, വൃത്തിയാക്കി, ഭക്ഷണം കൊടുത്ത്, കട്ടിലേല്‍ കിടത്തി. അപ്പോള്‍ അവരുടെ മുഖത്ത് മനോഹരമായൊരു പുഞ്ചിരി വിരിഞ്ഞു. സാവകാശം അവര്‍ മദറിന്‍റെ കയ്യേല്‍പിടിച്ചു. എന്നിട്ട് നേര്‍ത്ത സ്വരത്തില്‍ പറഞ്ഞു. നന്ദി! എന്നിട്ട് അവര്‍ മരിച്ചു.

മറ്റെന്തിനെയോ കൂടുതല്‍ ഇഷ്ടപ്പെടുമ്പോഴാണ് സാധാരണഗതിയില്‍ സാധാരണ മനുഷ്യന്‍ ഇഷ്ടപ്പെടുന്നതായി കരുതുന്നതൊക്കെ, അതു മാതാപിതാക്കള്‍ മുതല്‍ സ്വന്തം ജീവന്‍വരെ എല്ലാം അപ്രധാനമായി പോകുന്നു. മദര്‍ തന്‍റെ ജീവിതത്തില്‍ ചില കാര്യങ്ങള്‍ കൂടുതലായി ഇഷ്ടപ്പെട്ടു. ക്രിസ്തുവിനുവേണ്ടി നിലകൊണ്ട ചിലകാര്യങ്ങള്‍ കൂടുതലായി ഇഷ്ടപ്പെട്ടു.

ശിഷ്യത്വത്തിന്‍റെ വിലയെക്കുറിച്ചു പറയുമ്പോള്‍ പിന്നെ ശ്രദ്ധിക്കേണ്ടത് 33-ാമത്തെ വചനമാണ്. ഇതുപോലെ നിങ്ങള്‍ക്കുള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങള്‍ക്ക് എന്‍റെ ശിഷ്യരാവുക സാദ്ധ്യമല്ല. ഉള്ളതെല്ലാം ഉപേക്ഷിക്കണം. ഉപേക്ഷിച്ചെങ്കില്‍ മാത്രമേ, ക്രിസ്തുവിന്‍റെ ശിഷ്യനാകാന്‍ പറ്റുകയുള്ളൂ. ഇതും വളരെ സ്വാഭാവികമായ വ്യവസ്ഥയാണ് – ഉള്ളതെല്ലാം ഉപേക്ഷിക്കണം.  എന്നു പറയുമ്പോള്‍ മറ്റെന്തോ വിലപ്പെട്ടത് സ്വന്തമാക്കിയവനു മാത്രമേ, ഇതെല്ലാം ഉപേക്ഷിക്കാന്‍ പറ്റുകയുള്ളൂ. ആ സ്വന്തമാക്കല്‍ എന്താണ്, ക്രിസ്തുവിനെ സ്വന്തമാക്കിയവന്‍. ക്രിസ്തുവിനെ സ്വന്തമാക്കിയവനാണ് ബാക്കിയെല്ലാം അപ്രധാനമായി തോന്നുന്നത്. അതുകൊണ്ടുതന്നെ അപ്രധാനമായതിനെയെല്ലാം, ക്രിസ്തു എന്നു പറയുന്ന വലിയ മൂല്യത്തിന്‍റെ മുന്നില്‍ ഉപേക്ഷിക്കാന്‍ ...

മദറിന്‍റെ ജീവിതത്തില്‍ മറ്റൊരു സംഭവം. ഒരു സുപ്രഭാതം. മൂന്നു സിസ്റ്റേഴ്സ് മരണാസന്നര്‍ക്കായുള്ള ഭവനത്തിലേയ്ക്ക് പോവുകയായിരുന്നു. മദര്‍ അവരോടു പറഞ്ഞു. രാവിലത്തെ കുര്‍ബാനയില്‍ നിങ്ങള്‍ ശ്രദ്ധിച്ചില്ലേ? എത്ര കരുതലോടുകൂടിയാണ് ക്രിസ്തുവിന്‍റെ ശരീരത്തെ കൈകളില്‍ എടുക്കുന്നതെന്ന്? അതേ ക്രിസ്തുവിന്‍റെ ശരീരം തന്നെയാണ് പാവപ്പെട്ട രോഗികളെ നിങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും സ്പര്‍ശിക്കുമ്പോള്‍ നിങ്ങള്‍ തൊടുന്നത്, അതിനാല്‍ ക്രിസ്തുവിനു കൊടുക്കുന്ന അതേ, ക്രിസ്തുവിന്‍റെ ദേഹം തന്നെയാണ് പാവപ്പെട്ട രോഗകളെ നാം സ്പരിശിക്കുമ്പോള്‍ അനുഭവിക്കേണ്ടത്.  അതിനാല്‍ ക്രിസ്തുവിന്‍റെ ശരീരത്തിനുകൊടുക്കുന്ന അതേ, സ്നേഹവും കരുതലും... പാവപ്പെട്ട രോഗികള്‍ക്കു കൊടുക്കണം. സിസ്റ്റേഴ്സില്‍ ഒരാള്‍ തിരിച്ചു  മദറിന്‍റെ അടുത്തുവന്നു വൈകുന്നേരം പറഞ്ഞു. മദര്‍ ഞാന്‍ മൂന്നു മണിക്കൂറോളം ഒരാളുടെ പക്കല്‍ ക്രിസ്തുവിന്‍റെ ശരീരത്തെ സ്പര്‍ശിക്കുകയായിരുന്നു.

ഇതു പറയുമ്പോള്‍ സിസ്റ്റിന്‍റെ മുഖത്ത് സന്തോഷത്തിന്‍റെ പ്രകാശമായിരുന്നു. എന്താണു ചെയ്തെന്ന് മദര്‍ ചോദിച്ചു. ഞങ്ങള്‍ ചെന്നപ്പോള്‍ ഓടയില്‍ക്കിടന്ന് പുഴുവരിച്ച ഒരു മനുഷ്യനെ അവര്‍ കൊണ്ടുവന്നു. അയാളുടെ മുറിവുകള്‍വച്ചുകെട്ടി കുളിപ്പിച്ചെടുക്കാന്‍ മണിക്കൂറെടുത്തു. അതു ക്രിസ്തുവായിരുന്നെന്ന് എനിക്ക് മനസ്സിലായി. ഉപേക്ഷിക്കണമെങ്കില്‍‍ സ്വന്തമായിട്ടുള്ളതെല്ലാം ഉപേക്ഷിക്കണമെങ്കില്‍ അതിലും വിലപ്പെട്ടവനെ, ക്രിസ്തു! ക്രിസ്തുവിനെ സ്വന്തമാക്കിയവനാണ് ബാക്കിയെല്ലാം അപ്രധാനമായിട്ട്, മറ്റേതെല്ലാം ഉപേക്ഷിക്കുവാന്‍ സാധിക്കുന്നത്.

തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാനാവാതെ, ആര്‍ക്കും തന്‍റെ ശിഷ്യനായിരിക്കാന്‍ സാദ്ധ്യമല്ല. അങ്ങനെ ഉപേക്ഷിക്കണമെങ്കില്‍ അതിലും വലുതെന്തോ സ്വന്തമാക്കണം. ഈശോ തന്നെ പിന്നീടൊരവസരത്തില്‍ പറഞ്ഞിട്ടില്ലേ. അതായത്, നിധി കണ്ടെത്തിയവന്‍. നിധി കണ്ടെത്തിയവന്‍റെ സന്തോഷം. അവന്‍ എന്താ ചെയ്യുന്നത്. ബാക്കിയെല്ലാം ഉപേക്ഷിക്കുന്നു. ഏറ്റവും വിലപ്പെട്ട മുത്തു കണ്ടെത്തിയപ്പോഴുള്ള സന്തോഷത്തില്‍ ബാക്കിയെല്ലാം വില്ക്കുന്നു. ഏറ്റവും വിലയുള്ളത്, ഏറ്റവും മൂല്യമുള്ളതു കാണുമ്പോഴാണ് മറ്റതെല്ലാം ഉപേക്ഷിക്കാന്‍ സാധിക്കുന്നത്. അതോടൊപ്പം ഈ ക്രിസ്തുവിനെ സ്വന്തമാക്കുന്നവനില്‍ സംഭവിക്കുന്നൊരു കാര്യമുണ്ട്. ക്രിസ്തുവിനെ സ്വന്തമാക്കുന്നവന്‍, ക്രിസ്തുവിനാല്‍ സ്വന്തമാക്കപ്പെടുന്നവനായി മാറുന്നു. ക്രിസ്തുവിനാല്‍ സ്വന്തമാക്കപ്പെടുകയെന്നാല്‍ ഏറെ പ്രധാനപ്പെട്ട കാര്യമാണ്.  ‘സ്പോഞ്ച്’ വെള്ളത്തിലേയ്ക്ക് ഇടുമ്പോള്‍ വെള്ളം വലിച്ച് അത് വീര്‍ക്കുന്നതുപോലെ ക്രിസ്തുവിനാല്‍ സ്വന്തമാക്കപ്പെടുന്നവന്‍ അവനാണ് ക്രിസ്തു ശിഷ്യന്‍, അവളാണ് ക്രിസ്തു ശിഷ്യ! ഇതു തന്നെയാണ് മദറിന്‍റെ ജീവിതത്തില്‍ സംഭവിച്ചത് ക്രിസ്തുവിനാല്‍ സ്വന്തമാക്കപ്പെട്ടവള്‍!

മറ്റൊരു സംഭവം. ഒരിക്കല്‍ കല്‍ക്കട്ടയില്‍ കുഷ്ഠരോഗികള്‍ക്കായി ഒരു ഫണ്ട്ശേഖരണം നടത്തുകായിരുന്നു. മദറിനെയും സംസാരിക്കാന്‍ ക്ഷണിച്ചിരുന്നു. രാമകൃഷ്ണമിഷന്‍റെ സെക്രട്ടറിയായ ഒരു സ്വാമിയും ആ സമ്മേളനത്തില്‍ ഉണ്ടായിരുന്നു. ഫണ്ടു സ്വീകരിച്ചുകൊണ്ടു മദര്‍ പറഞ്ഞു. ക്രിസ്തു പറഞ്ഞിട്ടുണ്ട്, നിങ്ങള്‍ ദരിദ്രര്‍ക്കു കൊടുക്കുമ്പോള്‍ ദൈവത്തിന് കൊടുക്കുകയാണ്. ഈ പണം നിങ്ങള്‍ എനിക്കല്ല നല്കുന്നത്. നിങ്ങള്‍ തന്നത് പാവപ്പെട്ടവര്‍ക്കാണ്. അതുവഴിയായി ദൈവത്തിനും.

മദറിന്‍റെ പ്രസംഗം കഴിഞ്ഞപ്പോള്‍ സ്വാമി മൈക്ക് ആവശ്യപ്പെട്ടു. സ്വാമിയുടെ പ്രസംഗം പരിപാടിയില്‍ ഇല്ലായിരുന്നു. എന്നിട്ടും മൈക്കെടുത്ത് അദ്ദേഹം പറഞ്ഞു. മദറിന്‍റെ സിസ്റ്റേഴ്സ് കല്‍ക്കട്ടയുടെ തെരുവീഥികളില്‍ നടക്കുന്നതു കാണുമ്പോള്‍ എനിക്കു തോന്നിയിട്ടുള്ളത്, യേശുക്രിസ്തു ഭൂമിയില്‍ വന്നുവെന്നാണ്. ഈ സിസ്റ്റേഴ്സിലൂടെ ക്രിസ്തു നന്മചെയ്തുകൊണ്ട് ഇവിടെ സഞ്ചരിക്കുന്നു. ഇതാണ് സത്യം. ക്രിസ്തുവിന്‍റെ സന്ത്വമായിട്ടുള്ളവന്‍, സ്വന്തമാക്കുന്നവള്‍... ക്രിസ്തുവിനാല്‍ സ്വന്തമാക്കപ്പെടുന്നവരില്‍ എന്താണ് സംഭവിക്കുന്നത്... അവരിലൂടെ ക്രിസ്തു ഇവിടെ ജീവിക്കുന്നു. ഇവിടെ മാത്രമല്ല, കല്‍ക്കട്ടയിലും, ഭൂമിയിലാകമാനവും, ഭൂതലത്തിന്‍റെ മുക്കിലും മൂലയിലുമെല്ലാം എല്ലാം ക്രിസ്തു ജീവിക്കുന്നു. പലയിടങ്ങളിലും മദറിലൂടെയും മദര്‍ തെരേസയുടെ സിസ്റ്റേഴ്സിലൂടെയും ഇതു സംഭവിച്ചിട്ടുണ്ട്. അതാണ്. അതാണ് ഫ്രാന്‍സിസ് പാപ്പായിലൂടെയും സംഭവിക്കുന്നത് അതാണ്. അതുപോലെ അനേകരുണ്ട്.

നമുക്കു പ്രാ‍ര്‍ത്ഥിക്കാം.

ഈ ക്രിസ്തു ശിഷ്യത്വത്തിന്‍റെ ആന്തരികത ഉള്‍ക്കൊള്ളാനുള്ള കൃപതരണമേ! ഈശോയേ...! അങ്ങാണല്ലോ ഞങ്ങളെ വിളിച്ചച്ചത്. അനുഗമിക്കാന്‍ ഞങ്ങളെ വിളിച്ചത് അങ്ങാണ്. എല്ലാം ഉപേക്ഷിക്കാനും വെറുക്കാനും പറഞ്ഞത് അങ്ങാണ്. ഈശോയെ അങ്ങു പറയുന്നതിന്‍റെ കാതല്‍ തിരിച്ചറിയാനും, വെറുക്കാന്‍ പറയുമ്പോള്‍ അതിലും വലുതായി മറ്റെന്തിനെയോ ഇഷ്ടപ്പെടാനും. ഉപേക്ഷിക്കാന്‍ പറയുമ്പോള്‍ അതിലും വലിയൊരു സ്വത്ത് അത് കണ്ടെത്താനും സ്വന്തമാക്കാനും അങ്ങ് എന്നോട് ആവശ്യപ്പെടുന്നു. അത് അങ്ങാണ്. മാത്രമല്ല, അങ്ങ് ജീവിച്ച മൂല്യങ്ങള്‍, മനുഷിക മൂല്യങ്ങള്‍ അത് ചെറിയവരോടും വലിയവരോടും അതിനെ ഇഷ്ടപ്പെടാനും, അതിനെ ആസ്വദിക്കാന്‍ അതു ജീവിക്കുന്നതിലുള്ള സന്തോഷം കണ്ടെത്താനും നാഥാ, എന്നെ അനുഗ്രഹിക്കണേ! വാഴ്ത്തപ്പെട്ട മദര്‍ തെരേസാ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുമ്പോള്‍ അമ്മയുടെ ജീവിത മാതൃക അനുകരിച്ചുകൊണ്ട്, അങ്ങേ ശിഷ്യയായ മദര്‍ തെരേസായുടെ ജീവിതം അനേകരിലേയ്ക്ക് പടര്‍ന്നു പടര്‍ന്നു കയറാനുള്ള കൃപതരണമേ. ആമേന്‍!   








All the contents on this site are copyrighted ©.