2016-09-01 20:07:00

ജീവന്‍റെ സുസ്ഥിതി പാവങ്ങള്‍ക്കും ലഭ്യമാക്കണം : പാപ്പാ ഫ്രാ‍ന്‍സിസ്


റോമില്‍ സംഗമിച്ച ഹൃദ്രോഗവിദഗ്ദ്ധരുടെ രാജ്യാന്തര സമ്മേളനത്തെ ആഗസ്റ്റ് 31-ാം തിയതി ബുധനാഴ്ച അഭിസംബോധനചെയ്യവെയാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

റോമിലുള്ള രാജ്യാന്തര സമ്മേളന കേന്ദ്രമായ Fair of Rome-ല്‍ ആഗസ്റ്റ് 27-നാണ് ഡോക്ടര്‍മാരുടെ അഞ്ചു ദിവസത്തെ രാജ്യന്തര സംഗമം ആരംഭിച്ചത്. സമ്മേളനത്തില്‍ 30,000-ത്തില്‍പ്പരം ഡോക്ടര്‍മാര്‍ 123-രാജ്യങ്ങളില്‍നിന്നായി പങ്കെടുത്തെന്ന് സമ്മേളനത്തിന്‍റെ (Executive Committee of the European Society of Cardiology) എക്സക്യൂടീവ് കമ്മറ്റി ഡയറക്ടര്‍, ഡോക്ടര്‍ ഫൗസ്തീനോ പിന്‍റോ അറിയിച്ചു.

  1. ഹൃദയം സൗഹദത്തിന്‍റെ ഇരിപ്പിടം

ഹൃദ്രോഗികളോ മറ്റേതു ശാരീരിക ആലസ്യമുള്ളവരായിരുന്നാലും, രോഗികള്‍ ഡോക്ടര്‍മാരുടെ കരങ്ങളിലാണ്. എന്നാല്‍ ലോകത്തുള്ള രോഗികളില്‍ അധികവും പാവപ്പെട്ടവരാണെന്ന സത്യം പാപ്പാ സമ്മേളനത്തെ അനുസ്മരിപ്പിച്ചു. പാവങ്ങളായതുകൊണ്ട് ശരിയായ ചികിത്സ ലഭിക്കാതെ പോകുന്ന “വലിച്ചെറിയല്‍ സംസ്ക്കാരം” (Throwaway mentality)  വൈദ്യശാസ്ത്രത്തിന്‍റെ മേഖലയില്‍ വളര്‍ന്നുവരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പാപ്പാ സമ്മേളനത്തെ അനുസ്മരിപ്പിച്ചു.

മറ്റുള്ളവരുമായി ബന്ധപ്പെടുന്നത്, പ്രത്യേകിച്ച് രോഗികളുമായി ഇടപഴകുന്നത് വലിയ വെല്ലുവിളിയാണ്. മനുഷ്യന്‍റെ ആശകളുടെയും പ്രത്യാശകളുടെയും, സന്തോഷത്തിന്‍റെയും ദുഃഖത്തിന്‍റെയും സമ്മിശ്ര വികാരങ്ങളുടെ കേന്ദ്രമാണ് മനുഷ്യഹൃദയം. അതും ഡോക്ടര്‍മാരുടെ കൈകളിലാണ്. എല്ലാ ശാസ്ത്രഗവേഷണങ്ങളും മനുഷ്യനെ സമഗ്രതയില്‍ വീക്ഷിക്കാന്‍ സഹായിക്കേണ്ടതാണ്. അങ്ങനെയെങ്കില്‍ പരമമായ ജീവിതലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗവേഷങ്ങളില്‍ ഒരിക്കലും നാം ലോകത്തുള്ള പാവങ്ങളായവരെ ഉപേക്ഷിക്കരുതെന്ന് പാപ്പാ വളരെ വിനായാന്വിതനായി സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു. പാവങ്ങളെക്കുറിച്ച് ഗഹനമായൊരു വീക്ഷണം അനിവാര്യമാണെന്നും, ആരേയും ഒഴിവാക്കാതെ സകലരെയും ഉള്‍ക്കൊള്ളുന്നൊരു സാകല്യസംസ്കൃതി (an all-inclusive culture) വൈദ്യശാസ്ത്രത്തിന്‍റെ മേഖലയില്‍ വളര്‍ത്തിയെടുക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടു.

  1. പാവങ്ങളോടു കാണിക്കേണ്ട സൗഹൃദം

സഭയുടെ പ്രബോധനാധികാരം ഒരിക്കലും ശാസ്ത്രഗവേഷണങ്ങളുടെ പ്രധാന്യം അവഗണിക്കുന്നില്ലെന്ന് പാപ്പാ വ്യക്തമാക്കി. സഭ അവയെ പിന്‍ചെല്ലുക മാത്രമല്ല, പിന്‍തുണയ്ക്കുന്നുമുണ്ട്. മാനവികതയുടെ നന്മയ്ക്കായുള്ള എല്ലാ പഠനങ്ങളും പ്രവര്‍ത്തനങ്ങളും ദൈവത്താല്‍ പ്രേരിതമാണെന്നത് സഭയുടെ വീക്ഷണമാണ്. പ്രകൃതിയും മനുഷ്യമനസ്സും അതിന്‍റെ എല്ലാ സങ്കീര്‍ണ്ണതയും ദൈവത്തിന്‍റെ സൃഷ്ടിയാണ്. അവയുടെ സമ്പന്നതയും സങ്കീര്‍ണ്ണതയും സമര്‍ത്ഥരായവരും വൈദഗ്ദ്ധ്യമുള്ളവരും ചേര്‍ന്ന് പഠിക്കേണ്ടതാണ്. അങ്ങനെയെങ്കില്‍ സമൂഹത്തിലെ ദുര്‍ബലരോടും രോഗികളോടുമുള്ള പ്രതിബദ്ധതയും, അവര്‍ക്കുവേണ്ടിയുള്ള ഗവേണപഠങ്ങളും പരിശ്രമങ്ങളുമെല്ലാം അന്യൂനമായ ദൈവികപദ്ധതിയുടെ ഭാഗമാണെന്നു പറയാം.

  1. വൈദഗ്ദ്ധ്യത്തിലും പ്രകടമാക്കേണ്ട കൃപയോടുള്ള തുറവ്

വിശ്വാസത്തില്‍നിന്നും ഉതിര്‍ക്കൊള്ളുന്ന ദൈവത്തോടും ദൈവത്തിന്‍റെ കൃപാതിരേകത്തോടുമുള്ള തുറവ് മാനുഷിക ബുദ്ധിയെയും അതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനങ്ങളെയും ഒരിക്കലും തളര്‍ത്തുകയോ തകര്‍ക്കുകയോ ചെയ്യുന്നില്ല. പാപ്പാ ചൂണ്ടിക്കാട്ടി.

സ്രഷ്ടാവായ ദൈവത്തിന്‍റെ പദ്ധതികള്‍ക്ക് അനുസൃതമായി ജീവനും ജീവന്‍റെ അന്തസ്സും മാനിക്കപ്പെടുന്ന രീതിയിലായിരിക്കണം ചികിത്സാക്രമം. മനുഷ്യപ്രകൃതിക്ക് ഇണങ്ങുന്ന അലിഖിതവും അലംഘനീയവുമായ പ്രകൃതി നിയമങ്ങളെ മാനിക്കത്തക്കവിധത്തില്‍ മനുഷ്യന്‍റെ ശാരീരിക ആലസ്യങ്ങള്‍ക്കുള്ള പ്രതിവിധി, അത് ഹൃദയത്തെ സംബന്ധിച്ചതായിരുന്നാലും വൈദ്യശാസ്ത്രം മാനിക്കേണ്ടതാണെന്ന് പാപ്പാ ഡോക്ടര്‍മാരുടെ രാജ്യാന്തര സംഗമത്തെ അനുസ്മരിപ്പിച്ചു. 

ബുധനാഴ്ചനാഴചകളില്‍ വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിക്കുശേഷമാണ് പാപ്പാ ഫ്രാന്‍സിസ്, ഏകദേശം 25 കി.മി. അകലെയുള്ള കണ്‍വെന്‍ഷന്‍ സെന്‍ററില്‍ (Fair of Rome) ഹൃദ്രോഗവിദഗ്ദ്ധരുടെ രാജ്യാന്തര സംഗമത്തെ അഭിസംബോധനചെയ്യാന്‍ കാറില്‍ പുറപ്പെട്ടത്.








All the contents on this site are copyrighted ©.