2016-08-30 12:32:00

മദര്‍ തെരേസയുടെ വിശുദ്ധപദപ്രഖ്യാപനം: 11 അംഗ ഇന്ത്യന്‍ സംഘം


വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ വിശുദ്ധപദപ്രഖ്യാപന തിരുക്കര്‍മ്മത്തില്‍ സംബന്ധിക്കാന്‍ ഭാരതത്തില്‍ നിന്ന് പതിനൊന്നംഗ പ്രതിനിധിസംഘം.

വിദേശകാര്യമന്ത്രി ശ്രീമതി സുഷമ സ്വരാജ് നയിക്കുന്ന ഈ സംഘത്തില്‍ സുപ്രീം കോടതി ജഡ്ജി കുര്യന്‍ ജോസഫ്, ഭാരതത്തിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ    പൊതുകാര്യദര്‍ശി  അഥവാ, ജനറല്‍ സെക്രട്ടറി ബിഷപ്പ് തെയദോര്‍ മസ്കെരാനാസ്, കേന്ദ്രസര്‍ക്കാരിന്‍റെ ആയവ്യയക്കണക്ക് പരിശോധിക്കുന്ന സമതിയുടെ തലവനും കോണ്‍ഗ്രസ്സ് പാര്‍ലിമെന്‍റംഗവുമായ കെ.വി. തോമസ്, ഗോവയുടെ ഉപമുഖ്യമന്ത്രി ഫ്രാന്‍സീസ് ഡി സൂസ, ലോക്സഭാംഗങ്ങളായ ആന്‍റൊ ആന്‍റണി, ജോസ് കെ മാണി, കോണ്‍റാഡ് സംഗ്മ, ബിജെപി നേതാക്കളില്‍ ഒരാളായ കെ.ജെ അല്‍ഫോന്‍സ്, സുപ്രീംകോടതി അഭിഭാഷകനും മുന്‍ സൊളിസിറ്റര്‍ ജനറലുമായ ഹരീഷ് സാല്‍വ്, ഭക്ഷ്യസംസ്കരണവ്യവസായമന്ത്രി ശ്രീമതി ഹര്‍സിമ്രാത് കവൂര്‍, വിദേശകാര്യമന്ത്രാലയത്തിന്‍റെ പശ്ചിമവിഭാഗ കാര്യദര്‍ശി ശ്രീമതി സുജാത മേത്ത എന്നിവരാണ് അംഗങ്ങള്‍.

സെപ്റ്റംബര്‍ 4  ഞായറാഴ്ചയാണ് ഫ്രാന്‍സീസ് പാപ്പാ വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുക. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ    ബസിലിക്കയുടെ അങ്കണത്തില്‍ റോമിലെ സമയം രാവിലെ 10.30 ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിക്ക് വിശുദ്ധപദപ്രഖ്യാപനതിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.








All the contents on this site are copyrighted ©.