2016-08-27 15:57:00

എളിയവര്‍ക്കു പ്രാമുഖ്യംനല്കുന്ന ദൈവരാജ്യത്തിലെ വീരുന്നും വീക്ഷണവും


ഇന്നത്തെ സുവിശേഷത്തില്‍ ശ്രദ്ധിക്കേണ്‌ട വചനം 12-ാമത്തേതാണ്. അത് ഇപ്രകാരമാണ്. തന്നെ ക്ഷണിച്ചവനോടും അവിടുന്നു പറഞ്ഞു. തന്നെ ക്ഷണിച്ചവനോടും... എന്തു പറഞ്ഞു? എന്നു ചോദിച്ചാല്‍ നാം 7-ാമത്തെ വചനത്തിലേയ്ക്ക് പിറകോട്ടു പോകേണ്ടിവരും. കാരണം ക്ഷണിക്കപ്പെട്ടവര്‍ പ്രമുഖസ്ഥാനങ്ങള്‍ തിരഞ്ഞെടുക്കുന്നതു കണ്ടപ്പോള്‍ അവിടുന്ന് അവരോട് ഒരു ഉപമ പറഞ്ഞു. ഈശോ പറയുന്നത് ഉപമയാണ്. മുന്നോട്ടു പോകുമ്പോള്‍ ക്ഷണിച്ചവനോടും, അവിടുന്നു പറഞ്ഞു. മറ്റൊരു ഉപമയാണ് അവിടുന്നു പറഞ്ഞത്. എന്നു പറഞ്ഞാല്‍ അര്‍ത്ഥം. ഈശോ ഇതിനു പിറകെ പറയുന്നത് ഉപമയാണ്. ഒന്നിനെ  മറ്റൊന്നിനോടു സാദൃശ്യപ്പെടുത്തുന്നതാണല്ലോ ഉപമ. അല്ലാതെ, അക്ഷരാര്‍ത്ഥത്തില്‍ ഈ പറയുന്ന കാര്യങ്ങള്‍ എടുക്കരുത്, എന്നൊരു ധ്വനികൂടെയുണ്ട് അതിന്. എന്നിട്ട് ഈശോ ഉപമ പറയുന്നു. നീ ഒരു സദ്യയോ അത്താഴവിരുന്നോ കൊടുക്കുമ്പോള്‍ ആരെയൊക്കെ വിളിക്കണം, ആരെയൊക്കെ വിളിക്കരുത്!

 

ഇത് ഉപമയാണെന്നാണ് സുവിശേഷകന്‍ കൃത്യമായി പറയുന്നത്. അതുകൊണ്ടു തന്നെ ഇതിനെ നാം അക്ഷരാര്‍ത്ഥത്തില്‍ എടുക്കരുത്. ഇവിടെ ഈശോ സംസാരിക്കുന്നത്, യഥാര്‍ത്ഥത്തിലുള്ള വസ്തുനിഷ്ഠമായ ഒരു 4 കോര്‍സുള്ള ഡിന്നറിനെക്കുറിച്ചല്ല, സദ്യയെക്കുറിച്ചല്ല.. നമ്മുടെ കല്യാണത്തിനോ ജൂബിലിക്കോ.. ആഘോഷമായിട്ടു കൊടുക്കുന്ന സദ്യയെക്കുറിച്ചല്ല.

 

ഈശോ ഇവിടെ പ്രതിപാദിക്കുന്നത്. അവിടുന്ന് പറയുന്നത് ഒരു ഉപമയാണ്. എന്നു പറഞ്ഞാല്‍, നമ്മുടെ ജീവിതത്തിന്‍റെ സദ്യയാണ്. ജീവിതത്തില്‍ ഏറ്റവും മുന്തിയ വിഭവങ്ങള്‍ വിളമ്പുന്ന സദ്യ! ആ സദ്യ നാം ഒരുക്കുമ്പോള്‍ ആരെയെല്ലാം ക്ഷണിക്കണം, അരെയെല്ലാം ക്ഷണിക്കരുത്..! ഏതാണ് ഈ ജീവിതത്തിന്‍റെ മുന്തിയ വിഭവങ്ങള്‍? എന്‍റെ ജീവിതത്തിന്‍റെ മുന്തിവിഭവങ്ങള്‍ - അതെന്‍റെ കഴിവാകാം, അറിവാകാം. എന്‍റെ സമയമാകാം, എന്‍റെ ജീവിതമാകാം. ഏറ്റവും മുന്തിയത്, എന്‍റെ ജീവിതത്തില്‍ ഏറ്റവും നല്ലത്, ‘ദി ബെസ്റ്റ്’ The Best കൊടുക്കുമ്പോള്‍, അവ നാം കൊടുക്കുമ്പോള്‍, അവ വിളമ്പുമ്പോള്‍ അരെയെല്ലാം നാം അതിന് ക്ഷണിക്കണം? ആരെയൊക്കെ വിളിക്കരുത്? ജീവിതത്തെക്കുറിച്ച് ഈശോ തരുന്ന ഏറ്റവും ശക്തമായ പാഠമാണ് ഇന്നത്തെ സുവിശേഷം. നിന്‍റെ ജീവിതത്തിലെ ഏറ്റവും മുന്തിയ കാര്യങ്ങള്‍ ആര്‍ക്കാണ് കൊടുക്കേണ്ടത്. ആരെയാണ് ക്ഷണിക്കേണ്ടത്, ആരെയാണ് ക്ഷണിക്കാതിരിക്കേണ്ടത്?

 

ഈശോ കൃത്യമായിട്ടു പറയുന്നു, നീ സദ്യയോ, അത്താഴവിരുന്നോ കൊടുക്കുമ്പോള്‍ സ്നേഹിതരെയോ, സഹോദരരെയോ, ബന്ധുക്കളെയോ, ധനികരായ അയല്‍ക്കാരെയോ വിളിക്കരുത്! പകരം, ആരെയാ വിളിക്കേണ്ടത്? നീ സദ്യ നടത്തുമ്പോള്‍ ദരിദ്രര്‍, വികലാംഗര്‍, മുടന്തര്‍, കുരുടര്‍ എന്നിവരെ ക്ഷണിക്കുക. അതായത് നിന്‍റെ ജീവിതത്തിന്‍റെ സദ്യയുടെ ഏറ്റവും മുന്തിയ വിഭവങ്ങള്‍ വിളമ്പുന്ന സദ്യ, അതു നടത്തുമ്പോള്‍ നീ വിളിക്കേണ്ടത് ഈ പാവങ്ങളെയാണ്, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയാണ്! ഏറ്റവും ചെറിയവരെ, പവങ്ങളെ, ദരിദ്രരെ, മുടന്തരെ, കുരുടരെ, വികലാംഗരെ... എന്നിവരെ ക്ഷണിക്കണം, അല്ലാതെ സമ്പന്നരെ ക്ഷണിക്കരുത് എന്നാണ് ഈശോ പറയുന്നത്. ഇവിടെയാണ് ക്രിസ്തു ശിഷ്യര്‍ ഒരു വിലയിരുത്തലിന് തയ്യാറാകേണ്ടത്.

 

അടുത്ത കാലത്ത് കേരളത്തിലെ വലിയൊരു സന്ന്യാസിനി സമൂഹം, അവരുടെ മേജര്‍ സുപ്പീരിയേഴ്സ്, അധികാരികളുടെ സമ്മേളനം നടത്തി. അവിടെ സംസാരിക്കുവാന്‍ അവസരം കിട്ടിയിരുന്നു. സംസാരത്തില്‍ ഉന്നയിച്ചൊരു ചോദ്യമുണ്ടായിരുന്നു. സന്ന്യാസ വര്‍ഷത്തോടു ബന്ധ്പ്പോടുത്തിയായിരുന്നു ചര്‍ച്ചകള്‍ മുന്നോട്ടുപോയത്. ഗൃഹപാഠമായിക്കൊടുത്തൊരു ചോദ്യം, അതായത്, നമ്മുടെ സന്ന്യാസ സമൂഹത്തിന്‍റെ ഏറ്റവും വലിയ സമ്പത്തെന്നു പറയുന്നത് ഹ്യൂമന്‍ റിസോഴ്സാണ് – മാനവശേഷിയാണ്, മനുഷ്യന്‍റെ കഴിവുകളാണ്.

 

നമ്മുടെ അച്ചമ്മാരും സിസ്റ്റേഴ്സും, വളരെ ‘ക്വാളിഫൈഡ്’ വ്യക്തികളാണ്. പ്രഫഷണല്‍സാണ്. നല്ല ശക്തിയാണ് ബലമാണ് അറിവുള്ള വ്യക്തികള്‍ക്കുള്ളത്. ഇത് സന്ന്യാസസമൂഹത്തിന്‍റെ ഏറ്റവും വലിയ സമ്പത്തും ഇവര്‍ തന്നെയാണ്. അവര്‍ ടീച്ചേഴ്സ് ആകാം... ഡോക്ടേഴ്സ് ആകാം, സാമൂഹ്യപ്രവര്‍ത്തകരാകാം. എന്താണേലും, അവരാണ് ആ സമൂഹത്തിന്‍റെ ഏറ്റവും വലിയ സമ്പത്ത്. അല്ലാതെ കെട്ടിടമല്ല, പറമ്പല്ല. മറിച്ച് ‘ഹ്യൂമന്‍ റിസോഴ്സ്’ Human Resource മാനവശേഷിയാണ് സമ്പത്ത്. എന്‍റെ ചേദ്യമിതായിരുന്നു. നാലായിരം അയ്യായിരം അംഗങ്ങളുള്ള സമൂഹം, ഈ സമൂഹത്തിന്‍റെ ഏറ്റവും വലിയ സമ്പത്ത്, ഏറ്റവും വലിയ വിഭവങ്ങള്‍ അതൊരുക്കി അവര്‍ സദ്യ നടത്തിക്കൊണ്ടിരിക്കുകയാണ്, അതാണ് അവരുടെ ശുശ്രൂഷ... അവരുടെ മിനിസ്ട്രി! ആ സദ്യനടത്തുമ്പോള്‍ എന്‍റെ ചോദ്യം ഇതായിരുന്നു. നമ്മുടെ ഈ സഹോദരിമാരില്‍ എത്ര ശതമാനംപേര്... ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവര്‍ക്ക് സേവനംചെയ്യുന്നു... എത്രപേര്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സേവനംചെയ്യുന്നു? BPL, Below poverty line..!  APL Above poverty line എത്രപേര്‍ ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവര്‍ക്ക് സേവനംചെയ്യുന്നു? ഒന്ന് ഒരു ഏകദേശ ശതമാന കണക്കൊന്ന് എടുക്കാമോ? രണ്ടു സെസ്സഷന്‍ കഴിഞ്ഞപ്പോള്‍ അവര്‍ ഏകദേശം കണക്കുമായി വന്നു. അതായത്, ഈ പത്തയ്യായിരം പേരുള്ള ഈ സമൂഹം. ആ സമൂഹത്തില്‍ 97-ശതമാനം പേരും ശുശ്രൂഷചെയ്യുന്നത് ദാരിദ്രരേഖയ്ക്കു മുകളില്‍ ജീവിക്കുന്നവര്‍ക്കുവേണ്ടിയാണ്. സമൂഹത്തിന്‍റെ ‘ക്രീമി ലെയറി’ നെയാണ് (creamy layer). സമൂഹത്തിലെ ഉന്നതരെയാണ്. സമ്പന്നരെ ശുശ്രൂഷിക്കാനാണ് അധികം പേരും! കാരണം അവര്‍ നടത്തുന്ന വലിയ സ്ഥാപനങ്ങള്‍ കണക്കിലെടുത്താല്‍ ... ഇതുതന്നെ കേരളത്തിലെ സന്ന്യാസസമൂഹങ്ങള്‍ എടുത്താല്‍ ആരുടെയും കാര്യത്തില്‍ ഇതുതന്നെയാണ് അവസ്ഥയെന്നും പറയാം. ഇതു സത്യമാണ്. കാരണം ഈ പറയുന്ന, സന്ന്യാസസമൂഹം നടത്തുന്ന സ്ക്കൂളിലോ ആശുപത്രിയിലോ.. വരുന്നത് ആരാണ്? സമൂഹത്തിലെ അപ്പര്‍ ക്ലാസാണ്. അല്ലാതെ ദരിദ്രരല്ല, പാവപ്പെട്ടവരല്ല. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ അല്ല. അവര്‍ പോകുന്നത് സര്‍ക്കാര്‍ സ്ക്കൂളുകളിലാണ്. അവര്‍ പോകുന്നത് സര്‍ക്കാര്‍ ആശുപത്രികളിലാണ്. അല്ലാതെ നാം ഈ പറയുന്ന സന്ന്യാസിനികളുടെയോ സന്ന്യാസിനികളുടെയോ സ്വകാര്യപ്രസ്ഥാനങ്ങളിലേയ്ക്ക് ഇവര്‍ക്കു കയറാന്‍ പേടിയായിരിക്കുന്നു.. കാരണം, കാശിന്‍റെ കാര്യമാണ്. 97 ശതമാനത്തിനും മുകളിലും പേര്‍ APL Above poverty line ദാരിദ്ര്യരേഖയ്ക്കു മുകളില്‍ ഉള്ളവര്‍വര്‍ക്കായി സേവനംചെയ്യുന്നു. ബാക്കി തുച്ഛമായ ശതമാനം മാത്രമേയുള്ളൂ, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരെ പരിഗണിക്കുന്നു.!

 

ജീവിതമാകുന്ന ഈ സദ്യയില്‍ നാം ആര്‍ക്കുവേണ്ടിയിട്ടാണ് ഈ നല്ല വിഭവങ്ങള്‍ മാറ്റിവയ്ക്കുന്നത്? വിളമ്പുന്നത്? ഈശോ പറഞ്ഞുതരുന്നത്, വിളമ്പേണ്ടത് ആര്‍ക്ക്, വിളമ്പരുതാത്തത് ആര്‍ക്ക്? ക്ഷണിക്കേണ്ടതാര്? ക്ഷണിക്കരുതാത്തത് ആര്? ഈശോ അതു പറയുമ്പോള്‍ അതിന്‍റെ ഭവിഷത്തു കൂടി പറയുന്നുണ്ട്. നിന്‍റെ സ്നേഹതരെയോ, ബന്ധുക്കളെയോ, സഹോദരരെയോ, ധനികരായ അയല്‍ക്കാരെയോ... ഇവരെയൊക്കെ വിളിച്ചാലുള്ള പ്രശ്നം എന്താണെന്നും ചോദിക്കാം? പ്രശ്നം... അവര്‍ നിന്നെ പകരം വിളിക്കുകയും, അതുപിന്നെ നിങ്ങള്‍ക്ക് പ്രതിഫലമാകുകയും ചെയ്യും. എന്നു പറഞ്ഞാല്‍ ഈ അപ്പര്‍ ക്ലാസിനു ശുശ്രൂഷചെയ്തുകൊണ്ട് ഇവിടെ ജീവിച്ചാലുള്ള ഫലം... എന്താണ്? ഫലം, പ്രതിഫലം നമുക്ക് ഇവിടെക്കിട്ടും. ഇപ്പോള്‍ ഈ ഭൂമിയില്‍ത്തന്നെ കിട്ടും. അതാണ് ഈ സമൂഹത്തിന്‍റെ പ്രത്യേക. നാം ഇവിടുത്തെ സമ്പന്നരെ, സമ്പത്തികമായി സഹായിച്ചാല്‍ ഉയര്‍ന്നവരെ, പ്രിയപ്പെട്ടവരെ എന്നിവര്‍ക്കുവേണ്ടീട്ട് മുന്തിയ വിഭവങ്ങള്‍ - അത് കഴിവായാലും വിദ്യാഭ്യാസമായാലും ആതുരശുശ്രൂഷയായാലും... എന്തായാലും നമ്മുടെ ജനങ്ങളുടെ സേവനം കഴിവുള്ളവര്‍ക്കായി സമ്പന്നര്‍ക്കായി പങ്കുവയ്ക്കുകയാണെങ്കില്‍ പ്രതിഫലം നമുക്ക് ഇവിടെത്തന്നെ കിട്ടും. അതില്‍ ഒരു സുഖമുണ്ട്. എന്നാല്‍ അതിന്‍റെ അപകടം എന്നു പറയുന്നത് അടുത്തതാണ്. അതായത്, മറ്റേ ഗണത്തെ... BPL, Below poverty line..! അതായത്, ഈശോ പറയുന്നതനുസരിച്ച് സദ്യ നടത്തുമ്പോള്‍ ദരിദ്രരും വികാലാംഗരും, കുരുടരുമായവരെ ക്ഷണിക്കുക. സമൂഹത്തിന്‍റെ പുറംപോക്കുകളില്‍ കഴിയുന്ന മനുഷ്യര്‍.

 

പാപ്പാ ഫ്രാന്‍സിസ് പറയുന്നത് ഇതുതന്നെയാണ്. സഭയെന്ന രീതിയില്‍ നമ്മള്‍ ഉള്ളിലേയ്ക്ക് പിന്‍വലിയുകയല്ല ചെയ്യേണ്ടത്. മറിച്ച് പുറംപോക്കുകളിലേയ്ക്ക്... ‘പെറിഫെറിയ’... going to the periphery അതിരുകളിലേയ്ക്ക് ഇറങ്ങിച്ചെല്ലുക. എന്നാണ്. പുറംപോക്കുകളിലേയ്ക്ക് നീങ്ങുകയാണ് ചെയ്യേണ്ടത്. സമൂഹത്തിന്‍റെ പുറപോക്കുകളില്‍ അതിരുകളില്‍ കഴിയുന്നവരുണ്ട്, പാവങ്ങള്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍, രോഗികളും ലോലമായ അവസ്ഥയില്‍ പലവിധത്തില്‍ സമൂഹത്തിന്‍റെ താഴെക്കിടയില്‍ കഴിയുന്നവരുണ്ട് അവര്‍ക്കുവേണ്ടീട്ട് നിന്‍റെ ജീവിതത്തിന്‍റെ സദ്യ ഒരുക്കുകയെന്നാണ് ക്രിസ്തു ആഹ്വാനംചെയ്യുന്നത്. ജീവിതത്തിന്‍റെ മുന്തിയ വിഭവങ്ങള്‍ വിളമ്പുന്ന സദ്യ അവര്‍ക്കുവേണ്ടി നടത്തുമ്പോഴുള്ള ഫലമെന്താണ്? അപ്പോള്‍ നീ ഭാഗ്യവാനായിരിക്കും. അവര്‍ക്കുകൊടുത്താല്‍... എളിയവര്‍ക്കു കൊടുത്താല്‍ നീ ഭാഗ്യവാനാണ്. കാരണം പകരം നല്കാന്‍ അവരുടെ പക്കല്‍ ഒന്നുമില്ല! ഇതു ശ്രദ്ധിക്കേണ്ടതാണ്. തിരിച്ചുതരാന്‍ ഒന്നുമില്ല. തിരിച്ചു തരാന്‍ ഒന്നുമില്ലാത്തവര്‍ക്കു കൊടുക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്. ഈശോ പറയുന്നു, അങ്ങനെ ഒന്നുമില്ലാത്തവനു കൊടുക്കുമ്പോള്‍ നീതിമാന്മാരുടെ പുനരുദ്ധാനത്തില്‍ നിനക്ക് പ്രതിഫലം ലഭിക്കും. വികലാംഗനും, ദരിദ്രനും രോഗിക്കും കൊടുത്താല്‍ ഈശോ പറയുന്നു, ഇപ്പോള്‍ പ്രതിഫലമൊന്നും കിട്ടുകയില്ല. തിരികെ തരാന്‍ അവരുടെ കൈയ്യില്‍ ഒന്നുമില്ല. നീതിമാന്മാരുടെ പുനരുത്ഥാനത്തില്‍, നിത്യജീവനില്‍ നിനക്ക് പങ്കാളിത്തം ലഭിക്കും... ചെറിയവനു കൊടുത്താല്‍ പാവപ്പെട്ടവനു കൊടുത്താല്‍ തിരിച്ചുതരാന്‍ ഇല്ലാത്തവനു കൊടുത്താല്‍ നീ അതിലൂടെ നേടുന്നത് പുനരുത്ഥാനമാണ്. നിത്യജീവന്‍, ഒരോ കൊടുക്കലിലൂടെയും സ്വര്‍ഗ്ഗരാജ്യത്തിന് നീ അര്‍ഹനായിത്തീരുന്നു. നിന്‍റെ ജീവിതത്തിന്‍റെ നന്മകള്‍ അതുകൊടുക്കുമ്പോള്‍ അത് ചെറിയവനും ദരിദ്രനുംകൊടുക്കുമ്പോള്‍ സംഭവിക്കുന്നത്, നിനക്കായ് നേടുന്ന നിത്യതയുടെ കല്ലുകള്‍ നീ എടുത്തു വയ്ക്കുകയാണ് ചെയ്യുന്നത്. നിനക്കായി നിത്യജീവിതത്തിന്‍റെ പാത നീ വളര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്. ഇതാണ് ഇന്ന് ഈശോ തരുന്ന പാഠം, അതുകൊണ്ടുതന്നെ നമുക്കൊന്ന് തിരിഞ്ഞു നോക്കാം.  എന്‍റെ ജീവിതത്തിന്‍റെ ഏറ്റവും വലിയ വിഭവങ്ങള്‍, നന്മകള്‍, എന്‍റെ ജീവിതത്തിന്‍റെ ഏറ്റവും വലിയ കഴിവുകള്‍ എന്‍റെ ജീവിതത്തിന്‍റെ ഏറ്റവും വലിയ സമ്പത്തുക്കള്‍ അത് ആര്‍ക്കാണു ഞാന്‍ കൊടുക്കുന്നത്? ആ സദ്യയ്ക്കു ഞാന്‍ അരെയെല്ലാമാണ് ക്ഷണിക്കുന്നത്? ആര്‍ക്കൊക്കെ വേണ്ടീട്ടാണ് എന്‍റെ വിഭവങ്ങള്‍ വിളമ്പുന്നത്?

 

നമുക്കു പ്രാര്‍ത്ഥിക്കാം.

ഈശോയേ, അങ്ങു ഞങ്ങളെ പഠിപ്പിക്കുന്ന ഈ പാഠം ഞങ്ങളുടെ ജീവിതത്തിലേയ്ക്കു സ്വീകരിക്കുവാനും. ആ അളവുകോല്‍വച്ച് എന്‍റെ ജീവിതത്തെ വിലയിരുത്താനുമുള്ള കൃപനല്കണമേ! ഞാന്‍ ഓരോ ദിവസവും എന്‍റെ ജീവിതത്തിന്‍റെ സദ്യ ഒരുക്കി കടന്നുപോവുകയാണ്. ഓരോ ദിവസവും ഞാന്‍ വിളമ്പിക്കൊണ്ടിരിക്കുകയാണ്. എന്‍റെ ജീവിതമാകുന്ന സദ്യയിലേയ്ക്ക് ഓരോ ദിവസവും ക്ഷണിക്കപ്പെടുന്നവരുണ്ട്. എന്‍റെ സദ്യ ആസ്വദിച്ചുകൊണ്ടിരിക്കുന്നവരുണ്ട്. ഈശോയേ, അങ്ങു പറഞ്ഞതുപോലെ ചെറിയവനും ദരിദ്രനും ഇല്ലായ്മക്കാരനും വേണ്ടീട്ട് എന്‍റെ ജീവിതത്തിന്‍റെ നന്മകള്‍  - അത് കഴിവും, സമയവും  ജീവിതവും കൊടുക്കാന്‍, അത് ഒന്നും തരിച്ചു തരാന്‍ കഴിവില്ലാത്തവനു കൊടുക്കുമ്പോള്‍ നിത്യജീവന്‍, പുനരുത്ഥാനം, സ്വര്‍ഗ്ഗരാജ്യം അതു എന്‍റെ ജീവിതത്തില്‍ കെട്ടുപ്പടുക്കുകയാണ് എന്ന തിരിച്ചറിവ് അങ്ങെനിക്കു തരണമേ... അതുകൊണ്ട്, അങ്ങ് ആഗ്രഹിക്കുന്നതുപോലെ ഈ സദ്യയുടെ വിളമ്പല്‍ നടത്താനുള്ള അനുഗ്രഹം എല്ലാവര്‍ക്കും എനിക്കും യേശുവേ, അങ്ങു നല്കണമേ! ആമേന്‍.








All the contents on this site are copyrighted ©.