2016-08-27 12:34:00

അഭയാര്‍ത്ഥികളെ സഹായിക്കാന്‍ പാപ്പായുടെ പ്രചോദനം


ഇറ്റലിയുടെയും ഫ്രാന്‍സിന്‍റെയും അതിര്‍ത്തി പ്രദേശമായ വെന്തിമീല്ല്യയില്‍ അഭയാര്‍ഥികളുടെ അതിപ്രസരം സൃഷ്ടിച്ചിരിക്കുന്ന ക്ലേശകരമായ അവസ്ഥയെ നേരിടുന്നതിന് വെന്തിമീല്ല്യ സാന്‍ റേമൊ രൂപതയേകുന്ന സംഭാവനകളില്‍ മാര്‍പ്പാപ്പാ സംതൃപ്തിയും കൃതജ്ഞതയും അറിയിക്കുന്നു.

ഈ രൂപതയുടെ മെത്രാന്‍ അന്തോണിയൊ സുവേത്തയ്ക്ക് അയച്ച കത്തിലാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ സന്തുഷ്ടി രേഖപ്പെടുത്തിയത്.

പുറത്തേക്കിറങ്ങുന്നവളും, കാരുണ്യത്തിന്‍റെ സുവിശേഷത്തിന്‍റെ സന്തോഷഭരിത പ്രഘോഷകയും പ്രത്യാശയുടെ സാക്ഷിയും ആയി സഭ ഉപരിയുപരി മാറുന്നതിനായി അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നതിന് വിശാലഹൃദയത്തോടും ഐക്യദാര്‍ഢ്യ മനോഭാവത്തോടും കുടി  പ്രവര്‍ത്തിക്കുന്നത് തുടരാന്‍  വെന്തിമീല്ല്യ സാന്‍ റേമൊ രൂപതാദ്ധ്യക്ഷനും ആ രൂപതയിലെ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്മായ വിശ്വാസികള്‍ക്കും പാപ്പാ പ്രോത്സാഹനം പകരുകയും ചെയ്യുന്നു.

അതിര്‍ത്തി കടക്കുന്നതിനായി ആ പ്രദേശത്തെത്തിയിരിക്കുന്ന ജനങ്ങള്‍ യുദ്ധത്തിലും അക്രമത്തിലും നിന്ന് രക്ഷപ്പെട്ടു പോന്നവരും പ്രത്യാശയും സമാധാനപരമായ ഒരു ഭാവിയും അന്വേഷിക്കുന്നവരുമാണെന്ന് അനുസ്മരിക്കുന്ന പാപ്പാ അവര്‍ക്ക് സഹായഹസ്തം നീട്ടുന്ന വെന്തിമീല്ല്യ സാന്‍ റേമൊ രൂപതയിലെ സകലരുടെയും ചാരെ പ്രാര്‍ത്ഥനയോടും സ്നേഹത്തോടും കൂടെ താന്‍ ആദ്ധ്യാത്മികമായി സന്നിഹിതനാണെന്ന് ഉറപ്പുനല്കുന്നു.








All the contents on this site are copyrighted ©.