2016-08-26 09:57:00

‘ദൈവികകാരുണ്യത്തിന്‍റെ സാക്ഷി’ - ജോണ്‍ പോള്‍ ഒന്നാമന്‍ അനുസ്മരണം


ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പാ ‘ദൈവികകാരുണ്യത്തിന്‍റെ ദാസനാ’യിരുന്നെന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു. ആഗസ്റ്റ് 26-ാം തിയതി പാപ്പാ അല്‍ബീനോ ലൂചിയാനി, ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പായുടെ സ്ഥാനാരോഹണത്തിന്‍റെ 38-ാം വാര്‍ഷികമാണ്. ഇന്നാളില്‍ ജന്മസ്ഥലമായ വടക്കെ ഇറ്റലിയിലെ അഗോര്‍ദോയില്‍ പുഞ്ചിരിയുടെ പാപ്പായുടെ ഓര്‍മ്മകള്‍ തിങ്ങുന്ന മ്യൂസിയം അവിടെ തുറക്കപ്പെട്ടു. പാപ്പാ ലൂചിയാനിയുടെ സ്മരണാര്‍ത്ഥമുള്ള മ്യൂസിയം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് ദൈവദാസനെ ദൈവികകാരുണ്യത്തിന്‍റെ സാക്ഷിയെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ വിശേഷിപ്പിച്ചത്. 

ജോണ്‍ പോള്‍ ഒന്നാമന്‍റെ സുവിശേഷ ലാളിത്യം അനിതരസാധാരണമായിരുന്നു. ഒപ്പം അദ്ദേഹം ദൈവികകാരുണ്യത്തിന്‍റെ സാക്ഷിയുമായിരുന്നു. ദൈവസ്നേഹവും സഹോദരസ്നേഹവും, കാരുണ്യപ്രവൃത്തികളും അദ്ദേഹത്തിന്‍റെ 33 ദിവസങ്ങള്‍ മാത്രം നീണ്ട, ഏറെ ഹ്രസ്വമായ സഭാ ശുശ്രൂഷയുടെ കാതലായിരുന്നു. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ആധുനിക ലോകത്തിന് തുറന്നുതന്ന ക്രിസ്തുസ്നേഹത്തിന്‍റെയും കരുണ്യത്തിന്‍റെയും പാതയില്‍‍ സാഹോദര്യത്തിലും കൂട്ടായ്മയിലും, സഭൈക്യത്തിന്‍റെ തലത്തിലും, ഇതരമതങ്ങളോടുള്ള സംവാദത്തിന്‍റെ തുറവിലും സഭയെ നയിക്കാന്‍ ഉദ്യമിച്ച തീക്ഷ്ണമതിയായിരുന്നു ദൈവദാസന്‍, ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പായെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ അഭിമുഖത്തില്‍ സ്ഥാപിച്ചു.

സഭയെും മതത്തെയും സമ്പന്നമായ അമാനുഷിക ഘടനയോ, ഭരണസംവിധാനമോ ആയി കാണുന്ന രീതിക്ക് അദ്ദേഹം എതിരായിരുന്നു. സാമൂഹ്യ സാംസ്ക്കാരിക മാനങ്ങളിലൂടെ മനുഷ്യരെ സമഗ്രതയിലേയ്ക്കു നയിക്കുന്ന സ്നേഹത്തിന്‍റെയും സേനവനത്തിന്‍റെയും ഉപകരണമാണ് സഭയെന്നു വിശ്വസിച്ച വ്യക്തിയായിരുന്നു ദൈവദാസന്‍, ജോണ്‍പോള്‍ ഒന്നാമന്‍ പാപ്പാ. കര്‍ദ്ദിനാള്‍ പരോളിന്‍ അഭിമുഖത്തില്‍ ഇങ്ങനെയാണ് മുന്‍പാപ്പായുടെ സഭാദര്‍ശനത്തെ വിശേഷിപ്പിച്ചത്.

1917-ല്‍ വടക്കെ ഇറ്റലിയിലെ വെനൂത്തോ പ്രവിശ്യയിലെ  അഗോര്‍ദോയില്‍ ജനിച്ചു. ബെലൂനോ രൂപതാ സെമിനാരിയില്‍ പഠിച്ചു. 1935-ല്‍ വൈദികപട്ടം സ്വീകരിച്ചു. മതബോധനത്തില്‍ ഉന്നതബിരുദം കരസ്ഥമാക്കിയിട്ടുള്ള അദ്ദേഹം അജപാലനമേഖലയില്‍ സ്നേഹത്തിന്‍റെ സേവനത്തിന്‍റെയും മാതൃകയായി.

1958-ല്‍ വിശുദ്ധനായ ജോണ്‍ 23-ാമന്‍ പാപ്പാ അദ്ദേഹത്തെ  വെനേത്തോ രൂപതയുടെ മെത്രാനായി നിയോഗിച്ചു. 

 1962-ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ  സമ്മേളനങ്ങളില്‍ സജീവമായി.

1969-ല്‍ ബിഷപ്പ് അല്‍ബീനോ ലൂചിയാനിയെ പോള്‍ ആറാമന്‍ പാപ്പാ വെനീസിലെ പാത്രിയര്‍ക്കിസ് പദത്തിലേയ്ക്ക് ഉയര്‍ത്തി.

1973-ല്‍ പാത്രിയര്‍ക്ക് ലൂചിയാനി കര്‍ദ്ദിനാള്‍  പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു.

1978-ല്‍ പോള്‍ ആറാമന്‍ പാപ്പായുടെ നിര്യാണത്തെ തുടര്‍ന്നുള്ള കോണ്‍ക്ലേവില്‍

1978 ആഗസ്റ്റ് 26-ന് പത്രോസിന്‍റെ പരാമാധികാരത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

33 ദിവസങ്ങള്‍ മാത്രം സഭാശുശ്രൂഷയുടെ നിസ്വര്‍ത്ഥ  പാതയില്‍ പുഞ്ചിരിയുമായി നീങ്ങിയ പാപ്പാ ലൂചിയാനി

1978 സെപ്തംബര്‍ 28-ന് കാലംചെയ്തു.








All the contents on this site are copyrighted ©.