2016-08-26 13:19:00

സമര്‍പ്പിതരുടെ യഥാര്‍ത്ഥ സമ്പത്ത് കര്‍ത്താവേകുന്ന ദാനങ്ങള്‍


ദൈവദത്ത ദാനങ്ങള്‍ക്കുപുറത്ത് സമ്പത്തന്വേഷിച്ചാല്‍ സമര്‍പ്പിതര്‍ക്ക്  വഴിതെറ്റുമെന്ന് മാര്‍പ്പാപ്പാ.

തന്‍റെ പ്രത്യേക ക്ഷണപ്രകാരം വത്തിക്കാനില്‍ എത്തിയ, ഇറ്റലിയിലെ ഫൊളീഞ്ഞൊ രൂപതയില്‍പ്പെട്ട സ്പേല്ലൊയിലുള്ള വാല്ലെഗ്ലോരിയയിലെ പരിശുദ്ധ മറിയത്തിന്‍റെ ക്ലാര സമൂഹത്തിന്‍റെ മിണ്ടാമഠത്തിലെ അംഗങ്ങളായ  സന്ന്യാസിനികള്‍ക്കായി തന്‍റെ വാസയിടമായ വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ വ്യാഴാഴ്ച (25/08/16) അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ ഫ്രാന്‍സീസ് പാപ്പാ നമുക്കെല്ലാവര്‍ക്കും ഉപകാരപ്രദമായ സമ്പത്ത്, സാക്ഷ്യം, പ്രത്യാശ എന്നീ മൂന്നു വാക്കുകളെ അടിസ്ഥാനമാക്കി  നടത്തിയ വചനസമീക്ഷയിലാണ് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

സമര്‍പ്പിതരുടെ യഥാര്‍ത്ഥ സമ്പത്ത് കര്‍ത്താവേകുന്ന ദാനങ്ങളാണെന്ന് പാപ്പാ ഓര്‍മ്മപ്പെടുത്തി.

ശാസ്ത്രങ്ങള്‍, ധനം, പൊള്ളത്തരങ്ങള്‍, ഔദ്ധത്യം എന്നിവയുടെയും നിഷേധാത്മകമായ മനോഭാവങ്ങളുടെയും വലയിലകപ്പെട്ടാല്‍ വഴിതെറ്റുമെന്ന് പാപ്പാ വിശദീകരിച്ചു. കണക്കുകൂട്ടലുകള്‍ ഇതിന്‍റെ ഒരടയാളമാണെന്നും ഒരു സമര്‍പ്പിത സമൂഹം ദ്രവ്യത്തോടു ആസക്തിയുള്ളതായാല്‍ അത് ക്ഷയിച്ചു തുടങ്ങിക്കഴിഞ്ഞുവെന്നും പാപ്പാ വ്യക്തമാക്കി.

സാക്ഷ്യമെന്ന രണ്ടാമത്തെ പദത്തെക്കുറിച്ചു മനനം ചെയ്യവെ പാപ്പാ മിണ്ടാമഠത്തിലെ നിവാസികളെ ആരും കാണുന്നില്ല എങ്കിലും അവരുടെ സാക്ഷ്യം ജനങ്ങള്‍ തിരിച്ചറിയുന്നുവെന്നു പറഞ്ഞു. ഞാന്‍ ഈ ജീവിതാന്തസ്സു തിരഞ്ഞെടുത്തു എനിക്കു മറ്റൊന്നും വേണ്ട എന്നു നിങ്ങള്‍ പറയുമ്പോള്‍ ക്രിസ്തു നിങ്ങളില്‍ ഉണ്ട് എന്ന സാക്ഷ്യമേകുകയാണെന്നും പാപ്പാ പ്രസ്താവിച്ചു. ഭീതിമൂലം ലോകത്തില്‍ നിന്ന് ഓടി ഒളിച്ചവരല്ല പ്രത്യുത വിളിക്കപ്പെട്ടവരാണ് പ്രാര്‍ത്ഥനാത്മകജീവിതം നയിക്കുന്ന സമര്‍പ്പിതരെന്നും സഭയുടെ വ്യവസ്ഥകള്‍ക്കനുസാരം ആ ജീവിതം മുന്നോട്ടു കൊണ്ടു പോകുയെന്നത് അവരേകുന്ന സാക്ഷ്യമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

സുവിശേഷത്തില്‍ പരാമര്‍ശിക്കപ്പെടുന്ന മണവാളനെ കാത്തിരിക്കുന്ന പത്തു കന്യകകളെപ്പോലെ തന്നെ, മിണ്ടാമഠത്തില്‍ ജീവിക്കുന്ന സന്ന്യാസിനികളും പ്രത്യാശയുടെ മഹിളകാളാണെന്നും അവര്‍ പ്രത്യാശ വിതയ്ക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

മദ്ധ്യ ഇറ്റലിയിലുണ്ടായ ഭൂകമ്പദുരന്തത്തിനിരകളായവര്‍ക്കും ആ ദുരന്തത്തിന്‍റെ  കെടുതികള്‍ അനുഭവിക്കുന്നവര്‍ക്കും വേണ്ടി പാപ്പാ വ്യാഴാഴ്ച(25/08/16) അര്‍പ്പിച്ച ദിവ്യപൂജാവേളയില്‍ ഈ സന്യാസിനികളോടൊപ്പം പ്രാ‍ര്‍ത്ഥിക്കുകയും ചെയ്തു.

 








All the contents on this site are copyrighted ©.