2016-08-26 09:13:00

സഭാനേതൃത്വത്തില്‍ ഒരപൂര്‍വ്വ കണ്ണിചേരല്‍ : മുന്‍പാപ്പാ ബനഡിക്ടും പാപ്പാ ഫ്രാന്‍സിസും


കാലിക പ്രസക്തിയുള്ള അമൂല്യമായ പ്രബോധനങ്ങളാണ് മുന്‍പാപ്പാ ബനഡിക്ടിന്‍റേതെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. വിശ്രമജീവിതം നയിക്കുന്ന മുന്‍പാപ്പാ ബനഡിക്ട് 16-ാമന്‍റെ ജീവചരിത്ര ഗ്രന്ഥത്തിന്‍റെ മുഖക്കുറിപ്പിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ പ്രസ്താവിച്ചത്.  പ്രശസ്ത ഇറ്റാലിയന്‍ എഴുത്തുകാരനും പത്രാധിപരുമായ ഏലിയോ ഗ്വരിയേരോയാണ് പാപ്പാ ബെനഡിക്ടിന്‍റെ ജീവചരിത്രം സമഗ്രമായി പ്രസിദ്ധപ്പെടുത്തുന്നതെന്ന് ആഗസ്റ്റ് 24-ാം തിയതി ബുനനാഴ്ച പുറത്തുവന്ന വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.

ഏലിയോ കുറിക്കുന്ന മുന്‍പാപ്പായുടെ ജീവചരിത്രം വിപുലവും, വിശ്വസ്തവും സന്തുലിതവുമെന്ന് പാപ്പാ ഫ്രാന്‍സിസ് ആമുഖമായി പ്രസ്താവിച്ചു. ആഗോളസഭ എന്നും പാപ്പാ ബനഡിക്ട് ആയിത്തീര്‍ന്ന ജോസഫ് റാത്സിങ്കറിനോട് കടപ്പെട്ടിരിക്കുന്നു. കാരണം കഠിനവും ക്ലേശപൂര്‍ണ്ണവുമായ ജീവിതംകൊണ്ട് മെനഞ്ഞെടുത്ത ഗഹനവും കാലികവുമായ ദൈവശാസ്ത്ര ചിന്തകള്‍ ജീവിതകാലമൊക്കെയും സഭാശുശ്രൂഷയില്‍ അദ്ദേഹം കലവറയില്ലാതെ സമര്‍പ്പിച്ചു. വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ നീണ്ടകാല സഭാഭരണത്തില്‍ വിശ്വാസസംഘത്തിന്‍റെ തലവാനായി അദ്ദേഹം സേവനംചെയ്തു. മൂന്നു പതിറ്റാണ്ടു കാലം നീണ്ടതായിരുന്നു ജോസഫ് റാത്സിങ്കറിന്‍റെ സമുന്നതമായ സഭാസേവനം. അവസാനം ആഗോളസഭയുടെ അദ്ധ്യക്ഷനെന്ന നിലയിലും പ്രതിസന്ധികളുടെ കാലഘട്ടത്തില്‍ അദ്ദേഹം ആ സമര്‍പ്പണം വിശ്വസ്തതയോടെ തുടര്‍ന്നു. നേരിടേണ്ടിവന്ന എതിര്‍പ്പുകളെ സത്യസന്ധമായും എളിമയോടുംകൂടെ, എന്നാല്‍ സഭയുടെ നവീകരണത്തിനും ശുദ്ധികലശത്തിനുമെന്ന അരൂപിയില്‍ സ്വീകരിക്കാനും അവയോട് സമുചിതമായി പ്രതികരിക്കാനും അദ്ദേഹത്തിനു സാധിച്ചു.

തന്‍റെ സഭാശുശ്രൂഷയുടെ ആരംഭം മുതല്‍ മുന്‍പാപ്പാ ബനഡിക്ടുമായുള്ള സഹോദരബന്ധം ആഴമായ ആത്മീയതാണ്. അദ്ദേഹത്തിന്‍റെ നിശ്ശബ്ദവും വിനയാന്വിതവുമായ, എന്നാല്‍ വിവേകപൂര്‍ണ്ണമായ പ്രാര്‍ത്ഥനാജീവിതവും സാത്വിക സാന്നിദ്ധ്യവും തന്‍റെ സഭാഭരണത്തിന് ആശ്വാസദായകമാകുന്ന പിന്‍തുണയാണെന്ന് ആമുഖത്തില്‍ പാപ്പാ ഫ്രാന്‍സിസ് ഏറ്റുപറയുന്നു.

മുന്‍പാപ്പാ ബനഡിക്ടുമായുള്ള കൂടിക്കാഴ്ചകളില്‍ ആദരവും വിധേയത്വവും മാത്രമല്ല, ഏറെ ഹൃദ്യമായ ആത്മീയബന്ധവും അടുപ്പവും തങ്ങള്‍ പരസ്പരം വളര്‍ത്തിയെടുത്തെന്ന് തുറന്നു പ്രസ്താവിക്കുന്നു.  സഹോദരതുല്യേന ഒരുമിച്ചു പ്രാര്‍ത്ഥിക്കാനും പങ്കുവയ്ക്കുവാനും തങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്. കാരണം സഭയുടെ ഉയര്‍ച്ചകളും താഴ്ചകളും, സന്തോഷവും ക്ലേശങ്ങളും അങ്ങേരെപ്പോലുള്ള മഹാനുഭാവനല്ലാതെ, മറ്റാര്‍ക്ക് വ്യക്തമായി മനസ്സിലാക്കാനാകും? അതിനാല്‍ പാപ്പാ റാത്സിങ്കറിന്‍റെ പ്രാര്‍ത്ഥയെന്നപോലെ സുഹൃദ്ബന്ധവും താന്‍ എന്നും വിലമതിക്കുന്നതാണെന്ന് പാപ്പാ ഫ്രാന്‍സിസ് ആമുഖത്തില്‍ വ്യക്തമാക്കുന്നു.

സ്ഥാനത്യാഗിയായ പാപ്പായുടെ സാന്നിദ്ധ്യം സഭാചരിത്രത്തില്‍ അന്യൂനവും നവവുമാണെങ്കിലും, സ്നേഹത്താല്‍ കൂട്ടിയിണക്കപ്പെടുന്ന പത്രോസിന്‍റെ പരമാധികാരപദങ്ങളുടെ അഖണ്ഡമായ ഒരു കണ്ണിചേരലിന്‍റെ ഓര്‍മ്മപ്പെടുത്തലും സജീവസാന്നദ്ധ്യവുമായി ഇതിനെ കാണുകയും വിശ്വാസത്തില്‍ അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ ഫ്രാന്‍സിസ് സ്പഷ്ടമാക്കി.

കാരുണ്യത്തിന്‍റെ ജൂബിലികവാടം തുറക്കാന്‍ മുന്‍പാപ്പാ ബനഡിക്ട് വത്തിക്കാനില്‍ തനിക്കൊപ്പം സന്നിഹിതനായതും, തനിക്കു പിമ്പേ എളിമയോടെ കടന്നുവന്ന് ആശ്ലേഷിച്ചതും ലോകം ആവേശത്തോടെ കണ്ടതാണ്. അതുപോലെ രണ്ടുപേര്‍ തമ്മിലുള്ള മറ്റു കൂടിക്കാഴ്ചകളും സമൂഹം ആവേശത്തോടും ആഹ്ലാദത്തോടുംകൂടെ ഉള്‍ക്കൊണ്ടിട്ടുള്ളത് സ്വാഭാവികവും സ്നേഹാര്‍ദ്രവുമെന്ന് വിശ്വസിക്കുന്നു. മനുഷ്യന്‍ ഇന്ന് കാരുണ്യത്തിനായി കേഴുകയാണെന്നും, ദൈവികകാരുണ്യം ഇന്ന് സമൂഹജീവിതത്തിലും വ്യക്തിജീവിതത്തിലും പ്രഥവും പ്രധാനവുമാണെന്നും തെളിയിക്കുമാറാണ് പാപ്പാ റാത്സിങ്കറുടെ പ്രകടനപരതയില്ലാത്ത  വത്തിക്കാനിലെ സഹോദരസാന്നിദ്ധ്യം.

സംഘട്ടനങ്ങളാലും അനീതിയാലും, പരസ്പരമുള്ള വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും അപസ്വരങ്ങളാലും മുഖരിതമായ ലോകത്ത് ദൈവികകാരുണ്യം പ്രഘോഷിക്കാന്‍ പത്രോസിന്‍റെ പരമാധികാരത്തിലെ രണ്ട് അവസാനകണ്ണികള്‍ കൂട്ടിയണക്കപ്പെട്ടത് ദൈവഹിതവും നിമിത്തവുമായി അംഗീകരിക്കുന്നു. ലോകത്തോട് ഇക്കാലഘട്ടത്തില്‍ ദൈവികകാരുണ്യം പ്രഘോഷിക്കാനാണ് അതെന്നും വിശ്വസിക്കുന്നു എന്നു പ്രസ്താവിച്ചുകൊണ്ടുമാണ് സഭാ ചരിത്രത്തിലെ അഗ്രഗണ്യനായ ദൈവശാസ്ത്ര പണ്ഡതിന്‍, മുന്‍പാപ്പാ ബെനഡിക്ട് 16-ാമന്‍റെ ഏലിയോ ഗ്വരിയേര രചിച്ച  ജീവചരിത്രത്തിന്‍റെ ഹൃദ്യമായ മുഖവുര പാപ്പാ ഫ്രാന്‍സിസ് ഉപസംഹരിക്കുന്നത്.








All the contents on this site are copyrighted ©.