2016-08-24 18:41:00

മദ്ധ്യഇറ്റലിയിലെ ഭൂകമ്പത്തില്‍ തകര്‍ന്ന രണ്ടുഗ്രാമങ്ങളും കുറെ ജീവിതങ്ങളും


മദ്ധ്യഇറ്റലിയിലെ ഭൂമികുലുക്കം രണ്ടു മലയോര ഗ്രാമങ്ങള്‍ - അമത്രീചെയും അക്കുമോളിയും  തകര്‍ന്നു. ബുധനാഴ്ച മദ്ധ്യാഹ്നംവരെയ്ക്കും 56 മൃതദേഹങ്ങള്‍ കണ്ടെത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുന്നു. ദേശീയമെത്രാന്‍ സമിതിയുടെ ധനസഹായം – എട്ടു കോടി രൂപ ജനപങ്കാളിത്തത്തോടെ...!

ആഗസ്റ്റ് 24-ാം തിയതി ബുധനാഴ്ച പ്രാദേശിക സമയം 3.36- വെളുപ്പിനാണ് 6.2 റിക്ടര്‍ സ്കെയിലില്‍ ഭൂമി കുലുക്കം അനുഭവപ്പെട്ടത്. തുടര്‍ന്ന് രാവിലെ 4.10-നും ഭൂചലനങ്ങള്‍ ഉണ്ടായി. റോമില്‍നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള റിയേത്തി (Rieti) പ്രദേശത്തെ മലയോര ഗ്രാമങ്ങളായ അമാത്രീചെ, അക്കൂമോളി കേന്ദ്രമായിട്ടാണ് ഭൂകമ്പം ഉണ്ടായത്. രണ്ടു ഗ്രാമങ്ങളും തകര്‍ന്നപ്പോള്‍ ഉറക്കത്തിലായിരുന്ന ജനങ്ങള്‍ അധികവും കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്. മദ്ധ്യഇറ്റലിയിലെ ലാസിയോ, ഉംബ്രിയ, മാര്‍ക്കെ പ്രവിശ്യകളിലായി വ്യാപിച്ചു കിടക്കുന്നതാണ് ഭൂമികുലുക്കത്തിന്‍റെ പ്രത്യാഘാതങ്ങള്‍. 70 കി.മി. അകലെ റോമില്‍പ്പോലും തത്സമ ചലനങ്ങള്‍ അപകടമില്ലാതെയാണെങ്കിലും, അനുഭവപ്പെട്ടതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തി.

സുരക്ഷാസൈനികരും സന്നദ്ധസേവകരും ബുധനാഴ്ച പുലര്‍ച്ചെ അപകടവിവരമറിഞ്ഞ ഉടനെ അമത്രിചി-അക്കുമോളി പ്രദേശത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.  ഉച്ചതിരിഞ്ഞ് ഇറ്റലിയിലെ സമയം മൂന്നു മണിയോടെ 56 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഔദ്യോഗിക വൃത്തങ്ങള്‍ നിജപ്പെടുത്തിയിട്ടുണ്ട്. ഇനിയും അന്വേഷണവും രക്ഷാപ്രവര്‍ത്തനങ്ങളും തുടരുകയാണ്.

സ്ഥലത്തെ സ്പൊലേത്തോ-നോര്‍ചിയ അതിരൂപതാ മെത്രാപ്പാലീത്ത, ആര്‍ച്ചുബിഷപ്പ് റെനാത്തോ ബൊക്കാര്‍ദോയും സംഘവും, കാരിത്താസ് ഉപവി പ്രസ്ഥാനവും രാവിലെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും, ജനങ്ങളെ സമാശ്വസിപ്പിക്കുകയും ചെയ്തു.  ഭൂമികുലുക്കത്തില്‍പ്പെട്ടവര്‍ക്ക് ഇറ്റലിയിലെ ദേശീയ മെത്രാന്‍ സമിതി സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ഇറ്റലിയുടെ സ്പൊലേത്തോ-നോര്‍ചിയ അതിരൂപതാ അതിര്‍ത്തിയില്‍ സംഭവിച്ച ദുരന്തത്തിലെ ആള്‍നഷ്ടവും, പാര്‍പ്പിടങ്ങളുടെയും മറ്റു വസ്തുവകകളുടെയും നാശനഷ്ടങ്ങളും കണക്കിലെടുത്തുകൊണ്ടാണ് 10 ലക്ഷം യൂറോ, ഏകദേശം 8 കോടിയോളം രൂപ ധനസഹായം ദുരിതബാധിത പ്രദേശങ്ങള്‍ക്കായി ലഭ്യമാക്കുന്നതെന്ന് ദേശായ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഗ്വാള്‍ത്തിയേരോ ബസേത്തി റോമില്‍ ബുധനാഴ്ച ഇറക്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി.

ജനങ്ങള്‍ സര്‍ക്കാരിനു നല്ക്കുന്ന സാമൂഹ്യസുരക്ഷാ ധനസഹായം (ആയിരത്തിന് എട്ടും) കൂടാതെ, സെപ്തംബര്‍ 18-ാം തിയതി ഞായറാഴ്ച ഇറ്റലി ആചരിക്കുന്ന 26-ാ മത് ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനോട് അനുബന്ധിച്ച് ദേശീയതലത്തില്‍ ഇടവകകളിലും സ്ഥാപനങ്ങളിലും സമൂഹങ്ങളിലും ശേഖരിക്കുന്ന സ്ത്രോത്രക്കാഴ്ച എന്നിവ സ്വരുക്കൂട്ടിയാണ് സാമ്പത്തിക സഹായം യാഥാര്‍ത്ഥ്യമാക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ബസേത്തി പ്രസ്താവനയില്‍ വ്യക്തമാക്കി.

ആള്‍ നഷ്ടവും, മറ്റു നാശനഷ്ടങ്ങളുടെ വലുപ്പവും ഇനിയും പൂര്‍ണ്ണമായി വിലയിരുത്തപ്പെട്ടിട്ടില്ലെങ്കിലും, ഭൂമികുലുക്കത്തിന്‍റെ കേന്ദ്രമായ അമത്രേചി, അക്കുമോളി ഗ്രാമങ്ങളില്‍ തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങളില്‍ കുടിങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.








All the contents on this site are copyrighted ©.