2016-08-20 11:28:00

കര്‍ദ്ദിനാള്‍ വിങ്കൊ പുള്‍യിത്സ് സ്കോപ്യെയിലേക്ക്


വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനാനന്തരം അഗതികളുടെ അമ്മയുടെ ജന്മസ്ഥലമായ സ്കോപ്യെയില്‍ (SKOPJE) ആചരിക്കപ്പെടുന്ന കൃതജ്ഞതാപ്രകടനദിനത്തില്‍ കര്‍ദ്ദിനാള്‍ വിങ്കൊ പുള്‍യിത്സ് പാപ്പായുടെ പ്രത്യേക പ്രതിനിധിയായി പങ്കെടുക്കും.

ശനിയാഴ്ചയാണ് (20/08/16) ഫ്രാന്‍സീസ് പാപ്പാ ഈ നിയമനഉത്തരവ് പുറപ്പെടുവിച്ചത്.

ബോസ്നിയ ഹെര്‍സ്സഗോവീനയിലെ സരയേവൊ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പാണ് കര്‍ദ്ദിനാള്‍ വിങ്കൊ പുള്‍യിത്സ്.

സ്കോപ്യെയില്‍ സെപ്ററംബര്‍ 11 നാണ് കൃതജ്ഞതാദിനാചരണം.

ഇന്നത്തെ മാസിഡോണിയ റിപ്പബ്ലിക്കിന്‍റെ തലസ്ഥാനമായ സ്കൊപ്യെയില്‍ 1910 ആഗസ്റ്റ് 26 നാണ് വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ ജനനം. 1997 സെപ്ററംബര്‍ 5 ന് മരണമടഞ്ഞ അഗതികളുടെ അമ്മയെ ഫ്രാന്‍സീസ് പാപ്പാ സെപ്റ്റംബര്‍ 4 ന്, ഞായറാഴ്ച വത്തിക്കാനില്‍ വച്ച് വിശുദ്ധയായി പ്രഖ്യാപിക്കും.

ഇന്ത്യയുടെ വിദേശകാര്യമന്ത്രി ശ്രീമതി സുഷമ സ്വരാജിന്‍റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിനിധി സംഘം വിശുദ്ധപദപ്രഖ്യാപന തിരുക്കര്‍മ്മത്തില്‍ സംബന്ധിക്കുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ്  വെളിപ്പെടുത്തിയിരുന്നു. 








All the contents on this site are copyrighted ©.