2016-08-20 11:47:00

ആഗസ്റ്റ് 21 2016: നീതി ഞായര്‍


ഭാരതകത്തോലിക്കാസഭ ഈ ഇരുപത്തിയൊന്നിന് (21/08/16) നീതി ഞായര്‍ ആചരിക്കുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം കഴിഞ്ഞുവരുന്ന ഞായറാണ് ഭാരതത്തിലെ കത്തോലിക്കാമെത്രാന്‍ സംഘം, സിബിസിഐ, ഈ വാര്‍ഷികാചരണത്തിനായി നിശ്ചയിച്ചിരിക്കുന്നത്.

സമൂഹത്തിന്‍റെ കാര്യത്തില്‍ ഔത്സുക്യം പുലര്‍ത്താനും അങ്ങനെ നീതിയുടെതായ ആവശ്യങ്ങള്‍ നിറവേറ്റാനും ഉത്തരവാദിത്വമുള്ള സകലരിലും ഭരണകൂടങ്ങളിലും കൂടുതല്‍ അവബോധം ജിനിപ്പിക്കുകയാണ് 1983 മുതല്‍ ഭാരതകത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ നീതിസമാധാനസമിതിയുടെ ആഭിമുഖ്യത്തില്‍ അനുവര്‍ഷം ആചരിക്കുന്ന നീതിഞായറിന്‍റെ ലക്ഷ്യം.

പിറന്ന നാട്ടില്‍ ഇന്നും നീതിക്കായി കേഴുന്ന ദളിത് ക്രൈസ്തവരില്‍ കേന്ദ്രീകൃതമാണ് ഇക്കൊല്ലത്തെ (2016) ഈ ദിനാചരണം.

ഹൈന്ദവ,ബുദ്ധ, സിക്കു മതാനുയായികളായ ദളിതരെ അപേക്ഷിച്ച് ക്രിസ്തുമതസ്ഥരും ഇസ്ലാം അനുയായികളുമായ ദളിതര്‍ക്ക് മതസ്വാതന്ത്ര്യം സാമൂഹ്യക്ഷേമ ആനുകൂല്യങ്ങള്‍ തുടങ്ങിയവ നിഷേധിക്കപ്പെടുകയാണെന്ന് നീതിഞായര്‍ ആചരണത്തോടനുബന്ധിച്ച് കേരളത്തിലെ കത്തോലിക്കാമെത്രാന്‍സംഘത്തിന്‍റെ, (കെസിബിസി) പിന്നോക്ക വഭാഗങ്ങള്‍ക്കായുള്ള സമിതി പുറപ്പെടുവിച്ച സന്ദേശം ഖേദം പ്രകടിപ്പിക്കുകയും ദളിതരോടുള്ള ഐക്യദാര്‍ഢ്യവും പ്രതിജഞാബദ്ധതയും നവീകരിക്കാനും തനിമ നിലനിര്‍ത്താന്‍ ദളിതരെ സഹായിക്കാനും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

മനുഷ്യമഹത്വവും തുല്യപരിഗണനയും അന്യായമായി നിഷേധിക്കപ്പെട്ടിരിക്കുന്ന അവരോടൊപ്പം നിന്നുകൊണ്ട് അവരുടെ സഹനങ്ങളില്‍ സാന്ത്വനമാകാന്‍ ഈ സമിതി ഏവരേയും ക്ഷണിക്കുന്നു.

 








All the contents on this site are copyrighted ©.