2016-08-19 11:59:00

ഹൃദ്രോഗവിദഗ്ദ്ധരുടെ സമ്മേളനത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കും


ആഗസ്റ്റ് 31 - ബുധനാഴ്ചയാണ് യൂറോപ്പിലെ ഹൃദ്-രോഗവിദഗ്ദ്ധരുടെ സംഗമത്തെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്യുന്നത്. യൂറോപിലെ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി (European Society of Cardiology - ESC) സംഘടിപ്പിക്കുന്ന സംഗമം ആഗസ്റ്റ് 27-മുതല്‍ 31-വരെ തിയതികളില്‍ റോമിലാണ് സംഗമിക്കുന്നത്. രാജ്യാന്തര സമ്മേളന കേന്ദ്രമായ Fair of Rome-ലാണ് ഈ വന്‍സംഗമം നടക്കാന്‍ പോകുന്നത്. 140 രാജ്യങ്ങളില്‍നിന്നുമുള്ള 35,000-ത്തോളം ഹൃദ്രോഗവിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ സംഗമത്തില്‍ പങ്കെടുക്കും.

ആഗസ്റ്റ് 31- ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിക്കുശേഷം ഡോക്ടര്‍മാരുടെ കൂട്ടായ്മയെ അഭിസംബോധനചെയ്യാന്‍ പാപ്പാ പുറപ്പെടുമെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക്  ആഗസ്റ്റ് 18-ാം തിയതി വ്യാഴാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. വത്തിക്കാനില്‍നിന്നും 20-കി.മി. അകലെ റോമിന്‍റെ തെക്കു പടിഞ്ഞാറന്‍ പ്രാന്തത്തിലുള്ള സമ്മേളന നഗറിലേയ്ക്ക് പാപ്പാ കാറിള്‍ സഞ്ചരിക്കും.

ജൂലൈ-ആഗസ്റ്റ് മാസങ്ങള്‍ യൂറോപ്പില്‍ അവധിക്കാലമാണെങ്കിലും പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ത്തന്നെയുണ്ട്. ക്യാസില്‍ഗണ്ടോള്‍ഫോയിലെ വേനല്‍ക്കാല വസതിയില്‍പ്പോയി വിശ്രമിച്ചിരുന്ന തന്‍റെ മുന്‍ഗാമികളുടെ പതിവു തെറ്റിച്ചാണ്, വത്തിക്കാനിലെ പേപ്പല്‍ വസതി ‘സാന്താ മാര്‍ത്ത’യില്‍ താമിസിച്ചുകൊണ്ട് അനുദിന പ്രവൃത്തികളില്‍ വ്യാപൃതനായി പാപ്പാ ഫ്രാന്‍സിസ് മുന്നോട്ടുപോകുന്നത്. ഏതാനും ചില പൊതുപരിപാടികള്‍ മാത്രം ഒഴിവാക്കിയിട്ടുണ്ടെങ്കിലും,  അനുദിന ജോലികളില്‍ പൂര്‍ണ്ണമായും വ്യാപൃതനാണെന്ന കാര്യം പാപ്പാ ബര്‍ഗോളിയോയുടെ പ്രതേയ്കത തന്നെ! 

 








All the contents on this site are copyrighted ©.