2016-08-17 11:34:00

കാരുണ്യം കര്‍മ്മത്തിലൂടെ ആവിഷ്ക്കരിക്കുന്ന യേശു


ഈ ബുധനാഴ്ചയും (17/08/16) ഫ്രാന്‍സീസ് പാപ്പായുടെ പൊതുദര്‍ശനപരിപാടിയുടെ വേദി വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാലയായിരുന്നു. രാവിലെ അന്തരീക്ഷം കാര്‍മേഘാവൃതമായിരുന്നെങ്കിലും ഭാരതീയരുള്‍പ്പടെ വിവിധരാജ്യക്കാരായിരുന്ന ആയിരങ്ങള്‍ പാപ്പായെ കാണാനും സന്ദേശം ശ്രവിക്കാനും ആശീര്‍വ്വാദം സ്വീകരിക്കാനുമായി എത്തിയിരുന്നു. പൊതുതുദര്‍ശനം അനുവദിക്കുന്നതിനായി ശാലയിലെത്തിയ പാപ്പായെ കണ്ടമാത്രയില്‍  അവിടെ സന്നിഹിതരായിരുന്നവരുടെ ആനന്ദം കരഘോഷമായും പാപ്പാവിളികളായും ആരവങ്ങളായും ആവിഷ്കൃതമായി.

പോള്‍ ആറാമന്‍ പാപ്പായുടെ നാമത്തിലുള്ള ശാലയിലുണ്ടായിരുന്നവരെ അഭിവാദ്യം ചെയ്തുകൊണ്ട് അവര്‍ക്കിടയിലുടെ പ്രസംഗവേദിയിലേക്കു പാപ്പാ നടന്നു നീങ്ങവെ ചിലര്‍ സ്നേഹോപഹാരങ്ങള്‍ ഏകാനും മറ്റുചിലര്‍ തങ്ങള്‍ കൊണ്ടുവന്ന ചില വസ്തുക്കളിന്മേല്‍ പാപ്പായുടെ കരസ്പര്‍ശമേല്പിക്കാനും പാപ്പായെ തൊടാനും ശ്രമിക്കുന്നുണ്ടായിരുന്നു. പതിവുപോലെ പാപ്പാ കുഞ്ഞുങ്ങളെ മുത്തമിടുകയും ആശിര്‍വ്വദിക്കുകയും ചെയ്തു. റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ ഫ്രാന്‍സീസ് പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു.

തുടര്‍ന്ന് ആംഗലമുള്‍പ്പടെയുള്ള വിവിധഭാഷകളില്‍ വിശുദ്ധഗ്രന്ഥ ഭാഗം പാരായ​ണം ചെയ്യപ്പെട്ടു.

മത്തായിയുടെ സുവിശേഷം പതിനാലാം അദ്ധ്യായം 15 മുതല്‍ 20 വരെയുള്ള വാക്യങ്ങള്‍,യേശു അഞ്ചപ്പവും രണ്ടു മീനും കൊണ്ട് 5000 പേര്‍ക്ക് ഭക്ഷണമേകുന്ന  അത്ഭുതസംഭവ വിവരണഭാഗം, വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ ശാലയില്‍ സന്നിഹിതരായിരുന്നവരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്തു.

പാപ്പായുടെ പ്രഭാഷണത്തിന്‍റെ സംഗ്രഹം:

അപ്പം വര്‍ദ്ധിപ്പിച്ച അത്ഭുതത്തെക്കുറിച്ച് ഇന്നു നമുക്ക് വിചിന്തനം ചെയ്യാം. സ്നാപക യോയോഹന്നാന്‍  വധിക്കപ്പെട്ട വാര്‍ത്ത ലഭിച്ചയുടനെ യേശു വഞ്ചിയില്‍ കയറി തടാകം കടന്ന് തനിച്ച് ഒരു വിജനസ്ഥലത്തേക്കു പോകുന്നതായി മത്തായി നല്കിയ വിവരണത്തിന്‍റെ ആരംഭത്തില്‍ കാണുന്നു. ഇതറിഞ്ഞ ജനം കാല്‍നടയായി അവിടത്തെ അനുഗമിക്കുന്നു. യേശുതടാകത്തിലൂടെയും ജനങ്ങള്‍ കാല്‍നടയായും. അങ്ങനെ കരയ്ക്കിറങ്ങിയ യേശു വലിയൊരു ജനക്കൂട്ടത്തെ കാണുന്നു. അവരുടെമേല്‍ അവന് അനുകമ്പതോന്നി. അവരുടയിടയില്‍ ഉണ്ടായിരുന്ന രോഗികളെ അവന്‍ സുഖപ്പെടുത്തി. അങ്ങനെയായിരുന്നു യേശു. അവിടന്ന് സദാ അനുകമ്പയുള്ളവനും മറ്റുള്ളവരുടെ കാര്യത്തില്‍ കരുതലുള്ളവനും ആണ്. തങ്ങള്‍ ഒറ്റപ്പെടുത്തപ്പെടും ഉപേക്ഷിക്കപ്പെടും എന്നു ഭയന്ന ജനത്തിന്‍റെ നിശ്ചയദാര്‍ഢ്യം അവിടത്തെ സ്പര്‍ശിക്കുന്നു. എനിക്കു പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്തനാണ് എന്നു യേശുവിനെക്കുറിച്ചു പറഞ്ഞ നൈസര്‍ഗിക വ്യക്തിപ്രഭാവത്തിനുടമയായിരുന്ന പ്രവാചകന്‍ മരണമടഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ജനം യേശുവിന്‍റെ പിന്നാലെ പോകുന്നു. അത് സര്‍വ്വോപരി അവിടത്തെ ശ്രവിക്കാനും രോഗികളെ അവിടത്തെപ്പക്കലെത്തിക്കാനുമാണ്. അവരെ കണ്ട യേശുവിന് അവരോടു മനസ്സലിവു തോന്നി. യേശു തണുത്തുറഞ്ഞവനല്ല. അവിടത്തെ ഹൃദയം തണുത്തു മരവിച്ചതല്ല. അനുകമ്പയൂറുന്നതാണ് ആ ഹൃദയം. താന്‍ പൊയ്ക്കളയരുത് എന്ന് കരുതുന്ന ആ ജനതയോട് ബന്ധിക്കപ്പെട്ടിരിക്കുന്നതായ ഒരനുഭവം അവിടത്തേക്കുണ്ടാകുന്നു ഒരുവശത്ത്. മറുവശത്താകട്ടെ അവിടത്തേക്ക് ഏകാന്തത  ആവശ്യമായിരിക്കുന്നു, പിതാവിനോട് പ്രാര്‍ത്ഥിക്കണം. പലപ്പോഴും അവിടന്ന് രാത്രിമുഴുവനും പിതാവിനോടു പ്രാര്‍ത്ഥിക്കുന്നു.

അന്ന് ദിവ്യഗുരു ആ ദിനം ജനങ്ങള്‍ക്കായി നീക്കി വയ്ക്കുന്നു. അവരോടുള്ള അനുകമ്പ വെറുമൊരു വികാരമല്ല; മറിച്ച് നമ്മോ‌ടടുത്തായിരിക്കാനും നമ്മെ രക്ഷിക്കാനുമുള്ള അവിടത്തെ മുഴുവന്‍ ഇച്ഛാശക്തിയും ആവിഷ്ക്കരിക്കുന്നതാണത്.

രാത്രിയായതിനാല്‍ ക്ഷീണിതരും വിശക്കുന്നവരുമായ ആ ജനത്തിന് ഭക്ഷണമേകുന്നതിനെക്കുറിച്ച് യേശു ചിന്തിക്കുന്നു. അവിടന്ന് ശിഷ്യരോടു പറയുന്നു നിങ്ങള്‍ തന്നെ അവര്‍ക്ക് ഭക്ഷണം നല്കുവിന്‍ എന്ന്. ആകെയുണ്ടായിരുന്ന ഏതാനും അപ്പവും മീനും  വിശ്വാസത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും ശക്തിയാല്‍ ആ ജനത്തിനു മുഴുവന്‍ തികയുമെന്ന് അവിടന്ന് അവര്‍ക്ക് കാണിച്ചുകൊടുക്കുന്നു.  അവിടന്ന് അത്ഭുതം പ്രവര്‍ത്തിക്കുന്നു. വിശ്വാസത്തിന്‍റെ, അനുകമ്പയോടും സ്നേഹത്തോടും കൂടിയ പ്രാര്‍ത്ഥനയുടെ അത്ഭുതം.

യേശുവിന്‍റെ ആ ആശീര്‍വ്വാദകര്‍മ്മത്തെക്കുറിച്ചൊന്നു ചിന്തിക്കാം. അവിടന്ന് അഞ്ചപ്പവും രണ്ടു മീനും എടുത്ത് സ്വര്‍ഗ്ഗത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്തി  ആശീര്‍വ്വദിച്ച് മുറിച്ച് നല്കുന്നു. അവിടന്ന് അന്ത്യ അത്താഴവേളയില്‍ ചെയ്തിന് സമാനമാണിത്. ഇതു തന്നെയാണ് ദിവ്യപൂജാര്‍പ്പണവേളയില്‍ ഓരോ വൈദികനും ചെയ്യുന്നത്. ക്രൈസ്തവ സമൂഹം ദിവ്യകാരുണ്യത്തിലുള്ള പങ്കുചേരലിലൂടെ ജന്മംകൊള്ളുകയും നിരന്തരം വീണ്ടും ജനിക്കുകയും ചെയ്യുന്നു. ജനക്കൂട്ടത്തെ കണ്ട യേശു അനുകമ്പതോന്നി അപ്പം വര്‍ദ്ധിപ്പിച്ചു നല്‍കുന്നു. വിശുദ്ധകുര്‍ബ്ബാനയിലും യേശു ഇതു തന്നെയാണ് ചെയ്യുന്നത്. ഈ അപ്പം സ്വീകരിക്കുന്ന വിശ്വാസികളായ നമ്മള്‍ അവിടത്തേക്കുണ്ടായ അതേ അനുകമ്പയോടെ ഇതു മറ്റുള്ളവര്‍ക്ക്  എത്തിച്ചുകൊടുക്കാന്‍  അവിടുന്നിനാല്‍ പ്രചോദിതരാകുന്നു.

അപ്പവും മത്സ്യവും വര്‍ദ്ധിപ്പിച്ച സംഭവവിരണം അവസാനിക്കുന്നത് എല്ലാവരും ഭക്ഷിച്ചു തൃപ്തരാകുകയും ബാക്കി വന്നവ ശേഖരിക്കുകയും ചെയ്തു എന്ന് വ്യക്തമാക്കിക്കൊണ്ടാണ്. യേശു അവിടത്തെ കരുണയാലും സ്നേഹത്താലും അനുഗ്രഹമേകുമ്പോള്‍, പാപങ്ങള്‍ പൊറുക്കുമ്പോള്‍, ആശ്ലേഷിക്കുമ്പോള്‍ അവിടന്ന് അല്പമായിട്ടല്ല, മുഴുവനുമായിട്ടാണ് ചെയ്യുന്നത്.

 നാമോരോരുത്തരും കുടുംബത്തിലും തൊഴിലിലും ഇടവകയിലും നാമായിരിക്കുന്ന സമൂഹത്തിലും കൂട്ടായ്മയുടെ ഉപകരണമായിത്തീരാനും ആരെയും ഏകാന്തതയിലും ആവശ്യങ്ങളിലും കൈവിടാത്ത ദൈവികാരുണ്യത്തിന്‍റെ ദൃശ്യ അടയാളമായിരിക്കാനും അങ്ങനെ ജനതകള്‍തമ്മില്‍ സമാധാനാവും കൂട്ടായ്മയു സംജാതമാകുകയും ദൈവവും മനുഷ്യരും കൂട്ടായ്മയിലാകുകയും ചെയ്യുന്നതിനായി നമുക്കു കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാം. എന്തെന്നാല്‍ ഈ കൂട്ടായ്മയാണ് സകലര്‍ക്കും ജീവനേകുന്നത്. നന്ദി.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന്, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന  ഈ മുഖ്യ പ്രഭാഷണത്തിന്‍റെ സംഗ്രഹം വിവിധ ഭാഷകളി‍ല്‍ വായിക്കപ്പെട്ടു. പൊതുദര്‍ശന പരിപാടിയുടെ അവസാനഭാഗത്ത് പതിവുപോലെ പാപ്പാ യുവജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തിനെ തുടര്‍ന്ന് കര്‍ത്ത‍ൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടു. തദ്ദനന്തരം പാപ്പാ എല്ലാവര്‍ക്കും തന്‍റെ   അപ്പസ്തോലികാശീര്‍വ്വാദം നല്കി.

 








All the contents on this site are copyrighted ©.