2016-08-15 12:53:00

ഹൃദയത്തില്‍ നിന്നു ജ്വലിക്കേണ്ട സ്നേഹാഗ്നി


റോമില്‍ വേനല്‍ക്കാലതാപനിലയില്‍ ചെറിയൊരുകുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും മദ്ധ്യാഹ്ന സൂര്യന്‍റെ താപകിരണങ്ങളെ ചെറുക്കാന്‍ പലരും കുടകള്‍ ചൂടിയും തൊപ്പിയണിഞ്ഞുമാണ് മദ്ധ്യഹ്നപ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളാന്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ നിലകൊണ്ടിരുന്നത് ഈ ഞായറാഴ്ച(14/05/16).  ത്രികാലപ്രാ‍ര്‍ത്ഥന നയിക്കുന്നതിനായി ഫ്രാന്‍സീസ് പാപ്പാ അരമനയുടെ മുകളിലത്തെ നിലയിലുള്ള പതിവുജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ വിധരാജ്യക്കാരായിരുന്ന തീര്‍ത്ഥാടകര്‍ കരഘോഷവും ആരവങ്ങളും വഴി  അവരുടെ സന്തോഷവും ആദരവും പ്രകടിപ്പിച്ചു

ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ഈ ഞായറാഴ്ച ലത്തീന്‍ റീത്തിന്‍റെ ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വായിക്കപ്പെട്ട സുവിശേഷ ഭാഗം, അതായത്, താന്‍ സമാധാനമല്ല ഭിന്നതയാണ്  കൊണ്ടുവന്നിരിക്കുന്നതെന്നും തന്‍റെ  ആഗമന ലക്ഷ്യം ഭൂമിയില്‍ തീയിടുകയാണെന്നും യേശു സ്വശിഷ്യരോടു പറയുന്ന, വൈരുദ്ധ്യാത്മകവും മനുഷ്യബുദ്ധിക്ക് അഗ്രാഹ്യവുമായ ഭാഗം, ലൂക്കായുടെ സുവിശേഷം അദ്ധ്യായം 12, 49 മുതല്‍ 53 വരെയുള്ള വാക്യങ്ങള്‍ തന്‍റെ വിചിന്തനത്തിന് അവലംബമാക്കി.

പാപ്പായുടെ ഇറ്റാലിയന്‍ ഭാഷയിലായിരുന്ന പ്രഭാഷണം ഇപ്രകാരമായിരുന്നു:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.

താന്‍ കുരിശുമരണം വരിക്കേണ്ട ഇടമായ  ജറുസലേമിലേക്കുള്ള യാത്രയിലുടനീളം സന്തം ശിഷ്യന്മാര്‍ക്ക് യേശുവേകുന്ന പ്രബോധനങ്ങളില്‍പ്പെട്ടതാണ്   ഈ ഞായറാഴ്ചത്തെ സുവിശേഷ ഭാഗം, ലൂക്കായുടെ സുവിശേഷം അദ്ധ്യായം 12, 49 മുതല്‍ 53 വരെയുള്ള വാക്യങ്ങള്‍. തന്‍റെ ദൗത്യത്തിന്‍റെ ലക്ഷ്യം എന്തെന്ന് സൂചിപ്പിക്കുന്നതിന് യേശു മൂന്നു പ്രതിരൂപങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്, അതായത്, അഗ്നി, ജ്ഞാനസ്നാനം, ഭിന്നിപ്പ് എന്നിവ. ഇന്നു ഞാന്‍ വിശകലനം ചെയ്യാനാഗ്രഹിക്കുന്നത് പ്രഥമ പ്രതിബിംബമായ അഗ്നിയെക്കുറിച്ചാണ്.

യേശു അഗ്നിയെക്കുറിച്ചു പറയുന്നതിങ്ങനെയാണ്: ഞാന്‍ ഭൂമിയില്‍ വന്നത് തീയിടാനാണ്. അത് ഇതിനകം കത്തിജ്ജ്വലിച്ചിരുന്നെങ്കില്‍. (വാക്യം 49) യേശു വിവക്ഷിക്കുന്ന അഗ്നി നമ്മുടെ മാമ്മോദീസാദിനം മുതല്‍ നമ്മില്‍ സന്നിഹിതനും പ്രവര്‍ത്തനനിരതനുമായ പരിശുദ്ധാരൂപിയുടെ തീയാണ്. ശുദ്ധീകരിക്കുന്നതും നവീകരിക്കുന്നതും മാനവദുരിതങ്ങളേയും സകലവിധ സ്വാര്‍ത്ഥതകളേയും ദഹിപ്പിക്കുന്നതും നമ്മെ ആന്തരികരൂപാന്തരീകരണത്തിന് വിധേയമാക്കുന്നതും നമ്മെ പുതിയ സൃഷ്ടിയക്കുന്നതും സ്നേഹിക്കാന്‍ പ്രാപ്തരാക്കുന്നതുമാണ്  അത്, അതായത്, അഗ്നി. തീയെന്ന പോലെ പരിശുദ്ധാരൂപി നമ്മുടെ ഹൃദയത്തില്‍ പടരണമെന്ന് യേശു അഭിലഷിക്കുന്നു. എന്തെന്നാല്‍ ഹൃദയത്തില്‍ നിന്നു തുടങ്ങിയാല്‍ മാത്രമെ ഈ സ്നേഹാഗ്നിക്ക് പടരാനും ദൈവരാജ്യം വളര്‍ത്താനും കഴിയുകയുള്ളു. അത് തലയില്‍ നിന്നല്ല പുറപ്പെടേണ്ടത്, പ്രത്യുത, ഹൃദയത്തില്‍ നിന്നാണ്. അതുകൊണ്ടാണ് ഈ തീ നമ്മുടെ ഹൃദയത്തില്‍ ജ്വലിക്കണമെന്ന് യേശു ആഗ്രഹിക്കുന്നത്. പരിശുദ്ധാരൂപിയാകുന്ന ഈ അഗ്നിയുടെ പ്രവര്‍ത്തനത്തിന് നാം നമ്മെത്തന്നെ തുറന്നിടുകയാണെങ്കില്‍ ഈ അരൂപി നമുക്ക്, സാഗരത്തില്‍ ഭീതികൂടാതെ തുഴഞ്ഞ് യേശുവിനെയും അവിടത്തെ സാന്ത്വനദായകമായ കാരുണ്യത്തിന്‍റെയും രക്ഷയുടെയും സന്ദേശവും  തീക്ഷ്ണതയോടെ പ്രഘോഷിക്കാനുള്ള ധൈര്യം പ്രദാനം ചെയ്യും. എന്നാല്‍ ഈ തീയുടെ ആരംഭം ഹൃദയത്തിലാകണം.

ലോകത്തില്‍ തന്‍റെ ദൗത്യനിര്‍വ്വഹണത്തില്‍ സഭയെ, അതായത് നാമെല്ലാവരുമാകുന്ന സഭയെ, ഭീതി, കണക്കുകൂട്ടലുകള്‍ എന്നിവ തടഞ്ഞു നിറുത്താതിരിക്കുന്നതിനും സഹാസികതയ്ക്ക് തുനിയാത്തതും അവളെ നിര്‍വ്വഹണപരതയില്‍ ഒതുക്കിനിറുത്തുന്നതുമായ ഒരു മനോഭാവമായ സുരക്ഷിതമായ അതിര്‍ത്തികള്‍ക്കുള്ളില്‍ മാത്രം സഞ്ചരിക്കുക എന്നത് ഒരു ശീലമാക്കാതിരിക്കുന്നതിനും, അവള്‍ക്ക് പരിശുദ്ധാരൂപിയുടെ സഹായം ആവശ്യമാണ്. പരിശുദ്ധാരൂപി നമ്മില്‍ അഗ്നിയെന്ന പോലെ കൊളുത്തുന്ന അപ്പസ്തോലിക ധീരത മതിലുകളെയും പ്രതിരോധനിരകളെയും മറികടക്കാന്‍ നമ്മെ സഹായിക്കുകയും നമ്മെ സര്‍ഗ്ഗശക്തിയുള്ളവരാക്കിത്തീര്‍ക്കുകയും ഇനിയും കണ്ടെത്താത്തതോ, ദുര്‍ഘടം പിടിച്ചതോ ആയ വഴികളിലൂടെ സഞ്ചരിക്കാനും ആ വഴികളില്‍ കണ്ടുമുട്ടുന്നവര്‍ക്കെല്ലാം പ്രത്യാശ പകരാനും നമുക്ക് പ്രചോദനമേകുകയും ചെയ്യുന്നു. ഈ പരിശുദ്ധാരൂപിയുടെ അഗ്നിയാല്‍ നയിക്കപ്പെടുകയും രൂപാന്തരപ്പെടുത്തപ്പെടുകയും ചെയ്യുന്നവരും ധാരണാശക്തിനിറ‍ഞ്ഞവരും വിശാലഹൃദയമുള്ളവരും ആനന്ദവദനരുമായ വ്യക്തികളുടെ കൂട്ടായ്മയായിത്തീരന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. ഒരു പ്രേഷിതന്‍റെ ശ്രദ്ധയുള്ള നയനങ്ങളോടുകൂടെ, മനസ്സലിവുള്ളവരാകാനും ഭൗതികവും ആദ്ധ്യാത്മകിവുമായ ദാരിദ്യത്തിനും ദുരിതങ്ങള്‍ക്കും മുന്നില്‍ നില്ക്കാനും കഴിവുറ്റവരും അങ്ങനെ അപരനോടുള്ള സാമീപ്യത്തിന്‍റെ സൗഖ്യദായക താളത്തില്‍ സുവിശേഷവത്ക്കരണത്തിന്‍റെയും പ്രേഷിതദൗത്യത്തിന്‍റെയും യാത്രയ്ക്ക് സവിശേഷത പകരാന്‍ പ്രാപ്തരുമായ വൈദികരേയും സമര്‍പ്പിതരേയും അല്മായവിശ്വാസികളേയും എന്നത്തെക്കാളുമുപരി ഇന്ന് ആവശ്യമുണ്ട്. അപരന്‍റെ, വേദനിക്കുന്നവരും ആവശ്യത്തിലിരിക്കുന്നവരുമായവരുടെ, മാനുഷികമായ നിരവധിയായ ദുരിതങ്ങള്‍ അനുഭവിക്കുന്നവരുടെ, പ്രശ്നങ്ങളുള്ളവരുടെ അഭയാര്‍ത്ഥികളുടെ, യാതനകളനുഭവിക്കുന്ന സകലരുടെയും,  ചാരത്തായിരിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നത് പരിശുദ്ധാരൂപിയുടെ അഗ്നിയാണ്. ഈ തീ വരുന്നത് ഹൃദയത്തില്‍ നിന്നാണ്.

ഈ വേളയില്‍ ഞാന്‍ ലോകമെങ്ങും വലിയ സ്നേഹത്തോടും വിശ്വസ്തതയോടും ജീവന്‍ വിലയായ് നല്കിപ്പോലും സുവിശേഷം പ്രഘോഷിക്കുന്ന  നിരവധി വൈദികരേയും സമര്‍പ്പിതരേയും അല്മായവിശ്വാസികളേയും ആദരവോടെ ഓര്‍ക്കുകയാണ്. അവരുടെ മാതൃകാപരമായ സാക്ഷ്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് സഭയ്ക്കാവശ്യം ഉദ്യോഗസ്ഥമേധാവിത്വം പുലര്‍ത്തുന്നവരെയും കര്‍മ്മോദ്യുക്തരായ ഉദ്യാഗസ്ഥരെയുമല്ല, മറിച്ച്, തീക്ഷ്ണതയുള്ളവരും യേശുവിന്‍റെ  സാന്ത്വനദായക വചനവും അവിടത്തെ അനുഗ്രഹവും സകലര്‍ക്കും  എത്തിച്ചുകൊടുക്കാനുള്ള തീക്ഷ്ണതയാല്‍ എരിയുന്നവരുമായ പ്രേഷിതരെയാണ് എന്നാണ്.

ഇതാണ് പരിശുദ്ധാരൂപിയുടെ അഗ്നി. ഇതു സ്വീകരിക്കുന്നില്ലെങ്കില്‍, തന്നിലേക്കു കടക്കാന്‍ അതിനെ അുവദിക്കുന്നില്ലെങ്കില്‍ സഭ ജീവന്‍ പകരാനാവാത്ത തണുത്തതോ മന്ദോഷ്ണമുള്ളതോ ആയിത്തീരും. കാരണം ആ സഭ തണുത്തവരും മന്ദീഭവിച്ചവരുമായ ക്രൈസ്തവരാല്‍ രൂപം കൊണ്ടതാകുന്നു എന്നതു തന്നെ. ഒരഞ്ചു നിമിഷമെടുത്ത് ഇങ്ങനെ സ്വയം ചോദിക്കുന്നത് നമുക്കു ഗുണകരമായിരിക്കും, അതായത്, “എന്‍റെ ഹൃദയത്തിന്‍റെ അവസ്ഥ എന്താണ്? അതു തണുപ്പനാണോ അതോ മന്ദീഭവിച്ചതാണോ? ഈ അഗ്നിയെ ഏറ്റു വാങ്ങാന്‍ കഴിവുറ്റതാണോ? നമുക്കൊരഞ്ചു നിമിഷമെടുക്കാം. എല്ലാവര്‍ക്കും നല്ലതാണത്.

സകലവിശ്വാസികളുടെയും മേല്‍ പരിശുദ്ധാരൂപിയെ, ഹൃദയങ്ങള്‍ക്ക്  ചൂടുപകരുകയും നമ്മുടെ സഹോദരങ്ങളുടെ സന്തോഷസന്താപങ്ങളി‍ല്‍ പങ്കുചേരുന്നതിന് നമ്മെ സഹായിക്കുകയും ചെയ്യുന്ന അഗ്നി, അയയ്ക്കാന്‍ നമ്മോടു കൂടെയും നമുക്കുവേണ്ടിയും സ്വര്‍ഗ്ഗീയ പിതാവിനോടു പ്രാര്‍ത്ഥിക്കാന്‍ പരിശുദ്ധ കന്യകാമറിയത്തോടു നമുക്ക് അപേക്ഷിക്കാം. ഇന്നു തിരുന്നാള്‍ ആഘോഷിക്കപ്പെടുന്ന ഉപവിയുടെ നിണസാക്ഷിയായ വിശുദ്ധ മാസ്സിമില്യാനൊ മരിയ കോള്‍ബെയുടെ മാതൃക നമുക്കു നമ്മുടെ യാത്രയില്‍ തുണയാക‌ട്ടെ. ദൈവത്തിനും അയല്‍ക്കാരനുംവേണ്ടി സ്നേഹാഗ്നിയാല്‍ എരിയാന്‍ ആ വിശുദ്ധന്‍ നമ്മെ പഠിപ്പിക്കട്ടെ. 

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന്    കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദമേകുകയും ചെയ്തു.

മരിയന്‍ പ്രാര്‍ത്ഥനയെ തുടര്‍ന്ന് പാപ്പാ ചത്വരത്തില്‍ സന്നിഹിതാരായിരുന്ന റോമാക്കാരേയും ഭിന്ന രാജ്യക്കാരായ താര്‍ത്ഥാടകരേയും പ്രത്യേകം അഭിവാദ്യം ചെയ്തു.

പോളണ്ടിലെ ക്രക്കോവ് പട്ട​ണം വേദിയാക്കി ആഗോളസഭാതലത്തില്‍ ആചരിക്കപ്പെട്ട മുപ്പത്തിയൊന്നാം ലോകയുവജനസംഗമം സ്വീകരിച്ചിരുന്ന “കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍ അവര്‍ക്ക് കരുണ ലഭിക്കും” എന്ന വിചിന്തന പ്രമേയം അനുസ്മരിച്ച പാപ്പാ ആ വാക്കുകള്‍ ആവര്‍ത്തിക്കുകയും പൊറുക്കുന്നതിനായി പരിശ്രമിക്കാനും അനുകമ്പയുള്ള ഹൃദയത്തിനുടമകളാകാനും എല്ലാവരെയും ആഹ്വാനം ചെയ്യുകയും ചെയ്തു.

എല്ലാവര്‍ക്കും ശുഭഞായറും ഉച്ചവിരുന്നും നേര്‍ന്ന പാപ്പാ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത് എന്ന തന്‍റെ പതിവഭ്യര്‍ത്ഥന നവീകരിക്കുകയും ഇറ്റാലിയന്‍ ഭാഷയില്‍ "അറിവെദേര്‍ചി" അതായത്, വീണ്ടും കാണമെന്ന് പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.








All the contents on this site are copyrighted ©.